വാഷിങ്ടൺ: ന്യൂയോർക്ക് മുൻഗവർണർ ആൻഡ്ര്യൂ ക്യൂമോ ലൈംഗികാരോപണക്കേസിൽപ്പെട്ടപ്പോൾ അദ്ദേഹത്തിനനുകൂലമായി നിലപാടെടുത്തതിന് അവതാരകനായ സഹോദരൻ ക്രിസ് ക്യൂമോയെ സി.എൻ.എൻ. സസ്പെൻഡ് ചെയ്തു. സി.എൻ.എന്നിന്റെ പ്രൈ ടൈം അവതാരകനായ ക്രിസ്, സഹോദരനെ സഹായിക്കുന്ന തരത്തിൽ ഇടപെട്ടെന്ന് ചാനൽ ബുധനാഴ്ച പ്രസ്താവനയിറക്കി. അതിനാൽ അദ്ദേഹത്തെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തുവെന്നും വക്താവ് അറിയിച്ചു. തിങ്കളാഴ്ച ന്യൂയോർക്ക് അറ്റോർണി ജനറലിന്റെ ഓഫീസ് ഇരുവരും ഗൂഢാലോചന നടത്തിയെന്ന തരത്തിലുള്ള റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. എന്നാൽ, ആരോപണം ക്രിസ് നിഷേധിച്ചു. സി.എൻ.എന്നിന് ഏറ്റവുമധികം പ്രേക്ഷകരുള്ള പരിപാടിയാണ് ക്രിസ് അവതരിപ്പിക്കുന്ന പ്രൈംടൈം. കോവിഡ് കാലത്ത് ദിനംപ്രതിയുള്ള വാർത്താസമ്മേളനത്തിലൂടെ ജനപ്രീതി നേടിയ ഗവർണറാണ് ആൻഡ്ര്യൂ. എന്നാൽ, സഹപ്രവർത്തകരടക്കം ഒട്ടേറെസ്ത്രീകൾ അദ്ദേഹത്തിന്റെ പേരിൽ പരാതിയുമായെത്തിയിരുന്നു. തുടർന്ന്, ഓഗസ്റ്റിൽ ആൻഡ്ര്യൂവിന് രാജിവെക്കേണ്ടിവന്നു.