മക്കളേ,

ഇന്നു നമ്മുടെ മനസ്സ് ഭൗതികവിഷയങ്ങളിൽ ബന്ധിച്ചു നിൽക്കുകയാണ്, സ്വാർഥത നിറഞ്ഞതാണ്. ഇതുകാരണം ഈശ്വരനു വസിക്കാൻ നമ്മുടെയുള്ളിൽ ഇടമില്ല. ക്ഷേത്രങ്ങളും പുണ്യസ്ഥലങ്ങളും സന്ദർശിക്കുന്നതിന്റെ യഥാർഥ ഉദ്ദേശ്യം, ഈ സ്വാർഥതയിൽനിന്നെല്ലാം മോചനം നേടി മനസ്സിനെ ശുദ്ധീകരിക്കുകയും ഈശ്വരനെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്യുക എന്നതാണ്. എന്നാൽ, ഇന്നു നമ്മൾ അവിടെ എത്തിയാലും സമ്പത്തിനും മറ്റു സ്വാർഥകാര്യങ്ങൾക്കുംവേണ്ടിയാണു പ്രാർഥിക്കാറുള്ളത്. ‘എനിക്ക് ഈശ്വരനോടു വലിയ ഭക്തിയാണ്, പ്രേമമാണ് എന്നൊക്കെ പറയും. പക്ഷേ, അതു പ്രവൃത്തിയിൽ കാണാറില്ല. മനസ്സിനെ ബന്ധിച്ചുനിർത്തിയിരിക്കുന്ന വസ്തുക്കൾ ഈശ്വരനു സമർപ്പിക്കാൻ നാം തയ്യാറായാൽ മാത്രമേ നമുക്കു യഥാർഥസമർപ്പണം ഉണ്ട് എന്നുപറയാൻ കഴിയൂ. ഈശ്വരനോടുള്ള ഭക്തിയുടെ ആഴം മനസ്സിലാക്കാനുള്ള മാർഗമതാണ്.  ഒരു പെൺകുട്ടി തന്റെ കൂട്ടുകാരിയുടെ പിറന്നാളിന് ഒരു കത്തയച്ചു: ‘നിന്റെ പിറന്നാളിനെക്കുറിച്ചറിഞ്ഞപ്പോൾ സന്തോഷംകൊണ്ട് ഞാൻ സ്വയം മതിമറന്നു. ഏറ്റവും ഭംഗിയുള്ള ഒരു സമ്മാനം നിനക്കു നൽകുന്നതിനുവേണ്ടി ഞാൻ എവിടെയൊക്കെ അന്വേഷിച്ചെന്നോ? അവസാനം ഒരു കടയിൽ അതു ഞാൻ കണ്ടു. പക്ഷേ, നൂറു രൂപയാണതിന്റെ വില. മറ്റൊരവസരത്തിൽ വാങ്ങാമെന്നു കരുതി.’ കൂട്ടുകാരിയോട് എന്തെന്നില്ലാത്ത സ്നേഹമാണ്. സ്വന്തം ജീവൻകൂടി നൽകാമെന്നു പറയും. പക്ഷേ, അവൾക്കുവേണ്ടി നൂറുരൂപ മുടക്കാൻ വയ്യ. ഇതു പോലെയാണു നമുക്ക് ഈശ്വരനോടുള്ള പ്രേമവും ഭക്തിയും. ‘ഈശ്വരനുവേണ്ടി എല്ലാം സമർപ്പിച്ചിരിക്കുന്നു’ എന്നു പറയും. എന്നിട്ട് കാര്യസാധ്യത്തിനുവേണ്ടി ക്ഷേത്രത്തിൽ വഴിപാടു കഴിക്കുകയും ചെയ്യും. കാര്യം സാധിച്ചുകഴിഞ്ഞാൽ ഭഗവാനു നൽകുന്നതിനുവേണ്ടി ഏറ്റവും വിലകുറഞ്ഞ ചെറിയ തേങ്ങ നോക്കിത്തിരയും.  ഇതൊന്നുമല്ല, യഥാർഥ ഭക്തിയും പ്രേമവും. ഭഗവാനുവേണ്ടി സ്വന്തം ജീവൻ പോലും സമർപ്പിക്കാനുള്ള ഭാവം വരണം. ഈശ്വരനുവേണ്ടി എന്ന ഭാവത്തിൽ നമ്മൾ എന്തു നൽകിയാലും അതിന്റെ പ്രയോജനം നമുക്കുതന്നെയാണ്. ഈശ്വരനു നമ്മിൽനിന്ന് ഒന്നും വേണ്ടാ. അവിടുന്നാണു നമുക്കുവേണ്ടതെല്ലാം തരുന്നത്. അവിടുന്നാണു നമ്മളെ ശുദ്ധീകരിക്കുന്നത്. അവിടുത്തോടുള്ള ഭക്തികാരണം നമ്മളാണ് ശുദ്ധരാവുന്നത്.  ഭൗതികവസ്തുക്കൾ നേടുന്നതിനായി ഈശ്വരനെ ഭജിക്കുന്നവരാണ് ഇന്നധികവും. അവരുടെ ഭക്തി ശരിയായ ഭക്തിയല്ല. അവർ രാജകൊട്ടാരത്തിലുള്ള സ്വർണംമാത്രം കാംക്ഷിക്കുന്നു. രാജാവിനെ സ്നേഹിക്കുന്നില്ല. രാജാവിനെ സ്നേഹിച്ചാൽ സ്വർണവും കിട്ടും രാജാവിനെയും കിട്ടും. അതുപോലെ കാര്യസാധ്യത്തിനായി ഈശ്വരനെ ഭജിക്കാതെ, ഈശ്വരനെമാത്രം ആഗ്രഹിച്ച് ഈശ്വരനെ ഭജിക്കുന്നവർക്കു സകലതും ലഭിക്കും.

- ഭക്തന്റെ മനോഭാവമനുസരിച്ചാണു പ്രർഥനയ്ക്കും ഫലം ലഭിക്കുക. ഈശ്വരനോടു പ്രാർഥിച്ചിട്ട് മറ്റൊരാൾക്കു കിട്ടിയ ഫലംപോലെ തനിക്കു കിട്ടുന്നില്ലല്ലോ എന്നു പരാതിപ്പെടുന്നതിൽ അർഥമില്ല. ഭക്തന്റെ ഹൃദയശുദ്ധിയും സമർപ്പണഭാവവും പ്രാർഥനയിൽ വലിയ ഘടകമാണ്.

ഒന്നിനോടും കാമ്യത വെക്കാതെ എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിച്ചു സകലതും ഈശ്വരനിലർപ്പിച്ച്, സകലതും അവിടുത്തെ ഇച്ഛ എന്ന ഭാവനയോടുകൂടി ഭജിക്കുന്നവർ ത്രിലോകങ്ങൾക്കും അധിപതിയാകും. ഭഗവാനെ കിട്ടിയാൽ എല്ലാം അവിടെ എത്തിക്കൊള്ളും. അതുകൊണ്ട് സർവാർപ്പണമായി നീങ്ങുക. ക്ഷമയോടുകൂടി സാധന ചെയ്യുക. ആത്മീയമായ ഉന്നതിയുണ്ടാകും, അതോടൊപ്പം ഭൗതികമായ ഐശ്വര്യങ്ങളും വന്നുചേരും.