ആ രാജ്യത്ത് ജനിച്ചു ജീവിക്കുന്നവരെയെല്ലാം അത്തരമൊരു ഭരണക്കൈമാറ്റത്തിൽ പരിഭ്രാന്തരായാണ് നമ്മൾ ടെലിവിഷൻ സ്ക്രീനിൽ കണ്ടത്. അവർ നാട്ടിലെ ആകെയുള്ള വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന അവസാനത്തെ യന്ത്രപ്പക്ഷിയുടെ ചിറകിൽത്തൂങ്ങി കൊഴിഞ്ഞു വീഴുന്നതും കന്നുകാലികളെപ്പോലെ മനുഷ്യർനിറഞ്ഞ നിലത്തുകുത്തിയിരുന്ന് ആകാശയാത്ര ചെയ്യുന്നതും എവിടെയും പോകാനില്ലാത്ത സ്ത്രീകളും പെൺകുട്ടികളും വരാനിരിക്കുന്ന നരകതുല്യമായ ദിനങ്ങളെ അകക്കണ്ണിൽക്കണ്ട് നിലവിളിക്കുന്നതും റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന ഒരു വിദേശവനിത മാത്രം പക്ഷേ, സ്വന്തം നാട്ടിലേക്കു മടങ്ങാനുള്ള അസുലഭമായ അവസരങ്ങളെ പുറംെെകയാൽ തൂത്തുകളഞ്ഞ് ജോലി തുടർന്നു. അഫ്ഗാനിസ്താനിൽ കുടുങ്ങിപ്പോയ പൗരന്മാരെ തിരികെയെത്തിക്കാൻ ന്യൂസീലൻഡ്‌ അയച്ച ഹെർക്കുലീസ് പ്രതിരോധവിമാനം തിരികെ പറക്കുമ്പോൾ അവരുടെ സീറ്റ് മാത്രം ഒഴിഞ്ഞുകിടന്നു. അഫ്ഗാനിൽ നടക്കാനിരിക്കുന്ന രക്തരൂഷിതമായ പ്രതിക്രിയകളെക്കുറിച്ച് മറ്റേതൊരു മാധ്യമപ്രവർത്തകൻ/കയെക്കാളും നേരിട്ടറിയാമായിരുന്ന അവരുടെ പേര് ഷാർലറ്റ് ബെല്ലിസ് എന്നായിരുന്നു. അൽജസീറ ചാനലിന്റെ ന്യൂസീലൻഡുകാരിയായ അഫ്ഗാൻ റിപ്പോർട്ടർ. എത്രകാലം അഫ്ഗാനിസ്താനിൽ നിൽക്കാനാവുമോ അത്രയുംകാലം ഞാനിവിടെ തുടരുമെന്ന തീരുമാനം പ്രഖ്യാപിച്ച് അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ പരിപൂർണമായി പിടിച്ചെടുത്ത ഓഗസ്റ്റ് 15-നും പതിവുപോലെ അവർ ജോലിചെയ്ത് കാബൂളിലെ വീട്ടിലേക്ക് മടങ്ങി.

തെരുവിൽ വെടിവെച്ചുകളിക്കുന്ന വിമതസംഘത്തിൽനിന്ന് ഒരു രാജ്യത്തിന്റെ ഭരണമേറ്റെടുക്കുന്ന ഉത്തരവാദിത്വത്തിലേക്ക് താലിബാൻ നടന്നടുത്തപ്പോഴും എല്ലാവരുടെയും മനസ്സിലുദിച്ച ആദ്യത്തെ ഉത്‌കണ്ഠ അവിടത്തെ സ്ത്രീകളെക്കുറിച്ചായിരുന്നു. കാബൂളും വീണുകഴിഞ്ഞ ആത്മവിശ്വാസത്തോടെ ലോകത്തെ ആദ്യമായി അഭിമുഖീകരിച്ച വാർത്താസമ്മേളനത്തിൽത്തന്നെ താലിബാന് തങ്ങളുടെ വനിതാനയം വ്യക്തമാക്കേണ്ടി വന്നത് ഷാർലറ്റിന്റെ  ചോദ്യങ്ങൾക്കുള്ള ഉത്തരമായാണ്. വിദേശ പാസ്പോർട്ടുള്ള മനുഷ്യർ, പ്രത്യേകിച്ചും സ്ത്രീകൾ മുഴുവൻ സ്വന്തം രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടുകഴിഞ്ഞിരുന്നു. അവശേഷിച്ച വനിതാമാധ്യമപ്രവർത്തകർ കാബൂളിലുണ്ടായിരുന്നിട്ടും താലിബാന്റെ ആദ്യ വാർത്താസമ്മേളനത്തിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ച് പുറത്തിരുന്ന് സാഹചര്യങ്ങൾ സശ്രദ്ധം വീക്ഷിച്ച്‌ വാർത്ത നൽകി. ഭൂരിഭാഗം സഹപ്രവർത്തകരുടെയും അസാന്നിധ്യം ഷാർലറ്റിന്റെ തീരുമാനത്തിൽ മാറ്റമുണ്ടാക്കിയില്ല. നാടൻ വേഷങ്ങളണിഞ്ഞ പുരുഷന്മാരുടെ ഇടയിൽ പാശ്ചാത്യരീതിക്കൊപ്പം വസ്ത്രം ധരിച്ച്‌ ശിരോവസ്ത്രം കൊണ്ട് ചെമ്പൻ മുടി മറച്ച് ഒന്നാമത്തെ നിരയിലിരുന്ന ഷാർലറ്റിന്റെ ആദ്യചോദ്യം ലോകശ്രദ്ധയാകർഷിച്ചു. ‘‘ഈ നാട്ടിലെ സ്ത്രീകളോടും പെൺകുട്ടികളോടും അവരുടെ അവകാശങ്ങളെക്കുറിച്ച് എന്തുറപ്പാണ് നിങ്ങൾക്ക് നൽകാനുള്ളത്? അവർക്ക് പഠനം തുടരാനും ജോലി ചെയ്യാനും കഴിയുമോ?’’

മറുപടി പറയേണ്ടത് താലിബാന്റെ ക്രൂരതകൾക്ക്‌ കുപ്രസിദ്ധനായ വക്താവ് സബിഹുള്ള മുജാഹിദ് ആയിരുന്നു. രണ്ട് ദശാബ്ദത്തോളമായി അഫ്ഗാനിലെ മാധ്യമപ്രവർത്തകർക്ക് അവരുടെ ഫോണിന്റെ മറ്റേയറ്റത്ത് സുപരിചിതമായ താലിബാന്റെ ശബ്ദമായിരുന്നു സബിഹുള്ള; അല്ലെങ്കിൽ ശബ്ദം മാത്രമായിരുന്നു സബിഹുള്ള. ലോകമറിയേണ്ട വിവരങ്ങളെല്ലാം താലിബാൻ കൈമാറിയിരുന്നത്. സബിഹുള്ള എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു ശബ്ദത്തിലൂടെയായിരുന്നെങ്കിലും ആ ശബ്ദത്തിന്റെ ഉടമയെ പുറംലോകം കാണുന്നത് 2021 ഓഗസ്റ്റ്-17-ന്റെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ മാത്രമായിരുന്നു. തങ്ങൾ നടത്തുന്ന കൂട്ടക്കൊലകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനായിരുന്നു അയാൾ സാധാരണ വിളിക്കാറുണ്ടായിരുന്നത്. പക്ഷേ, അതേ സബിഹുള്ള സുരക്ഷിതത്വത്തെയും സമാധാനത്തെയും കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ട് ഉത്തരങ്ങൾ തുടങ്ങുന്നതിലെ വ്യാജോക്തി അവിടെ കൂടിയിരുന്നവരിൽ പലരെയും നിശ്ശബ്ദരാക്കുകയാണുണ്ടായത്. ഷാർലറ്റിന്റെ ചോദ്യത്തോടുള്ള സബിഹുള്ളയുടെ മറുപടി അഫ്ഗാൻ സ്ത്രീകളുടെ ഭാവിക്കുമേൽ അനേകം നാനാർഥങ്ങളുടെ വ്യാഖ്യാനസാധ്യതകൾ ലോകത്തിനുമുന്നിൽ തുറന്നിട്ടു. അതിങ്ങനെയായിരുന്നു. ‘‘സ്ത്രീകളുടെ അവകാശങ്ങൾ താലിബാൻ സർക്കാർ സംരക്ഷിക്കും. പക്ഷേ, ശരീഅത്ത് നിയമങ്ങളുടെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ടാണെങ്കിൽ മാത്രം.’’ ഒരു സ്ത്രീ എന്ന നിലയ്ക്ക് ഞാൻ നിങ്ങളെ ഭയപ്പെടേണ്ടതുണ്ടോ എന്നും അവർ അന്വേഷിച്ചു. നിങ്ങൾ ഞങ്ങളെ ഒരിക്കലും ഭയപ്പെടേണ്ടതില്ലെന്ന് സബിഹുള്ള വാക്കുനൽകി. ഈ രണ്ടു ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ലോകത്തെ എല്ലാ മാധ്യമങ്ങളിലും തത്‌സമയം വാർത്തയായി. 2001-ലെ ആയുധധാരികളായ ആൾക്കൂട്ടത്തിൽനിന്ന് 2021-ൽ വിദേശ അധിനിവേശത്തെ തുരത്തിയ ഭരണകർത്താക്കളാകുമ്പോൾ താലിബാനു‘പോലും’ വന്നേക്കാവുന്ന അനിവാര്യമായ മാറ്റത്തിന്റെ സൂചനയായി - ഷാർലറ്റും ആ വാർത്താസമ്മേളനത്തെ വ്യാഖ്യാനിച്ചു. അഫ്ഗാനിസ്താന്റെ നിയന്ത്രണമേറ്റെടുത്ത് ഒരാഴ്ചയ്ക്കകം താലിബാൻ ആദ്യമായി ഔദ്യോഗികമായ ഒരു അഭിമുഖസംഭാഷണം നൽകിയതും ഈ പാശ്ചാത്യവനിതയ്ക്കായിരുന്നു. സാംസ്കാരികകമ്മിഷൻ അബ്ദുൾ ഖഹർ ബാൽഖിയും ഷാർലറ്റ് ബെല്ലിസും മുഖാമുഖമിരുന്നു. അയത്നലളിതമായ ഇംഗ്ലീഷിൽ അഫ്ഗാന്റെ ഭാവിയെക്കുറിച്ചുള്ള താലിബാന്റെ രൂപരേഖ ബാൽഖി സ്പഷ്ടമായി വിശദീകരിച്ചു.
പക്ഷേ, ബെല്ലിസിന്റെ പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നു. താലിബാൻ ഭരണത്തെക്കുറിച്ചുള്ള കാല്പനികസ്വപ്നങ്ങൾ താത്‌കാലികമായെങ്കിലും അവസാനിച്ചു. ഇരുപത് വർഷങ്ങൾക്കിപ്പുറം സ്ത്രീകളോടുള്ള സമീപനത്തിന്റെ കാര്യത്തിൽ അവർക്ക് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് താലിബാന്റെ തുടർപരിപാടികളിലൂടെ ലോകമറിഞ്ഞു. 2017-ൽ അഫ്ഗാനിസ്താനിലെത്തിയ ഷാർലറ്റിന് കടുത്ത സുരക്ഷാഭീഷണിയുണ്ടെന്ന റിപ്പോർട്ടുകൾക്കൊടുവിൽ ചാനൽ അവരെ തിരികെ ഖത്തറിലേക്ക് വിളിപ്പിച്ചു. 2021 ഒക്ടോബർ 14-ന് ഇംഗ്ലണ്ടിലെ കാൻറർബറിയിലിരുന്ന് ഷാർലറ്റിന്റെ അച്ഛൻ ബ്രൂസ് ബെല്ലിസ് ആശ്വാസനിശ്വാസമുതിർത്തു. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും നേരത്തേ മടങ്ങാൻ കൂട്ടാക്കാതിരുന്ന മകളോടുള്ള നീരസം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നു. ‘‘അൽജസീറ അവളെ അവിടെനിന്ന് വലിച്ച് പുറത്തിട്ടു. നിങ്ങൾക്കറിയാമല്ലോ അവരുടെ(താലിബാന്റെ) മനോഭാവം? സ്ത്രീകൾക്കൊക്കെ അവിടെ എങ്ങനെ ജീവിക്കാനാകും?’’ ഷാർലറ്റ് മാത്രമല്ല ബി.ബി.സി.യുടെ ലീസ്‌ ഡുസെറ്റും യാൽദ ഹക്കീമും സി.എൻ.എന്നിന്റെ ചീഫ് ഇൻറർനാഷണൽ കറസ്പോണ്ടൻറ് ക്ലാരിസ് വാർഡുമെല്ലാം അഫ്ഗാനിസ്താനെന്ന തൊഴിലിടത്തിൽനിന്ന് നിഷ്കാസിതരായ വനിതാമാധ്യമപ്രവർത്തകരാണ്.

ക്ലാരിസയുടെ െെകയിൽ മുറിവുണങ്ങിയ ഒരു പാടുണ്ട്. ഇടയ്ക്കിടെ അതിലേക്ക് നോക്കാതിരിക്കാൻ അവർക്കാവുന്നില്ല. അഫ്ഗാനിലെ തന്റെ ഒടുവിലത്തെ ദിവസത്തിന്റെ ഓർമയാണ് ക്ലാരിസയുടെ മുറിപ്പാട്. സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാൻ അമേരിക്ക അയച്ച വ്യോമസേനാ വിമാനത്തിലേക്ക് കയറിപ്പറ്റാനുള്ള ശ്രമത്തിനിടെയാണ് അത് സംഭവിച്ചത്. എങ്ങനെയെങ്കിലും ആ അമേരിക്കൻ വിമാനത്തിൽ കയറിപ്പറ്റാൻ ശ്രമിച്ച അസംഖ്യം അഫ്ഗാൻ അഭയാർഥികളിലൊരാൾ ആ അമേരിക്കക്കാരിയെ തള്ളി മാറ്റിയപ്പോൾ പറ്റിയ പരിക്ക്. െെകയിലിരിക്കുന്ന അമേരിക്കൻ പാസ്പോർട്ടിന്റെ മാത്രം ബലത്തിൽ ആയിരങ്ങളെ മറികടന്ന് ആ വിമാനത്തിൽ കയറിയ നിമിഷത്തെ ആത്മനിന്ദയോടെയാണ് ക്ലാരിസ ഓർക്കുന്നത്. 2001-നുശേഷം താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാൻ പ്രദേശത്ത് ആദ്യമായി എത്തിപ്പെട്ട വിദേശ മാധ്യമപ്രവർത്തകയാണ് ക്ലാരിസ. ‘‘അവരോട് സംസാരിക്കുമ്പോൾ നമ്മൾ അദൃശ്യരായിപ്പോകും. അവർ നിങ്ങളുടെ മുഖത്തുനോക്കില്ല, അഭിസംബോധന ചെയ്യില്ല, സംസാരിക്കുകപോലുമില്ല. നിങ്ങൾ എന്തെങ്കിലും ചോദിച്ചാൽ അവർ മറുപടി പറഞ്ഞെന്നിരിക്കും: പക്ഷേ, നിങ്ങൾ നിൽക്കുന്ന ദിക്കിലേക്കുപോലും നോക്കാതെയാവും അവരുടെ സംസാരം!’’ താലിബാനെക്കുറിച്ച് ക്ലാരിസയുടെ അനുഭവമിതാണ്. അവസാനത്തെ അമേരിക്കൻ പട്ടാളക്കാരനും മടങ്ങുന്നതിന് മുമ്പ് സ്വയം സുരക്ഷിതയാവുക എന്നതല്ലാതെ ബദൽ മാർഗമൊന്നും സി.എൻ.എന്നിന്റെ ലോകപ്രസിദ്ധയായ യുദ്ധറിപ്പോർട്ടറുടെ മുന്നിലുണ്ടായിരുന്നില്ല.

*** ***

ലീസ്‌ ഡുസെറ്റിന് എൺപതുകൾ മുതൽ പരിചിതമായ പ്രദേശമാണ് അഫ്ഗാനിസ്താൻ. 2002-ൽ പ്രസിഡൻറ് ഹമീദ് കർസായിയെ അദ്ദേഹത്തിന്റെ സഹോദരന്റെ വിവാഹച്ചടങ്ങിന് അനുഗമിക്കാൻ അനുമതി ലഭിച്ച ഏക ജേണലിസ്റ്റ് ഡുസെറ്റാണ്. അവിടെവെച്ച് കർസായിക്കുനേരെ നടന്ന വധശ്രമം ബി.ബി.സി.ക്കുവേണ്ടി ഡൗസെറ്റ് എക്സ്‌ക്ളുസീവായി ചിത്രീകരിച്ചു. അഹ്മദ് വാലി കർസായിയെന്ന ആ സഹോദരനുമായി 2011-ൽ അവസാനമായി അഭിമുഖസംഭാഷണം നടത്തിയതും ഡൗസെറ്റായിരുന്നു. ഡുസെറ്റിനെ കണ്ട് കുറച്ചുസമയത്തിനകം കാണ്ഡഹാർ പ്രൊവിൻസിന്റെ ചെയർമാനായിരുന്ന അഹ്‌മദ് കൊല്ലപ്പെട്ടു. മരണത്തെ മുഖാമുഖം കണ്ട അനേകം സന്ദർഭങ്ങൾ അഫ്ഗാൻ റിപ്പോർട്ടിങ്‌ അവർക്ക് നൽകിയിട്ടുണ്ട്. അവർക്കിത് ചരിത്രത്തിന്റെ തനിയാവർത്തനമാണ്. മുപ്പതുവർഷങ്ങൾക്കുമുമ്പ് ശീതയുദ്ധകാലത്ത് റഷ്യൻപട്ടാളം അഫ്ഗാനിസ്താനിലേക്കു പ്രവേശിക്കാൻ തുടങ്ങുമ്പോൾ ഇതുപോലൊരു സന്ദിഗ്ധതയെ മാധ്യമപ്രവർത്തകർ അഭിമുഖീകരിച്ചിരുന്നു. പാശ്ചാത്യ സഖ്യകക്ഷികൾ അവരുടെ എംബസികൾ ഒന്നൊന്നായി അടച്ച്‌ അഫ്ഗാനിൽനിന്ന് ഓടിരക്ഷപ്പെടുമ്പോഴും ഡുസെറ്റ് കാബൂളിലുണ്ടായിരുന്നു. അന്നും ഇതേ അനിശ്ചിതത്വവും ഭയവുമായിരുന്നു സാധാരണ അഫ്ഗാനികളുടെ മുഖമുദ്രയെന്ന് ഡുസെറ്റ് ഓർക്കുന്നു. തദ്ദേശീയരുടെ വികാരങ്ങൾക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിലും മാറ്റമൊന്നുമില്ല. അന്നത്തെപ്പോലെ ഇന്നും ക്രൂരതകളുടെ കഥകൾ ലോകത്തോടുപറയാൻ വേണ്ടി മാത്രം അവർ തെല്ലിടകൂടി അഫ്ഗാനിൽ തങ്ങിയിരുന്നു.

1983-ലെ റഷ്യൻ അധിനിവേശകാലത്ത് ജന്മദേശത്തുനിന്ന് പ്രാണരക്ഷാർഥം നാടുവിട്ട ഒരു അഫ്ഗാനി കുടുംബം കുതിരപ്പുറത്ത്‌ ദിവസങ്ങളോളം സഞ്ചരിച്ച് പാകിസ്താനിലെത്തി. അവിടെനിന്ന് വർഷങ്ങളെടുത്ത് ഓസ്ട്രേലിയയിലേക്ക് കുടിയേറിപ്പാർത്തു. ഓസ്ട്രലിയൻപൗരത്വം സ്വീകരിച്ച് കുട്ടികൾ പഠിച്ച് മിടുക്കരായി. നാടുവിടുമ്പോൾ ആറുമാസം മാത്രം പ്രായമുണ്ടായിരുന്ന അതിലൊരു പെൺകുഞ്ഞാണ് ബി.ബി.സി.യിൽ അന്താരാഷ്ട്ര വാർത്തകൾ അവതരിപ്പിക്കുന്നതിനൊപ്പം സംഘർഷമേഖലകളിൽനിന്ന് ഡോക്യുമെൻററികളും നിർമിക്കുന്ന യാൽദ ഹക്കീം. പിറന്ന നാടുകാണാനുള്ള കൊതികൊണ്ടു കൂടിയാണ് യാൽദ അഫ്ഗാനിൽ തിരിച്ചെത്തിയത്. കുതിരപ്പുറത്ത് അമ്മയുടെ െെകയിലിരുന്ന് യാത്രചെയ്ത കുഞ്ഞ് ഇത്തവണ വീഡിയോ ക്യാമറയേന്തി ഏകയായി സഞ്ചരിച്ച് സ്വയം ദൃശ്യങ്ങൾ പകർത്തി. അധിനിവേശങ്ങളും യുദ്ധങ്ങളും നിരന്തരം തകർത്ത, ജന്മനാട്ടിലെ പഠനം മുടങ്ങിയ അനിയത്തിമാരെ വിദേശത്തയച്ച് പഠിപ്പിക്കാനും ശ്രമിച്ചിരുന്നു യാൽദ. കമ്യൂണിസ്റ്റ് വിരുദ്ധനായ അച്ഛന്റെ മകൾ താലിബാനെതിരേയുള്ള തദ്ദേശീയ പ്രതിരോധങ്ങളുടെയും മുഖമാണ്. കാരണം യാൽദയ്ക്ക് അഫ്ഗാനെന്നാൽ മറ്റ് പാശ്ചാത്യ മാധ്യമപ്രവർത്തകരെപ്പോലെ നിഷ്പക്ഷരായി പെരുമാറേണ്ട അന്യദേശത്തെ വെറും യുദ്ധഭൂമിയല്ല. പിറകിലുപേക്ഷിച്ചു പോന്നിട്ടും ജന്മബന്ധങ്ങൾ നിരന്തരം തിരിച്ചുവിളിക്കുന്ന മാതൃഭൂമിയാണ്.

അടിക്കുറിപ്പ്
(2020-ൽ കാബൂളിൽമാത്രം 4,940 പേർ പണിയെടുക്കുന്ന 108 മാധ്യമസ്ഥാപനങ്ങളുണ്ടായിരുന്നു. അവയിലെല്ലാംകൂടി ജോലിയെടുത്തിരുന്ന 1,080 സ്ത്രീകളിൽ 700 പേരും മാധ്യമപ്രവർത്തകരായിരുന്നു.)