ദുബായ്: യു.എ.ഇ. രൂപംകൊണ്ടിട്ട് ഇന്നേക്ക് 50 വർഷം തികയുന്നു. വിവിധ അറബ് നാട്ടുരാജ്യങ്ങൾചേർന്ന് ഐക്യ അറബ് എമിറേറ്റ്‌സ് എന്നരാജ്യം പിറവികൊണ്ടതിന്റെ വാർഷികമാണ് ഡിസംബർ രണ്ട്.

യു.എ.ഇ.യുടെ സുവർണജൂബിലി ആഘോഷങ്ങൾക്കായി ദിവസങ്ങൾക്ക് മുൻപുതന്നെ ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. വർണവിളക്കുകളും ചതുർവർണ പതാകകളുംകൊണ്ട് നാടും നഗരവുമെല്ലാം അലങ്കരിച്ചിരിക്കുകയാണ്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസിസമൂഹവും ആഘോഷം വർണാഭമാക്കാൻ മുന്നിലുണ്ട്. നിലവിൽ കോവിഡ് ഭീതിയൊഴിഞ്ഞ യു.എ.ഇ.യിലെ സാഹചര്യവും ആഘോഷത്തിന് പകിട്ടേറ്റുന്നു.

ലോകത്തിനുതന്നെ മാതൃകയായ രാജ്യത്തെ വിശാലഹൃദയരായ ഭരണകർത്താക്കൾക്കും ജനതയ്ക്കും വിവിധ അറബ് നേതാക്കളും ലോകനേതാക്കളും ആശംസകൾ നേർന്നു.