പെറു: പെറുവിന്റെ തലസ്ഥാനമായ ലിമയിൽനിന്ന്‌ പുരാവസ്തുഗവേഷകർ 800 മുതൽ 1200 വർഷംവരെ പഴക്കംതോന്നിക്കുന്ന മമ്മി കണ്ടെത്തി. കൈകൾകൊണ്ട് മുഖംമറച്ച്, കയറുകൊണ്ട്‌ ബന്ധിച്ച നിലയിലാണിത് കണ്ടെത്തിയത്. 18-നും 22-നും ഇടയിൽ പ്രായം വരുന്ന യുവാവിന്റേതാകാമെന്ന് കരുതുന്നു.

കിഴക്കൻ ലിമയിൽനിന്ന്‌ ഏകദേശം 24 കിലോമീറ്റർ അകലെയുള്ള കാജാമാർക്വില്ലയിലെ ശവക്കല്ലറയിൽ എ.ഡി. 800-നും 1200-നും ഇടയിലുള്ള കാലഘട്ടത്തിലാകാം അടക്കംചെയ്തിട്ടുണ്ടാകുകയെന്ന് ഗവേഷണത്തിന് നേതൃത്വംവഹിക്കുന്ന പീറ്റർ വാൻ ഡാലെൻ പറഞ്ഞു. അപൂർവവും അസാധാരണവുമാണിതെന്നും വാൻ ഡലെൻ വിശേഷിപ്പിച്ചു.

മമ്മിയുടെ ഒരു ഭാഗത്തുനിന്ന്‌ ആൻഡിയൻ ഗിനി പന്നിയുടെ അസ്ഥികൂടവും ഒരു നായയുടെ രൂപവും കണ്ടെത്തിയിട്ടുണ്ട്. ചോളത്തിന്റെയും മറ്റുപച്ചക്കറികളുടെയും അവശിഷ്ടങ്ങളും കല്ലറയിലുണ്ട്.

പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ ആളുകൾ താമസിച്ചിരുന്ന കാജാമാർക്വില്ല നഗരം ഏകദേശം ബി.സി. 800-ലാണ് നിർമിതമായത്. എ.ഡി. 1500 വരെ നിലനിന്നിരുന്നെന്നും വാൻ ‍ഡലെൻ പറയുന്നു.