മിന (സൗദി അറേബ്യ): വിശുദ്ധ ഹജ്ജ് കർമത്തിന്റെ നാലാംദിവസമായ ശനിയാഴ്ച ഹാജിമാർ ജംറയിലെ രണ്ടാം ദിവസത്തെ കല്ലേറ് കർമം പൂർത്തിയാക്കി. വെള്ളിയാഴ്ച ആദ്യ ദിവസത്തെ കല്ലേറ് കർമം ഏറ്റവും വലിയ ജംറയായ ജംറത്തുൽ അക്ബയിൽ മാത്രമായിരുന്നെങ്കിൽ രണ്ടാം ദിവസം മൂന്ന് ജംറകളിലാണ് നടത്തിയത്. ആരോഗ്യ പ്രതിരോധ വിഭാഗങ്ങളുടെ മാർഗനിർദേശം പൂർണമായും പാലിച്ചുകൊണ്ട് സുരക്ഷിതമായാണ് ഹാജിമാർ കല്ലേറ് കർമം പൂർത്തിയാക്കിയത്. ജമാറാത്തിൽ എത്തിയ ഹാജിമാരെ നിയന്ത്രിച്ച് പിശാചിന്റെ മൂന്ന് പ്രതീകങ്ങൾക്കുനേരെയും കല്ലേറ് കർമം നടത്താനുള്ള സൗകര്യമൊരുക്കിക്കൊടുത്തു.
ശനിയാഴ്ച രാത്രികൂടി മിനായിൽ ചെലവഴിച്ച ഹാജിമാർ ഞായറാഴ്ച മൂന്നാംദിവസത്തെ കല്ലേറ് കർമംകൂടി നടത്തി ഹജ്ജ് പൂർത്തിയാക്കി മിനായിൽനിന്നും പിൻവാങ്ങും.