‘എല്ലാം ശരിയാകും’ -ആ വാക്കിന് പ്രതീക്ഷയുടെ കരുത്തുണ്ട്. അതുകൊണ്ടുതന്നെയാണ് ജിബു ജേക്കബ് തന്റെ നാലാം ചിത്രത്തിന് മലയാളിയുടെ മനസ്സിൽപ്പതിഞ്ഞ ആ പേരുതന്നെ തിരഞ്ഞെടുത്തത്. വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ മനസ്സ് കട്ടെടുത്ത സംവിധായകൻ, തന്റെ നാലാം ചിത്രവുമായെത്തുമ്പോൾ കൂടെ മലയാളികളുടെ ഏറ്റവും പ്രിയ ജോടിയായ ആസിഫ് അലി, രജിഷ വിജയൻ ടീമുമുണ്ട്. രാഷ്ട്രീയവും കുടുംബബന്ധങ്ങളും അടിസ്ഥാനമാക്കി പുത്തനൊരു രസക്കൂട്ടാണ് ഇത്തവണ ജിബു ജേക്കബ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസ് ആൻഡ് പോൾ എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ തോമസ് തിരുവല്ലയും ഡോ. പോളും ചേർന്ന് നിർമിക്കുന്ന ‘എല്ലാം ശരിയാകും’ തന്റെ പതിവുവഴിയിൽനിന്ന് വേറിട്ടൊരു പരീക്ഷണമാണെന്ന് പറയുകയാണ് സംവിധായൻ ജിബു ജേക്കബ്.

 കാത്തുവെച്ച പേര്
ആദ്യരാത്രിയുടെ ഷൂട്ടിങ് തുടങ്ങുന്നതിനുമുമ്പ് കേട്ട ചെറിയൊരു സംഭവത്തിൽനിന്നാണ് ഈ സിനിമയുടെ പിറവി. ഒരു ഒളിച്ചോട്ട കഥ തിരക്കഥാകൃത്തായ ഷാരീഫ് മുഹമ്മദ് പറയുകയും അതിൽനിന്നും ബാക്കി കഥയുണ്ടാക്കുകയുമായിരുന്നു.  എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കാമ്പയിനിൽനിന്നുതന്നെയാണ് ഞങ്ങൾക്ക്  ‘എല്ലാം ശരിയാകും’ എന്ന പേരുകിട്ടിയത്. പക്ഷേ, ഈ പേരെന്താണ് ഇത്രയും നാൾ സിനിമയിൽ ആരും ഉപയോഗിക്കാതിരുന്നതെന്ന് എനിക്ക് അദ്‌ഭുതംതോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ഈ കാലഘട്ടത്തിനോട് ഏറ്റവും കൂടുതൽ ചേർന്നുനിൽക്കുന്നതും സിനിമയുടെ കഥയോട് വളരെ ബന്ധപ്പെട്ടുനിൽക്കുന്നതുമായ ഒരു പേരാണ്. അതുകൊണ്ട് ആ പേര് ഞങ്ങൾക്കുകിട്ടിയ ഒരു ഭാഗ്യമായാണ് കാണുന്നത്. യുവനിരയിലെ ശ്രദ്ധേയരായ ആസിഫ്‌ അലിയും രജിഷ വിജയനുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. അനുരാഗ കരിക്കിൻവെള്ളം കഴിഞ്ഞ് അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇരുവരും വീണ്ടും ഒന്നിച്ച് പ്രേക്ഷകർക്കുമുന്നിലെത്തുന്നത്. അനുരാഗ കരിക്കിൻവെള്ളത്തിൽ പ്രണയകാലമായിരുന്നു കഥാപശ്ചാത്തലമെങ്കിൽ എല്ലാം ശരിയാകും എത്തുമ്പോൾ ദാമ്പത്യകാലമാണ് വിഷയം. ആസിഫ് അലി, രജിഷ ജോടിയോട് പ്രേക്ഷകർ ഒരു പ്രത്യേക ഇഷ്ടമുണ്ട്. ആ ഇഷ്ടം നന്നായി ഉപയോഗിക്കാൻ ഞാൻ ഈ സിനിമയിൽ ശ്രമിച്ചിട്ടുണ്ട്. സഖാവ് വിനീതെന്ന കഥാപാത്രത്തെ ആസിഫ് അവതരിപ്പിക്കുമ്പോൾ ആൻസിയായി രജിഷ എത്തുന്നു. സിദ്ദിഖും ഒരു ശക്തമായ കഥാപാത്രമായി ചിത്രത്തിലുണ്ട്.  കോവിഡ് കാലത്തിനുശേഷം വരുന്ന ആദ്യ കുടുംബചിത്രമെന്ന രീതിയിൽ ഇരുകൈയുംനീട്ടി സ്വീകരിക്കും എന്നാണ് പ്രതീക്ഷ.

 രാഷ്ട്രീയമാണ് പക്ഷേ, വെള്ളിമൂങ്ങയല്ല
വെള്ളിമൂങ്ങയെപ്പോലൊരു പൊളിറ്റിക്കൽ സറ്റയർ സിനിമയല്ല എല്ലാം ശരിയാകും. മറിച്ച് രാഷ്ട്രീയക്കാരുടെ കുടുംബബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം കഥപറയുന്നത്. ബാലചന്ദ്രമേനോൻസാറിന്റെ നയം വ്യക്തമാകുന്നു എന്ന സിനിമയാണ് ഇതിന് സമാനമായൊരു ശൈലിയിൽ വന്ന മറ്റൊരു സിനിമ. ആസിഫ് അലി അവതരിപ്പിക്കുന്ന സഖാവ് വിനീതെന്ന കഥാപാത്രവും അയാളുടെ കുടുംബവും പ്രണയവും ചുറ്റുമുള്ള പ്രശ്നങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്. രാഷ്ട്രീയമൊരു പശ്ചാത്തലമാക്കുന്നുണ്ടെങ്കിലും അതല്ല പ്രധാന കഥാവഴി. വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നീ എന്റെ ആദ്യ മൂന്ന് സിനിമകളും പൂർണമായും ഫീൽഗുഡ് കോമഡി ഫാമിലി സിനിമകളായിരുന്നു. എന്നാൽ, ‘എല്ലാം ശരിയാകും’  പ്രണയവും സംഘാടനവും സെന്റിമെന്റ്‌സും  അല്പം ത്രില്ലിങ്ങും എല്ലാം നിറയുന്ന അല്പം സീരിയസായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കഥപറയുന്ന രീതിയിലും ഒരു പുതുമ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. കംപ്ലീറ്റ് ഫാമിലി എന്റർടെയ്നറാണ് ‘എല്ലാം ശരിയാകും’ എന്ന് ഞാൻ ഉറപ്പുനൽകുന്നു.

 ഇരുനൂറിന്റെ ആരവം
ഔസേപ്പച്ചൻസാർ സംഗീതം നൽകുന്ന ഇരുനൂറാമത്തെ സിനിമയാകാൻ ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിന് കഴിഞ്ഞു എന്നത് വലിയൊരു ഭാഗ്യമായാണ് ഞാൻ കാണുന്നത്. അദ്ദേഹത്തിന്റെകൂടെ ഞാനാദ്യമായാണ് ഒരുമിക്കുന്നത്. ഈ സിനിമയ്ക്ക് ഹിറ്റ് ഗാനങ്ങൾ തന്നെ സമ്മാനിക്കാൻ ഔസേപ്പച്ചൻസാറിന് സാധിച്ചു. ഭരതൻസാർ സംവിധാനംചെയ്ത ആരവം എന്ന ചിത്രത്തിൽ അഭിനേതാവിന്റെ റോളിലാണ് ഔസേപ്പച്ചൻസാർ ആദ്യമായി സിനിമയിലേക്ക് വരുന്നത്. അതിലൊരു വയലിനിസ്റ്റിന്റെ റോളായിരുന്നു അദ്ദേഹത്തിന്. ആകസ്മികമെങ്കിലും ഇരുനൂറാം സിനിമയായ എല്ലാം ശരിയാകും എന്ന ചിത്രത്തിലും ഔസേപ്പച്ചൻ സാറിനെ ഞങ്ങൾ ഒരു കഥാപാത്രം ചെയ്യാനായി ക്ഷണിച്ചു. അദ്ദേഹം ഏറെ സന്തോഷത്തോടെയും താത്പര്യത്തോടെയും അത് അഭിനയിക്കുകയും ചെയ്തു.