മക്കളേ,

കുറച്ചുകാലം മുമ്പ് അമ്മയെ കാണാൻ ഒരു മകൾ വന്നു. കൂടെയുണ്ടായിരുന്ന തന്റെ മകനെ ചൂണ്ടിക്കാണിച്ച് അവർ പറഞ്ഞു: ‘‘അമ്മേ, ഈ മകൻ പെട്ടെന്നൊരു ദിവസം വീടുവിട്ടുപോയി. ഒരുമാസം കഴിഞ്ഞു. എല്ലായിടത്തും നോക്കിയെങ്കിലും ഇവനെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. ഒടുവിൽ ഇന്നലെയാണ് ഇവൻ വീട്ടിൽ തിരിച്ചുവന്നത്.’’ അതു പറഞ്ഞിട്ട് അവർ കരച്ചിൽ തുടർന്നു.
അമ്മ അവനോടു ചോദിച്ചു: ‘‘മോനേ, നീ എവിടെയാണു പോയത്?’’
അവൻ പറഞ്ഞു: ‘‘അമ്മേ, ഞാൻ മദ്രാസിൽപ്പോയി അവിടെ ഒരു ഹോട്ടലിൽ ഒരുമാസം ജോലിചെയ്തു. ആറായിരംരൂപ ശമ്പളം കിട്ടി. അതുകൊണ്ട് ഒരു മൊബൈൽ ഫോൺ വാങ്ങി.’’
അവനെ കാണാതായപ്പോൾ വീട്ടുകാർ അവൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നുപോലുമറിയാതെ എത്രമാത്രം വിഷമിച്ചു എന്നതിനെക്കുറിച്ച് അവന് ഒരു ധാരണയുമില്ലായിരുന്നു. അവന്‌ ഫോൺ വേണം എന്ന ഒരു ചിന്ത മാത്രം. മറ്റുള്ളവരുടെ വേവലാതിയെക്കുറിച്ചോ വേദനയെക്കുറിച്ചോ അവൻ ചിന്തിച്ചില്ല. അവനെ വളർത്തി വലുതാക്കാനും വിദ്യാഭ്യാസം നൽകാനുമായി അച്ഛനമ്മമാർ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട്. അവൻ ഫോൺ ചോദിച്ചപ്പോഴും അച്ഛനമ്മമാർ അതു വാങ്ങിക്കൊടുക്കാതിരുന്നത്, ഫോൺ കിട്ടിയാൽ അവന് പഠിത്തത്തിൽ താത്പര്യം നഷ്ടപ്പെടുമോ എന്നു ഭയന്നിട്ടാണ്. ഇന്നത്തെ ഇളംതലമുറയുടെ അവസ്ഥയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.
മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും കൂട്ടുകാരുടെയുമൊക്കെ സ്വാധീനത്തിൽപ്പെട്ട് വിദ്യാർഥികൾ തങ്ങളുടെ ലക്ഷ്യംമറന്ന് സ്വാർഥമോഹങ്ങളുടെ പിന്നാലെ പോകുന്നു. ഇന്റർനെറ്റിലും ടി.വി.യിലും മറ്റും നല്ലതും ചീത്തയുമായ പലതുമുണ്ട്. അവയോരോന്നും കണ്ട് കുട്ടികൾ അതുതന്നെ ചിന്തിച്ചുകൊണ്ടിരിക്കും. ക്രമേണ അവയോടുള്ള ആഗ്രഹം ശക്തമാകും. ഒടുക്കം പഠിത്തവും ജീവിതം തന്നെയും നഷ്ടമാകും. മൊബൈലും ഇന്റർനെറ്റുമൊന്നും വേണ്ടെന്നല്ല. പക്ഷേ, അതിരുകൾ അവർ മനസ്സിലാക്കിയിരിക്കണം. രക്ഷിതാക്കൾ അവർക്ക് അവ മനസ്സിലാക്കിക്കൊടുക്കുകയും വേണം. നമ്മെ വഴിതെറ്റിക്കുന്ന മറ്റൊരു ശീലമാണ് അനുകരണഭ്രമം. ഇതുമൂലം സ്വയംചിന്തിച്ചു തീരുമാനങ്ങളെടുക്കാനുള്ള കഴിവു നഷ്ടമാകും. മറ്റുള്ളവരെ നോക്കിയിട്ടാകും നമ്മൾ എന്താകണമെന്നും എന്തു ചെയ്യണമെന്നും തീരുമാനിക്കുന്നത്. കൊച്ചുകൂരയിൽ താമസിക്കുന്ന പാവപ്പെട്ട കുടുംബത്തിലെ കുട്ടികൾപോലും കോളേജിലെത്തുന്നതിനുമുമ്പുതന്നെ സ്കൂട്ടറും ബൈക്കും വേണമെന്നു വാശിപിടിക്കും. വീട്ടിൽനിന്നു കോളേജിലേക്ക് ഒരു കിലോമീറ്റർപോലും ദൂരമില്ല. എന്നാലും സ്കൂട്ടർ കിട്ടിയില്ലെങ്കിൽ പഠിക്കാൻ പോകില്ലെന്നു കുട്ടികൾ വാശിപിടിക്കുന്നു. അച്ഛനമ്മമാർക്ക് അത്‌ വാങ്ങിക്കൊടുക്കാനുള്ള കഴിവുണ്ടാവില്ല. അവർ വിഷമിക്കുകയല്ലാതെന്തു ചെയ്യും?

 ചിലർ മയക്കുമരുന്ന് മാഫിയയ്ക്കുവേണ്ടി ജോലി ചെയ്യുന്നു. പിന്നീട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നു വിചാരിച്ചാലും പലപ്പോഴും അതിനുസാധിച്ചെന്നുവരില്ല. വിദ്യാലയങ്ങളും കലാലയങ്ങളും ഇളംതലമുറയുടെ കഴിവുകൾ വാർത്തെടുക്കേണ്ട കേന്ദ്രങ്ങളാണ്. അവരുടെ വിദ്യാഭ്യാസത്തോടൊപ്പം സ്വഭാവരൂപവത്‌കരണവും അവിടെ സാധ്യമാകണം. ജീവിതലക്ഷ്യത്തെക്കുറിച്ചും മാതാപിതാക്കളോടും സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ചും ബോധവാന്മാരാകാൻ അവർക്ക് അവസരമൊരുക്കണം. ജീവിതമൂല്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണം. ജീവിതത്തിൽ ഉയർന്ന മൂല്യങ്ങൾ ഇല്ലാത്ത ഒരാൾ, ഭൂമിയുടെ ആകർഷണവലയത്തിനു പുറത്തുപോയ റോക്കറ്റുപോലെയാണ്. മൂല്യങ്ങളാണ് നമ്മെ ശരിയായ പാതയിൽ പിടിച്ചുനിർത്തുന്നത്.