സിങ്കപ്പൂർ: സിങ്കപ്പൂരിലെ പുരാതന മാരിയമ്മൻ ക്ഷേത്രത്തിലെ പ്രധാനപൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ സ്വർണാഭരണങ്ങൾ കാണാതായതിനെത്തുടർന്ന് ഇയാളെ ചോദ്യംചെയ്ത ക്ഷേത്രസമിതി ഇയാളുടെ പക്കൽനിന്ന് അവ കണ്ടെടുത്ത് പോലീസിൽ അറിയിക്കുകയായിരുന്നു.

36-കാരനായ പൂജാരിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

ദിവസപൂജകൾക്ക് ഉപയോഗിക്കുന്ന ആഭരണങ്ങളാണ് കാണാതായത്. ഇയാൾ മാത്രമായിരുന്നു ആഭരണങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ആഭരണങ്ങൾ നഷ്ടപ്പെട്ടപ്പോൾ തന്നെ ക്ഷേത്രസമിതി ഇക്കാര്യം ഹിന്ദു എൻ‌ഡോവ്‌മെൻറ്സ് ബോർഡിനെ അറിയിച്ചു. തുടരന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. പൂജാരി ജാമ്യത്തിലാണ്.