ചെറുതും വലുതുമായ ഒട്ടനവധിമേളങ്ങളിലൂടെ  കേളത്ത് അരവിന്ദ മാരാർ കൊട്ടിനിറയുകയാണ്. തിമില പ്രമാണിയായിരുന്ന മാക്കോത്ത് ശങ്കരൻകുട്ടിമാരാരുടെ മകൻ പതിനാറാംവയസ്സിൽ പെരുവനം നടവഴിയിൽ കൊട്ടിയത് ചാത്തക്കുടത്തെ പ്രമാണി കാച്ചാംകുറിച്ചി ചക്രപാണിമാരാരോടൊപ്പമാണ്! 
അങ്ങനെ തുടങ്ങിയതാണ് അരവിന്ദമാരാർ. പെരുവനം പൂരം, ചാത്തക്കുടം ശാസ്താവിന്റെ മേളം, ഊരകം, ചേർപ്പ് മേളങ്ങൾ, ആറാട്ടുപുഴ പൂരം, എടക്കുന്നി, അന്തിക്കാട്... വാദ്യകലയുടെ അരവിന്ദമുദ്ര അങ്ങനെ വിരിഞ്ഞു
വിരിഞ്ഞുവന്നു. 
അരവിന്ദനെ കുറുപ്പത്ത് ഈച്ചരമാരാരാണ് കൗമാരത്തിൽ തൃപ്പൂണിത്തുറ ഉത്സവത്തിനു കൊട്ടാൻ കൂട്ടിക്കൊണ്ടുപോയത്. ‘പഞ്ചാരിയിലെ ഗന്ധർവൻ’ എന്ന് അറിയപ്പെട്ടിരുന്ന പെരുവനം നാരായണമാരാർ ആണ് അന്ന് അവിടത്തെ മേള പ്രമാണി. നിരന്നു നിൽക്കുന്ന മഹാരഥന്മാരായ ഇടംതലക്കാരുടെ ഇടയിൽ അരവിന്ദൻ എന്ന കുട്ടി നിന്നു. അക്കൊല്ലം ഉൽസവത്തിന് ആന വിരണ്ടു. വരിക്കാശ്ശേരി ഗോപാലൻ റാവു ത്തറുടെ ആനയെ തളയ്ക്കാൻ എടുത്ത രണ്ടര മണിക്കൂർ നേരം ചെണ്ടയും കൊണ്ട് എണ്ണ വീണ വഴുക്കലുള്ള വിളക്കുമാടത്തിൽ പൊത്തിപിടിച്ച് കയറിയത് ഇന്നും ഇദ്ദേഹത്തിന്റെ ഓർമയിലുണ്ട്.
അരവിന്ദ മാരാർ ചെണ്ടയിലും തിമിലയിലും ഇടയ്ക്കയിലും വൈദഗ്ധ്യം നേടിയിട്ടുണ്ട്. എല്ലാത്തിലും തനിക്കു സ്വന്തമായ ഒരു ശൈലി മെനഞ്ഞെടുത്തു. ചക്കംകുളവും തൃപ്പേക്കുളവും അരങ്ങ് വാഴുമ്പോഴും രണ്ടാംഭാവത്തിൽ അരവിന്ദമാരാർ നിറഞ്ഞുകൊട്ടി. 
‘മേളം വിളിച്ചു കൂട്ടി നടത്തുക’ എന്ന മട്ടുവിട്ട്   ക്ഷേത്രങ്ങളെല്ലാം മേളത്തിന് കരാർ കൊടുത്തു തുടങ്ങിയതോടെ പ്രായക്കൂടുതലുള്ള ആളുകൾ ക്ഷേത്രമടിയന്തര ജോലികളിൽ ഒതുങ്ങുകയോ, അല്ലെങ്കിൽ വേറെ എന്തെങ്കിലും തൊഴിലിലേക്ക് തിരിയുകയോ ചെയ്തു. ഈ സമയത്താണ് പെരുവനം കുട്ടൻമാരാർ, തന്റെ മേളങ്ങളിലേക്ക്  അരവിന്ദമാരാരെ ക്ഷണിക്കുന്നത്. ആ ക്ഷണം സ്വീകരിക്കപ്പെട്ടപ്പോൾ മേള ലോകം അത്ഭുതപ്പെട്ടു. തന്നെക്കാൾ വളരെ പ്രായം കുറഞ്ഞ ഒരാളുടെ പ്രമാണത്തിൽ ഇന്നും പലരും ഇടംതല കൊട്ടുക പതിവില്ല. “കുട്ടന് എന്നെ ആവശ്യം ഉണ്ടാവാം, അതുകൊണ്ട് എന്നെ വന്നു വിളിച്ചു.ഞാൻ കൂടെ പോയി. അത്രേ ഉള്ളു”, എന്നായിരുന്നു ഇദ്ദേഹത്തിന്റെ വിനീതമായ മറുപടി. പ്രമാണിയെപ്പോലെ ബഹുമാനിച്ചും  പ്രമാണിയ്ക്ക് ഒപ്പം പ്രതിഫലം വാങ്ങിച്ചുകൊടുത്തും പെരുവനം കുട്ടൻ മാരാർ ഇന്നും അരവിന്ദമാരാരെ 
കൂടെക്കൂട്ടുന്നു. 
കിഴക്കൂട്ട് അനിയൻമാരാരോടൊപ്പവും അരവിന്ദമാരാരെ കാണാം. രണ്ടുപേരും ഒരുമിച്ചാണ് ഇലഞ്ഞിത്തറ മേളത്തിൽ വന്നത്. മഹാരഥന്മാരോ ടൊപ്പം രണ്ടറ്റത്തും നിന്നു കൊട്ടിയ രണ്ടു കുട്ടികളായിരുന്നു ഇരുവരും. പിന്നീട്  മുതിർന്നപ്പോൾ അരവിന്ദമാരാരുടെ പ്രമാണത്തിൽ അനിയൻ മാരാരും, അനിയൻ മാരാരുടെ പ്രമാണത്തിൽ അരവിന്ദമാരാരും കൊട്ടി. 
പതിനേഴു കൊല്ലം മുമ്പ് തൃശ്ശൂർ പൂരത്തിന്റെ  ഇലഞ്ഞിത്തറമേളത്തിന് പുതിയ പ്രമാണിയെ നിശ്ചയിക്കുന്ന സമയം. കിഴക്കൂട്ടു അനിയൻ മാരാർ വേണോ പെരുവനം കുട്ടൻമാരാർ വേണോ എന്നുള്ളതായിരുന്നു ചോദ്യം. തനിക്ക് പ്രമാണം കിട്ടിയാൽ രണ്ടാമനായി കൂടെ വരണം എന്ന് രണ്ടാളും ചെന്ന് പറഞ്ഞത് കേളത്ത് അരവിന്ദ മാരാരോട്! അന്ന് നറുക്ക് വീണത് പെരുവനം കുട്ടൻ മാരാർക്കായിരുന്നു. ഇന്നും തൃപ്പൂണിത്തുറ ഉത്സവത്തിനും , ഇരിഞ്ഞാലക്കുട ഉത്സവത്തിനും ഒരു ദിവസത്തെ മേളം അല്ലെങ്കിൽ ഒരു നേരത്തെ മേളം, കുട്ടൻ മാരാർ അരവിന്ദമാരാരെ 
പ്രമാണിയാക്കും.
പ്രമാണം കൊട്ടുന്നതിനെക്കുറിച്ച് ചോദിച്ചാൽ അരവിന്ദമാരാരുടെ മറുപടി ഇങ്ങനെ: “അതൊക്കെ മോഹമുള്ളവർക്ക് കൊടുത്തോളു. ഞാൻ വരാം, കൊട്ടാം. ആളില്ലാ എന്നുള്ളത് കൊണ്ട് നിങ്ങളുടെ മേളം മുടങ്ങില്ല!”
സംഗീത നാടക അക്കാദമി പുരസ്‌കാരം ,കലാചാര്യ പുരസ്‌കാരം ,വാദ്യമിത്ര പുരസ്‌കാരം, ധന്വന്തരി പുരസ്‌കാരം, 
പൂർണത്രയീശ പുരസ്‌കാരം ,ആറാട്ടുപുഴ ശ്രീ ശാസ്താ പുരസ്‌കാരം, വാദ്യ വിശാരദൻ പുരസ്‌കാരം,  പൂർണത്രയീശ 
പുരസ്‌കാരം തുടങ്ങി ഒട്ടേറെ ആദര ങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള ഇദ്ദേഹത്തിന് എടക്കുന്നി ഭഗവതിയുടെ അങ്കണത്തിലെ കൊട്ടാണ് ഏറ്റവും ‘സ്വന്ത’മായി തോന്നുന്നത്. ഒരിക്കൽ ഒരു ക്ഷേത്രത്തിലെ താലപ്പൊലിക്ക് കൊട്ടാൻ ക്ഷണിച്ചവരോട് ഇദ്ദേഹം പറഞ്ഞത് ഇങ്ങനെ: “സ്വർണം കൊണ്ട് തേര് ഉണ്ടാക്കി കൊടുത്തയച്ചാലും ഇന്ന് വരാൻ പറ്റില്ല. എടക്കുന്നി ഭഗവതിയുടെ പ്രതിഷ്ഠാദിനം ആണ് !”
പെരുവനം- ആറാട്ടുപുഴ പൂരങ്ങളുടെ മകീരം പുറപ്പാട് കഴിഞ്ഞസമയം. പ്രമാണ ചക്രവർത്തിയായ പെരുവനം കുട്ടന്മാരാർക്ക് ഒരു ബന്ധു മരിച്ചത് മൂലം പുല ആയി. പ്രസിദ്ധങ്ങളായ എട്ട് മേളങ്ങളുടെ പ്രമാണി അദ്ദേഹമാണ്. കമ്മറ്റിക്കാർക്ക് എന്താ ചെയ്യണ്ടത് എന്ന് നിശ്ചയമില്ലാതെയായി. സാധാരണ പ്രമാണിക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായാൽ പിന്നെ രണ്ടാമനെ മേളം ഏൽപ്പിക്കുക എന്നുള്ളത് ആണ് ചട്ടം. പ്രത്യേകിച്ചും വിളിച്ചു കൂട്ടുന്ന മേളത്തിൽ. ആറാട്ടുപുഴ കമ്മിറ്റിക്കാർ അങ്ങനെ അരവിന്ദമാരാരുടെ അടുത്ത് ചെന്നു.
പതിവുപോലെ അരവിന്ദമാരാർ പറഞ്ഞു: “എനിക്ക് പ്രമാണം ഒന്നും വേണ്ടാ, ആർക്കാ മോഹം ഉള്ളേ എന്ന് ​െവച്ചാൽ കൊടുത്തോളോ!” അവസാനം പെരുവനം കുട്ടൻ മാരാർ തന്നെ വിളിച്ചു പറഞ്ഞപ്പോൾ ആറാട്ടുപുഴയുടെ നാല് മേളങ്ങളും, തൈക്കാട്ടുശ്ശേരി മേളവും കഴിച്ചു കൊടുക്കാം എന്ന് പറഞ്ഞു. അതെല്ലാം ഗംഭീരമാക്കുകയും ചെയ്തു.  
‘കാലപ്രമാണം’ എന്ന പേരിട്ട് അബുദാബിയിൽ ഒരു പാണ്ടിയും, ഒരു പഞ്ചാരിയും നടത്താൻ കുറച്ചു വാദ്യകലാകാരന്മാർ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ ഈയിടെ പോവുകയുണ്ടായി. അതിന് കുട്ടൻ മാരാർ അരവിന്ദമാരാരെ കൂടെക്കൂട്ടാൻ ഒരു ശ്രമം നടത്തിനോക്കി. “ഞാൻ അബുദാബിക്ക് ഇല്ല കുട്ടാ, എനിക്ക് ഈ ചുറ്റുവട്ടത്ത് നടന്നു കൊട്ടിയാൽ മതി” എന്നു വിനയ ത്തോടെ പറഞ്ഞ് അരവിന്ദമാരാർ ഒഴിഞ്ഞു.  
ആത്മസമർപ്പണമാണ് ഏതു തൊഴിലിലും ഒരാളുടെ മഹത്ത്വം നിശ്ച യിക്കുന്നത്. മേളത്തിൽ പ്രത്യേകിച്ചും. അങ്ങനെ നോക്കുമ്പോൾ ഈ മനുഷ്യൻ ഒരു മഹാൻ ആകുന്നു.

edakkunnisivan@gmail.com