ക്രൈസ്റ്റ്ചർച്ച്: രാജ്യത്ത് തോക്കുനിയമങ്ങൾ ശക്തമാക്കുമെന്ന് ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ. ഭീകരാക്രമണം നടത്തിയ ബ്രന്റൺ ടറന്റെന്ന വലതുവംശീയ ഭീകരൻ അഞ്ചുതോക്കുകൾ കൈവശം വെച്ചിരുന്നുവെന്ന വിവരം പുറത്തുവന്നതിനുപിന്നാലെയാണ് ആർഡേണിന്റെ പ്രഖ്യാപനം.

2017 നവംബറിലാണ് ടറന്റ് ‘കാറ്റഗറി എ’ പ്രകാരമുള്ള തോക്ക് ലൈസൻസ് സ്വന്തമാക്കിയത്. ഇതുപയോഗിച്ച് വാങ്ങിയ തോക്കുകളിൽ ചിലതിൽ ഇയാൾ പിന്നീട് മാറ്റംവരുത്തിയിരുന്നു. ‘‘തോക്ക് നിയമങ്ങളിൽ മാറ്റംവേണമെന്ന് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അതിന് തനിക്ക് ഉത്തരവാദിത്വമുണ്ട്. നിയമങ്ങളിൽ മാറ്റംവരുത്തുമെന്ന് നിങ്ങൾക്ക് ഉറപ്പുനൽകുന്നു’’ -ആർഡേൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തോക്കുനിയമത്തിൽ മാറ്റംവരുത്താനുള്ള തീരുമാനം ന്യൂസീലൻഡ് പോലീസ് അസോസിയേഷൻ മേധാവി ക്രിസ് കാഹിൽ സ്വാഗതംചെയ്തു.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ടറന്റിനെക്കൂടാതെ രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവർക്ക് വലതുവംശീയ പശ്ചാത്തലമില്ലെന്നാണ് പ്രാഥമികനിഗമനം. എന്നാൽ, ഇത്തരത്തിലുള്ള എന്തെങ്കിലും നടപടികൾ ഇവരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടോയെന്നറിയാൻ സാമൂഹികമാധ്യമങ്ങളുൾപ്പെടെയുള്ളവ പരിശോധിക്കാൻ സുരക്ഷാ ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ആർഡേൺ കൂട്ടിച്ചേർത്തു.

ഭീകരാക്രമണത്തെത്തുടർന്ന് അഭയാർഥികേന്ദ്രത്തിൽ കഴിയുന്നവരെയും ആർഡേൺ സന്ദർശിച്ചു.

content highlights: 'Our gun laws will change' says New Zealand's PM