പാരീസ്: ഫ്രഞ്ച് മുൻ പ്രസിഡന്റ് നിക്കോളാസ് സർക്കോസിക്കും രണ്ട് സഹായികൾക്കും അഴിമതിക്കേസിൽ മൂന്നുവർഷം തടവ്. ഇലക്‌ട്രോണിക് ടാഗ് ധരിച്ചുകൊണ്ട് സർക്കോസിക്ക് തടവുകാലം വീട്ടിൽ ചെലവിടാമെന്ന് ജഡ്ജി ഉത്തരവിട്ടു. തന്റെ പാർട്ടിക്കെതിരായ ക്രിമിനൽ അന്വേഷണവുമായി ബന്ധപ്പെട്ട വിവരം നൽകാനാവശ്യപ്പെട്ട് മജിസ്ട്രേറ്റ് ഗിൽബേർട്ട് ആസിബെർട്ടിനെ സർക്കോസി സ്വാധീനിക്കാൻ ശ്രമിച്ചതായി കോടതി കണ്ടെത്തുകയായിരുന്നു. കൈക്കൂലിയും മൊണാകോയിൽ മികച്ച ജോലിയുമാണ് സർക്കോസി ആസിബെർട്ടിന് വാഗ്ദാനം ചെയ്തത്. ആസിബെർട്ടും സർക്കോസിയുടെ മുൻ അഭിഭാഷകൻ തിയെറി ഹെർസോഗുമാണ് ശിക്ഷലഭിച്ച മറ്റുള്ളവർ. 2007-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അനധികൃതസംഭാവന കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് അസിബെർട്ടും ഹെർസോഗും തമ്മിൽനടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ അന്വേഷണസംഘം പുറത്തുവിട്ടിരുന്നു. അതേസമയം, വിധിക്കെതിരേ സർക്കോസി അപ്പീൽ നൽകുമെന്നാണറിയുന്നത്. മറ്റൊരു കേസിൽ മാർച്ച് 17-ന് സർക്കോസി വിചാരണ നേരിടാനിരിക്കുകയാണ്.