ലോസ് ആഞ്ജലിസ്: അന്തരിച്ച ഹോളിവുഡ് നടൻ ചാഡ്‌വിക് ബോസ്മാന് ഇത്തവണത്തെ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം. യുണൈറ്റഡ് സ്റ്റേറ്സ് വേഴ്സസ് ബില്ലി ഹോളിഡേയിലെ അഭിനയത്തിന് ആൻഡ്രേ റെ മികച്ച നടിക്കുള്ള പുരസ്കാരം നേടി. നൊമാദ്‌ലാൻഡ് ആണ് മികച്ച ചിത്രം. ഈ ചിത്രം സംവിധാനംചെയ്ത ക്ലോയി ഷാവോ ആണ് മികച്ച സംവിധായക.

മാ റെയ്നീസ് ബ്ലാക്ക് ബോട്ടം എന്ന സിനിമയിലെ പ്രകടനമാണ് ബ്ലാക്ക് പാന്തർ നായകനെ പുരസ്കാരത്തിനർഹനാക്കിയത്. കഴിഞ്ഞവർഷമാണ് അർബുദബാധയെത്തുടർന്ന് ബോസ്‌മാൻ അന്തരിച്ചത്. ബ്രിട്ടീഷ് രാജകുടുംബത്തെക്കുറിച്ചുള്ള നെറ്റ്‌ഫ്ളിക്സ് പരമ്പര ദി ക്രൗൺ ടെലിവിഷൻ വിഭാഗത്തിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി. ആറു പുരസ്കാരങ്ങളിലേക്കാണ് ക്രൗണിന് നാമനിർദേശമുണ്ടായിരുന്നത്. നാലെണ്ണം ലഭിച്ചു. മികച്ച ടെലിവിഷൻ സീരീസ്, മികച്ച നടൻ (ജോഷ് ഒകോണർ), മികച്ച നടി-(എമ്മ കൊറിൻ), മികച്ച സഹനടി-(ഗില്ലിയൻ ആൻഡേഴ്സൺ) എന്നീ വിഭാഗത്തിലാണ് പുരസ്കാരം. ദ ട്രയൽ ഓഫ് ഷിക്കാഗോ സെവന്റെ തിരക്കഥ രചിച്ച ആരൺ സോർക്കാണ് മികച്ച തിരക്കഥാകൃത്ത്.

ന്യൂയോർക്കിലും ലോസ് ആഞ്ജലിസിലുമായി നടന്ന ചടങ്ങിൽ ഓൺലൈനായിട്ടാണ് എല്ലാവരും പങ്കെടുത്തത്.