ലണ്ടൻ: സഹനസമരത്തിലൂന്നി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാഗാന്ധിയെ ആദരിച്ച് ബ്രിട്ടൻ നാണയം പുറത്തിറക്കുന്നു. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് നാണയം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യൻ വംശജരുടെയും കറുത്തവർഗക്കാരുടെയും മറ്റു ഗോത്രന്യൂനപക്ഷങ്ങളുടെയും സംഭാവനകൾ തിരിച്ചറിഞ്ഞ് അംഗീകരിക്കുകയാണ് ബ്രിട്ടൻ.

രാജ്യത്തിന്റെ വളർച്ചയ്ക്ക് ഏഷ്യൻവംശജരും കറുത്തവർഗക്കാരും ഗോത്രന്യൂനപക്ഷങ്ങളും നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനാക് പറഞ്ഞു. ഇവരിലെ വ്യക്തിത്വങ്ങളെ ആദരിക്കണമെന്നാവശ്യപ്പെട്ട് ഋഷി സുനാക് റോയൽ മിന്റ് ഉപദേശകസമിതിക്ക് കത്തുനൽകിയതായി ട്രഷറിവകുപ്പ് പറഞ്ഞു. മഹാത്മാവിന്റെ മുദ്രപതിപ്പിച്ച നാണയം പുറത്തിറക്കാൻ നാണയങ്ങളുടെ രൂപവും ഘടനയും നിർണയിക്കുന്ന സ്വതന്ത്രസമിതി തീരുമാനിച്ചതായും അറിയിച്ചു.

1869-ൽ ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധി അഹിംസാ തത്ത്വത്തിലൂന്നിയുള്ള സമരമുറകളിലൂടെയാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിച്ചത്. ജീവിതത്തിലും ഈ തത്ത്വം പ്രാവർത്തികമാക്കിയ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് അന്താരാഷ്ട്ര അഹിംസാദിനമായാണ് ആചരിക്കുന്നത്. ഇന്ത്യ സ്വതന്ത്രമായി ഒരുവർഷംതികയുംമുമ്പ് 1948 ജനുവരി 30-ന് രാഷ്ട്രപിതാവ് വധിക്കപ്പെടുകയായിരുന്നു.

യു.എസിൽ ജോർജ് ഫ്ലോയിഡ് എന്ന ആഫ്രിക്കൻ അമേരിക്കൻ വംശജനെ പോലീസുദ്യോഗസ്ഥൻ കഴുത്തിൽ കാൽമുട്ടുഞെരിച്ച് കൊലപ്പെടുത്തിയതിനെത്തുടർന്ന് ലോകമെങ്ങും വംശീയതയ്ക്കുനേരെ വലിയ പ്രതിഷേധമുയർന്നിരുന്നു. ഇതേത്തുടർന്ന് കോളനിഭരണത്തിന്റെ ചരിത്രം പുനഃപരിശോധിക്കുകയാണ് ബ്രിട്ടനിലെ പലസ്ഥാപനങ്ങളും. വിവിധ സംഘടനകൾ വംശീയതയ്ക്കുനേരെ ശക്തമായി പ്രതികരിക്കാനും തുടങ്ങിയിട്ടുണ്ട്.