അടിയൊഴുക്കുകൾ ഒളിപ്പിച്ച് ശാന്തമായൊഴുകുന്ന നദിയാണ് സ്ത്രീയെങ്കിൽ അവർ അമ്പത്തിയാറുപേരും അതിന്റെ കൈവഴികളാണ്. അവരുടെ വരകളും വർണങ്ങളും സ്വന്തം ഉള്ളറിയിക്കാനുള്ള ക്ഷണവും. അനാദിയായ അടിച്ചമർത്തലുകൾക്കും അവഗണനകൾക്കും നേരേയുള്ള ശീതസമരം. ധാരണകൾ തിരുത്തപ്പെടേണ്ടവയാണെന്നുള്ള ബോധ്യപ്പെടുത്തൽ. അതൊരു യുദ്ധപ്രഖ്യാപനമേയല്ല. സ്ത്രീയുടെ മനോവിചാരങ്ങളെ, ആന്തരികവ്യവസ്ഥകളെ അടുത്തറിയാനുള്ള വിശാലമായ ഒരിടം. ആലപ്പുഴയിൽ തുടരുന്ന ‘ലോകമേ തറവാട്’ കലാപ്രദർശനത്തിൽ അവർ 56 പേരുടെയും സൃഷ്ടികൾ 56 രൂപങ്ങളിലാണെങ്കിലും അതു മുന്നോട്ടുെവക്കുന്ന രാഷ്ട്രീയം ഒന്നുതന്നെയാണ്. പുഴയിലും കൈവഴികളിലും ഒരേ നീർക്കണങ്ങളൊഴുകുംപോലെ ആ കലാസൃഷ്ടികളിലെല്ലാം സ്ത്രീയുടെ പൊതുസ്വത്വബോധത്തിന്റെ ധാരകൾ പരന്നുകിടക്കുന്നു. നിശ്ശബ്ദമായ ആ സൃഷ്ടികൾ ‘ഉച്ചത്തിൽ’ പറയുന്നു: ‘‘പുറംകാഴ്ചയല്ല സ്ത്രീ. അകമേ അണയാത്ത നൽത്തിളക്കങ്ങളാ’’ണെന്ന്
 വരകളിലൂടെ, വർണ ചിത്രങ്ങളിലൂടെ, ഫോട്ടോകളിലൂടെ, വീഡിയോ/ ഗ്രാഫിക് ആർട്ടിലൂടെ, ഇൻസ്റ്റലേഷനിലൂടെ അവർ നടത്തുന്ന ആശയസംവാദങ്ങളിൽ ‘സ്ത്രീയെ അറിയൂ’എന്ന അഭ്യർഥനയാണ്. മാറ്റിനിർത്തപ്പെട്ട ഇടങ്ങളിലേക്ക് സ്വന്തം ചിന്ത കൊണ്ടും കഴിവുകൊണ്ടുമുള്ള ‘കടന്നുകയറ്റ’മാണ് ആ കലാസൃഷ്ടികൾ. അത് നമ്മെ ബോധ്യപ്പെടുത്തും; പുരുഷനും സ്ത്രീയും മനുഷ്യജീവികളെന്ന നിലയിൽ തുല്യരാണെന്ന്. മുതിർന്ന തലമുറയിലെ കലാകാരികൾ പലരും ബുദ്ധിജീവി സമൂഹത്തിലെ ലിംഗവിവേചനത്തോട് പല വിധത്തിൽ മല്ലിട്ടുനിന്നവരാണ്. ടി.കെ. പദ്‌മിനിയുടെ പിന്മുറക്കാരായി ’80-കളിലും ’90-കളിലുമെല്ലാം പുരുഷാധിപത്യത്തിന്റെ വാൾത്തലപ്പാൽ പ്രതിഭയുടെ ചിറകുകൾ അരിഞ്ഞുവീഴ്ത്തപ്പെട്ട ചിത്രകാരികൾ ഒട്ടേറെയാണ്. അവർക്കുശേഷം വന്ന സജിത ആർ. ശങ്കറെപ്പോലെ, രാധാ ഗോമതിയെപ്പോലെ, രതീദേവിയെപ്പോലെ, നിജീന നീലാംബരത്തെപ്പോലെ, ലേഖാ നാരായണനെപ്പോലെയുള്ളവർ ചിത്രകലയിൽ തന്നിടം നേടാൻ പൊരുതിനിന്നു. പുരുഷനെപ്പോലെ സ്ത്രീക്കും കലകൊണ്ടുമാത്രം ഈ സമൂഹത്തിൽ നിലനിൽക്കാമെന്നു തെളിയിച്ച കലാകാരിയാണ് സജിത ആർ. ശങ്കർ. പരസഹായമില്ലാതെ, നിരന്തര പോരാട്ടങ്ങളിലൂടെ അവർ സ്വയം രേഖപ്പെടുത്തി. കലാകാരികളുടെ സർഗാത്മക സ്വാതന്ത്ര്യം കുടുംബത്തിലും പൊതുജീവിതത്തിലും അംഗീകരിപ്പിക്കാനുള്ള പ്രയത്നമായിരുന്നു അവരുടേത്.

അവഗണനകളെ കഴിവുകൊണ്ട് മറികടക്കുകയാണ് ഇന്ന് ചിത്രകലാരംഗത്തെ സ്ത്രീകൾ. കല പഠിക്കാൻ, കലാകാരിയായി ജീവിക്കാൻ പുതിയ കാലത്തെ രാഷ്ട്രീയമായും മൗലികമായും അടയാളപ്പെടുത്താൻ മലയാളികളായ കലാകാരികൾ ഇന്ന് മുന്നിട്ടിറങ്ങുന്നു. കലാരംഗത്തെ പുരുഷാധിപത്യത്തെ വരകളിലെ വ്യത്യസ്തത കൊണ്ട് അവർ മറികടക്കുന്നു. പുരുഷനെക്കാൾ തരിമ്പും താഴെയല്ല സ്ത്രീയെന്ന് സ്ഥാപിക്കുന്നു. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ ദൃശ്യകലാകാരികളുടെ ഒരു കൂട്ടായ്മതന്നെ രൂപപ്പെട്ടുകഴിഞ്ഞു. പൊതുവേയുള്ള ഉണർവ് ആലപ്പുഴയിലെ ഈ മെഗാ ആർട്ട് ഷോയിലും കാണാം. കവിതാ ബാലകൃഷ്ണനും ആമി ആത്മജയും ആഷാ നന്ദനും ഇ.എൻ. ശാന്തിയും പൊൻമണി തോമസും ലക്ഷ്മി മാധവനും മോന എസ്. മോഹനും മെർലിൻ മോളിയും സ്മിത ജി.എസും പി.എസ്. ജലജയും അഹല്യാ രാജേന്ദ്രനും അനിത ടി.കെ.യും സിജി ആർ. കൃഷ്ണനും കാജൽ ദത്തും സുനീത കോടമനയും പാർവതി നായരും അഞ്ജു ആചാര്യയും നിവേദിത ദേശ്പാണ്ഡെയുമെല്ലാം ആ 56 പേരിൽ ചിലർമാത്രം. ആ കൂട്ടായ്മയിലാകട്ടെ നൂറ്റമ്പതിൽപ്പരം അംഗങ്ങളും. 

കവിതാ ബാലകൃഷ്ണൻ

:പതിമ്മൂന്നാം വയസ്സിൽ ചിത്രരചനയ്ക്ക് സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ് ഏറ്റുവാങ്ങിയ കലാകാരിയാണ് ഇപ്പോൾ തൃശ്ശൂർ ഫൈൻ ആർട്സ് കോളേജിലെ അധ്യാപികയായ കവിതാ ബാലകൃഷ്ണൻ. ചിത്രകലയിൽ മാത്രം ഒതുങ്ങുന്നതല്ല അവരുടെ സർഗാത്മക ജീവിതം. അത് കവിതയിലും കലാ ഗവേഷണങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. ബറോഡ എം.എസ്. സർവകലാശാലയിൽനിന്ന് കലാചരിത്രത്തിൽ എം.എഫ്.എ. ബിരുദം നേടിയ കവിത, ഭാഷയെയും ചരിത്രത്തെയുമെല്ലാം ദൃശ്യവത്കരിക്കുന്ന കലാകാരിയാണ്. എഴുത്തുഭാഷയുടെ ദൃശ്യപരമായ സമീപനം. മുൻ നിശ്ചയപ്രകാരമുള്ള ഇമേജുകളല്ല ഒരു ആർട്ടിസ്റ്റ് മുന്നോട്ടുെവക്കേണ്ടതെന്നു കവിത വിശ്വസിക്കുന്നു. ഇമേജുകളുടെ അർഥം കണ്ടെ​േത്തണ്ടത് ആസ്വാദകനാണെന്നും ആർട്ടിസ്റ്റ് അവതരിപ്പിക്കുന്നത് കലയെന്ന പ്രക്രിയ മാത്രമാണെന്നും അവർ പറയും. ഇമേജുകളുടെ അർഥം പൂർണമാകുന്നത് ആസ്വാദകന്റെ വിശകലനങ്ങളിലാണെന്ന വിശ്വാസം.

ശ്രീജ പള്ളം

:സ്ത്രീയുടെ അധ്വാനത്തെ ആഘോഷിക്കുന്ന കലാകാരിയാണ് ശ്രീജ പള്ളം. വർഗ -വർണങ്ങളിൽ അധിക്ഷേപിക്കപ്പെടുന്ന സ്ത്രീകളുടെ അത്യധ്വാനമാണ് സമൂഹത്തെ നിലനിർത്തുന്നതെന്ന് ശ്രീജ വിശ്വസിക്കുന്നു.

സിജി ആർ. കൃഷ്ണൻ

:മുംബൈയിലെ പ്രശസ്തമായ ഗാലറി മിർച്ചന്ദാനിയിൽ സോളോ പ്രദർശനം നടത്തിയിട്ടുള്ള, കൊച്ചി-മോസ്കോ ബിനാലെകളിലും മറ്റും പങ്കെടുത്തിട്ടുള്ള ശ്രദ്ധേയയായ കലാകാരിയാണ് സിജി ആർ. കൃഷ്ണൻ. ചുറ്റുപാടുകളെ സെൻസിറ്റീവായി സമീപിക്കുന്ന ചിത്രങ്ങളാണ് അവരുടേത്. വ്യക്തമല്ലാത്ത ഇമേജുകളാണ് പ്രത്യേകത. അരണ്ട വർണങ്ങളാണ് പലതും. ചുറ്റുപാടുകളുടെ സൂക്ഷ്മനിരീക്ഷണമാണത്. സകല ജീവജാലങ്ങളുടെയും വൈകാരികതലം ചിത്രങ്ങളിൽ കാണാം. കൗതുകമുണർത്തുന്ന, ഭാവാത്മകമായ, നിഗൂഢതകളൊളിപ്പിച്ച ചിത്രങ്ങൾ. നമ്മുടെയൊക്കെ കാഴ്ചകളിൽ ഇടംനേടാതെ പോകുന്നത്രയും സൂക്ഷ്മമായ ജീവിലോകം അവരുടെ ചിത്രങ്ങളിൽ കാണാം. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിജി, മാവേലിക്കര രാജാ രവിവർമ ഫൈൻ ആർട്സ് കോളേജ്, ഹൈദരാബാദിലെ സരോജിനി നായിഡു സ്കൂൾ ഓഫ് ഫൈൻ ആർട്സ് എന്നിവിടങ്ങളിൽ പഠിച്ചിറങ്ങിയ കലാകാരിയാണ്. 

അനിത ടി.കെ.

:കൃഷിപ്പണിയും കൂലിപ്പണിയുമായി കഷ്ടപ്പാടുകൾ നിറഞ്ഞ ഭൂതകാല മുറിവുകളെ കടുംവർണങ്ങൾ കൊണ്ട് ഉണക്കാൻ ശ്രമിക്കുന്ന കലാകാരിയാണ് അനിത ടി.കെ. വീടിനുള്ളിൽ തളച്ചിടപ്പെട്ടവർക്ക്, പ്രത്യേകിച്ചും കർഷകസ്ത്രീകൾക്ക് വയലാണ് തുറന്ന ലോകമെന്ന് അവർ കാണിച്ചുതരുന്നു.

രാധാ ഗോമതി

:‘അലക്സ വിൻ ദിസ് വാർ’ എന്ന ആശയവുമായി മൊബൈൽ ആപ്ലിക്കേഷനിൽ വരച്ച ചിത്രങ്ങളുടെ പ്രിന്റുകളാണ് രാധാ ഗോമതിയുടേതായി ഈ പ്രദർശനത്തിലുള്ളത്. കൃത്യമായ രാഷ്ട്രീയവീക്ഷണങ്ങളുള്ള ഒരു ഫെമിനിസ്റ്റാണ് രാധാ ഗോമതി. പെയിന്റിങ്ങിലും കലാചരിത്രത്തിലും ബിരുദമുള്ള രാധ, മികച്ചൊരു സംഘാടകയും ക്യുറേറ്ററുമാണ്. സാമൂഹിക വിമർശനവും സ്ത്രീശക്തിയുടെ പലതരത്തിലുള്ള ആവിഷ്കാരവും അവരുടെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. ‘അലക്സ വിൻ ദിസ് വാർ’ എന്ന സീരീസിൽ സ്ത്രീ-പുരുഷ സംഘർഷങ്ങളുടെ പല തലങ്ങൾ കാണാം. അത് പ്രണയമാകാം, കാമമാകാം, ഈഗോയാകാം, സമരസപ്പെടലാകാം, തുറന്ന യുദ്ധമാകാം, സമാധാനം കണ്ടെത്തലാകാം... പലതരത്തിലുള്ള സ്ത്രീ -പുരുഷ സംഘർഷ മേഖലകളാണ് ആ ചിത്രങ്ങളിൽ.

ജലജ പി.എസ്.

:ആൾക്കൂട്ടങ്ങളുടെ ചിത്രകാരിയാണ് ജലജ. അസാമാന്യമായ രാഷ്ട്രീയബോധമാണ് അവരുടെ പ്രത്യേകത. മനുഷ്യർക്കിടയിലെ രാഷ്ട്രീയമായ ധ്രുവീകരണങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കലാകാരി. വിരുദ്ധധ്രുവങ്ങളിൽ സഞ്ചരിച്ച് തമ്മിലടിക്കുന്ന സമൂഹത്തിന്റെ നേർസാക്ഷ്യങ്ങളാണ് അവരുടെ ചിത്രങ്ങൾ. കലാകാരി ആക്റ്റിവിസ്റ്റുകൂടിയാവണമെന്ന് അവരുടെ ചിത്രങ്ങൾ അടിവരയിടുന്നു.

കാജൽ ദത്ത്

:2018-ലെ പ്രളയം വിഴുങ്ങിയ കുട്ടനാട്ടിലേക്ക് കൈയിലൊരു ക്യാമറയുമായി കഷ്ടനഷ്ടങ്ങൾ ഒപ്പിയെടുക്കാൻ തിരിച്ച കലാകാരിയാണ് കാജൽ ദത്ത്. ആ ചിത്രങ്ങളും ആലപ്പുഴയുടെ കയർമേഖലയിൽ മനുഷ്യൻതന്നെ യന്ത്രമായി മാറിയിരുന്ന കാലത്തെക്കുറിച്ചുള്ള വീഡിയോ ആർട്ടുമാണ് ഈ കലാവിരുന്നിൽ കാജലിനെ വ്യത്യസ്തയാക്കുന്നത്.