നാടക നടനും സംവിധായകനുമായ വിക്രമൻ നായർ ജീവിതം പറഞ്ഞുതുടങ്ങുമ്പോൾ, ഈ എഴുപത്തിയഞ്ചാം വയസ്സിലും അമ്പരപ്പിക്കുന്ന ഒരനുഭവം ആ കണ്ണുകളിൽ തെളിയും. നാടകമേത്, ജീവിതമേത് എന്ന് തിരിച്ചറിയാനാവാത്ത ഒരോർമ. വിക്രമൻനായരുടെ വാക്കുകളിൽ അതിങ്ങനെ കേൾക്കാം: ‘‘1921-ലെ മാപ്പിള ലഹളയുടെ ഭീകരാവസ്ഥ അനുഭവിച്ച ആളാണ് എന്റെ അമ്മ വെള്ളയ്ക്കാംപടി തറവാട്ടിൽ ജാനകിയമ്മ. ലഹളക്കാലത്ത് അമ്മയുടെ രണ്ട്‌ അമ്മാവന്മാരെ വെട്ടി കഷണങ്ങളാക്കി കോഴിക്കൂട്ടിൽ ഇട്ടു. അന്നു രാത്രിതന്നെ തറവാട്ടിലെ സ്ത്രീകളും പുരുഷന്മാരും പല സ്ഥലങ്ങളിലും അഭയം തേടി. വലിയ ഉരുളിപോലുള്ള പാത്രത്തിൽ കയറി പുഴ കടന്ന് ഏതൊക്കെയോ ഗ്രാമങ്ങളിലാണ് പലരും ചെന്നെത്തിയത്. വർഷങ്ങൾ കടന്നുപോയി; ഞാൻ കുട്ടിയായിരിക്കുമ്പോൾ അമ്മ എന്നെയും കൊണ്ട് പലപ്പോഴും മലപ്പുറത്തിനടുത്തുള്ള ഒരു മുസ്‌ലിം തറവാട്ടിൽ പോകുമായിരുന്നു. അമ്മയെ കാണുമ്പോൾ വളരെ സന്തോഷത്തോടെ ഒരു സ്ത്രീ മുറ്റത്തേക്കിറങ്ങി വരും. ചായയും പലഹാരങ്ങളും അവർ ഞങ്ങൾക്കു തരും. ഒരിക്കൽ, അമ്മയെ അവർ അടുക്കളയുടെ പിറകിലെ വിറകുപുരയിലേക്ക്്് കൂട്ടിക്കൊണ്ടുപോയി. അതിനകത്ത് ചെറിയൊരു അലമാരയുണ്ട്. അത് തുറന്നപ്പോൾ ഉള്ളിൽ ഗുരുവായൂരപ്പന്റെ ഒരു ഫോട്ടോ. അത് നോക്കി അവർ അമ്മയോട് പറഞ്ഞു: ‘‘ഞാൻ ദിവസവും ആരും കാണാതെ ഇവിടെ തൊഴാറുണ്ട് മോളേ.’’ ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഞാൻ അമ്മയോട് ചോദിച്ചു: ‘‘ആരാണമ്മേ അവർ?’’ ലഹളക്കാലത്ത് തറവാട്ടിൽനിന്ന്‌ ഒളിച്ചോടിയ ഒരു അമ്മായിയാണവരെന്നും ജീവഭയം കാരണം മുസ്‌ലിം മതം സ്വീകരിച്ച് ഒരു മുസ്‌ലിമിനെ വിവാഹം കഴിച്ചതാണെന്നും അമ്മ പറഞ്ഞു. അവരുടെ പേര് അമ്മിണിയമ്മ എന്നായിരുന്നുവത്രേ. മതം മാറിയപ്പോൾ ആമിനയെന്നായി. അമ്മ വിവരിച്ച ആ ജീവിതം ഇപ്പോഴും അരങ്ങിലെത്താത്ത ഒരു നാടകമായി എന്റെ മനസ്സിൽ തറഞ്ഞുകിടപ്പുണ്ട്....

 പിറന്ന നാടിനെയും അവിടെനിന്ന്‌ തുടങ്ങിയ യാത്രയെയും എങ്ങനെയാണ് ഓർക്കുന്നത്

 പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ട് പൊറ്റശ്ശേരി ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. അച്ഛൻ തച്ചങ്ങോട്ട് തറവാട്ടിൽ വേലായുധൻ നായർ സ്കൂൾ അധ്യാപകനായിരുന്നു. എനിക്ക്‌ നാലരവയസ്സുള്ളപ്പോൾ നെഞ്ചുവേദന വന്നാണ് അച്ഛൻ മരിച്ചത്. സ്കൂളിൽ വളരെ മോശം വിദ്യാർഥിയായിരുന്ന ഒരു കുട്ടിയെ അച്ഛൻ ഉപദേശിച്ചതിനെത്തുടർന്ന് കൂർത്ത മുനയുള്ള ഒരു പെൻസിൽ കൊണ്ട് അവൻ അച്ഛന്റെ നെഞ്ചിൽ കുത്തി. അക്കാലത്ത് അത് വലിയൊരു സംഭവമായിരുന്നു. ആ കുട്ടിക്കെതിരേ കേസൊന്നും എടുക്കരുതെന്ന് അച്ഛൻ പറഞ്ഞിരുന്നുവത്രേ. നെഞ്ചിലുണ്ടായ ആഴത്തിലുള്ള മുറിവ് ഉണങ്ങിയെങ്കിലും പിന്നീട് അച്ഛന് നെഞ്ചുവേദന മാറിയില്ല. ഒടുവിൽ ഒരു പുലർച്ചെ അച്ഛൻ ഓർമയായി. വെള്ളപുതച്ചുകിടക്കുന്ന അച്ഛന്റെ അരികിലിരുന്ന് അമ്മയും സഹോദരിമാരും കരയുന്നത് കോണിപ്പടിയിലിരുന്ന് ഞാൻ കണ്ടു. മരണാനന്തര കർമങ്ങൾ എന്നെക്കൊണ്ട് ചെയ്യിക്കുമ്പോഴും അച്ഛൻ ഇനിയില്ല എന്നെനിക്കറിയില്ലായിരുന്നു. അച്ഛന്റെ വേർപാട് ശരിക്കും ഞങ്ങളുടെ ജീവിതത്തെ ഉലച്ചുകളഞ്ഞു. ദാരിദ്ര്യം വലിയ രീതിയിൽ അനുഭവിച്ച നാളുകളായിരുന്നു അത്. ആരിൽനിന്നും കാര്യമായ സഹായങ്ങളൊന്നും കിട്ടിയില്ല. കുറെ ഭൂമി ഉണ്ടായിരുന്നെങ്കിലും അച്ഛന്റെ മരണത്തോടെ അതിലേറെയും അന്യാധീനപ്പെട്ടുപോയി. ഞങ്ങൾ നാലു മക്കളായിരുന്നു. രണ്ടു ചേച്ചിമാരും ഒരനിയത്തിയും.

 കുട്ടിക്കാലത്തെ നാടകക്കാഴ്ചകൾ ഇപ്പോഴും ഓർമയിലുണ്ടോ
 
 നാടകം കാണാനുള്ള ഭാഗ്യമൊന്നും കുട്ടിക്കാലത്തുണ്ടായിരുന്നില്ല. ഒരു കുഗ്രാമത്തിൽ ജനിച്ചതുകൊണ്ടുതന്നെ, നാടകത്തെക്കുറിച്ച് അറിയാനോ പറഞ്ഞുതരാനോ കാര്യമായ ബോധമുള്ള ആരും അവിടെ ഉണ്ടായിരുന്നില്ല. നാട്ടിൽ പ്രധാനമായും അരങ്ങേറിയിരുന്ന കലാരൂപങ്ങൾ പാവകളിയും തെരുക്കൂത്തുമായിരുന്നു. വല്ലപ്പോഴും ചവിട്ടുനാടകവും. ആറാം ക്ലാസുവരെ മണ്ണാർക്കാട് കെ.ടി.എം. ഹൈസ്കൂളിലാണ് പഠിച്ചത്. മന്ത്രിയായിരുന്ന ടി. ശിവദാസമേനോൻ അന്നവിടത്തെ ഹെഡ്മാസ്റ്ററായിരുന്നു. മണ്ണാർക്കാടിനോട് ഞങ്ങൾക്ക് വിടപറയേണ്ടി വന്നത് യാദൃച്ഛികമായിരുന്നു. ജീവിതപ്രയാസങ്ങൾക്കിടയിലും ഞങ്ങൾ നാലു മക്കളെയും നല്ല നിലയിൽ പഠിപ്പിക്കാൻ അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മൂത്തചേച്ചി സാവിത്രിക്ക്‌ നഴ്‌സായി മംഗലാപുരത്തു ജോലികിട്ടി. ഏറെ വൈകാതെ കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ ലഭിച്ചപ്പോൾ മുപ്പതുരൂപ വാടകയ്ക്ക് ഒരു വീട് കണ്ടെത്തി ഞങ്ങളെല്ലാവരും അവിടേക്ക് മാറി. ആ പറിച്ചു നടലാണ് എന്നിലെ നാടകക്കാരനെ കണ്ടെത്തുന്നതിന് കാരണമായത്. ഒരു പക്ഷേ, മണ്ണാർക്കാട്ടെ ജീവിതം തുടർന്നിരുന്നെങ്കിൽ വിക്രമൻ നായർ എന്ന നാടകക്കാരൻ ഉണ്ടാകുമായിരുന്നില്ല. അച്ഛനെപ്പോലെ ഏതെങ്കിലും സ്കൂളിൽ പഠിപ്പിക്കാനാവും യോഗം. എട്ടാം ക്ലാസ് മുതൽ പഠിച്ചത് കോഴിക്കോട് സെയ്‌ന്റ് ജോസഫ് ഹൈസ്കൂളിലായിരുന്നു. കലാകാരന്മാരെ വളർത്തിയെടുക്കുന്നതിൽ എക്കാലത്തും മാതൃകയായിരുന്ന ഈ വിദ്യാലയത്തിന്റെ തിരുമുറ്റത്താണ് എന്നിലെ നടനും പിറന്നത്.

 വിക്രമൻ നായർ എന്ന നടൻ ആദ്യമായി അരങ്ങിലെത്തിയ ഓർമ പങ്കുവെക്കാമോ

 പാവപ്പെട്ടവർക്ക് ഭക്ഷണവും വസ്ത്രവും നൽകാൻ സെയ്‌ന്റ് ജോസഫ് സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന ഫാദർ മഞ്ചിലിന്റെ നേതൃത്വത്തിൽ പലപ്പോഴും ബെനിഫിറ്റ് ഷോ നടത്തിയിരുന്നു. പല കലാസമിതികളും ഈ ഷോയിൽ പങ്കെടുത്തിരുന്നു. ഒപ്പം സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടാകും. ഒരു ഉച്ചനേരത്താണ് ക്ലാസിൽ ഒരു അറിയിപ്പ്്് കൊണ്ടുവരുന്നത്. ‘നാടകത്തിൽ അഭിനയിക്കാൻ താത്‌പര്യമുള്ള കുട്ടികൾ ഫാദർ മഞ്ചിലിനെ കാണണം.’ ക്ലാസ്‌ കഴിഞ്ഞയുടനെ ഞാൻ മാഷുടെ മുറിയിലേക്ക് ഓടിക്കയറി: ‘‘സാർ.. എനിക്കഭിനയിക്കാൻ താത്‌പര്യമുണ്ട്.’’ ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പോൾ ഫാദർ എന്നെ ശരിക്കൊന്ന് നോക്കിയശേഷം ചോദിച്ചു: ‘‘വിക്രമൻ മുൻപ് നാടകത്തിൽ അഭിനയിച്ചിട്ടുണ്ടോ?’’ ഇല്ല എന്ന് മറുപടി പറയുമ്പോൾ, ‘‘നീ ശരിയാകില്ല’’ എന്നായിരിക്കും ഫാദർ പറയുക എന്നാണ് കരുതിയത്. പക്ഷേ, അടുത്തദിവസം റിഹേഴ്‌സൽക്യാമ്പിൽ എത്താനാണ് അന്നദ്ദേഹം സ്നേഹത്തോടെ പറഞ്ഞത്. സ്കൂളിലെ വലിയൊരു ക്ലാസ് മുറിയിൽ തന്നെയായിരുന്നു റിഹേഴ്‌സൽ. സി.എൽ. ജോസിന്റെ ‘ജീവിതം ഒരു കൊടുങ്കാറ്റാണ്’ എന്ന നാടകത്തിലെ ക്ഷയരോഗിയുടെ ചില രംഗങ്ങൾ പറഞ്ഞുതന്നശേഷം അഭിനയിക്കാൻ പറഞ്ഞു. ഞാൻ അത് അവതരിപ്പിച്ചു കാണിച്ചപ്പോൾ മഞ്ചിൽ ചോദിച്ചു: ‘‘നീ മുൻപ് നാടകത്തിൽ അഭിനയിച്ചിട്ടില്ലെന്നല്ലേ പറഞ്ഞത്’’ ‘‘അതെ സാർ’’ എന്ന എന്റെ മറുപടി കേൾക്കും മുൻപേ അദ്ദേഹം പറഞ്ഞു: ‘‘വിക്രമാ... നീ അഭിനയിക്ക്’’ ഫാദർ മഞ്ചിലിന്റെ ആ വാക്കുകൾ വലിയ ഊർജമാണ് എന്നിൽ നിറച്ചത്. സ്കൂളിലെ കലാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന പി.ആർ. ആന്റണി മാസ്റ്ററോടും പണിക്കർ മാഷോടും മഞ്ചിൽ പറഞ്ഞു: ‘‘ഇവനെ ശ്രദ്ധിച്ചോളണം’’ അവരുടെ ആ ശ്രദ്ധയാണ് എന്നെ ഇന്നത്തെ വിക്രമൻ നായരാക്കിയത്. അക്ഷരശുദ്ധിയോടെ എന്നെ മലയാളം പറയാൻ പഠിപ്പിച്ചത് ആന്റണി മാസ്റ്ററാണ്. നമ്പൂതിരി മാഷും വാസുമാഷുമൊക്കെ വലിയ പ്രോത്സാഹനം തന്നു. തുടർന്ന് സ്കൂൾ നാടകങ്ങളിൽ സ്ഥിരമായി വേഷമിടാൻ കഴിഞ്ഞു. അന്നേ മനസ്സിലുറച്ചു, നടനാകണം, നാടറിയുന്ന നടനായി ഉയരണം.
 
 കോളേജ് പഠനകാലത്ത് രണ്ടുതവണ നല്ലജോലി ലഭിച്ചിട്ടും നാടകത്തിനുവേണ്ടി അതെല്ലാം ഉപേക്ഷിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്

ഗുരുവായൂരപ്പൻ കോളേജിൽ ബി.എ. സോഷ്യാളജിക്ക്‌ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഉത്തർപ്രദേശിലെ റൂർക്കിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ലഭിച്ചു. പഠനം നിർത്തി ജോലിക്കുപോയെങ്കിലും എന്റെ വഴി ഇതല്ല എന്ന് തോന്നി ത്തുടങ്ങിയപ്പോൾ ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങി. വീണ്ടും കോളേജ് പഠനം തുടർന്നു. ആയിടയ്ക്ക് അസമിലെ ഒരു തേയിലത്തോട്ടത്തിൽ മേൽനോട്ടക്കാരനായി ഉദ്യോഗം ലഭിച്ചു. അരങ്ങിന്റെ വിളി അവിടെയും എന്നെ പിന്തുടർന്നു. ജോലി രാജിെവച്ച് വീണ്ടും പഠനത്തിലേക്കും നാടകത്തിലേക്കും ഞാൻ എത്തിച്ചേർന്നു. യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിൽ നല്ല നടനുള്ള സമ്മാനമുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ ഇക്കാലത്ത് ലഭിക്കുകയുണ്ടായി. കോഴിക്കോട്ടെ അമെച്ചർ വേദികളിൽ തുടർച്ചയായി അഭിനയിച്ചു. ബി.എ.ഫൈനൽ പരീക്ഷയുടെ തലേന്നാൾവരെ നാടകം കളിച്ചിട്ടും അമ്മയോ സഹോദരിമാരോ ഒട്ടും ശകാരിച്ചില്ല. ചായംതേച്ച മുഖവുമായി അർധരാത്രി വീട്ടിലെത്തുമ്പോൾ പലപ്പോഴും അത് തുടച്ചുതരാറുള്ളത് അവരായിരുന്നു. അതൊക്കെ ഞാൻ എങ്ങനെ മറക്കാൻ?

 പ്രൊഫഷണൽ നാടകരംഗത്തേക്ക് ചുവടുമാറുന്നത് എപ്പോഴായിരുന്നു

അമെച്ചർ നാടകത്തിൽ ധാരാളം അവസരങ്ങളുണ്ടായിരുന്നു. അഭിനയഭ്രാന്ത് ഒന്നുകൊണ്ടുമാത്രം കൈയിൽനിന്ന് കാശ് ചെലവാക്കിയും അക്കാലത്ത് അഭിനയിച്ചിരുന്നു. പക്ഷേ, പ്രൊഫഷണൽ നടനാവുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കൃഷ്ണരാജുവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന രാജാ തിയേറ്റേഴ്‌സ് ആയിരുന്നു കോഴിക്കോട്ട് അന്നുണ്ടായിരുന്ന ഒരേയൊരു െപ്രാഫഷണൽ നാടകസമിതി. രാജാ തിയേറ്റേഴ്‌സിൽ ഉണ്ടായിരുന്ന പ്രഗല്‌ഭരായ നടീനടന്മാരിൽ പലരും ആ സമിതി വിട്ടപ്പോൾ നെല്ലിക്കോട് ഭാസ്കരനും കുതിരവട്ടം പപ്പുവുമുൾപ്പെടെ പലരെയും കൃഷ്ണരാജു സമിതിയിലെടുത്തു. എന്റെ അഭിനയമോഹം തിരിച്ചറിഞ്ഞ അദ്ദേഹം എന്നെയും രാജാ തിയേറ്റേഴ്‌സിൽ ചേർത്തു. തിക്കോടിയൻ രചിച്ച ‘കുഞ്ഞാലി മരയ്ക്കാർ അഥവാ പുതുപ്പണം കോട്ട’യായിരുന്നു ആദ്യനാടകം. എന്റെ ആദ്യ പ്രൊഫഷണൽ നാടകം എന്നു പറയാം. ബാലൻ കെ. നായരായിരുന്നു കുഞ്ഞാലി മരയ്ക്കാരായി വേഷമിട്ടത്. കുട്ട്യാലി മരയ്ക്കാരായി ഞാനും. രാജാ തിയേറ്റേഴ്‌സിൽ കളി കുറവായിരുന്നപ്പോഴെല്ലാം കൃഷ്ണരാജു വളരെ ബുദ്ധിപൂർവമാണ് കാര്യങ്ങൾ മുന്നോട്ടുനീക്കിയത്. സിനിമാ പ്രൊജക്ടർ നന്നാക്കാനറിയാവുന്ന ഒരേയൊരു വ്യക്തി കൂടിയായിരുന്നു കൃഷ്ണരാജു. തിയേറ്ററുകളിൽ കേടാവുന്ന പ്രൊജക്ടറുകൾ സിനിമ മാറുന്ന വ്യാഴാഴ്ചയാണ് റിപ്പയർ ചെയ്യുക. അന്ന് സിനിമാ പ്രദർശനമുണ്ടാവില്ല. അതിനു പകരം രാജാ തിയേറ്റേഴ്‌സിന്റെ നാടകം കളിക്കാനുള്ള അനുവാദം തിയേറ്റർ ഉടമയിൽനിന്ന്‌ രാജു വാങ്ങിക്കും. മലബാറിന്റെ പലഭാഗത്തും ഇങ്ങനെ ഒട്ടേറെ കളികൾ കിട്ടി. ടി. ദാമോദരൻ എഴുതിയ
‘ഉടഞ്ഞ വിഗ്രഹങ്ങൾ’എന്ന നാടകവും രാജാ തിയേറ്റേഴ്‌സ് ഇതു പോലെ കളിച്ചതാണ്. അതിലും നല്ലൊരു വേഷം എനിക്ക്‌ ലഭിച്ചു.

  എം.ടി. വാസുദേവൻ നായർ എഴുതി സംവിധാനംചെയ്ത ഒരേയൊരു നാടകമായ ‘ഗോപുരനടയിലെ’ പ്രധാനനടനും താങ്കളായിരുന്നല്ലോ

 സംഗമത്തിൽനിന്ന്‌ പിരിഞ്ഞ് കെ.ടി., കലിംഗ എന്നൊരു ഗ്രൂപ്പുണ്ടാക്കി. കെ.ടി.യുടെ പിന്മാറ്റം വലിയ ക്ഷീണമുണ്ടാക്കുന്ന കാര്യമായിരുന്നു. പുതിയ ഒരു നാടകകൃത്തിനെ കൊണ്ടുവരേണ്ടത് അനിവാര്യമായി. മാതൃഭൂമിയിൽപ്പോയി എൻ.വി. കൃഷ്ണവാരിയരെ കണ്ടു കാര്യം പറഞ്ഞു. എൻ.വി.യാണ് പറഞ്ഞത് എം.ടി.യോട് ചോദിക്കൂ എന്ന്. ‘‘നാടകമോ, ഞാനെങ്ങനെ എഴുതാൻ’’എന്നായിരുന്നു എം.ടി.യുടെ പ്രതികരണം. സംഗമത്തിന്റെ മുഖ്യസാരഥിയായ വിത്സൻ സാമുവലും ഞാനും കൂടി എം.ടി.യുടെ വീട്ടിൽച്ചെന്ന് ബുദ്ധിമുട്ടിക്കാൻ തുടങ്ങി. ഒടുവിൽ എം.ടി. സമ്മതിച്ചു. നാലുദിവസം കൊണ്ട് എം.ടി. നാടകം തന്നു. അതാണ് ‘ഗോപുരനടയിൽ’. എം.ടി. എഴുതിയ ഒരേയൊരു നാടകം. പഴയ ബീച്ച് ഹോട്ടലിൽ ഇരുന്നാണ് നാടകം വായിച്ചത്. കേട്ടപ്പോൾ എല്ലാവർക്കും സന്തോഷം. ഒട്ടുംവൈകാതെ റിഹേഴ്‌സലും തുടങ്ങി. മനുഷ്യൻ, രാജാവ്, ക്രിസ്തു, ഗൗതമൻ തുടങ്ങി വിവിധ മാനങ്ങളുള്ള നാടകത്തിലെ പ്രധാനകഥാപാത്രമായ നരന്റെ വേഷം ഞാൻ ചെയ്തു. റിഹേഴ്‌സൽ നടക്കുന്ന മിക്കവാറും ദിവസങ്ങളിൽ എം.ടി.ക്കൊപ്പം നടൻ കുഞ്ഞാണ്ടിയേട്ടനും ചിത്രകാരൻ എ.എസും ഉണ്ടായിരുന്നു. കോഴിക്കോട് ടൗൺ ഹാളിൽ നിറഞ്ഞസദസ്സിലാണ് നാടകം അരങ്ങേറിയത്. ഗോപുരനടയിലിനെത്തുടർന്ന്, എം.ടി.യുമായുള്ള സ്നേഹബന്ധംെവച്ച് അടുത്ത നാടകവും അദ്ദേഹത്തെക്കൊണ്ട് എഴുതിപ്പിക്കാനൊരു ശ്രമം നടത്തിയെങ്കിലും നടന്നില്ല. ‘നാടകമെഴുത്ത് എന്റെ പണിയല്ല’എന്നു പറഞ്ഞ എം.ടി.തന്നെ ഒരാളുടെ പേര് പറഞ്ഞു, തിക്കോടിയൻ. ‘‘തിക്കോടിയനെക്കൊണ്ട് എഴുതിക്കാം, നാടകം ഞാൻ സംവിധാനം ചെയ്തുതരാം.’’ സംഗമത്തിന് കിട്ടിയ വലിയൊരു അവാർഡായിരുന്നു അത്. അങ്ങനെയാണ് തിക്കോടിയൻ എഴുതിയ ‘മഹാഭാരതം’ അരങ്ങിലെത്തുന്നത്. പുരാണകഥയുടെയും തലശ്ശേരിയിൽ നടന്ന ആർ.എസ്.എസ്.- സി.പി.എം. കലാപത്തിന്റെയും പശ്ചാത്തലത്തിൽ രചിച്ച നാടകമായിരുന്നു മഹാഭാരതം. ഇതിലെ ധൃതരാഷ്ട്രരുടെയും സ്കൂൾ അധ്യാപകന്റെയും ഇരട്ടവേഷങ്ങൾ എനിക്ക്‌ മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടിത്തന്നു. എം.ടി.യുടെ രചനയിലും സംവിധാനത്തിലും അഭിനയിക്കാൻ കഴിഞ്ഞെന്നത് ഇന്നോർക്കുമ്പോൾ വലിയ അഭിമാനം തോന്നുന്ന കാര്യമാണ്.

അരങ്ങിന് പുറത്തെ അഭിനയം അറിയാത്തതിനാൽ നാടകംകൊണ്ട് നേടിയെതെല്ലാം നഷ്ടപ്പെട്ട് വാടകവീട്ടിൽ കഴിയുന്ന വിക്രമൻ നായരോട് ഒരിക്കൽ ഭാര്യ ചോദിച്ചു: ഇത്രയും കാലം നാടകം നാടകം എന്നുപറഞ്ഞു നടന്നിട്ട് നിങ്ങൾ എന്തുനേടി?'' അത് അദ്ദേഹത്തെ അടിമുടി ഉലച്ചു. ഒരിക്കൽ തന്റെ ഗുരു കെ.ടി. മുഹമ്മദ് ചെയ്തതുപോലെ വീട്ടിൽ വിളിച്ചുവരുത്തിയ ആക്രിക്കടക്കാരനെ ചുമരലമാരയിലെ പുരസ്‌കാരങ്ങൾ കാണിച്ചുകൊണ്ട് വിക്രമൻ നായർ പറഞ്ഞു: ''ഇതെല്ലാം കൊണ്ടുപോയ്‌ക്കോളൂ. പുരസ്‌കാരങ്ങൾ ഒന്നൊന്നായി ചാക്കിൽക്കെട്ടി പടിയിറങ്ങുമ്പോൾ ഒരു വിഷാദനാടകം കാണുന്ന കാണിയെപ്പോലെ വിക്രമൻ നായർ ആ രംഗം നോക്കിനിന്നു''. അയാൾ നൽകിയ ആറായിരം രൂപയുടെ മുഷിഞ്ഞ നോട്ടുകൾ ഭാര്യയുടെ കൈയിൽ വെച്ചുകൊടുത്തു. ആ ആറായിരം രൂപ ഒരു ജന്മം സമർപ്പിച്ച നാടകയാത്രയ്ക്ക് മതിയായ വിലയായിരുന്നില്ല. എന്നാൽ, തോറ്റുകൊടുക്കാൻ വിക്രമൻ നായരിലെ കലാകാരൻ തയ്യാറായിരുന്നില്ല. പ്രതിസന്ധികൾക്കിടയിലും വീണ്ടും അരങ്ങിലെത്തി അദ്ദേഹം ചമയമണിഞ്ഞു. ഒന്നല്ല, ഒട്ടേറെ വേഷങ്ങൾ. ഒഴിഞ്ഞ അലമാരയിലേക്ക് വീണ്ടും പുരസ്‌കാരങ്ങൾ വന്നു നിറഞ്ഞു.... അതിൽ ഏറ്റവും തിളക്കമുള്ളതായി, ഒടുവിലെത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ നാടക പുരസ്‌കാരമായ എസ്.എൽ.പുരം സദാനന്ദൻ പുരസ്‌കാരം.