വാഷിങ്ടൺ: മെക്സിക്കൻ മയക്കുമരുന്നു മാഫിയാത്തലവൻ ജൊവാക്വിൻ ‘എൽ ചപ്പോ’ ഗുസ്മാന്റെ ഭാര്യ എമ്മ കൊറോണൽ ഐസ്‌പുരോക്ക് യു.എസ്. കോടതി മൂന്നുകൊല്ലം തടവുവിധിച്ചു. ഏകദേശം 11 കോടി രൂപ പിഴ ചുമത്തിയിട്ടുമുണ്ട്. മയക്കു മരുന്നുകടത്തും കള്ളപ്പണം വെളുപ്പിക്കലുമാണ് എമ്മയ്ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. നാലുകൊല്ലം ശിക്ഷ നൽകാൻ പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടെങ്കിലും എൽ ചാപ്പോയെ വിവാഹം ചെയ്യുന്പോൾ എമ്മ കൗമാരക്കാരിയായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. വിധിപ്രഖ്യാപനത്തിനു മുമ്പേ ചെയ്ത തെറ്റിന് അവർ മാപ്പുചോദിക്കുകയും ചെയ്തിരുന്നു.

അതേസമയം, 2015-ൽ എൽ ചപ്പോയെ മെക്സിക്കോയിലെ ജയിലിൽ നിന്ന് രക്ഷപ്പെടാൻ എമ്മയുടെ സഹായമുണ്ടായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. എൽ ചപ്പോ ഇപ്പോൾ യു.എസിലെ ജയിലിലാണ്.

ഇക്കൊല്ലം ഫെബ്രുവരിയിലാണ് എമ്മ അറസ്റ്റിലാകുന്നത്.