മനസ്സിൽ കയറിവരുന്നത് കമൽഹാസൻ നിറഞ്ഞ ആദരവോടുകൂടി തേവർമകന്റെ ഷൂട്ടിങ് സെറ്റിൽവെച്ച് ചോദിച്ച അതേ ചോദ്യംതന്നെയാണ്. അതിൽ ഉത്തരവും അടങ്ങിയിട്ടുണ്ട്. ‘‘ഇനിയെന്തു വിസ്മയമാണ് വേണുസാർ നിങ്ങൾക്ക് ചെയ്യാനുള്ളത്’’ നാല്പത്തിരണ്ടുവർഷത്തെ അഭിനയം മുൻനിർത്തി ആലോചിക്കുമ്പോൾ ‘ആദ്യവസാനം’ (കഥകളിയിലെ നായകകഥാപാത്രങ്ങളെ സൂചിപ്പിക്കുന്ന ഒരു പ്രയോഗം) മുതൽ ‘കുട്ടിത്തരം’ വരെയുള്ള അഞ്ഞൂറിലധികം കഥാപാത്രങ്ങൾ നിരന്നു നിൽക്കുകയല്ലേ

 അതേയതേ, ചെല്ലപ്പനാശാരിമുതൽ ഇപ്പോൾ ഷൂട്ടിങ് കഴിഞ്ഞ മരക്കാരിലെ കഥാപാത്രംവരെ മുന്നിൽ വരുന്നുണ്ട്. അല്ല നിനവിൽ വരുന്നുണ്ട് എന്നുതന്നെ പറയണം. പക്ഷേ, കലാകാരന്റെ വിശപ്പ് കെട്ടുപോവുകയില്ല. അതു നഷ്ടപ്പെട്ടാൽ നടനില്ല, വെറും മനുഷ്യൻ മാത്രമേയുള്ളൂ. ഇനിയും വരാനുണ്ട് ഒരാൾ എന്ന തോന്നലാണെനിക്ക്. എല്ലാ ജീവിതപരിസരങ്ങളും ഉൾക്കൊണ്ട് അവതരിപ്പിച്ച് ‘വിടപറയും മുമ്പേ’യിലെ സേവ്യറിനെപ്പോലെ സമ്പൂർണകഥാപാത്രം വേണമെന്നില്ല. സുരേന്ദ്രൻ പറഞ്ഞതുപോലെ ആദ്യവസാനക്കാരൻ ആവണമെന്നില്ല. എനിക്കെന്നല്ല ഏതുനടനും തന്റെ ആവിഷ്കാരരീതി വെല്ലുവിളക്കുന്ന കഥാപാത്രം കിട്ടിയാൽ മതി. ലോക സിനിമയിലൊക്കെനായകൻ എന്ന സങ്കല്പം തന്നെ വ്യത്യസ്തമാണ്. അത്‌ ഓരോ രാജ്യത്തെയും സിനിമയുടെ സാമൂഹികസാഹചര്യങ്ങളുടെ പ്രശ്നമായി തോന്നുന്നു. ഏതു ഘട്ടത്തിലും ആടിഫലിപ്പിക്കാൻ, ആവിഷ്കരിക്കാൻ ഒരു കഥാപാത്രത്തെ കിട്ടുകയെന്നതാണ് കലാകാരന്റെ പ്രാർഥന. കലാമണ്ഡലം ഗോപിയാശാൻ എൺപതാം വയസ്സിലും നളനായും പുഷ്കരനായും അരങ്ങിലെത്തുന്നില്ലേ. മാക്സ്‌ഷോൺഷിസോയും ആന്റണി ക്വിനുമൊക്കെ അവരുടെ അനുശീലനത്തെ കാര്യമായി കൊണ്ടാടിയത് എഴുപതിലും എൺപതിലുമൊക്കെയാണ്.

ഇരുപതും മുപ്പതും സീനുകളിൽ നീളുന്ന കഥാപാത്രങ്ങളെക്കാൾ മൂന്നും നാലും സീനുകളിൽ വന്ന്‌ പ്രേക്ഷകരുടെ ഹൃദയത്തിൽ കടന്നിരിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ െെകയിലൂടെ വന്നുപോയിട്ടുണ്ട്. പെെട്ടന്ന് ഓർമവരുന്നത് ചാമരത്തിലെ കൊച്ചച്ചൻ, കേളിയിലെ റൊമാൻസ് കുമാരൻ, ഭരതത്തിലെ രാമനാഥൻ, ബെസ്റ്റ് ആക്ടറിലെ ‘ദാദ’, കമലദളത്തിലെ കലാമന്ദിരം സെക്രട്ടറി തുടങ്ങിയ വേഷങ്ങളാണ്.

 എന്നെ സംബന്ധിച്ചിടത്തോളം എന്റെ അന്നം സിനിമതന്നെയാണ്. പക്ഷേ, സിനിമയ്ക്കുപുറത്ത് നാടകം ഉൾപ്പെടെ വലിയൊരു ജീവിതം ജീവിച്ചുതീർക്കുന്ന ഒരാളാണ്. ഞാൻ ആസ്വദിച്ചു ചെയ്യുന്ന തൊഴിലാണ് സിനിമ. ചില സിനിമകൾ കുടുംബക്കൂട്ടായ്മ പോലെയാണ്. അരവിന്ദന്റെ തമ്പിൽ ഞാൻ ശരിക്കും അനുഭവിച്ചു. നടനും ക്യാമറാമാനും സഹായിയും ഒക്കെ ഒരു മുറിയിലാണ്, ഊണും ഉറക്കവും. സത്യന്റെയും (അന്തിക്കാട്) പ്രിയന്റെയും (പ്രിയദർശൻ) സിനിമകളൊക്കെ വരുന്നത് അതേവഴിയിലാണ്. കുടുംബത്തിൽ ആഘോഷം നടക്കുന്നതുപോലെയാണ്. ഞാനില്ലെങ്കിൽ അവർക്കു വിഷമമാവും. അവർ വിളിച്ചില്ലെങ്കിൽ എനിക്കും അങ്ങനെത്തന്നെ. ഡേറ്റിന്റെ പ്രശ്നം മൂലം ഒരുപാട് നല്ല സിനിമകൾ നഷ്ടമായിട്ടുണ്ട്. ചിലപ്പോൾ എന്നെ ഉൾപ്പെടുത്താൻവേണ്ടിമാത്രം സീനുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. സിബിയുടെ കമലദളത്തിലെ വേലായുധനെപ്പോലെ. കഥാപാത്രങ്ങൾക്ക് വ്യക്തിത്വമുണ്ടോ എന്നതാണ് യഥാർഥപ്രശ്നം. രണ്ടോ മൂന്നോ സീനിലായാലും സമഗ്രതയുള്ള കഥാപാത്രമാണെങ്കിൽ എന്റെ ഉള്ളിൽക്കിടക്കുന്ന ചില എലിമെന്റുകൾ ഞാൻ ആ കഥാപാത്രത്തിൽ നിക്ഷേപിക്കും. ഏറ്റവും ഒടുവിൽ കിട്ടിയ ബെസ്റ്റ് ആക്ടറിലെ ഗുണ്ടയെപ്പോലെ. ആ ദാദയ്ക്കു തുല്യനായ ഒരു കഥാപാത്രത്തെയും എനിക്ക് ജീവിതവഴിയിൽനിന്നു കണ്ടെത്താനായില്ല. എങ്കിലും ഒരു കൊച്ചിക്കാരൻ ദാദ മനസ്സിൽ രൂപപ്പെട്ടുവന്നു. റിട്ടയർ ചെയ്തിട്ടും പഴയ വീരകൃത്യങ്ങൾ പ്രായമായ ശരീരത്തിൽ വാരിച്ചുറ്റിയ മനുഷ്യൻതന്നെ. നടനെ സംബന്ധിച്ചിടത്തോളം ഒരു കഥാപാത്രത്തിന്റെ ജീവിതപരിസരങ്ങളോടുള്ള അഡാപ്റ്റബിലിറ്റി പ്രധാനമാണ്.

കള്ളൻ പവിത്രനിലെ പവിത്രൻ ഒരു കള്ളനും കാമുകനും അച്ഛനുമാണ്. പക്ഷേ, ആ മാമച്ചൻ മുതലാളിയുടെ കാര്യമോ, അതിസങ്കീർണമായ ആ കുട്ടിത്തരത്തെ ഗോപിച്ചേട്ടൻ അതിഗംഭീരമായല്ലേ അവതരിപ്പിച്ചത്. യവനികയിലെ തബലിസ്റ്റിനെപ്പോലെ ഒരു കഥാപാത്രം അധികമില്ലല്ലോ. ആ കഥാപാത്രത്തിൽ പൂർവ മാതൃകകൾ ഇല്ലാത്തവിധം വ്യത്യസ്തമായ പാറ്റേൺ നൽകുകയെന്നത് ഉത്തരവാദിത്വമുള്ള കലാകാരന്മാർക്കേ നിർവഹിക്കാനാവൂ.

തുടക്കത്തിലുള്ള നാടകവഴികൾ അല്പം ഭിന്നമാണെങ്കിലും ഭരത് ഗോപിയും താങ്കളും സിനിമയുടെ ഒരേ വഴിയിലൂടെയാണ് സഞ്ചരിച്ചത്. തിലകനും മോഹൻലാലും  മമ്മൂട്ടിയുമൊക്കെ ഇടപെട്ട നാടകസംഘത്തിൽ താങ്കളുടെ മികച്ച പൊരുത്തം ഗോപിച്ചേട്ടനുമായാണോ

 എനിക്കങ്ങനെ തോന്നുന്നില്ല. പക്ഷേ, മലയാളത്തിൽ ഞാൻ ഏറ്റവും ഭാവനാപൂർണമായ പരിചരണബോധംകണ്ടത് ഗോപിച്ചേട്ടനിലാണ്. ‘ഭഗവദജ്ജുക’ത്തിൽ ഗുരുവും ശിഷ്യനുമായി ഞങ്ങൾ തുടങ്ങിവെച്ചു. അഗാധമായ സ്നേഹവായ്പിന്റെയും ലാളിത്യത്തിന്റെയും സുഖം ‍ഞാൻ അനുഭവിച്ചുതുടങ്ങുകയായിരുന്നു. ‘കള്ളൻ പവിത്രനി’ലും ‘പാളങ്ങളി’ലുമൊക്കെ ഞങ്ങൾ പരസ്പരം കൊടുത്തും കൊണ്ടും ആവിഷ്കാരം നടത്തുന്നുണ്ട്. കള്ളൻ പവിത്രനിൽ മാമച്ചനെ അദ്ദേഹം മനോഹരമാക്കി. അതൊരു ചെറിയ കാര്യമല്ല. മാമച്ചന് ഗോപിച്ചേട്ടൻ നൽകിയ ട്രീറ്റ്മെന്റ് അപാരമായിരുന്നു. എല്ലാം തുറന്നുപറയാനൊരു സ്വാതന്ത്ര്യംകൂടി എനിക്ക് ഗോപിച്ചേട്ടനോടുണ്ടായിരുന്നു. അകമേ ശുദ്ധനായിരുന്നു. ഓരോ കൂട്ടുവേഷങ്ങളിലും ഞങ്ങൾ പരസ്പരം ചർച്ചചെയ്തു. പാളങ്ങളിൽ ഞങ്ങൾ കഥാപാത്രങ്ങളെ ശരിക്കും ചിട്ടപ്പെടുത്തി. ഭരതൻ അതിനുള്ള സ്വാതന്ത്ര്യം നൽകി. ഞങ്ങൾ ഒരു അഭിനയജോടിയായി മാറിയപ്പോൾ ഭരതനും പദ്‌മരാജനും മോഹനും ജോൺപോളുമെല്ലാം പുതിയ സംരംഭങ്ങൾ തേടിത്തുടങ്ങി. ഗോപിച്ചേട്ടന്റെ വീഴ്ച ഇൻഡസ്ട്രിയെ മാത്രമല്ല എന്നെയും ബാധിച്ചു. തിരുവരങ്ങിലെയും തമ്പിലെയും കൂട്ടായ്മയെക്കുറിച്ച് പറഞ്ഞില്ലേ, അതൊക്കെ എല്ലാ അർഥത്തിലും ജീവിതപാഠശാലകളാണ്.

ഒരു നടൻ എന്ന നിലയിൽ സിനിമയിലായാലും നാടകത്തിലായാലും കഥാപാത്രങ്ങൾക്ക് സവിശേഷമായൊരു താളപ്രകൃതി നൽകുന്നതിൽ താങ്കൾ ജാഗ്രതയോടെ പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്.

 ജന്മനാടിന്റെ പരിസരത്തുള്ള ഏതു പ്രകൃതിയും ഏതു ജീവിതവും എനിക്ക് തിരിച്ചറിയാം. സാംസ്കാരികമായും കലാപരമായും സമ്പന്നമാണ് എന്റെ കുടുംബം. അച്ഛൻ കുടുംബസ്വത്തായി പരിഗണിച്ചിരുന്നത് അതാണ്. എന്റെ സഹോദരന്മാർ അതിന്റെ സംരക്ഷകരായിരുന്നു. നെടുമുടിയുടെ അഞ്ചെട്ട് മൈൽ ചുറ്റളവിലുള്ള എല്ലാ മനുഷ്യരെയും എനിക്ക് നേരിട്ടറിയാമായിരുന്നു. അതിൽ കർഷകരും കർഷകത്തൊഴിലാളികളുമുണ്ട്. കുലത്തൊഴിലുകാരുണ്ട്. കഥകളിക്കാരും ചെണ്ടക്കാരുമുണ്ട്. നാടൻപാട്ടുകാരും വള്ളംകളിക്കാരും കുറവല്ല. പിന്നെ താളത്തിന്റെ കഥ. ഞങ്ങളുടേത് ഒറ്റയടിപ്പാതയ്ക്ക് സമാനമായ വഴികളും വരമ്പുകളുമാണ്. കുട്ടനാടിന്റെ താളപ്രകൃതി നടത്തത്തിലും കാണാം.

അതുകൊണ്ട് സംവിധായകൻ ഒരു കഥാപാത്രത്തെക്കുറിച്ചു പറയുമ്പോൾ എന്നിലുള്ള ഒരു കുട്ടനാട്ടുകാരൻ തലനീട്ടും. കുട്ടനാട്ടിൽക്കണ്ട അധ്യാപകരൊക്കെ എന്റെയുള്ളിൽ തിക്കിത്തിരക്കിവരുന്നുണ്ട്. കഥാപാത്രത്തിന്റെ ട്രീറ്റ്മെന്റിന് ആവശ്യമായതു ഞാൻ അവരിൽനിന്നെടുക്കും. അതൊക്കെ ഞാൻ എന്റെയുള്ളിൽത്തന്നെ സൂക്ഷിക്കുന്ന സ്പെസിമെനുകളാണ്. ചിലപ്പോൾ അതിന്റെ കഥാപാത്രത്തിനുവേണ്ടി രണ്ട് അധ്യാപകരുടെ ശീലങ്ങൾ കൂട്ടിക്കുഴച്ചും സ്വീകരിക്കും. അതൊക്കെ നടന്റെ ജീവിതത്തിൽവേണ്ട നിക്ഷേപങ്ങളാണ്. പിന്നെ താളത്തിന്റെ കാര്യം. ഏറ്റവും ചടുലം തിസ്രനടയല്ലേ. ചമ്പക്കുളം വള്ളംകളിയിൽ പങ്കായം വീഴുന്നതുനോക്കൂ. ആറന്മുള പള്ളിയോടത്തിന്റെ വരവാണെങ്കിൽ ആ താളം മന്ദമായിരിക്കും. നെടുമുടിയിലെ കർഷകത്തൊഴിലാളികൾ ചേറിൽ ചവിട്ടുന്നതിനുമുണ്ടല്ലോ താളം. കാവാലത്തിന്റെ നാടകത്തിൽ, അവനവൻകടമ്പയിൽ, താളപ്പരിഷകളുണ്ട്. അതിന്റെ ചുവടൊന്നുവേറെ. കഥകളിയിൽ പതിഞ്ഞാട്ടത്തിൽ പാദം ഉറപ്പിക്കുന്നതുകാണുമ്പോൾ അതിൽനിന്നൊരു ഊർജം ലഭിക്കും. ചുരുക്കത്തിൽ താളം എന്തിന്റെയും ജീവിതത്തിന്റെ തന്നെയും വ്യവസ്ഥയാണ്.

ഞാൻ ചെല്ലപ്പനാശാരിയുടെ നടത്തത്തിനു നാട്ടിലുള്ള ഒരു ആശാരിയുടെ അല്പം വളഞ്ഞുള്ള വരവ് ഉപയോഗപ്പെടുത്തിയിരുന്നു. ഒരിടത്തൊരു ഫയൽവാനിൽ എന്റെ നടത്തം മറ്റൊന്നായിരുന്നു. അപ്പുവിലെ ഡ്രൈവർ ഗുരുവിന് ഉറയ്ക്കാത്ത കാലുകളായിരുന്നു. ഒരർഥത്തിൽ അവതാളംതന്നെ. നോട്ടത്തിലെ ആശാന്, വാർധക്യം കൂടെയുള്ളതുകൊണ്ട് നാം അതു ശ്രദ്ധിച്ചു, പാലിച്ചു. ഇതൊക്കെ നമ്മുടെ ഉള്ളിലുള്ളതുതന്നെ. കഥാപാത്രത്തെ അറിഞ്ഞു പ്രവർത്തിക്കുമ്പോൾ അതുവരും. കമലദളത്തിൽ ഞാൻ കലാമന്ദിരം സെക്രട്ടറിയാണല്ലോ. അതിൽ ഒരു നൃത്തരംഗത്തിനു മുന്നിൽ സെക്രട്ടറി ഇരിക്കുന്ന രംഗമുണ്ട്. നൃത്തം അരങ്ങിൽ നടക്കുമ്പോൾ സെക്രട്ടറി താളംപിടിക്കുന്നു. ശരിക്കും അവതാളം. അതിലൂടെ സെക്രട്ടറിയുടെ കലാരംഗത്തെക്കുറിച്ചുള്ള അജ്ഞത എസ്റ്റാബ്ലിഷ് ചെയ്യുകയായിരുന്നു ഞാൻ. സെക്രട്ടറിയുടെ താളപ്പിഴവിനെ, ചെയർമാനായ തിക്കുറിശ്ശി വിലക്കുന്നുണ്ട്. താളം സ്വതേയുണ്ട്‌. പക്ഷേ, അവതാളം അവതരിപ്പിക്കാൻ ശരിക്കും ബുദ്ധിമുട്ടി.

ഒരേതൊഴിൽ ചെയ്യുന്ന, ഒരേസ്വഭാവമുള്ള ഒരുപാടുകഥാപാത്രങ്ങൾ വേണു ചെയ്തുതീർത്തിട്ടുണ്ട്. അധ്യാപകൻ, അച്ഛൻ, പള്ളിയിലെ അച്ചൻ, പാട്ടുകാരൻ തുടങ്ങി, ആവർത്തിച്ചാവർത്തിച്ചു വരുന്ന വേഷങ്ങളെക്കുറിച്ചാണ് പറയുന്നത്. മിക്ക നടന്മാരും ഇത്തരം കഥാപാത്രങ്ങളെ ഒരേ പാറ്റേണിൽ പരിചരിക്കുന്നത് കാണാം. എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത്

 ഇതിൽ പ്രശ്നം നടന്റെമാത്രമല്ല, തിരക്കഥയുടേതുമായിരിക്കും. ഒരു സിനിമയിൽ കഥാപാത്രത്തിന്റെ  അവസാനരംഗംവരെയുള്ള യാത്ര പ്രധാനമാണ്. കഥയുടെ സഞ്ചാരവും പ്രധാനംതന്നെ. സംഗീതജ്ഞൻ എന്നു പറയുമ്പോൾ അതിന്റെ എത്രയോ വിഭാഗങ്ങളുണ്ട്. ഭരതത്തിൽ ഞാൻ വായ്പാട്ടുകാരനായ കല്ലൂർ രാമനാഥനാണ്. വളരെ പ്രശസ്തനായ സംഗീതജ്ഞൻ. സർഗത്തിലെ സംഗീതജ്ഞൻ ആദ്യമായി അച്ഛനും പിന്നെ സംഗീതാധ്യാപകനുമാണ്. സവിധത്തിലെ അച്ഛൻ കമ്പോസറാണ്‌.

‘ഗാന’ത്തിലും ‘സർവം താളമയ’ത്തിലും ‘ചിത്ര’ത്തിലും ഞാൻ മൃദംഗം വായിക്കുന്നുണ്ട്. ഗാനത്തിലെ മൃദംഗക്കാരനായ ഗണപതി അയ്യർ കച്ചേരിക്ക് മൃദംഗം വലിച്ചുവായിക്കുന്നുണ്ട്. അതുപോലെയല്ല ചിത്രത്തിലെ ഇൻസ്റ്റന്റ് വായന. സർവം താളമയത്തിലെ വെമ്പു ഒരു ഗുരുവും മഹാനായ ആർട്ടിസ്റ്റുമാണ്. അവയിലെ കഥാപരിസരങ്ങൾക്ക്‌ അനുസരിച്ചാണ് നാം കഥാപാത്രത്തെ മനസ്സിൽ രൂപവത്‌കരിക്കേണ്ടത്. സംവിധായകന്റെ മനസ്സിലും ഒരുവാദകനുണ്ട്. ആശയവിനിമയത്തിലൂടെ നടൻ, തന്റെ വാദകനെ ചിട്ടപ്പെടുത്തുന്നു. അച്ഛൻവേഷത്തിന്റെ കാര്യവും ഇതുതന്നെ പാസഞ്ചറിലെ ടാക്സി ഡ്രൈവർ ശരിക്കും മുരടനായ ഒരാൾതന്നെ. ടാക്സി ഓടിച്ച് പണം വാങ്ങുന്നതിൽ ആർത്തികാണിക്കുന്ന ആ വൃദ്ധൻ. അറിയാതെത്തന്നെ ചില സംഭവങ്ങളിൽ ഉൾപ്പെടുകയാണ്. അപ്പോൾ അയാൾ ഡ്രൈവർ മാത്രമല്ല അയാളിൽ ആർദ്രതയുള്ള ഒരു മനുഷ്യനുമുണ്ടെന്ന് അറിയുന്നു. അപ്പോൾ അയാളുടെ ഭാവം, ശബ്ദം, ചലനരീതികൾ എന്നിവയ്ക്ക് ക്രമാനുഗതമായ മാറ്റം സംഭവിക്കുന്നു. എല്ലാതരം കഥാപാത്രങ്ങളുടെ റെൻഡറിങ്ങിലും ഈ രീതിഭേദമുണ്ട്. അധ്യാപകന്റെ സംഭാഷണരീതിയല്ല, വൈശാലിയിലെ രാജഗുരുവിന്റേത്. അതിലൊരു ക്ലാസിക്കൽ സ്റ്റൈലൈസേഷനുണ്ട്. ഗ്രാമീണവും നാഗരികവുമായ ഈ വകഭേദങ്ങൾപോലെ തൊഴിൽരംഗത്തുള്ളവരുടെ ഭാഷയും വ്യത്യസ്തമാണ്. അഭിനയത്തിൽ ഇത്തരം കാര്യങ്ങൾ മനോധർമപരമായി വേണം കൈകാര്യംചെയ്യാൻ.
വേണു ചെയ്തുവെച്ച കഥാപാത്രങ്ങളെക്കുറിച്ച് പറയുമ്പോൾ സേവ്യർ, അച്യുതൻകുട്ടി, ചാക്യാർ, ഹൈനസിലെ തമ്പുരാൻ, വേണു കുമാരമേനോൻ, കള്ളൻപവിത്രൻ, ചെല്ലപ്പനാശാരി, മിന്നാമിനുങ്ങിലെ സ്കൂൾ മാഷ് എന്നിവയൊക്കെയാവും ആദ്യം കടന്നുവരുക. വ്യക്തിപരമായി പഞ്ചവടിപ്പാലത്തിലെ യുവാവ്, തീർഥത്തിലെ ക്ലാർക്ക്, ഫയൽവാനിലെ മേസ്ത്രി, 24 നോർത്ത് കാതത്തിലെ കമ്യൂണിസ്റ്റ്, തന്മാത്രയിലെ അച്ഛൻ, ആലോലത്തിലെ തമ്പുരാൻ എന്നിവയൊക്കെ തിക്കിത്തിരക്കി വരുന്നുണ്ട്. പക്ഷേ, അച്ചുവേട്ടന്റെ വീട്ടിലെ അച്യുതൻകുട്ടിയാണ് ഏറ്റവും മികവുറ്റതെന്ന് തോന്നാറുണ്ട്
 കേരളത്തിലെ ദൈനംദിന ജീവിതത്തിൽ അച്ചുവേട്ടൻ എവിടെയുമുണ്ട്. ഒരു വീട് സ്വപ്നം കാണുന്ന ഈ കഥാപാത്രം എന്നിലുമുണ്ട്. അടുത്ത വീട്ടിലുമുണ്ട്. എനിക്ക് വളരെ ലാഘവപൂർണമായ ഒരുക്കങ്ങളോടെ ചെയ്യാൻ കഴിഞ്ഞ കഥാപാത്രമാണിത്. അനേകം സ്വപ്നങ്ങളുള്ള അച്ചുവേട്ടന് ഞാനായിട്ട് നൽകിയത്‌ അങ്ങേയറ്റം പിരിമുറുക്കമുള്ള, അഗാധമായ ഉത്‌കണ്ഠയുള്ള, ആശങ്കാകുലനായ ഒരു മനുഷ്യന്റേതാണ്. അതാണ് അയാളെ അന്തിമമായ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. അയാളുടെ മരണംപോലും ഞാൻ അതിന്റെ തുടർച്ചയായാണ് കണ്ടത്. എന്റെ മികച്ച വേഷമാണെന്ന് സുഹൃത്തുക്കളൊക്കെ ആവർത്തിച്ചുപറഞ്ഞത് അച്ചുവേട്ടന്റെ അവതരണമാണ്. അവതരണത്തിൽ സങ്കീർണമായിത്തോന്നിയത് സേവ്യർ, മാർഗത്തിലെ അധ്യാപകൻ, തേന്മാവിൻകൊമ്പത്തിലെ ശ്രീകൃഷ്ണൻ എന്നിവരാണ്.

തേന്മാവിൻകൊമ്പത്തിലെ ശ്രീകൃഷ്ണൻ ഒരു കോംപ്ലക്സ് കഥാപാത്രമാണ്. ശൃംഗാരം, മദ്യപാനം, അല്പം വില്ലത്തരം, കുറച്ച് ഫ്യൂഡൽ സ്വഭാവം എന്നിവയൊക്കെ കലർന്ന കഥാപാത്രമാണ്. പൊള്ളാച്ചിയിലെ ലൊക്കേഷനിൽ ഒരു കുടുംബത്തിലെന്നപോലെ ആസ്വദിച്ചുചെയ്ത കഥാപാത്രമാണ്. ചെറിയൊരു തമിഴ്ടച്ച്, ഒരു തമ്പുരാൻഭാവം, വിടത്വത്തിന്റെ ചെറിയൊരു മേമ്പൊടി എന്നിവയൊക്കെ ശ്രീകൃഷ്ണനിൽ ചേർത്തു. മാർഗത്തിലെ മേനോൻ എന്റെയുള്ളിൽ കടന്നിരുന്ന കഥാപാത്രമാണ്. വർത്തമാനകാല സാമൂഹിക, രാഷ്ട്രീയപരിസരങ്ങളിൽനിന്ന് രൂപംകൊണ്ട ഈ അധ്യാപകൻ പണ്ടത്തെ വിപ്ലവകാരിയാണ്. അയാളുടെ സുഹൃത്തുക്കളുടെ വീഴ്ചയിൽ സ്വയം പരിതപിക്കുന്ന വ്യക്തിയാണ്. സമൂഹത്തിന്റെ ഭാഗമാണെന്ന് ചിന്തിക്കുന്ന വ്യക്തിയാണയാൾ. എനിക്കതു സങ്കീർണമായി തോന്നിയെങ്കിലും ആ കഥാപാത്രം ഞാൻ എല്ലാ അർഥത്തിലും ഉൾക്കൊള്ളുകതന്നെ ചെയ്തു. ചാക്യാരുടെ കൂത്ത്, മാണിയുടേതും അമ്മന്നൂരിന്റേതും ധാരാളമായി കണ്ടിട്ടുണ്ട്. കലയെക്കുറിച്ച് അങ്ങേയറ്റം ബഹുമാനമുള്ള ജീവിതം കലയാണെന്നു വിശ്വസിക്കുന്ന കലാകാരനാണ് നോട്ടത്തിലെ ചാക്യാർ. ഞാൻതന്നെ സ്വയം സ്വരൂപിച്ചെടുത്ത അഭിനയപ്പകർച്ചയാണ് ഈ ചാക്യാർ.

24 നോർത്ത് കാതത്തിലെ  കഥാപാത്രത്തിനു പേരില്ല. അവസാനസീനിൽ അയാൾക്ക് ഡയലോഗില്ല. വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ ഭാര്യയുടെ ജഡം കാണുകയാണ്. അത് വളരെ നിയന്ത്രിതമായ ഉടലിലേക്ക് പകർത്തണം. ചെറിയതായി ഒന്നു അടിതെറ്റിയപോലെനിന്നു. താങ്ങായിനിന്ന കുടയെ വികാരം ഇറക്കിവെക്കാനുള്ള അവയവമാക്കി. യാന്ത്രികമായി കക്ഷത്തിരുന്ന ബാഗ് അടുത്തുനിന്നത് ആരാണെന്നുപോലും നോക്കാതെ കൊടുത്തു. സീൻ കഴിഞ്ഞപ്പോൾ നല്ല ആത്മവിശ്വാസം തോന്നി.

ഭരതന്റെ ആദ്യത്തെ ചരമവാർഷികവേളയിൽ കെ.എസ്. സേതുമാധവൻ, മലയാളത്തിന്റെ നടനായി വിശേഷിപ്പിച്ചത് വേണുവിനെയാണ്. നടൻ സോമന്റെ മരണത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് തുറന്നവേദിയിൽ വെച്ച് ‘‘വേണു നിങ്ങളെ മലയാളത്തിന് ഇനിയും വേണം’’ എന്നുപറഞ്ഞത്. അതുകഴിഞ്ഞ് രാത്രി ഗോപിച്ചേട്ടനും ജോൺപോളും ഗുഡ്നൈറ്റ് രാജുവും ജയരാജ് വാര്യരുമൊക്കെ ഇരിക്കുമ്പോൾ രാജുവാണത് വീണ്ടും ഓർമിപ്പിച്ചത്.

 ഒാരോന്നും ഓരോരോ കണ്ടെത്തലുകളാണ്. നടന്റെ വീണ്ടെടുപ്പുകൾകൂടിയാണ്. സുരേന്ദ്രൻ ഓർമിപ്പിച്ചതുപോലെ സാഹിത്യ അക്കാദമിയിൽ അവനവൻ കടമ്പയുടെ  അവതരണം കഴിഞ്ഞ രാത്രി കവിയരങ്ങായിരുന്നു. ഗോപിച്ചേട്ടനുമായി ഇരിക്കുമ്പോൾ എത്ര അനുഭവകഥകളാണ് പുറത്തുവന്നത്. ഞാൻ അതിൽനിന്ന് പലതും ശേഖരിക്കുന്നു. ടാഗോറിന്റെ കാബൂളിവാലയെപ്പോലെ പ്രിയപ്പെട്ടവർക്ക് തിരിച്ചുനൽകുന്നു.

നാടകക്യാമ്പുകളുടെ രാത്രികളിൽനിന്ന്, ഷൂട്ടിങ്ങിന്റെ രാത്രികളിലേക്ക്, ചെറിയ സദസ്സുകളിലേക്ക്, തെയ്യത്തിന്റെ തട്ടകത്തിലേക്ക്, കളിവട്ടത്തിലേക്ക്, ചൊൽക്കാഴ്ചയിലേക്ക് ഒക്കെ നീങ്ങിയിട്ടുണ്ട്. ചെറിയ ഇടങ്ങളിൽനിന്ന് പലതും ലഭിച്ചു. മലയാളികൾ കൂടുന്ന ഈ ചെറുകൂട്ടായ്മകളിൽ ഞാൻ എത്രയോ തവണ ഉൾപ്പെട്ടിട്ടുണ്ട്. അതൊക്കെ ഒരു ജീവിതകഥയിലും എഴുതാനാവാത്ത ഫിക്സഡ് ഡെപ്പോസിറ്റുകളാണ്. വാസ്തവത്തിൽ അതിന്റെ പലിശകൊണ്ടാണ് നാം ജീവിക്കുന്നത്.

(മാതൃഭൂമി ബുക്സ്‌ പ്രസിദ്ധീകരിക്കുന്ന  'നടനജീവിതം' എന്ന പുസ്തകത്തിലെ അഭിമുഖത്തിൽനിന്ന്‌)