ദുബായ്: യു.എ.ഇ.യിൽ മൂന്നുമുതൽ 17 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കും കോവിഡ് വാക്സിൻ നൽകാൻ ആരോഗ്യ പ്രതിരോധ മന്ത്രാലയം അനുമതി നൽകി. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. നേരത്തേ നടത്തിയിരുന്ന ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലം അവലോകനംചെയ്തും പ്രാദേശികമായി വിലയിരുത്തലുകൾ നടത്തിയുമാണ് വാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്.

കഴിഞ്ഞ ജൂണിലാണ് സിനോഫാം വാക്സിൻ കുട്ടികളിൽ ഉപയോഗിച്ചുകൊണ്ടുള്ള പരീക്ഷണം യു.എ.ഇ.യിൽ ആരംഭിച്ചത്. 900 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ‘ഇമ്യൂൺ ബ്രിഡ്ജ് സ്റ്റഡി’യാണ് നടത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരുന്നു പഠനം. വാക്സിൻ നൽകിയശേഷം കുട്ടികളെ ഓരോഘട്ടത്തിലും സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയായിരുന്നു. ഗൾഫ്, വടക്കൻ ആഫ്രിക്കൻ മേഖലകളിൽ കുട്ടികളിൽ വാക്സിൻ പരീക്ഷണപഠനം നടത്തിയ ആദ്യ രാജ്യമാണ് യു.എ.ഇ. യു.എസ്., യു.കെ., ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളും സമാനപഠനം നടത്തുന്നുണ്ട്. ഇതിനകം യു.എ.ഇ.യിലെ 70 ശതമാനത്തിലേറെപേർ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചുകഴിഞ്ഞു.