ബിഗ് സ്‌ക്രീനിലേക്ക് ജാൻ എ മൻ പ്രദർശനത്തിനെത്തി. അജഗജാന്തരമാണ് അടുത്തത്. കടുവയുടെ ചിത്രീകരണം പുരോഗമിക്കുന്നു. വ്യത്യസ്തങ്ങളായ സിനിമകളും കഥാപാത്രങ്ങളുമാണ് എല്ലാത്തിലും. ഒരു അഭിനേതാവ് എന്നനിലയ്ക്ക് അതിൽ വലിയ സന്തോഷമുണ്ട് എന്ന്‌ നടൻ അർജുൻ അശോകൻ.

 ഒ.ടി.ടി./തിയേറ്റർ
ഇക്കാര്യത്തിൽ വലിയ അഭിപ്രായമൊക്കെ പറയാൻ ഞാൻ ആളായിട്ടില്ല. വ്യക്തിപരമായി ഞാൻ അഭിനയിക്കുന്ന സിനിമ തിയേറ്ററിൽ കാണാനാണ് ആഗ്രഹം. തിയേറ്ററിൽ എനിക്ക് ആദ്യമായി കൈയടികിട്ടിയത് ജൂൺ സിനിമയ്ക്കാണ്. നമ്മളെ അറിയാത്തവർപോലും നമുക്കുവേണ്ടി കൈയടിക്കുന്നതു കാണുമ്പോൾ ലഭിക്കുന്ന സന്തോഷമുണ്ട്. അതൊരിക്കലും ഒ.ടി.ടി.യിൽ അനുഭവിക്കാൻ പറ്റില്ലല്ലോ. പക്ഷേ, തിയേറ്ററുകൾ തുറക്കാൻപറ്റാത്ത കാലത്ത് ഒ.ടി.ടി.യിൽ അല്ലാതെ സിനിമകാണാൻ മാർഗവുമില്ല.  നടൻ ഗണപതിയുടെ ചേട്ടൻ ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് ജാൻ എ മൻ. ഞങ്ങളുടെ അടുത്തസുഹൃത്തായ വിഷ്ണു തണ്ടാശ്ശേരി ആദ്യമായി ഡി.ഒ.പി. ചെയ്യുന്ന സിനിമയാണ്. ബിജിബാലാണ് സംഗീതം. എന്നെക്കൂടാതെ ഗണപതി, ബേസിൽ ജോസഫ്, ബാലു വർഗീസ് തുടങ്ങിയവരും പ്രധാനപ്പെട്ട ഒരു വേഷത്തിൽ ലാൽ അങ്കിളും അഭിനയിക്കുന്നുണ്ട്.

 കോവിഡ്കാലത്തെ ഷൂട്ടിങ്
ഏതാണ്ട് ഒരുവർഷം മുമ്പായിരുന്നു ജാൻ എ മൻ ഷൂട്ടിങ്. ഏറക്കുറെ ഒറ്റസ്ഥലത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. അധികം ലൊക്കേഷനുകൾ ഇല്ലാത്തതുകൊണ്ട് വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. കൂടുതലും രാത്രിയായിരുന്നു ഷൂട്ടിങ്.  ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴംകൂടിയാണ് ഈ സിനിമ. ഷൂട്ടിങ്ങിന്റെ സമയത്ത് തിയേറ്ററുകളൊക്കെ അടഞ്ഞുകിടക്കുകയായിരുന്നു. എവിടെ റിലീസ് ചെയ്യണമെന്നൊന്നും മുൻകൂട്ടി തീരുമാനിക്കാതെയാണ് പടം ചെയ്തത്. കോവിഡ് ഭീതിയിലകപ്പെട്ട പ്രേക്ഷകർക്ക് ചിരിക്കുള്ള വകയൊരുക്കുന്ന ചിത്രമാകും ജാൻ എ മൻ.