മയാമി: ഓൺലൈൻവഴിയുള്ള സാമ്പത്തിക ഇടപാടുകൾക്കുപയോഗിക്കുന്ന ഡിജിറ്റൽ നാണയമായ ബിറ്റ്‌കോയിൻ ആവശ്യപ്പെട്ട് യു.എസിൽ പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ട്വീറ്റുകൾ അയച്ച സംഭവത്തിലെ സൂത്രധാരനായ കൗമാരക്കാരൻ അറസ്റ്റിൽ. ഗ്രഹാം ഇവാൻ ക്ലാർക്കിനെ (17) ഫ്ലോറിഡയിലെ താംപയിൽവെച്ചാണ് പോലീസ് അറസ്റ്റുചെയ്തത്. 30 കുറ്റങ്ങളാണ് ഇയാളുടെ പേരിൽ ചുമത്തിയിട്ടുള്ളത്. മുതിർന്നയാളായി പരിഗണിച്ചാവും വിചാരണയെന്ന് ഹിൽസ്ബറോ സ്റ്റേറ്റ് അറ്റോർണി ഓഫീസ് അറിയിച്ചു.

തട്ടിപ്പിൽ പങ്കുണ്ടെന്നുകണ്ട യു.കെ. സ്വദേശികളായ മാസൻ ഷെപ്പേർഡ് (19), ബോണർ റെഗിസ്, ഒർലാൻഡൊ സ്വദേശി നിമ ഫസേലി (22) എന്നിവരുടെ പേരിൽ കാലിഫോർണിയ ഫെഡറൽ കോടതി കുറ്റവും ചുമത്തി.

യു.എസ്. മുൻപ്രസിഡന്റ് ബരാക് ഒബാമ, നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ, മൈക്ക് ബ്ലൂംബർഗ്, ആമസോൺ സി.ഇ.ഒ. ജെഫ് ബിസോസ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, ടെസ്‌ല സി.ഇ.ഒ. ഇലൻ മസ്ക്, സെലിബ്രിറ്റിതാരങ്ങളായ കന്യെ വെസ്റ്റ്, ഭാര്യ കിം കർദാഷിയാൻ തുടങ്ങിയവരുടെ ട്വിറ്റർ അക്കൗണ്ടുകളാണ് ജൂലായ്‌ 15-ന് ഹാക്ക് ചെയ്തിരുന്നത്. തുടർന്ന് ഈ അക്കൗണ്ടുകളിൽനിന്ന് ബിറ്റ്കോയിൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുകയായിരുന്നു. ‘താഴെകാണിക്കുന്ന ബിറ്റ്കോയിൻ അക്കൗണ്ടിൽ കറൻസി നിക്ഷേപിക്കൂ, ഇരട്ടിയായി തിരിച്ചുനൽകാ’മെന്നായിരുന്നു ട്വീറ്റ്. 30 മിനിറ്റുമാത്രമേ ഇതിന് അവസരമുണ്ടാവൂ എന്നും കാണിച്ച ട്വീറ്റ് പിന്നീട് നീക്കുകയുംചെയ്തു. ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട അക്കൗണ്ടിലേക്ക് ഏതാണ്ട് ഒരുലക്ഷം ഡോളറിന് സമാനമായ ഓൺലൈൻ കറൻസി എത്തിയിരുന്നതായാണ് കണ്ടെത്തിയത്. വിഷയത്തിൽ അടിയന്തരനടപടി സ്വീകരിച്ച പോലീസിന് ട്വിറ്റർ നന്ദിയറിയിച്ചു.