അക്കാലത്ത് മലയാള ചലച്ചിത്രലോകത്തെ മിക്കവാറും എല്ലാ പ്രതിഭകളും ചിത്രാഞ്ജലിയിലെ നിത്യസന്ദർശകരായിരുന്നു. മിക്ക ദിവസങ്ങളിലും ജോലി തീരുമ്പോൾ നേരം പുലരും. ഉപകരണങ്ങൾ കുറച്ചുനേരം എങ്കിലും ഓഫ് ചെയ്തോട്ടേ എന്നുപറഞ്ഞ്‌ ഞങ്ങൾക്കു സംവിധായകരെയും അഭിനേതാക്കളെയും മറ്റും പലപ്പോഴും വിലക്കേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും ആരും ഒരു പരാതിപോലും പറഞ്ഞിരുന്നില്ല എന്ന്‌ ഇന്നോർക്കുമ്പോൾ അദ്‌ഭുതം തോന്നുന്നു. തികച്ചും പരാതി പറഞ്ഞില്ല, എന്നുപറഞ്ഞാൽ അത്‌ ഒരുപക്ഷേ, തെറ്റായിരിക്കും. കാരണം, അതിനു വിപരീതമായി നടന്ന ഒരുസംഭവം ഓർമവരുന്നു.

സംവിധായകൻ പവിത്രൻ ചിത്രാഞ്ജലി തുടങ്ങിയ നാൾമുതൽ എല്ലാ പടങ്ങളും അവിടെയാണ് ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ബലി, ഉപ്പ് തുടങ്ങിയ പടങ്ങൾ പ്രേക്ഷകർക്ക്‌ ഇഷ്ടപ്പെട്ടവയായിരുന്നു. ഉപ്പ് എന്ന പടത്തിന്റെ നിർമാണ വേളയിലായിരുന്നു അത്. ദേവദാസ് ആയിരുന്നു ഈ പടത്തിന്റെയും ശബ്ദലേഖകൻ. നേരത്തേത്തന്നെ, നിർമാതാവായ റഹീം വക്കീൽ സ്റ്റുഡിയോയിൽ വരുകയും ഡേറ്റുകൾ ബുക്ക് ചെയ്യുകയും ഉണ്ടായി.

വളരെ തിരക്കുള്ള കാലമായിരുന്നു അന്നു ചിത്രാഞ്ജലിയിൽ. രാവിലെ ഏഴുമണിക്കു തുടങ്ങുന്ന ജോലി അവസാനിക്കുന്നത് പിറ്റേദിവസം രാവിലെ. രണ്ടോ മൂന്നോ ഷിഫ്റ്റുകളിലായി ജോലിചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ പുരോഗമിക്കവേയാണ്‌ ഞങ്ങളുടെ സഹപ്രവർത്തകരിൽ ഒരാളുടെ വിവാഹം തീരുമാനിക്കപ്പെടുന്നത്. വിവാഹത്തലേന്ന്‌ സ്വാഭാവികമായും അദ്ദേഹത്തിനു ജോലിക്കു വരാനായില്ല. രണ്ടുദിവസമായി രാത്രി മുഴുവനും ജോലിയായിരുന്നതിനാൽ ഞങ്ങൾ മറ്റു രണ്ടുപേർക്കും ഇനി ഒരു രാത്രി കൂടി ഉറക്കമൊഴിക്കാൻ സാധ്യമല്ല താനും.

ഈ വിവരം ദേവദാസിനോടു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘എന്നാൽ, ഇന്നു നമുക്കു രാത്രി ജോലി വേണ്ടെന്നു വെക്കാം. രാത്രി ബുക്ക് ചെയ്ത റഹിമിനോടും പവിത്രനോടും ഞാൻ പറഞ്ഞോളാം. നാളെ കല്യാണത്തിനു പോവുകയും വേണമല്ലോ. അവർക്കു വേറേ സമയം അഡ്ജസ്റ്റ് ചെയ്തു കൊടുക്കാം.’’

ഇതും പറഞ്ഞു ദേവദാസും മറ്റുള്ളവരും പുറത്തിറങ്ങാൻ നേരത്താണ്‌ സംവിധായകൻ പദ്‌മരാജന്റെ ഒരു ഫോൺ േകാൾ ദേവദാസിനു വരുന്നത്. ‘‘ദാസേ, ഞങ്ങൾ ഇതാ ഗേറ്റിൽ എത്തി. ലാലിന്റെ ബാക്കിയുള്ള ഡബ്ബിങ്‌ ഇപ്പോൾ തീർത്തേ പറ്റൂ. സ്റ്റുഡിയോ അടയ്ക്കരുതേ. ഇതാ ഞങ്ങൾ എത്തി.’’

മോഹൻലാൽ അഭിനയിച്ചു കൊണ്ടിരുന്ന ഒരു പദ്മരാജൻ പടത്തിന്റെ ഡബ്ബിങ്ങും ആയിടയ്ക്കു ഞങ്ങൾ ചെയ്യുന്നുണ്ടായിരുന്നു.

ആരോടും ‘നോ’ എന്നു പറയാൻ കഴിയാത്തതായിരുന്നു, ഒരു പക്ഷേ, ദേവദാസിന്റെ ഒരു ദൗർബല്യം. രാത്രി ഭക്ഷണംപോലും കഴിച്ചിട്ടില്ലാതിരുന്ന അദ്ദേഹം, സ്വതഃസിദ്ധമായ ശൈലിയിൽ, അവരോട്‌ ഉടൻതന്നെ വരാൻ പറഞ്ഞുകഴിയുന്നതിനു മുൻപ് മോഹൻലാലിനെയും പദ്‌മരാജനെയും വഹിച്ച കാർ ചിത്രാഞ്ജലിക്കു മുന്നിൽ എത്തി.

ചുവരുകൾക്കും ചെവികൾ ഉണ്ടെന്ന്‌ ഒരുപക്ഷേ, അന്നായിരിക്കും ദേവദാസിനു മനസ്സിലായിട്ടുണ്ടാവുക. കാരണം മോഹൻലാൽ ഡബ്ബ്‌ ചെയ്യാൻ സ്റ്റുഡിയോയിൽ എത്തിയിട്ടുണ്ടെന്നറിഞ്ഞ പവിത്രനും അദ്ദേഹത്തിന്റെ കൂട്ടുകാരും ഉടൻതന്നെ അവിടേക്കു പാ​െഞ്ഞത്തി.

‘‘എന്തുതന്നെ വന്നാലും ഞങ്ങൾ ബുക്ക്‌ ചെയ്ത സമയത്ത് ഞങ്ങൾതന്നെ വർക്ക് ചെയ്യും’’ എന്നും പറഞ്ഞ്‌ ആ യൂണിറ്റിലെ എല്ലാവരും ആ രാത്രിയിൽ ചിത്രാഞ്ജലിക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു.
മോഹൻലാലിന് കാറിനു വെളിയിലേക്കു ഇറങ്ങാൻപോലും ആയില്ല. പവിത്രന്റെ ഉത്തമസുഹൃത്തായിരുന്നു പദ്മരാജൻ. മോഹൻലാലിനെയും പവിത്രനു നല്ലപോലെ അറിയാമായിരുന്നു. ദേവദാസിന്റെ മധ്യസ്ഥതയിൽ സന്ധിസംഭാഷണങ്ങൾ നടന്നെങ്കിലും ഫലംകണ്ടില്ല. സമയം രാത്രി പതിനൊന്നു മണിയോടടുക്കുന്നു.

ഇത്തരം സന്ദർഭങ്ങൾ ഇതിനു മുമ്പും പിന്നീടും അവിടെ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഇതൊരു സവിശേഷസന്ദർഭം. മലയാളസിനിമയുടെ അഭിമാനമായ മോഹൻലാലും പദ്മരാജനും ഒരു വശത്ത്, അവരെ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പവിത്രന്റെ നേതൃത്വത്തിൽ കുറെപ്പേർ മറുവശത്തും. നടുവിൽ നട്ടംതിരിഞ്ഞ്‌ ദേവദാസും.

ഒടുവിൽ രണ്ടുപേർക്കും മറ്റൊരു സമയം തരാം എന്നു തീരുമാനമാക്കിക്കൊണ്ട് ദേവദാസ് ഒരു പ്രശ്നപരിഹാരത്തിൽ എത്തി.

സന്ധിസംഭാഷണങ്ങൾക്കുശേഷവും മോഹൻലാൽ ഡബ്ബ് ചെയ്തേക്കുമോ എന്നു ഭയന്ന്‌ പവിത്രനും അദ്ദേഹത്തിന്റെ കൂട്ടുകാരും ചിത്രാഞ്ജലി സ്റ്റുഡിയോയിലെ െറക്കോഡിങ്‌ തിയേറ്ററിന്‌ മുന്നിൽ ആ രാത്രി കിടന്നുറങ്ങാൻ തീരുമാനിക്കുന്നു. അവർ ഓരോരുത്തരായി, പൊടിപിടിച്ചു കിടന്നിരുന്ന കാർപ്പെറ്റിൽ കൈ തലയണയാക്കി ഉറക്കം ആരംഭിച്ചു. കാറിൽനിന്നു പുറത്തുപോലും ഇറങ്ങാൻ പറ്റാതെ മോഹൻലാലും പദ്മരാജനും തിരിച്ചുപോയി.

സ്റ്റുഡിയോ പുറത്തുനിന്നു പൂട്ടാൻ പറ്റാതെ വിഷമിച്ചിരുന്ന ദേവദാസിനെ പവിത്രൻ സമാധാനിപ്പിച്ചു: ‘‘ഇവിടത്തെ സെക്യൂരിറ്റിയെല്ലാം ഞങ്ങളുടെ െെകയിൽ ഈ രാത്രി ഭദ്രം. ദാസ് ധൈര്യപൂർവം വീട്ടിലേക്കു പൊയ്‌ക്കൊള്ളൂ. പിന്നെ... മോഹൻലാലിനെയും പദ്‌മരാജനെയും ഞാൻ നാളെ കണ്ട് സമാധാനിപ്പിച്ചോളാം.’’

എങ്കിലും പോകുന്നതിനു മുൻപ് സെക്യൂരിറ്റി ഓഫീസറെ വിളിച്ചു കാര്യങ്ങൾ പറഞ്ഞിട്ടാണു ദേവദാസ് ആ രാത്രി സ്റ്റുഡിയോയിൽനിന്നു പോയത്.

പിറ്റേന്നു സുഹൃത്തിന്റെ കല്യാണത്തിരക്കിനിടയിൽ ആരോ വന്ന്‌ എന്നോടു പറഞ്ഞു: ‘‘ഇന്നലെ രാത്രി നിങ്ങളുടെ സ്റ്റുഡിയോയിൽ എന്താ ‘ഉപ്പുസത്യാഗ്രഹം’ നടന്നു എന്നും മറ്റും കേട്ടല്ലോ. ശരിയാണോ?’’

ഞാൻ അദ്‌ഭുതപ്പെട്ടുപോയി. നമ്മുടെ സ്റ്റാഫിലെ ഏതോ വിരുതൻ ആ സത്യാഗ്രഹത്തിനിട്ട പേരാണ്‌ ഉപ്പുസത്യാഗ്രഹം. ‘ഉപ്പ്’ എന്ന സിനിമയുടെ ജോലികൾക്കു വേണ്ടിയാണല്ലോ ആ ‘സത്യാഗ്രഹം’ നടന്നത്!

ആ ‘ഉപ്പു’സത്യാഗ്രഹത്തിൽ പങ്കെടുത്ത പലരും ഇന്നു ജീവിച്ചിരിപ്പില്ല.

ദേവദാസും പദ്മരാജനും പവിത്രനും റഹിം വക്കീലും ഒന്നും. പക്ഷേ, ആ ഓർമകൾ ജീവിച്ചിരിക്കുന്നു; എന്നിലും ഒരുപക്ഷേ, മോഹൻലാലിലും.