വാഷിങ്ടൺ: അമേരിക്കയിലെ ആദ്യ ഭാഗിക മുഖംമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ കോണി കെൽപ്പ് (57) അന്തരിച്ചു. ഒഹായോവിലെ ആശുപത്രിയിൽ അണുബാധയെത്തുടർന്നാണ് മരണം.

2004-ലാണ് ഭർത്താവിന്റെ വെടിയേറ്റ് കെൽപ്പിന്റെ മുഖം ചിന്നിച്ചിതറിയത്. 2008 ഡിസംബറിൽ 22 മണിക്കൂർനീണ്ട മാരത്തൺ ശസ്ത്രക്രിയയ്ക്കൊടുവിൽ ഡോക്ടർമാർ പുതിയമുഖം സമ്മാനിക്കുകയായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് മരിച്ച അന്ന കാസ്‌പെർ എന്ന ദാതാവിൽ നിന്നുള്ള അസ്ഥികൾ, മാംസപേശികൾ, നാഡികൾ, ത്വക്ക്, രക്തധമനികൾ എന്നിവയുപയോഗിച്ച് കെൽപ്പിന്റെ മുഖത്തിന്റെ 80 ശതമാനവും മാറ്റി. ലോകത്തിലെ നാലാമത്തെ മുഖംമാറ്റിവെക്കൽ ശസ്ത്രക്രിയയായിരുന്നു ഇത്.

ഒട്ടേറെത്തവണ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട കെൽപ്പ് അവയവദാനത്തിന്റെ അഭിഭാഷകയായും പ്രവർത്തിച്ചു. ധീരയും ഉൗർജസ്വലയുമായ കെൽപ്പിന്റെ ജീവിതം ഒട്ടേറെപ്പേർക്ക് പ്രചോദനമാണെന്ന് ശസ്ത്രക്രിയാസംഘത്തിൽ അംഗമായിരുന്ന ഫ്രാങ്ക് പപായി പറഞ്ഞു.