ഞാൻ നിൽക്കുന്നത് ഒരു ഇരുപത്തിയൊന്നുനില കെട്ടിടത്തിന്റെ മനോഹരമായി അലങ്കരിച്ച പ്രവേശനമുറിയിലാണ്. മൂന്ന്‌ നിലയോളം ഉയരമുള്ള സീലിങ്‌; അത്രയുംതന്നെ ഉയരത്തിൽ ഗ്ളാസ് ജനാലകൾ. എന്റെ മുമ്പിൽ ആകാശത്തിലേക്ക് ശിരസ്സുയർത്തി കൈകൾ വിരിച്ചുനിൽക്കുന്ന മുപ്പതടിയോളം ഉയരമുള്ള ഒരു നഗ്നമനുഷ്യപ്രതിമ.

‘മനുഷ്യനും സ്വാതന്ത്ര്യവും’ എന്നതാണ് യുഗോസ്ലാവിയൻ ശില്പിയായ ഐവാൻ മെസ്‌ട്രോവിച്ച് നിർമിച്ച ഈ പ്രതിമയുടെ പേര്. ആരോഗ്യമാണ് നിങ്ങളുടെ സ്വാതന്ത്ര്യം എന്നതാണ് പ്രതിമ അർഥമാക്കുന്നത്.

കുറച്ചായി എനിക്ക് നഷ്ടപ്പെട്ട ആ സ്വാതന്ത്ര്യം നേടിയെടുക്കാനാണ് ഏറെദൂരം സഞ്ചരിച്ച് ലോകപ്രശസ്തമായ ഈ ചികിത്സാലയത്തിൽ ഞാൻ എത്തിയിരിക്കുന്നത്. അമേരിക്കയിൽ മിനസോട്ട സംസ്ഥാനത്തിൽ റോച്ചസ്റ്റർ എന്ന ചെറിയ നഗരത്തിൽ സ്ഥിതിചെയ്യുന്ന മയോക്ലിനിക്കിലാണ് എന്റെ ഇന്നത്തെ ദിവസം ആരംഭിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ചെറിയ ക്ലിനിക്കല്ല ഇത്; മറിച്ച് റോച്ചസ്റ്റർ  നഗരത്തിന്റെ ഹൃദയഭാഗത്തായി പടർന്നുകിടക്കുന്ന ആശുപത്രി സമുച്ചയം. അതോടൊപ്പം മെഡിക്കൽ സ്കൂൾ, ഗവേഷണകേന്ദ്രങ്ങൾ, ലബോറട്ടറികൾ, ഹോട്ടലുകൾ തുടങ്ങിയ ​സൗകര്യങ്ങളോടെ പരസ്പരബന്ധിതമായ ഒരു സൗഖ്യാലയം!

അമേരിക്കയിൽനിന്ന് മാത്രമല്ല, ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും ജനങ്ങൾ ഇവിടെയെത്തുന്നു. ദൂരസ്ഥലങ്ങളിൽനിന്ന് വരുന്നവർക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വേണ്ട കാര്യങ്ങൾ ചെയ്ത് മടങ്ങാൻ സാധിക്കുന്ന വിധത്തിൽ മയോക്ലിനിക് സ്റ്റാഫ് അവർക്കായുള്ള പദ്ധതികൾ തയ്യാറാക്കുന്നു. ആവശ്യമെങ്കിൽ പരിഭാഷകരെയും ബൈസ്റ്റാൻഡർ സേവനങ്ങളും ലഭ്യമാക്കുന്നു. അർഹരായവർക്ക് ചികിത്സയ്ക്കുവേണ്ടുന്ന സാമ്പത്തികസഹായങ്ങൾ നൽകാനും ശ്രമിക്കുന്നു. ഏകദേശം 130 രാജ്യങ്ങളിൽനിന്ന് പതിമ്മൂന്ന് ലക്ഷത്തോളം രോഗികൾ പ്രതിവർഷം ഇവിടെയെത്തുന്നു. കേരളത്തിൽനിന്ന് ഒട്ടേറെ രോഗികൾ ഇവിടെ ചികിത്സയ്ക്കായി എത്തുന്നുണ്ട്. മലയാളികളായ ഒട്ടേറെ ഡോക്ടർമാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. കൂടാതെ, റിസർച്ചിലും മെഡിക്കൽ സ്കൂളിലുമായി കേരളത്തെ പ്രതിനിധാനം ചെയ്യുന്ന മലയാളി വിദ്യാർഥികളും!

രോഗനിർണയം, ചികിത്സ എന്നിവയിൽ അവസാനവാക്കാണ് മയോക്ലിനിക്‌. മയോക്ലിനിക്കിലെ അക്കാദമിക് വൈദഗ്‌ധ്യത്തെക്കുറിച്ചോ, ചികിത്സയിലെ നൂതനരീതികളെക്കുറിച്ചോ അല്ല ഈ ലേഖനം. അത് വിവരിക്കാൻ ഏതാനും താളുകൾ മതിയാവില്ല. മറിച്ച് മയോക്ലിനിക്കിൽ ചികിത്സയ്ക്കായെത്തിയ ഒരു രോഗി എന്നനിലയിൽ എനിക്കുണ്ടായ വ്യത്യസ്തവും ആർദ്രവുമായ അനുഭവങ്ങളും  സഹാനുഭൂതിയിൽ അധിഷ്ഠിതമായ സേവനത്തിന്റെ ചില നേർക്കാഴ്ചകളുമാണ് ഞാൻ പങ്കുവെക്കുന്നത്.

ഓസ്റ്റിനിൽനിന്ന്‌ പതിനാറു മണിക്കൂർ കരമാർഗം യാത്രചെയ്താണ് ഞങ്ങൾ ഇവിടെയെത്തിയിരിക്കുന്നത്. എന്റെ രണ്ടാമത്തെ സന്ദർശനമാണിത്. ആദ്യം വന്നത് കോവിഡ് പടർന്നുപിടിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു. അന്നെത്തിയത് രോഗനിർണയത്തിനാണെങ്കിൽ ഈ വരവ് തുടർചികിത്സയ്ക്കുവേണ്ടിയാണ്. ചെറുതായി തുടങ്ങുന്ന ചില അസുഖങ്ങൾ എങ്ങനെ ജീവിതത്തിന്റെ താളംതെറ്റിക്കുമെന്ന് അനുഭവംകൊണ്ട് ഞാൻ മനസ്സിലാക്കി. പല സ്പെഷ്യലിസ്റ്റുകളെ കാണുകയും ചികിത്സകൾ പരീക്ഷിക്കുകയും ചെയ്തിട്ടും പരിഹാരംകിട്ടാതെ വന്നപ്പോഴാണ് ചികിത്സയിൽ ‘ഡയഗ്നോസിസ്’ അഥവാ രോഗനിർണയം എന്നതിന്റെ പ്രസക്തി എത്ര വലുതാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഫെബ്രുവരി 2020-ൽ ആദ്യമായി മയോക്ലിനിക്കിലെത്തുന്നത്. നാലാഴ്ചനീണ്ട പരിശോധനകൾക്കുശേഷം രോഗനിർണയത്തിലേക്കെത്തുകയും ചികിത്സതുടങ്ങുകയും ചെയ്തു. കോവിഡ് കാലഘട്ടത്തിൽ വീഡിയോ കോളുകളിലൂടെ ഡോക്ടർ എനിക്കുവേണ്ട നിർദേശങ്ങൾ നൽകുകയും മയോക്ലിനിക്കിന്റെ ഫാർമസിയിൽ നിർമിക്കുന്ന മരുന്നുകൾ അയച്ചുതരികയും ചെയ്തിരുന്നു.

വാക്സിൻ രണ്ടുഡോസും എടുത്തതിനുശേഷമാണ്‌ ഈ യാത്ര. കോവിഡ് ടെസ്റ്റ് ചെയ്തതിനുശേഷമാണ്‌ മറ്റു ടെസ്റ്റുകൾ തുടങ്ങുന്നത്. മയോക്ലിനിക്‌ ആപ്പിൽ നോക്കി: ആദ്യത്തേത്‌ ബ്ലഡ് ടെസ്റ്റാണ്. രോഗിയുടെ സന്ദർശനം ഏറ്റവും സുഗമമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മയോക്ലിനിക്‌ ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. മയോക്ലിനിക്‌ നമ്പർ വഴി ലോഗിൻചെയ്തു കഴിഞ്ഞാൽ തങ്ങളുടെ സന്ദർശനത്തെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും രോഗിക്ക് ലഭിക്കും. ഓരോ ടെസ്റ്റും എന്താണെന്നും അതിനുവേണ്ട മുന്നൊരുക്കങ്ങൾ എന്തൊക്കെയാണെന്നും

എവിടെയാണെത്തേണ്ടതെന്നുമെല്ലാം. ടെസ്റ്റുകൾ കഴിയുന്നതിനനുസരിച്ച് റിസൽറ്റുകളും ഡോക്ടർമാരുടെ വിശദമായ റിപ്പോർട്ടുകളും നിർദേശങ്ങളുമുൾപ്പെടെ വ്യക്തമായി വിവരിച്ചിട്ടുണ്ടാവും.
എന്റെ ബ്ലഡ്‌ ടെസ്റ്റ് അടുത്തുള്ള കെട്ടിടത്തിലാണ്. മിക്ക കെട്ടിടങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന അണ്ടർഗ്രൗണ്ട് ടണലുകളും  സ്‌കൈവേകളുമുണ്ട.്  ടണലുകൾക്ക്‌ സബ്‌വേ എന്നാണ് ഇവിടെ വിളിപ്പേര്. ശൈത്യകാലത്ത് താപനില മൈനസ് ഡിഗ്രിയിലേക്ക് താഴുകയും മഞ്ഞിനാൽ ആവൃതമാവുകയും ചെയ്യുന്ന സ്ഥലമാണ് റോച്ചസ്റ്റർ. പുറത്തിറങ്ങി കഷ്ടപ്പെടാതെ അടുത്തകെട്ടിടത്തിലേക്ക് രോഗിക്ക് എത്താൻ സാധിക്കും എന്നതാണ് ടണലുകളുടെ ഉദ്ദേശ്യം. ഞാൻ സബ്‌വേയിലൂടെ നടന്നു. വഴിയിൽ പലയിടങ്ങളിലായി ഗ്രീറ്റേഴ്‌സ് നിൽക്കുന്നുണ്ട്. സന്ദർശകരുടെ സംശയനിവാരണം ആണ് പ്രഥമകർത്തവ്യമെങ്കിലും പലപ്പോഴും സംഭാഷണം കുശലാന്വേഷണങ്ങളിലേക്കും നീളും. ഓരോരുത്തരെയും എത്ര സ്നേഹത്തോടെയും നിറപുഞ്ചിരിയോടെയുമാണ് അവർ സ്വീകരിക്കുന്നത്‌! കാതങ്ങൾ കടന്ന് ഇവിടെയെത്തുന്ന ഓരോ രോഗിയുടെയും ചിരിയുടെ പിന്നിലെ സഹനത്തിന്റെയും അതിജീവനത്തിന്റെയും വേദന അവർ മനസ്സിലാക്കുന്നു.

ലാബിനുമുമ്പിൽ തിരക്കുണ്ടെങ്കിലും വളരെ വേഗമാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. ധാരാളം ഇരിപ്പിടങ്ങൾ. നഴ്‌സ് വാതിലിനടുത്തുവന്ന് പേരുവിളിച്ച് എന്നെ അകത്തേക്ക് നയിച്ചു. ആദ്യത്തെ ‘ഹലോ’തൊട്ട് സ്നേഹത്തോടെയുള്ള സംസാരവും പെരുമാറ്റവും. അനുകമ്പ എന്നത് മയോക്ലിനിക്കിലെ ഒാരോ ജീവനക്കാരുടെയും രക്തത്തിലലിഞ്ഞുചേർന്നിരിക്കുന്ന ഒന്നാണ്. അങ്ങനെയാണ് അവരെ പരിശീലിപ്പിച്ചിരിക്കുന്നത്. മയോക്ലിനിക്കിന്റെ വാതിൽകടന്ന് അകത്തുകടന്നിട്ടുള്ള ഓരോരുത്തരും സമ്മതിക്കുന്ന ഒരു കാര്യമാണത്; ഡോക്ടർമാർതൊട്ട് കോഫീഷോപ്പിലെ ജോലിക്കാർവരെ ഉറപ്പുവരുത്തുന്ന സൗഹൃദപരമായ പെരുമാറ്റം. അതുതന്നെയാണ് മയോക്ലിനിക്കിനെ വ്യത്യസ്തമാക്കുന്നതും.

‘The needs of the patient comes first’ എന്ന തത്ത്വത്തിൽ അധിഷ്ഠിതമായാണ് ഡോ.ഡബ്ല്യു.ഡബ്ല്യു.മയോ ഈ ചികിത്സാലയം സ്ഥാപിച്ചത്. പ്രസിഡന്റ് എബ്രഹാം ലിങ്കനാണ് ഡോ. മയോയുടെ കഴിവുകൾ മനസ്സിലാക്കി 1863-ൽ യുദ്ധത്തിൽ മുറിവേറ്റവരെ പരിചരിക്കുന്നതിനായി റോച്ചസ്റ്റർ യൂണിറ്റിലേക്ക് അദ്ദേഹത്തെ നിയമിച്ചത്. അവിടെയുള്ള സേവനം കഴിഞ്ഞപ്പോഴേക്കും റോച്ചസ്റ്റർ ഡോ. മയോക്കും കുടുംബത്തിനും പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞിരുന്നു. അദ്ദേഹം അവിടെ സ്ഥിരതാമസമാക്കി. 1883-ൽ റോച്ചസ്റ്ററിനെ തകർത്തെറിഞ്ഞുകൊണ്ട് ഒരു ചുഴലിക്കൊടുങ്കാറ്റ് വീശി. സ്കൂൾ അധ്യാപകരായിരുന്ന സെയ്‌ന്റ് ഫ്രാൻസിസ് കോൺവെന്റിലെ കന്യാസ്ത്രീകളുടെ സഹായത്തോടെ ഒരു താത്കാലിക ചികിത്സാകേന്ദ്രം ഡോ. മയോ സജ്ജമാക്കി. നാടുമുഴുവൻ അവരുടെ കൂടെനിന്നു. അതിനുശേഷം റോച്ചസ്റ്ററിൽ ഒരു ആശുപത്രി തുടങ്ങാൻ കന്യാസ്ത്രീകൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.  1889-ൽ കന്യാസ്ത്രീകളുമായി സഹകരിച്ച് ഡോ. മയോ ആശുപത്രി സജ്ജമാക്കി. ഡോ. മയോയുടെ മക്കളായ ഡോ. വില്ലും ഡോ. ചാർളിയും അദ്ദേഹത്തിന്റെ കൂടെച്ചേർന്നു. ടീം വർക്കിന്റെ സാധ്യതകൾ മനസ്സിലാക്കി ഡോ. മയോ മറ്റ് ദേശങ്ങളിൽനിന്നുള്ള വിദഗ്ധരായ ഡോക്ടർമാരെ തങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി. എൻജിനിയറും ഡോക്ടറുമായിരുന്ന ഡോ. പ്ലാമറിന്റെ വരവോടെ ടെക്‌നോളജി ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളിലൂടെ  ആശുപത്രിയുടെ ഖ്യാതി വർധിച്ചു. വിജ്ഞാനവർധനയ്ക്കായി ഡോ. മയോയും മക്കളും മറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിക്കുകയും അവ തങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുകയും ചെയ്തു. മയോക്ലിനിക്‌ എന്ന വിളിപ്പേരിൽ ആ ചെറിയ ഗ്രാമത്തിൽ സേവനത്തിലധിഷ്ഠിതമായ മൂല്യങ്ങളിലൂടെ ആ ചികിത്സാലയം വളർന്നു. ഇന്ന് ലോകംമുഴുവനും മനുഷ്യർ തങ്ങളെ തളർത്തുന്ന അസുഖങ്ങൾക്ക് ഒറ്റമൂലിതേടി ഇവിടെയെത്തുന്നു.
അടുത്ത ടെസ്റ്റിനുമുമ്പ് കുറച്ചുസമയമുണ്ട്. എന്തെങ്കിലും കഴിക്കണം. ഭക്ഷണശാലകളും കോഫീഷോപ്പുകളും സബ്‌വേയുടെ വശങ്ങളിലും  ഓരോ കെട്ടിടത്തിലുണ്ട്. ഞാൻ പ്രധാന കെട്ടിടമായ ഗോണ്ട ബിൽഡിങ്ങിലെ കഫ്‌റ്റേരിയയിലേക്ക് നടന്നു. സമയം രാവിലെ ഏഴുമണിയേ ആവുന്നുള്ളൂവെങ്കിലും കഫ്‌റ്റേരിയയിൽ നല്ല തിരക്കുണ്ട്. പല രൂപഭാവങ്ങളിൽ  വ്യത്യസ്തരായ മനുഷ്യർ; പല ദേശങ്ങളിൽനിന്നു വന്നവർ; പല ഭാഷ സംസാരിക്കുന്നവർ. എല്ലാവരെയും തമ്മിൽ ബന്ധിപ്പിക്കുന്നത് ഒന്നുമാത്രം; ശരീരത്തിനെയും മനസ്സിനെയും തളർത്തുന്ന അസുഖങ്ങൾ. ആ പ്രതിമയെപ്പോലെ ഞാനും ഇവരും കൈനീട്ടുന്നത് ദൈവത്തിന്റെ കരസ്പർശമുള്ള വൈദ്യന്മാരിലേക്കാണ്.

എവിടെയും ഒരു ആശുപത്രിയാണ് എന്ന പ്രതീതിയേയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കെട്ടിടങ്ങളുടെ മതിലുകളിൽ മനോഹരമായ ചിത്രങ്ങളും  ലോകത്തിന്റെ വിവിധസ്ഥലങ്ങളിൽനിന്ന് ശേഖരിച്ച കൗതുകവസ്തുക്കളും. ഓരോന്നും കുറച്ചുസമയം ചെലവഴിച്ച് ആസ്വദിക്കേണ്ടവ. അതുകൂടാതെ മയോ കുടുംബത്തെക്കുറിച്ചുള്ള ഒരു മ്യൂസിയവും ഇവിടെയുണ്ട്. ഞാനിപ്പോൾ എത്തിയിരിക്കുന്ന ലോബിയിൽ സീലിങ്ങിൽനിന്ന് തൂങ്ങിക്കിടക്കുന്ന ഗ്ളാസുകൊണ്ട് നിർമിച്ച നീലയും മഞ്ഞയും നിറങ്ങളിൽ കടൽജീവികളെപ്പോലെ തോന്നിക്കുന്ന കൂറ്റൻ ശില്പങ്ങൾ.

ഡെയിൽ ചിഹൂലി എന്ന ശില്പി നിർമിച്ചതാണിത്. മയോക്ലിനിക്കിലെ നഴ്‌സിങ് കെയറിനെ ആദരിക്കുന്നതിനായി ഇത് സമർപ്പിച്ചിരിക്കുന്നു. സെയ്‌ന്റ് ഫ്രാൻസിസ് കന്യാസ്ത്രീകളുടെ നിസ്സ്വാർഥമായ ആതുരസേവനമൂല്യങ്ങളിൽ അധിഷ്ഠിതമാണ് ഇവിടത്തെ നഴ്‌സിങ് കെയർ.

കുറച്ച്‌ അസ്വസ്ഥതയും വേദനയും ഉണ്ടാക്കുന്ന ചില ഗാസ്‌ട്രോ ടെസ്റ്റുകളായിരുന്നു അടുത്തത്. ടെക്‌നീഷ്യന്റെ വൈദഗ്ധ്യം കൊണ്ടും അതിലുപരി സഹാനുഭൂതി നിറഞ്ഞ പെരുമാറ്റം കൊണ്ടും ടെസ്റ്റിന്റെ കാഠിന്യം കുറഞ്ഞതുപോലെ! ഇതേ ടെസ്റ്റുകൾ മറ്റു പലയിടങ്ങളിൽ ചെയ്തപ്പോഴും യാന്ത്രികമായ ഇടപെടലുകളും തിരക്കിട്ട് തീർക്കാനുള്ള ശ്രമം കൊണ്ടുണ്ടായ അസ്വസ്ഥതകളുമായിരുന്നു അനുഭവം. ഇവിടെ രോഗനിർണയത്തിന് ആവശ്യമായിട്ടുള്ളവ മാത്രം ചെയ്യുക എന്നതും രോഗിയുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

ഞാൻ ഒന്ന് വിശ്രമിക്കാനായി ഒരു സ്ഥലം അന്വേഷിച്ചു. പലയിടങ്ങളിലും ഫോൺ ചാർജ് ചെയ്യാനും വിശ്രമിക്കാനുമുള്ള ഇരിപ്പിടങ്ങളും ശബ്ദശല്യങ്ങൾ ഇല്ലാതെ ഉറങ്ങാൻ പറ്റുന്ന മുറികളുമൊക്കെയുണ്ട്. അതുകൂടാതെ രോഗിയുടെ കൂടെവരുന്നവർക്ക്‌ സ്വന്തം ജോലി ചെയ്യാൻ സാധിക്കുന്ന ക്യുബിക്കിളുകളും കോഫീഷോപ്പുകളും മറ്റു കടകളുമൊക്കെയുണ്ട്. അസുഖം ബാധിച്ച തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഒപ്പംനിന്ന് അവർക്കുവേണ്ട സഹായങ്ങൾ ചെയ്ത് അവരെ മാനസികമായി ബലപ്പെടുത്തി മുന്നോട്ടുപോവുക എന്നത് കുടുംബാംഗങ്ങളെ സംബന്ധിച്ചും അതിഊർജം വേണ്ടുന്ന ഒന്നാണ്. അടുത്ത അപ്പോയിന്റ്‌മെന്റ് ഗാസ്‌ട്രോ എൻട്രോളജിസ്റ്റുമായാണ്; അമേരിക്കയിലെ മുൻനിരയിലെ ഡോക്ടർമാരിലൊരാൾ. കാണാൻ എത്തുന്നതിനുമുമ്പ് രോഗികളുടെ വിശദവിവരങ്ങളും ടെസ്റ്റ് റിസൾറ്റുകളുമെല്ലാം പഠിച്ചിട്ടാണ് ഓരോ ഡോക്ടറും എത്തുന്നത്. രോഗവിവരങ്ങൾ നഴ്‌സ് തൊട്ട് ഓരോരുത്തരോടും ആവർത്തിക്കേണ്ട യാതനകൾ ഇല്ല എന്നുസാരം.

സൗമ്യനായ ഡോക്ടർ. വളരെ വിശദമായി മുന്നോട്ടുള്ള പദ്ധതികൾ വിവരിച്ചു. ഇവിടെ ഡോക്ടറിന് വെള്ളക്കെട്ടില്ല. സ്യൂട്ടാണ്‌ വേഷം. എന്റെ ചോദ്യങ്ങൾ എല്ലാം തീർന്നിട്ടും ഡോക്ടർ പിന്നെയും സംസാരിക്കാൻ തയ്യാറായിരുന്നു. മുക്കാൽ മണിക്കൂറാണ് ഒരു രോഗിക്കായുള്ള സമയം. അത് പലപ്പോഴും ഒരു മണിക്കൂറിലേക്ക് കടക്കും. പ്രത്യേകിച്ചും ദൂരസ്ഥലങ്ങൾിൽ നിന്നുള്ളവരാണെങ്കിൽ. ഓരോ രോഗിയും കടന്നുവന്നിട്ടുള്ള ശാരീരികവും മാനസികവുമായ യാത്രയെക്കുറിച്ച് പൂർണ അവബോധത്തോടെയും ആർദ്രതയോടെയുമാണ് ഇടപെടൽ. മയോക്ലിനിക്കിലെ വ്യവസ്ഥിതി അവർക്ക് സഹായകമാണ്. കൂടുതൽ രോഗികളെ കാണണമെന്നോ കൂടുതൽ ടെസ്റ്റുകൾ എഴുതി ഹോസ്പിറ്റലിന് ലാഭമുണ്ടാക്കണമെന്നോ ഉള്ള ഒരു സമ്മർദവും ഇവർക്കില്ല. എല്ലാവരും ശമ്പളാടിസ്ഥാനത്തിലാണ് ജോലിചെയ്യുന്നത്. മയോക്ലിനിക്ക് ഇന്ന് ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ആണ്. നടത്തിപ്പിനുള്ള ചെലവുകൾ കഴിഞ്ഞുള്ള തുക ഗവേഷണത്തിനും വിദ്യാഭ്യാസത്തിനും രോഗികളുടെ സേവനപദ്ധതികൾക്കുമാണ് ഉപയോഗിക്കുന്നത്.

ആദ്യദിവസം കഴിഞ്ഞു. അഞ്ചുദിവസംകൂടി നിൽക്കണം. ഞങ്ങൾ താമസിക്കുന്നത് ഹോസ്പിറ്റലിന് അടുത്തുതന്നെ ഒരുവീട് വാടകയ്ക്കെടുത്താണ്. ഹോട്ടലുകളും ഫ്ളാറ്റുകളും വീടുകളും തുടങ്ങി പല രീതിയിലുള്ള താമസസൗകര്യങ്ങൾ ചുറ്റുവട്ടത്ത് തന്നെയുണ്ട്. പ്രധാന ആശുപത്രിയെ മറ്റ്‌ ആശുപത്രികളുമായി ബന്ധിപ്പിക്കുന്ന ഷട്ടിൽ സർവീസുകളും ഉണ്ട്.

ചുറ്റുവട്ടത്തുള്ള കടകളിലും റെസ്റ്റോറന്റുകളിലുമൊക്കെയും മയോക്ലിനിക്കിനുള്ളിൽ കണ്ട സൗഹാർദപരമായ പെരുമാറ്റം ദൃശ്യമാണ് ഈയൊരു കൊച്ചുനഗരം മയോകുടുംബത്തിൽനിന്ന് പകർന്നുകിട്ടിയ സഹാനുഭൂതിയാൽ സമൃദ്ധമാണ്.

രണ്ടാമത്തെദിവസം കഫ്‌റ്റേരിയയിൽനിന്ന് തുടങ്ങി. ഇന്ന് മകൾ കൂടെയുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടയിൽ അടുത്ത ഇരിപ്പിടങ്ങളിൽ ഇരുന്ന ഭാര്യയെയും ഭർത്താവിനെയും ഞങ്ങൾ പരിചയപ്പെട്ടു. ഭാര്യ കാൻസർ രോഗിയാണ്‌. എല്ലാവർഷവും ചികിത്സയ്ക്കായി രണ്ടായിരം മൈലുകൾ ദൂരത്തുനിന്ന്‌ അവർ ഇവിടെയെത്തുന്നു. മയോക്ലിനിക്കിൽ എത്താൻ  സാധിച്ചില്ലായിരുന്നെങ്കിൽ ആറുവർഷംമുമ്പ് താൻ മരിക്കുമായിരുന്നുവെന്ന് പറഞ്ഞപ്പോൾ ആ സ്ത്രീ നിറകണ്ണുകളോടെ ചിരിച്ചു. വളരെ ദുർഘടം പിടിച്ച ശസ്ത്രക്രിയകളിലൂടെ ഏറ്റവും നൂതനമായ ചികിത്സിയിലൂടെ ദിനംതോറും വളരുന്ന റിസർച്ചിലൂടെ ഇതുപോലെ എത്രയോ രോഗികളെ ജീവിതത്തിന്റെ നിറങ്ങളിലേക്ക് തിരികെ നടത്താൻ ഈ സൗഖ്യാലയത്തിന് സാധിച്ചിരിക്കുന്നു.

ഉച്ചവരെ തുടരെയുള്ള ടെസ്റ്റുകളായിരുന്നു. ഓരോ ടെസ്റ്റുകളിലും ഒപ്പംനിൽക്കുമ്പോൾ മകൾക്ക് പക്വത കൂടിവരുന്നതുപോലെ എനിക്കുതോന്നി. ജീവിതത്തിലെ കഷ്ടപ്പാടിന്റെയും വേദനയുടെയും വശങ്ങൾക്കൂടി മനസ്സിലാവുമ്പോഴാണ് ഒരാളുടെ വ്യക്തിത്വത്തിന്റെ തേജസ്സ് കൂടുന്നത്.

മയോക്ലിനിക്കിന്റെ ലോഗോ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന മൂന്ന് പരിചകളാണ്. നടുക്കുള്ളത് രോഗീശുശ്രൂഷയെയും വശങ്ങളിലുള്ളത് വിദ്യാഭ്യാസം, ഗവേഷണം എന്നിവയെയും പ്രതിനിധാനം ചെയ്യുന്നു. പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത് ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്നു. രോഗിയുടെ സൗഖ്യം എന്ന ലക്ഷ്യം മാത്രം മുൻനിർത്തിയുള്ള ഏകോപിതമായ പ്രവർത്തനം ആണ് മയോക്ലിനിക്കിന്റെ മുഖമുദ്ര. ലോബിയിലെത്തിയപ്പോൾ ഒഴുകിവരുന്ന പിയാനോ സംഗീതം. ഗ്ളാസ് ജനാലകൾക്കടുത്ത് സ്ഥാപിച്ചിരിക്കുന്ന ഗ്രാൻഡ്‌ പിയാനോ വായിക്കുന്നത് മകളുടെ പ്രായംതോന്നിക്കുന്ന ഒരു പെൺകുട്ടിയാണ്. വന്നവരെല്ലാം നിന്ന് സംഗീതം ആസ്വദിക്കുന്നു. ഗോണ്ടാ ബിൽഡിങ്ങിന്റെ ഉദ്ഘാടനച്ചടങ്ങിനായി 2001-ൽ കൊണ്ടുവന്ന പിയാനോയാണിത്. ചടങ്ങുകൾ കഴിഞ്ഞപ്പോൾ മയോയിൽ വന്ന ഒരു രോഗി പിയാനോ വായിച്ചു. അതുകഴിഞ്ഞപ്പോൾ മറ്റൊരാൾ. ഒന്നുരണ്ടുദിവസം ഇതുതുടർന്നു. ഇതറിഞ്ഞ പിയാനോയുടെ ഉടമസ്ഥൻ പിയോനോ സന്ദർശകർക്ക് സാന്ത്വനമായി മയോയിൽ തുടരട്ടെയെന്നു തീരുമാനിച്ചു. ഒട്ടേറെയാളുകൾ ഇടയ്ക്കിടെ ഇന്നും പിയാനോ വായിക്കുന്നു. പെൺകുട്ടി വായിച്ചുനിർത്തിയപ്പോൾ ഉയരുന്ന കരഘോഷം. അവൾ താനിരിക്കുന്ന വീൽച്ചെയറുതട്ടി മാതാപിതാക്കളോടൊപ്പം നീങ്ങി. എന്തായിരിക്കും അവളുടെ അസുഖം?

തുടർന്നുള്ള ദിവസങ്ങളും തിരക്കേറിയതായിരുന്നു. അവസാനത്തെ ദിവസം എന്റെ ചികിത്സകൾക്ക് നേതൃത്വം വഹിക്കുന്ന ഡോക്ടറെ കാണാൻ ഭർത്താവുമൊത്ത് ഞാൻ ഗോണ്ടാബിൽഡിങ്ങിന്റെ ഒമ്പതാം നിലയിലെത്തി. ഇവിടെ ഓരോ രോഗിക്കും വേണ്ടി ഡോക്ടേഴ്‌സിന്റെ ഒരു പാനൽ ആണ് പ്രവർത്തിക്കുന്നത്. ഓരോരുത്തരുടെയും ആവശ്യങ്ങൾക്കനുസരിച്ച് സ്പെഷ്യലിസ്റ്റുകളുമായി പ്രധാന ഡോക്ടർ രൂപവത്‌കരിക്കുന്ന പാനൽ. ഇവർ ഒരുമിച്ച് തീരുമാനിക്കുന്നതനുസരിച്ച് ചികിത്സ.

ഡോക്ടർ മുന്നോട്ടുള്ള ചികിത്സയെക്കുറിച്ച് വിശദമായി സംസാരിച്ചു. മനുഷ്യശരീരം എത്ര സങ്കീർണമായ യന്ത്രമാണെന്നും അതിനുമുമ്പിൽ വൈദ്യശാസ്ത്രം എത്ര പരിമിതമാണുമെന്നുള്ള ചിന്തയിലധിഷ്ഠിതമായ സംസാരം. സങ്കീർണമായ മെഡിക്കൽ പദങ്ങളുപയോഗിച്ച് രോഗിയെ ആശയക്കുഴപ്പത്തിലാക്കുന്ന വിദ്യകളൊന്നുമില്ല. ഡോക്ടർ  തമിഴ്‌നാട്ടുകാരനാണ്.

കേരളത്തെക്കുറിച്ചറിയാം എന്റെ ചില പ്രശ്നങ്ങൾക്ക് ആയുർവേദം ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ മറ്റ് വൈദ്യശാഖകളോടുള്ള അദ്ദേഹത്തിന്റെ ബഹുമാനം പ്രകടമായിരുന്നു; ബൗദ്ധികമായ വിനയവും.

ഡോ.ഡബ്ല്യു.ഡബ്ല്യു.മയോ  വിഭാവനം ചെയ്തതു പോലെ നാട്ടിൻപുറത്തിന്റെ നന്മകളിലും നിസ്സ്വാർഥവും സേവനത്തിലുമധിഷ്ഠിതവുമായ പ്രവർത്തനങ്ങളിലൂടെ സൗഖ്യംതേടി വരുന്നവർക്ക് ഈ മയോനഗരം പ്രതീക്ഷയുടെ പ്രതീകമാണ്; പഴമയിലേക്കുള്ള കണ്ണിയും ഭാവിയുടെ താക്കോലും.