മക്കളേ,

ലോകം ഇന്നുനേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ മിക്ക ആളുകളും ബോധവാന്മാരാണ്‌. വിദൂരമല്ലാത്ത ഭാവിയിൽ നമ്മൾ നേരിടാൻ പോകുന്ന ആഗോളതാപനം, ജലക്ഷാമം, ഭക്ഷ്യക്ഷാമം എന്നിവയെക്കുറിച്ചും നമുക്കെല്ലാം അറിയാം. പക്ഷേ, ഈ അറിവൊന്നും നമ്മുടെ പ്രവൃത്തിയിൽ പൊതുവേ പ്രതിഫലിച്ചുകാണാറില്ല. വാക്കുകൾക്കുപരി പ്രവൃത്തിയാണ്‌ ഇന്ന്‌ ലോകത്തിനുവേണ്ടത്‌.

നമുക്കെല്ലാവർക്കും ആഹാരം ആവശ്യമാണ്‌. എന്നാൽ, കൃഷിചെയ്യാനും പച്ചക്കറികൾ വളർത്താനും മിക്കവർക്കും മടിയാണ്‌. നമുക്കെല്ലാം ജലം ആവശ്യമാണ്‌. എന്നിട്ടും വെള്ളം പാഴാക്കാതിരിക്കാൻ നമ്മൾ വേണ്ടത്ര ശ്രമിക്കുന്നില്ല. തണലത്തിരിക്കുന്നത്‌ നമുക്കെല്ലാം ഇഷ്ടമാണ്‌. എന്നാൽ, കൂടുതൽ മരങ്ങൾ നടാൻ നമ്മൾ ഉത്സാഹിക്കുന്നില്ല. സ്നേഹിക്കപ്പെടാൻ നമ്മളെല്ലാം ആഗ്രഹിക്കുന്നു. എന്നാൽ, ഉറ്റവർക്കും ഉടയവർക്കും അവരാഗ്രഹിക്കുന്ന സ്നേഹവും ശ്രദ്ധയും നൽകാൻ നമ്മൾ വിസ്മരിക്കുന്നു. നമുക്കെല്ലാം ശാന്തിവേണം. എന്നാൽ, മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും നോക്കുന്ന ശീലം ഉപേക്ഷിക്കാൻ നമ്മൾ തയ്യാറല്ല. ചുരുക്കത്തിൽ നമ്മൾ ഒന്നു പ്രസംഗിക്കുന്നു, മറ്റൊന്ന്‌ പ്രവർത്തിക്കുന്നു. അറിവിനും പ്രവൃത്തിക്കുമിടയിലുള്ള ഈ വിടവാണ്‌ നമ്മുടെ പ്രശ്നം.

ശ്രീബുദ്ധന്റെ ഒരു ശിഷ്യന് ചെറുപ്പംമുതൽക്കേ മറ്റുള്ളവരെ അമിതമായി ഉപദേശിക്കുന്ന ശീലം ഉണ്ടായിരുന്നു. ഭിക്ഷുവായതിനുശേഷവും ശിഷ്യന്റെ ഈ ശീലത്തിന്‌ ഒരു മാറ്റവുമുണ്ടായില്ല. ഈ ശിഷ്യൻ എവിടെച്ചെന്നാലും ജനങ്ങളെ വിളിച്ചുകൂട്ടി ദീർഘനേരം പ്രഭാഷണം നടത്തുക പതിവായിരുന്നു. ഒടുവിൽ ഭക്തർ അയാളെക്കുറിച്ച്‌ ബുദ്ധഭഗവാനോട്‌ പരാതിപ്പെട്ടു. ഒരു ദിവസം ബുദ്ധൻ, ശിഷ്യനെ അടുത്തുവിളിച്ച്‌ അതിയായ സ്നേഹത്തോടെ ചോദിച്ചു, “മകനേ, കാലികളെ മേയ്ക്കുന്ന ഒരാൾ തെരുവിലൂടെ പോകുന്ന പശുക്കളുടെ എണ്ണമെടുത്താൽ അയാൾ അവരുടെ യജമാനനായി മാറുമോ?”
‘‘ഒരിക്കലുമില്ല ഗുരോ, പശുക്കളെ എണ്ണിയതുകൊണ്ടുമാത്രം ഒരാൾ എങ്ങനെ അവരുടെ യജമാനനാകും? അവരെ വേണ്ടപോലെ പരിചരിക്കുകയും സേവിക്കുകയും ചെയ്യുന്ന ആളാണ്‌ അവയുടെ യഥാർഥ യജമാനൻ.”

ബുദ്ധൻ പറഞ്ഞു, “അതുപോലെയാണ്‌ ധർമത്തിന്റെ കാര്യവും. ജനങ്ങളെ ധർമം പഠിപ്പിക്കേണ്ടത്‌ വാക്കുകൾകൊണ്ടല്ല, പ്രവൃത്തിയിലൂടെയാണ്‌. ജനങ്ങളുടെ സേവനത്തിൽ മുഴുകിയിട്ടുവേണം, അവരിലേക്ക്‌ ധർമസന്ദേശം എത്തിച്ചുകൊടുക്കേണ്ടത്‌.”

ബുദ്ധന്റെ വാക്കുകൾ ശിഷ്യന്റെ കണ്ണുതുറപ്പിച്ചു. കുറച്ചുദിവസങ്ങൾക്കുശേഷം ശിഷ്യൻ ബുദ്ധന്റെ അടുത്തുചെന്നുപറഞ്ഞു, “അവിടുത്തെ ഉപദേശങ്ങൾ കേട്ടതോടെ എന്റെ അജ്ഞാനം അകന്നു. ഇനിമുതൽ വാക്കുകൾക്കുപകരം എന്റെ പ്രവൃത്തി ജനങ്ങൾക്ക്‌ വഴികാട്ടിയാകും. നല്ല കർമങ്ങളിലൂടെ, സേവനത്തിലൂടെ ഞാൻ ധർമത്തിന്റെ സന്ദേശം അവർക്കുനൽകും.”

മറ്റുള്ളവർക്ക്‌ സദുപദേശങ്ങൾ നൽകുകയെന്നത്‌ അത്ര പ്രയാസമുള്ള കാര്യമല്ല. എന്നാൽ, നമ്മുടെ പ്രവൃത്തിയിലും ജീവിതത്തിലും അവ പ്രതിഫലിക്കാത്തിടത്തോളം കാലം അവ നമ്മളെ സംബന്ധിച്ചും അവരെ സംബന്ധിച്ചും നിരർഥകമാണ്‌. കേൾക്കുന്നവരുടെ ജീവിതത്തിൽ അവ കാര്യമായ ഒരു സ്വാധീനവും ചെലുത്താൻ പോകുന്നില്ല. മറിച്ച്‌ സ്വയം ആചരിക്കുന്ന കാര്യങ്ങൾമാത്രമേ ഉപദേശിക്കൂ എന്ന്‌ നമ്മൾ തീരുമാനിച്ചാൽ നമ്മുടെ വാക്കുകളുടെ ശക്തി അദ്‌ഭുതകരമായിരിക്കും. കേൾക്കുന്നവർക്ക്‌ അത്‌ പ്രചോദനമേകും. അവരിലത്‌ പരിവർത്തനം സൃഷ്ടിക്കും.