ഉത്തർപ്രദേശിലെ ബറേലിയിലാണ്. രാം ഗംഗയുടെ ഓരം -ഹാർഡ്‌കോർ നോർത്തിന്ത്യ. ദ്രൗപദിയുടെ  ‘മൈക്ക’യാണിതെന്നാണ് ബറേലിക്കാർ അഭിമാനത്തോടെ പറയുന്നത്-മൈക്കയെന്നാൽ, മാതൃദേശം-മഹാഭാരതത്തിലെ പഴയ പാഞ്ചാലദേശം.! തണുപ്പുകാലത്തിന്റെ തുടക്കം. ഉത്തരേന്ത്യക്കാർക്കിത് ഉത്സവകാലമാണ്. നവരാത്രി, ദീപാവലി, സൂര്യഷഷ്ഠി അങ്ങനെ ഒട്ടേറെ ആഘോഷങ്ങൾ... അന്ന് ‘കർവാചൗദ്’ ആയിരുന്നു. കന്റോൺമെൻറിൽ ഉത്സവമേളം. ചുവപ്പും മജന്തയും വർണങ്ങളേയുള്ളൂ എങ്ങോട്ടുതിരിഞ്ഞാലും കാണാൻ. ഉത്തരേന്ത്യൻസുമംഗലിമാരണിയുന്ന നിറങ്ങളാണത്. എന്റെ സർവീസിലെ ഏറ്റവും സങ്കടമുണ്ടായ ദിവസമായിരുന്നു അന്ന്. കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ നാലാംദിവസമാണ് കർവാചൗദ്. ഹിന്ദിനാട്ടിലെ സുമംഗലികളുടെ പ്രണയോത്സവം. തങ്ങളുടെ ഏറ്റവും നല്ല ഉടുപ്പുകളും ചമയങ്ങളുമണിഞ്ഞ് കുറിക്കൂട്ടുകളാൽ സ്വയമലങ്കരിച്ച് സ്ത്രീകൾ കൂട്ടംകൂടി പാട്ടുപാടി നൃത്തംചെയ്ത് ആഘോഷിക്കുന്നു. അലങ്കരിച്ച മൺകുടങ്ങളിൽ കുപ്പിവളകളും ചമയക്കൂട്ടുകളും മധുരപലഹാരങ്ങളും കൈമാറുന്നു. ചന്ദ്രനുദിക്കുന്നതുവരെ ഇതു സ്ത്രീകളുടെ മാത്രം ആഘോഷമാണ്. ചന്ദ്രോദയം കണ്ടുകഴിഞ്ഞാൽ പിന്നെ ഭർത്താവ് കൊടുക്കുന്ന മധുരംകഴിച്ച് വ്രതം അവസാനിപ്പിക്കും.

   ഉത്തരേന്ത്യയുടെ പരന്നു കിടക്കുന്ന സമതലങ്ങളിൽ, പണ്ട് യുദ്ധങ്ങൾ അധികവും നടന്നിരുന്നത് ഒക്ടോബറിലും നവംബറിലുമായിരുന്നു. അക്കാലങ്ങളിൽ യുദ്ധത്തിനു പോയിരുന്ന ഭർത്താക്കന്മാരുടെ ആയുസ്സിനും സുരക്ഷയ്ക്കുംവേണ്ടി ഉപവാസമനുഷ്ഠിച്ച സ്ത്രീകളിൽ നിന്നാണ് ഈ ഉത്സവത്തിന്റെ തുടക്കം. ഏതായാലും ഗംഭീരവർണമേളങ്ങളുള്ള പെണ്ണാഘോഷമാണ്. പുരുഷന്മാരെ പരിസരത്തുപോലും അടുപ്പിക്കാതെ ചിരിയും പാട്ടും നൃത്തവുമൊക്കെ ഉപവാസത്തിനിടയിലും തകർക്കും. വൈകുന്നേരം നടക്കാനിറങ്ങിയപ്പോഴാണ് അദിതി ഓടിക്കിതച്ചു വന്നത്. കൈയിലുള്ള ചിത്രപ്പണിചെയ്ത് സ്വർണപ്പൊട്ടുകളും വെച്ച് അലങ്കരിച്ച കുടത്തിൽ മധുരപലഹാരങ്ങൾ. ‘‘ദീദി, ആപ് കെ ലിയേ’’ പട്ടാളത്തിൽ പതിവായ ഫോർമാലിറ്റികളൊക്കെ ഒഴിവാക്കി അവൾ ദീദി എന്നാണ് വിളിക്കുക. നവവധുവാണ്. തൊട്ടയൽപക്കം. ഹെലികോപ്റ്റർ യൂണിറ്റിലെ ക്യാപ്റ്റൻ ഭുവൻ രാവത്തിന്റെ പുതുപ്പെണ്ണ്. ഉത്തരാഖണ്ഡിലെ അൽമോറയാണ് നാട്. പഹാഡി പെണ്ണുങ്ങളുടെ ചുവന്ന കവിളുകളും മിനുത്ത മുടിയും പൊൻനിറവുമുള്ള ഒരു കൊച്ചുസുന്ദരി. ഞങ്ങൾ ഒരുമിച്ചാണ് കന്റോൺമെന്റ് ചുറ്റിയുള്ള വൈകുന്നേരത്തെ നടക്കാൻപോക്ക്. ചിലങ്ക കിലുങ്ങുംപോലെ ഉറക്കെ ചിരിച്ചു സംസാരിച്ച്, മലനാട്ടു കഥകൾ പറഞ്ഞ് കൂടെ നടക്കുന്ന കുസൃതിക്കൂട്ടുകാരി. ‘‘ഇത് നിന്റെ കല്യാണത്തിനു ശേഷമുള്ള ആദ്യത്തെ കർവാചൗദല്ലേ.. വലിയ ആഘോഷമായിരിക്കുമല്ലോ. അമ്മയൊക്കെ വരുന്നുണ്ടോ’’ -ഞാൻ വിശേഷം ചോദിച്ചു. ‘‘ഇല്ല ദീദി. അമ്മ പറഞ്ഞു, ഇത് ഞാനും ഭുവനും തനിയെ ആഘോഷിക്കാൻ...’’ ചിരിപടർന്ന് അവളുടെ കവിൾ പിന്നെയും ചുവന്നു. ‘‘ഭുവന് ഇന്ന് ഡേ ഫ്ലയിങ്‌ ആണ്. സന്ധ്യകഴിയും വരാൻ. ദീദി വീട്ടിലേക്കു വരൂ, ഒന്നെന്നെ ഒരുക്കിത്തരൂ. ഇത്തിരികഴിഞ്ഞ് നടക്കാൻ പോകാം ദീ’’. അവൾ കൊഞ്ചി. കർവാചൗദിന്റെ അണിഞ്ഞൊരുക്കമല്ലേ, ഇന്നത്തെ നടപ്പ് പോയിക്കിട്ടിയതുതന്നെ എന്നുള്ളിൽ ചിരിച്ചാണ് അവളുടെകൂടെ പോയത്.  മേശപ്പുറത്ത് അലങ്കരിച്ചുവെച്ച താലത്തിൽ ഒരു പുതിയ അരിപ്പയും വെച്ചിട്ടുണ്ട്.. ഉദിച്ചുവരുന്ന ചന്ദ്രനെ അരിപ്പയിലൂടെ നോക്കി പിന്നെ താലത്തിലെ വെള്ളത്തിൽ പ്രതിബിംബിപ്പിക്കുന്നതൊക്കെയാണ് ചടങ്ങ്. അമ്പിളിയെ അരിപ്പയിൽ അരിച്ച് താലത്തിൽ പിടിക്കുന്ന പെണ്ണുങ്ങൾ... എത്ര കവിതയുള്ള ഉത്സവം!.

അവളുടെ മെറൂൺനിറ പട്ടുലഹങ്കയും ചോളിയും. വെള്ളിക്കസവുനാരുകൾ കൊരുത്ത സർദോഷി ചിത്രത്തുന്നൽ ചെയ്ത പുത്തൻമണമുള്ള കുന്നിക്കുരുച്ചോപ്പ് ദുപ്പട്ട ഞൊറിഞ്ഞ് ഇടത്തുവശംകൂട്ടി ചുറ്റിക്കൊടുത്തു. മുടിചീകി വിതിർത്തിട്ട് ചൂഡാമണിയും മുടിയലങ്കാരങ്ങളും കുത്തി. കല്യാണത്തിന്റെ അതേ ഉടുപ്പുകളും ആഭരണങ്ങളുമാണ്. നവവധുക്കൾ ധരിക്കുന്ന ചുവപ്പും വെള്ളയും ആചാര കൊമ്പുവളകൾ രണ്ടു കൈയിലും മുട്ടുവരെ മുറുകിക്കിടക്കുന്നു. ആദ്യത്തെ കർവാചൗദിന് അങ്ങനെ വേണമെന്ന് -കല്യാണത്തിന്റെ ചമയങ്ങൾതന്നെ അണിയുന്നതാണ് ഐശ്വര്യമെന്ന്. ‘‘പക്ഷേ, ദീദി ഇത് സത്യത്തിൽ എന്റെ രണ്ടാമത്തെ കർവാചൗദാണ്’’ ഒരുക്കുന്നതിനിടെ അദിതി കിലുകിലാ സംസാരിച്ചുകൊണ്ടിരുന്നു. പതിവുപോലെ അവളുടെ കുഞ്ഞുകുഞ്ഞു രഹസ്യങ്ങളും കഥകളും, ‘‘ഞങ്ങൾ ഏഴാം ക്ലാസുതൊട്ടേ ഒരുമിച്ച് പഠിച്ചവരല്ലേ. അതായിരുന്നു ഭുവന്റെ അമ്മയുടെ പ്രശ്നം. നിങ്ങൾ ഒരേ പ്രായക്കാരാണ്, അവൾ നിന്നെക്കാൾ മുന്നെ വയസ്സിയാകുമെന്ന്. ദീദിക്കറിയുമോ ഭുവൻ എനിക്കുവേണ്ടി വീട്ടിൽ എത്ര യുദ്ധം നടത്തിയിട്ടുണ്ടെന്ന്. ഗഡ്വാളി യുദ്ധംചെയ്യുമ്പോൾ പുലിക്കുട്ടിയാകും’’ അവൾ കണ്ണിറുക്കി ചിരിക്കുന്നു. ‘‘ഒടുവിൽ ദില്ലിയിൽ എന്റെ ഹോസ്റ്റലിൽ അവൻ കഴിഞ്ഞവർഷം സെപ്‌റ്റംബറിൽ തനിച്ചു വന്ന് മോതിരമിട്ടു തന്നു. ഞങ്ങൾ കല്യാണം രജിസ്റ്റർ ചെയ്തു. ഇനി അടുത്ത ലീവിന് വീട്ടുകാർ താനേ കല്യാണം നടത്തിത്തന്നോളുമെന്നും പറഞ്ഞ് ഭുവൻ പോയി.

കഴിഞ്ഞ കർവാചൗദിന് ഞാൻ  ഹോസ്റ്റലിൽ ആരുമറിയാതെ വ്രതമെടുത്ത്, ചന്ദ്രോദയം കാണാൻ ഒരുങ്ങി താലമെടുത്ത് ടെറസിൽ പോയി. കുറച്ചുകഴിഞ്ഞപ്പോഴുണ്ട് കൂട്ടുകാരെല്ലാം  മണത്തറിത്ത് പിന്നാലെ എത്തിയിട്ടുണ്ട്. ചുവപ്പുടുപ്പും താലവുമായി നിൽക്കുന്ന എന്നെ അവർ കൈയോടെ പിടിച്ചു. പിന്നെ ടെറസിൽ വലിയ പാട്ടും ഡാൻസുമായിരുന്നു. ചന്ദ്രോദയംവരെ ഞങ്ങൾ നൃത്തം വെച്ചു... അതു കഴിഞ്ഞും’’ അവൾ ഇങ്ങനെയാണ്, നടക്കാൻ പോകുമ്പോഴെല്ലാം ഇതുപോലെ നിറച്ചും കഥകൾ പറയും. കഥകൾ കേൾക്കാൻ ഒത്തിരി ഇഷ്ടമുള്ള എനിക്കുപറ്റിയ കൂട്ടുകാരി. അൽമോറയിലെ പഴക്കംചെന്ന ദേവദാരുക്കൾ നിറഞ്ഞ കാടുകളിലേക്ക് ക്ലാസു കട്ടുചെയ്ത് അവർ രണ്ടാളും ട്രെക്കിങ്ങിന് പോയത്, പിടിക്കപ്പെട്ട് സ്കൂൾ പ്രിൻസിപ്പലിന്റെ മുന്നിൽ തലകുനിച്ചുനിന്നത്, ബസന്ത് പഞ്ചമിക്ക് കുന്നിൽമുകളിലെ മൈതാനങ്ങളിലും ടെറസുകളിലും ഓടിനടന്ന് പട്ടം പറത്തിയത്... ‘ഫൂൽദേ’ ഉത്സവത്തിന് കുട്ടികളെല്ലാമൊത്ത് മലങ്കാടുകളിൽ അലഞ്ഞ് ശേഖരിച്ച പൂക്കൾ അമ്പലങ്ങളും വീടുകളും തോറും കേറിനടന്നുകൊടുത്ത് പകരം മധുരം വാങ്ങിയിരുന്നത്. നിറപ്പൊലിമ കൂടിയ ഉത്സവങ്ങളുടെയും നമുക്ക് പരിചയമില്ലാത്ത ആഘോഷങ്ങളുടെയും  പശ്ചാത്തലത്തിൽ മധുരമേറിയ പഹാഡി കഥകൾ. അൽത്ത ഇട്ടുകൊടുക്കുന്നതിനിടെ നിങ്ങൾ മലയാളി പെണ്ണുങ്ങൾ എന്താണ് ആഘോഷങ്ങൾക്കൊന്നും നൃത്തം ചെയ്യാത്തതെന്ന് പരിഭവിച്ചു... ‘‘അതൊക്കെ ഞങ്ങൾ പഹാഡികൾ. ഒരു ഉത്സവമുണ്ടായാൽ എന്റെ കിടപ്പിലായ മുത്തശ്ശി പോലുമെണീറ്റു ചുവടുവെക്കും.’’ ഇന്നത്തെ വൈകുന്നേരം ഒരുങ്ങി വന്ന് അവളുടെ കൂടെ നൃത്തംവെക്കാമെന്ന് വാക്കുപറയിച്ചു. ദീദി ആ മജന്താകളർ മൈസൂർ സിൽക്ക് സാരി തന്നെയുടുക്കണമെന്ന് വാശിപിടിച്ചു. ‘‘ഭുവൻ ഇന്ന് വരാൻവൈകും ദീദി, കൂടെയുള്ള സീനിയർ മേജർ കൗശിക് ഉണ്ടല്ലോ, പുള്ളിക്കാരന്റെ ഭാര്യ പ്രസവത്തിന് നാട്ടിൽ പോയിരിക്കുവാ. അതുകൊണ്ട് അയാൾ ഫ്ലയിങ്‌ കഴിഞ്ഞ് മെസ്സിൽ ഡ്രിങ്ക്‌സ് കമ്പനി കൊടുക്കാൻ പിടിച്ചുവെക്കും. എന്നാലും മേജർ കൗശിക് സൂപ്പർ ആയി പഠിപ്പിക്കും കേട്ടോ. ഇപ്പോൾ ലോ ഫ്ലയിങ്‌ അല്ലേ. രാംഗംഗ നദിയുടെ മുകളിലൂടെയാണ് താഴ്ന്നുപറക്കൽ ട്രെയിനിങ്‌. പക്ഷേ, ഭുവൻ എന്തായാലും ചന്ദ്രോദയമാവുമ്പോഴേക്കും എത്തും. കഴിഞ്ഞവർഷം ഞാൻ തനിയെ ടെറസിൽ ആഘോഷിച്ച കർവാചൗദിന്റെയന്ന് എനിക്ക് വാക്കുതന്നതാ. അടുത്തവർഷം ഉറപ്പായും നിന്റെകൂടെ ഉണ്ടാവുമെന്ന്. എന്റെ ഗഡ്വാളി വാക്കുപാലിക്കും. അത് പക്കാ’’.

ഈ കിന്നാരമെല്ലാം കേട്ട് ചിരിച്ചുകളിച്ച് ഒരുപാടുനേരം കൊണ്ട് അദിതിയെ ചമയിച്ചുനിർത്തി ഞാൻ വീട്ടിലേക്കു പോയി. ഒന്നൊരുങ്ങി കുഞ്ഞുങ്ങളെയുമൊരുക്കി ആഘോഷത്തിന് ചേരണമല്ലോ. ഉടുപ്പുമാറാൻ തുടങ്ങുമ്പോഴേക്കും ഫോണടിച്ചു. കേണൽ ഹീരയാണ്, സീനിയറാണ്-മെഡിക്കൽ ഓഫീസർ. ‘‘ക്യാപ്റ്റൻ രാവത് നിന്റെ നൈബർ അല്ലേ’’ എന്നുചോദിച്ചു. ‘‘We lost him in chopper crash,  അവൻ ഇപ്പോൾ ചോപ്പർ ക്രാഷിൽ മരിച്ചു. കൂടെയുണ്ടായിരുന്ന മേജർ ബെയിൽ ഔട്ട് * ചെയ്തു. ഞാനിപ്പോൾ ആംബുലൻസിലാണ്; മെഡിക്കൽ ടീമുമായി മിസിസ് രാവത്തിന്റെ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഒന്നെന്റെ കൂടെവരണം, എനിക്ക് വീടറിഞ്ഞുകൂടാ’’ എന്ന്. നിന്നിടത്തുത്തന്നെ തറഞ്ഞുപോയി. ഹീരയുടെ കൂടെ വീണ്ടും അദിതിയുടെ വീട്ടിൽ... അപ്പോഴേക്കും ഹെലികോപ്റ്റർ യൂണിറ്റിലെ സി.ഒ.യും (കമാൻഡിങ്‌ ഓഫീസർ) വേറെ കുറേപ്പേരും കൂടെയെത്തി. ‘‘എന്താ ദീദി വീണ്ടും ഒരുങ്ങാതെ വന്നത്. എന്താ ദീദിയെ ഇനി ഞാനൊരുക്കിത്തരണോ’’ എന്നു കലമ്പിക്കൊണ്ട് അദിതി വാതിൽ തുറന്നു. പിന്നെയാണ് ഹീരയെ യൂണിഫോമിൽ കൂടെക്കണ്ടത്. പിന്നെ പിന്നിലായി ഹെലികോപ്റ്റർ യൂണിറ്റ് ഓഫീസർമാരെയും അവരുടെ ഭാര്യമാരെയും. അവളുടെ കണ്ണിൽ ആ ആളൽ ഞാൻ കണ്ടു. എല്ലാ പട്ടാളക്കാരുടെയും ഭാര്യമാർ എന്നും ചങ്കിൽ താങ്ങിനടക്കുന്ന ഭീതിയുടെ ആ കനൽക്കൂമ്പാരം എരിഞ്ഞാളിക്കത്തിയുയരുന്ന ആളൽ. ‘‘ദീദീ , എന്റെ ഭുവൻ’’ എന്നലച്ചുകൊണ്ട് അവൾ എന്റെനെഞ്ചിൽ വീണ് ഉറക്കേ നിലവിളിച്ചു. പിന്നെ ബോധംമറഞ്ഞ് വീണു. ഇടയ്ക്കിടെ ഉണർന്ന് ഗഡ്വാളി ഭാഷയിലാണെന്നു തോന്നുന്നു, എന്തൊക്കെയോ പറഞ്ഞ് വീണ്ടും നിലവിളിച്ചു. കൊമ്പുവളകൾ അടിച്ചുതകർക്കാൻ ശ്രമിച്ചു. ആഭരണങ്ങളും ദുപ്പട്ടയും ഊരി വലിച്ചെറിയാനും. ഹീര അവൾക്ക് ഇൻജക്‌ഷൻ കൊടുത്തു. അൽമോറയിൽനിന്ന് അവളുടെ അമ്മയും ബന്ധുക്കളും വരുന്നതുവരെ അങ്ങനെയായിരുന്നു. അലങ്കോലമായ കല്യാണവേഷമണിഞ്ഞ് പതംപറഞ്ഞ് കരയുന്ന നവവധുവിനെ അടക്കിപ്പിടിച്ചിരുന്ന് കൂടെക്കരഞ്ഞ ആ ദിവസം. അവളുടെ കല്യാണ ദുപ്പട്ടയിലെ വെള്ളിക്കസവ് ലോഹനാരുകളിൽ കണ്ണുനീർ വീണു കുതിർന്നുണ്ടായ ആ ലോഹഗന്ധം നെഞ്ചിൽ തടഞ്ഞുനിന്ന് ഇപ്പോഴും ശ്വാസംമുട്ടിക്കും.

പിറ്റേന്ന് എനിക്ക് ഡെന്റൽ സെന്ററിൽ മേജർ കൗശിക് പേഷ്യൻറായിരുന്നു. ചോപ്പർ ക്രാഷിനു ശേഷം ഹോസ്പിറ്റലിൽ അഡ്മിറ്റഡ് ആണ്. സാരമായ പരിക്കുകളില്ല. മുൻവരിയിലെ ഒരു പല്ല് നന്നായി പൊട്ടിയിട്ടുണ്ട്. റൂട്ട് കനാൽ തുടങ്ങുന്നതിനിടയിൽ, എങ്ങനെയാണ് ക്രാഷ് സംഭവിച്ചതെന്ന് ഞാൻ ചോദിച്ചു. ഒന്നും മിണ്ടിയില്ല. മരച്ചിരിക്കുന്ന കണ്ണുകൾ. പിറ്റേന്നത്തെ അപ്പോയ്‌ൻമെന്റിന് വന്നപ്പോൾ ഞാൻ അദിതിയുടെ അയൽക്കാരി ആണെന്നു പറഞ്ഞു. ഒന്നു നോക്കിയതല്ലാതെ അന്നും ഒന്നുംപറഞ്ഞില്ല. അതിനും പിറ്റത്തെ ദിവസം എന്നോട് പറഞ്ഞു. ‘‘ഞാൻ ചോപ്പർ അബാൻഡൻ ചെയ്യുന്ന സമയത്ത് ബെയിൽ ഔട്ട്  കമാൻഡ്‌ കൊടുത്തിരുന്നു... നീയിത് അദിതിയോട് ഒന്നു പറയാമോ...’’ ‘‘അദിതിയെ അന്നുതന്നെ അൽമോറയ്ക്ക് കൊണ്ടുപോയി സാർ. ചടങ്ങുകൾ അവിടെ വെച്ചായിരുന്നു.’’ പിന്നെ കുറെനേരം ഒന്നും മിണ്ടാതെയിരുന്നു കഴിഞ്ഞ് വീണ്ടും എന്നെ നോക്കി.  ‘‘അതോ എന്റെ ശബ്ദം പുറത്തു വന്നില്ലായിരുന്നോ- എന്റെ മനസ്സിൽ മാത്രമേ പറഞ്ഞുള്ളോ... പക്ഷേ, എന്റെ ചെവികളിൽ ഇപ്പോഴും എന്റെ ശബ്ദം മുഴങ്ങിക്കറിങ്ങി കേൾക്കുന്നു. ബെയിൽ ഔട്ട്... ബെയിൽ ഔട്ട് എന്ന്... ഭുവന് കേൾക്കാനാവാഞ്ഞതെന്ത്.?.  കേട്ടെങ്കിൽ എന്തുകൊണ്ടവൻ ചാടിയില്ല ..?. ഒരു സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ ഡിസിഷൻ ആണ്. ഞങ്ങൾ വളരെ താഴെയായിരുന്നു.. ലോ ഫ്ലയിങ്‌ ആയിരുന്നു. പക്ഷേ, എനിക്ക് സാധിച്ചുവല്ലോ... അവൻ എത്ര മിടുക്കനാണെന്നറിയാമോ... ഒരുപക്ഷേ, എന്നെക്കാളും... എന്തിനായിട്ടാണ് ഞാൻ മാത്രം...’’ അയാൾ കൈകൾകൊണ്ട് മുഖം പൊത്തിപ്പിടിച്ച് ഡെന്റൽ ചെയറിൽ കുനിഞ്ഞിരുന്നു. എന്തു പറയണമെന്ന് അറിയാതെ ഞാൻ ഒന്നുംമിണ്ടാതെ അടുത്തിരുന്നു. കണ്ണുകളിലെ ആ വല്ലാത്ത മരവിപ്പ് മാറി നീർനിറയുന്നതു കണ്ടപ്പോൾ ശരിക്കും എനിക്കാശ്വാസമാണു തോന്നിയത്.

 ബെംഗളൂരുവിലാണ്. 2015... രേഷ്മയും കുഞ്ഞും ചികിത്സയ്ക്കായി വരുന്നുണ്ട് എന്ന വിവരം കിട്ടിയപ്പോൾ  അവരെ സ്വീകരിക്കാനായി മിലിറ്ററി ഡെൻറൽ സെന്ററിന്റെ വാതിൽക്കലേക്ക് ചെന്നു ഞങ്ങൾ. ദേശത്തിനായി ജീവൻ കൊടുത്തവന്റെ സ്ത്രീയെക്കാൾ വലിയ വി.ഐ.പി. ദേശത്ത് വേറാരുണ്ട്? എന്നെ കണ്ടപ്പോൾ കുഞ്ഞു ചാടി കൈയിലേക്ക് വന്നു. രണ്ടുവയസ്സ് കഴിഞ്ഞതേയുള്ളൂ. കതിരു പോലെയൊരു പെൺകുഞ്ഞ്. ദേഹത്ത് ചേർന്നിരുന്ന് തോളിലേക്ക് മുഖംചേർത്തു. ‘‘അനന്ത് പോയതിനു ശേഷം അവൾ ഇങ്ങനെയാണ്. യൂണിഫോമിട്ട ആരെക്കണ്ടാലും അച്ഛനാണ് എന്നാണ് വിചാരം... ഡോക്ടർ ക്ഷമിക്കൂ’’ -രേഷ്മ പറഞ്ഞു. വെള്ളിയാഴ്ച ആയതിനാൽ ഞാൻ കോംബാറ്റ് യൂണിഫോം ആണ് ഇട്ടിരുന്നത്. അവൾ തിരിച്ച് രേഷ്മയുടെ അടുത്തേക്കു പോവാൻ കൂട്ടാക്കുന്നതേയില്ല. പലനിറമുള്ള നെയിൽ പോളിഷ് ഇട്ടുതരാമെന്ന് പറഞ്ഞിട്ടാണ് ഡെന്റൽ ചെയറിൽ അമ്മ ഇരിക്കുംനേരം താഴെ ഒന്നിരുന്നതു തന്നെ. രേഷ്മ വല്ലാതെ വേവലാതിപ്പെടുന്നുണ്ടായിരുന്നു.  അതിർത്തിയിൽ നുഴഞ്ഞുകയറിയ ടെററിസ്റ്റുകൾ ഗ്രാമത്തിൽ ഒളിച്ചിരുന്ന് ഒരുക്കിയ ആംബുഷിനെക്കുറിച്ച് കുഞ്ഞുവാവയ്ക്കെന്തറിയാം. ബന്ദികളായിപ്പോയെന്നു കരുതിയ ഗ്രാമീണരെ രക്ഷിക്കാൻ വേണ്ടിയാണ് അവളുടെ അച്ഛനും കൂട്ടുകാരും സമയം നോക്കാതെ തിരക്കിട്ട് ഓടിച്ചെന്നത്. അത്ര മനുഷ്യസ്നേഹിയായ ഓഫീസറായിരുന്നു അനന്ത്. അത് ഒരു കെണിയാണെന്ന് പിന്നെയാണ് മനസ്സിലായത്. ഇതൊക്കെ പറഞ്ഞാൽ ഈ കുഞ്ഞിനെന്തെങ്കിലും മനസ്സിലാവുമോ. യൂണിഫോമിട്ടവർക്കിടയിലെല്ലാം ആന്തലോടെ അച്ഛനെ തിരയുന്ന, നിറയെ ചോദ്യചിഹ്നങ്ങൾ കുടുങ്ങിക്കിടക്കുന്ന നീലമാലാഖക്കണ്ണുകൾ. ഇവൾക്കീ നഷ്ടത്തിന്റെ ആഴം മനസ്സിലാവാൻ ഇനിയെത്രകാലം വേണ്ടിവരും. മഴപെയ്ത് വർണങ്ങൾ ഒഴുകിപ്പോയ പുതുപൂക്കൾ പോലെ നിറംകെട്ടുപോയ കുഞ്ഞുമുഖങ്ങൾ.  കരിഞ്ഞുണങ്ങിപ്പോയ കുട്ടിക്കാലത്തിനും അനാഥത്വത്തിനും പകരം എന്തു വെച്ചുകൊടുക്കാനാവും നമുക്ക്... വടക്കൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റവും ഏറ്റുമുട്ടലും ദൈനികവൃത്താന്തമാകുമ്പോൾ പത്രത്തിലെ രണ്ടാം പേജിലെ ഒറ്റക്കോളം വാർത്തയിലേക്ക് ചുരുക്കപ്പെടുന്നു അവരുടെ അച്ഛന്മാരുടെ ബലികൾ. പക്ഷേ, അവളുടെ വളരെ ചെറുപ്പമായ സുന്ദരി അമ്മയ്ക്ക് തനിയെ തുഴഞ്ഞുതീർക്കേണ്ട ഒരു നീണ്ട ജീവിതമാണിനി മുന്നിൽ. വല്ലാതെ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന, അച്ഛന്റെ ചെല്ലക്കുട്ടിയായിരുന്ന ഒരു കുഞ്ഞുമോളും. എത്രപേർ കൂടെയുണ്ടെന്ന് പറഞ്ഞാലും ഉറക്കമില്ലാത്ത രാത്രികളുടെ കരിവാളിപ്പ് പേറുന്ന കൺതടങ്ങൾ അവൾക്ക് മാത്രമേയുള്ളൂ... തനിയെ കുടിച്ചിറക്കേണ്ട കയ്പിന്റെ കാസയും.

ചെന്നൈയിൽവെച്ചാണ് അശ്വിനിയെ കണ്ടത്. ഓഫീസേഴ്‌സ് ട്രെയിനിങ്‌ അക്കാദമിയിലെ (OTA) കേഡറ്റാണ്. ട്രെയിനിങ്ങിനിടെ ചെറിയ ഒരു പരിക്കുപറ്റി ഹോസ്പിറ്റലിൽ വന്നതാണ്. രണ്ടുവർഷം മുന്നേ കശ്മീർ അതിർത്തിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണ് ഭർത്താവ്. റൈഫിൾമാനായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് OTA-യുടെ കഠിനമായ ടെസ്റ്റുകളും കടമ്പകളും അശ്വിനി പൂർത്തിയാക്കിയത്. 70 കിലോയിൽനിന്ന് ഓടിയും പട്ടിണികിടന്നും ഭാരം ആറുമാസംകൊണ്ട് 50 കിലോ ആയി കുറച്ചു. അത്രയ്ക്കായിരുന്നു പട്ടാളത്തിൽ ചേരണമെന്നുള്ള ദൃഢനിശ്ചയം. നീളമുള്ള മുടിയൊക്കെ പറ്റെ കട്ടുചെയ്തിരിക്കുന്നു. ട്രെയിനിങ്ങിനുള്ള എളുപ്പത്തിനു വേണ്ടിയാണ്. മുഖത്തു മുഴുവൻ വെയിൽകൊണ്ട് കരുവാളിപ്പുകൾ. കൈകാലുകളിൽ ഉരഞ്ഞുവലിഞ്ഞ പാടുകൾ. ‘‘മൂന്നു മാസംകൂടി കഴിഞ്ഞ് ട്രെയിനിങ്‌ പൂർത്തിയാവുമ്പോൾ ഞാൻ അവന്റെ യൂണിഫോം ഇടും. അത് വലുപ്പംകുറച്ച് ചെറുതാക്കി വെച്ചിട്ടുണ്ട്.’’ -അവൾ പറഞ്ഞു. അതിനാണ്, അതിനുവേണ്ടി മാത്രമാണ്... അവനിട്ട അതേ ഉടുപ്പണിയാൻ. അവന്റെ വഴിതന്നെ പിൻചെല്ലാൻ. അത്രയ്ക്കാണാ പ്രണയത്തിന്റെ ആഴം. അവനണിഞ്ഞ പടച്ചട്ടയും തോക്കും.  അവൻ കയറിയ മലകളും അതിരുകളും. അതേ ഒറ്റയടിപ്പാതകളിൽത്തന്നെ പാദങ്ങൾ പതിച്ച് നടക്കാനാണാ ഇരുമ്പ് മുനവെച്ച ബൂട്ട്‌സ്‌കളണിയുന്നത്. പ്രണയത്തിന്റെ പട്ടാളബൂട്ടുകൾ. ‘വാർ വിഡോ’ എന്ന ജീവനില്ലാത്ത വരണ്ട ഒരു വാക്കിന്റെ താഴെ നമ്മൾ അടച്ചിട്ടിരിക്കുന്നത് ചോരയും നീരുമുള്ള ഒരുപാട് കിളുന്തു പെൺകുട്ടികളെയാണ്. ജീവൻ കൊടുത്തും സ്നേഹിക്കാൻ കഴിവുള്ള പട്ടാളക്കാരുടെ പ്രണയിനികളായിരുന്നു അവർ.

‘എന്റെ മരിയാ’, എന്ന് അരുമയായി വിളിച്ചുകൊണ്ട് ഒരു പട്ടാളക്കാരൻ തന്റെ പ്രണയിനിക്കായി എഴുതിവെച്ച ദിനസരിക്കുറിപ്പുകളുണ്ട് കസാൻദ് സാക്കിസിന്റെ ഫ്രാട്രിസൈഡ്‌സ് (സോദരഹത്യകൾ) എന്ന നോവലിൽ. ലിയോണിദാസ് എന്ന സന്ദേഹിയായ പോരാളിയുടെ ഡയറി. ഒരുദിവസം പൊടുന്നനെ കുറിപ്പുകൾ നിലച്ചുപോവുകയാണ്. അതൊരു തിങ്കളാഴ്ചയിലാണ് -യേശുവിന്റെ കുരിശുമരണം ആചരിക്കുന്ന വിശുദ്ധവാരത്തിലെ തിങ്കളാഴ്ചദിവസം. ചൊവ്വാഴ്ച അയാൾ യുദ്ധക്കളത്തിൽ മരിച്ചു. ഡയറിയിലെ അവസാന വരികൾ ഇങ്ങനെയാണ്-  ‘ഞാൻ ആത്മാവിൽ വിശ്വസിക്കുന്നു. ഈ രാത്രിയിൽ എന്റെ ആത്മാവ് ഭാവിയിലേക്ക് ചിറകുകൾ വീശി പറന്നു... നിന്നെ ഒരു കൊച്ചുവീട്ടിൽ കൈകളിൽ ഓമനയായൊരു കുഞ്ഞുമായി-നമ്മുടെ കുഞ്ഞുമായി കണ്ടുമുട്ടി.’ അതേദിവസം സന്ധ്യയ്ക്ക് കുറിച്ചിട്ട ഒരു കവിത കൂടെയുണ്ട്. ‘ഇന്ന് എന്റെ മനസ്സിനു മീതെ മരണം വട്ടമിട്ടു പറക്കുന്നു. പൂക്കളുടെ പരിമളമെന്ന പോലെ -ഞാൻ കാറ്റിനു മീതെ ഒഴുകുന്നു... ദീർഘമായ തടങ്കലിനുശേഷമെന്നപോലെ ഞാൻ വീടണയാൻ  കൊതിക്കുന്നു...’
* ബെയ്‌ൽ ഔട്ട്‌ കമാൻഡ്‌: ഹെലികോപ്‌റ്റർ ഉപേക്ഷിച്ച്‌ രക്ഷപ്പെടാനുള്ള നിർദേശം