യുണൈറ്റ‍‍ഡ് നേഷൻസ്: കോവിഡിനും കാലാവസ്ഥാവ്യതിയാനത്തിനുമെതിരേ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ(യു.എൻ.) രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇവയെ പ്രതിരോധിക്കുന്നതിൽ െതറ്റായദിശയിലേക്കാണ് ലോകം നീങ്ങുന്നതെന്ന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി.

“കോവിഡ് ഉറക്കത്തിൽനിന്നെഴുന്നേൽക്കാനുള്ള വിളിയാണ്. എന്നാൽ, നമ്മൾ അമിതമായ ഉറക്കത്തിലാണ്. 2022-ൻറെ ആദ്യപകുതിയോടെ ലോകജനസംഖ്യയുടെ 70 ശതമാനത്തിനും വാക്സിൻ നൽകുകയെന്ന ലക്ഷ്യത്തിലെത്തിച്ചേരാനാവശ്യമായ ഉത്പാദനത്തിലേക്കെത്താൻ വാക്സിൻ നിർമാണരാജ്യങ്ങൾക്കായിട്ടില്ല” -യു.എൻ. പൊതുസമ്മേളനം സെപ്റ്റംബർ 21-ന് ആരംഭിക്കുന്നതിനുമുന്നോടിയായുള്ള പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ലോകത്തെ മലിനീകരണത്തിൻറെ പ്രധാന ഉത്തരവാദികളായ യു.എസും ചൈനയും കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.

അടുത്ത നവംബറിൽ സ്കോട്ട്‌ലൻ‍ഡിൽവെച്ചുനടക്കുന്ന കാലാവസ്ഥാ ഉച്ചകോടി നീട്ടിവെക്കണമെന്ന ആവശ്യവും ഗുട്ടെറസ് തള്ളി. പ്രശ്നം വളരെ അടിയന്തരമാണെന്നും കാലതാമസം ഗുണകരമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.