ഇസ്‌ലാമാബാദ്: പാക് അധീന കശ്മീരിൽ ഞായറാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പാകിസ്താനിൽ ചേരണോ സ്വതന്ത്രമാകണോ എന്ന് കശ്മീരിജനതയ്ക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇമ്രാന്റെ നിലപാട് പാകിസ്താന്റെ ചരിത്രപരവും ഭരണഘടനാപരവുമായ കാഴ്ചപ്പാടിനെതിരാണെന്ന് പ്രതിപക്ഷനേതാവ് ഷെഹബാസ് ഷരീഫ് പറഞ്ഞു. ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്മീരിനെച്ചൊല്ലിയാണ് പാക് രാഷ്ട്രീയത്തിൽ വാദപ്രതിവാദം നടക്കുന്നത്.

സ്വയംഭരണപ്രദേശമായ പാക് അധീന കശ്മീരിലെ 53 അംഗ നിയമസഭയിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ഭാഗമായി തരാർ ഖാൽ, കോട്‌ലി എന്നിവിടങ്ങളിൽ വെള്ളിയാഴ്ചനടന്ന യോഗങ്ങളിലാണ് തന്റെ സർക്കാർ ഇവിടെ ഹിതപരിശോധന നടത്തുമെന്ന് ഇമ്രാൻ പ്രഖ്യാപിച്ചത്. പാകിസ്താനൊപ്പം കഴിയണമോ അതോ സ്വതന്ത്രരാജ്യമാകണമോ എന്ന് അതിലൂടെ കശ്മീരികൾക്കു തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിനെ പ്രവിശ്യയാക്കിമാറ്റാൻ പാക് സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന പി.എം.എൽ-എൻ. നേതാവ് മറിയം നവാസിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായിരുന്നു ഇമ്രാന്റെ പ്രസംഗങ്ങൾ.

കശ്മീരിൽ ഹിതപരിശോധന നടത്തി ഇന്ത്യയോടാണോ പാകിസ്താനോടാണോ അവിടത്തുകാർക്ക് കൂറ്്‌ എന്നുതെളിയിക്കണമെന്നതാണ് ഈ വിഷയത്തിൽ പാകിസ്താന്റെ പ്രഖ്യാപിത നയം. ഇതുകൂടാതെ, മൂന്നാമതൊരു തിരഞ്ഞെടുപ്പെന്ന നിലയിൽ സ്വതന്ത്രമാകാമെന്ന നിലപാടാണ് ഇമ്രാൻ മുന്നോട്ടുവെച്ചത്. ഇതിനെതിരേയാണ് ഷെഹബാസ് ഷരീഫ് രംഗത്തെത്തിയത്. ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ നടക്കുന്ന സുതാര്യവും സ്വതന്ത്രവുമായ ഹിതപരിശോധനയിലൂടെ ജമ്മുകശ്മീർ തർക്കം പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരികളുമായി ചർച്ചചെയ്യാതെ അവർക്കുമേൽ പരിഹാരം അടിച്ചേൽപ്പിക്കുന്നത് ഇന്ത്യയെ സഹായിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

എക്കാലവും ഇന്ത്യയുടെ അവിഭാജ്യഘടകമായ ജമ്മുകശ്മീരിന്റെ കാര്യം രാജ്യത്തിന്റെ ആഭ്യന്തരവിഷയമാണെന്നാണ് ഇന്ത്യയുടെ നിലപാട്.