വാഷിങ്ടൺ: 2024-ലെ യു.എസ്. തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന നൽകി ഡൊണാൾഡ് ട്രംപ്. ഞായറാഴ്ച ഒർലാൻഡോയിലെ യാഥാസ്ഥിതിക രാഷ്ട്രീയ കർമകസമിതിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർഥിയാകുമെന്ന് പ്രത്യക്ഷമായി പ്രഖ്യാപിച്ചില്ലെങ്കിലും ആ രീതിയിൽ മുന്നോട്ടുപോകുമെന്നതിന്റെ സൂചനകളാണ് ട്രംപിന്റെ വാക്കുകളിൽനിന്ന് വ്യക്തമായത്. ‘നമ്മൾ സഭയിൽ തിരിച്ചെത്തും. നമ്മൾ സെനറ്റ് നേടും. ഒരു റിപ്പബ്ലിക്കൻ പ്രസിഡന്റ് വൈറ്റ്ഹൗസിൽ വിജയിക്കുകയും ചെയ്യും. അത് ആരായിരിക്കുമെന്ന കാര്യത്തിൽ ഞാൻ അദ്ഭുതപ്പെടുന്നു.’- അണികളുടെ ആരവം മുഴങ്ങുന്നതിനിടെ ട്രംപ് പറഞ്ഞു. അതേസമയം, യാഥാസ്ഥിതികർക്കിടയിലെ വോട്ടു ഭിന്നിക്കാൻ കാരണമാകുമെന്നുകാട്ടി പുതിയ പാർട്ടിയുണ്ടാക്കാനുള്ള സാധ്യത ട്രംപ് തള്ളി. 2022-ലെ ഇടക്കാലതിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളെ തോൽപ്പിക്കാനായി ഒന്നിക്കണമെന്നും ട്രംപ് ആഹ്വാനംചെയ്തു. ജോ ബൈഡന്റെ ഭരണത്തിൽ ഒരുമാസം കൊണ്ടുതന്നെ ‘അമേരിക്ക ആദ്യം’ എന്നത് ‘അമേരിക്ക അവസാനം’ എന്നായെന്ന് ട്രംപ് കുറ്റപ്പെടുത്തി.

അതേസമയം, 2024-ൽ ട്രംപ് മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കുമെന്ന് അദ്ദേഹത്തിന്റെ വിമർശകനായിരുന്ന മിറ്റ് റോംനി അടക്കമുള്ള നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുതവണ ഇംപീച്ച്മെന്റ് നേരിട്ട ആദ്യ പ്രസിഡന്റാണെങ്കിലും റിപബ്ലിക്കൻ പാർട്ടിക്കാർക്കിടയിൽ ട്രംപ് ഇപ്പോഴും ജനപ്രിയൻ തന്നെയാണ്.