എസ്. ഗോപാലകൃഷ്ണൻ: നാം പരിചയപ്പെട്ടത് പാട്ടുകേൾക്കുന്നതിലെ ചില സമാന അഭിരുചികളിലൂടെയാണ്. എന്നാൽ, പരിചയപ്പെടുന്നതിനു മുൻപുതന്നെ താങ്കളുടെ എഴുത്തുകളും ഇടപെടലുകളും 1990- കൾ മുതൽ സശ്രദ്ധം വീക്ഷിക്കുന്ന ഒരാളാണ് ഞാൻ. ഇങ്ങനെ ഒരു സംഭാഷണത്തിന് അവസരമൊരുങ്ങിയതിൽ എനിക്ക് അതിയായ ആഹ്ലാദമുണ്ട്, കാരണം പല മേഖലകളിൽ ജാഗ്രത്തായിരിക്കുന്ന ഒരു മനസ്സിനോട് സംസാരിക്കാൻ കഴിയുന്നത് ഊർജദായകമാണ്. ഈ സംഭാഷണത്തിന്റെ വായനക്കാർ മലയാളികളാണ്. ഇംഗ്ളീഷ് ഭാഷയെ  മാറ്റിനിർത്തിയാൽ ഒരു പക്ഷേ, താങ്കളെ ഏറ്റവും കൂടുതൽ വായിക്കുന്ന ഇന്ത്യൻ ഭാഷ മലയാളമായിരിക്കണം. സംഭാഷണത്തിലേക്ക് സ്വാഗതം.  

രാമചന്ദ്ര ഗുഹ: എനിക്കും അതിയായ സന്തോഷമുണ്ട് താങ്കളോട് സംസാരിക്കാൻ കഴിഞ്ഞതിൽ. എന്റെ ജീവിതത്തിൽ വളരെ വൈകിയാണ് ഞാൻ കേരളം സന്ദർശിച്ചത്. ഞാൻ വളർന്നത് വടക്കേയിന്ത്യയിലാണ്, കർണാടകക്കാരനാണെങ്കിലും. തമിഴ്‌നാടും മുംബൈയും ഗുജറാത്തും എനിക്ക് വളരെ നേരത്തേ പരിചിതമായിരുന്നു.  ഞാൻ പിഎച്ച്‌.ഡി. ചെയ്ത കാലത്ത് ബംഗാളിനെയും അടുത്തറിയാൻ സാധിച്ചു. പക്ഷേ, കേരളത്തിൽ ഞാൻ വരുന്നത് നാല്പതുവയസ്സുകഴിഞ്ഞതിനുശേഷമാണ്. പിന്നീട് പലതവണ കേരളത്തിൽ വന്നു. എന്നാൽ, ഒരു സന്ദർശനത്തെക്കുറിച്ചുമാത്രം ഞാൻ ഇപ്പോൾ അനുസ്മരിക്കാം: 2000-ൽ ആയിരുന്നു അത്. മാധവ് ഗാഡ്ഗിലും ഞാനും കൂടി എഴുതിയ ഒരു പുസ്തകം കേരളശാസ്ത്രസാഹിത്യപരിഷത്ത് വിവർത്തനം ചെയ്തിരുന്നു. ഞങ്ങൾ െബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് തീവണ്ടിയിൽ വന്നു.  യോഗം വൈകുന്നേരമായിരുന്നു. അന്നു രാവിലെ ഞങ്ങൾ വ്യത്യസ്തനായ ഒരാളെക്കണ്ടു.  പരിസ്ഥിതിപ്രവർത്തകനും ശാസ്ത്രജ്ഞനുമായ പ്രൊഫ. എം.കെ. പ്രസാദായിരുന്നു അത്.  അരക്കയ്യൻ ഷർട്ടും റബ്ബർ ചപ്പലുകളുമിട്ട് ഒരു വൈസ് ചാൻസലർ. അദ്ദേഹം ഒരു ക്ഷമാപണത്തോടെയാണ് സംഭാഷണം തുടങ്ങിയത്: ‘‘വിചാരിച്ചത്ര ആളുകൾ യോഗത്തിനുവരില്ല , കാരണം ഇന്നൊരു ബസ് പണിമുടക്കുണ്ട്.’’ മാധവ് ഗാഡ്ഗിൽ മറുപടി പറഞ്ഞു: ‘‘ പ്രസാദ്, ഇതെന്റെ എട്ടാമത്തെ കേരളസന്ദർശനമാണ്. എപ്പോഴും ഏതെങ്കിലും സമരമോ പണിമുടക്കോ കാണും. അതൊന്നും നാം കാര്യമാക്കേണ്ടതില്ല.’’ അതായിരുന്നു എന്റെ ആദ്യകേരളസന്ദർശനം. അതിനുശേഷം എത്രയോ തവണ കേരളത്തിൽ അങ്ങോളമിങ്ങോളം  വന്നിരിക്കുന്നു. മറക്കാനാവാത്ത എന്തെല്ലാം കണ്ടുമുട്ടലുകൾ ഉണ്ടായിരിക്കുന്നു... താങ്കളോട് സംസാരിക്കുന്നതുപോലും എത്ര ആഹ്ലാദകരമാണ്...

എസ്. ഗോപാലകൃഷ്ണൻ:   ചരിത്രകാരനായ താങ്കൾ സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിൽ എടുക്കുന്ന നിലപാടുകൾ വ്യക്തവും സുപരിചിതവുമായതിനാൽ അത്തരം കാര്യങ്ങൾ കഴിവതും ഒഴിവാക്കി മറ്റുചില കാര്യങ്ങൾ സംസാരിക്കാമെന്നാണ് ഞാൻ കരുതുന്നത്. താങ്കളുടെ ബാല്യകാലത്തെക്കുറിച്ച് പറയാമോ?

രാമചന്ദ്ര ഗുഹ: അതിമനോഹരമായിരുന്നു എന്റെ ബാല്യകാലം. ഹരിതാഭം. ദെഹ്‌റാദൂണിലെ വനഗവേഷണകേന്ദ്രത്തിലായിരുന്നു ഞാൻ ബാല്യകാലം ചെലവിട്ടത്. ആയിരത്തഞ്ഞൂറ് ഏക്കർ വിസ്തീർണമുള്ള വനപ്രദേശം. ആകർഷകമായ കെട്ടിടങ്ങൾ, കിളികൾ, കളിക്കളങ്ങൾ... ബാഡ്മിന്റണും ടെന്നീസും ടേബിൾ ടെന്നീസും ക്രിക്കറ്റും ഫുട്‌ബോളും കളിക്കാൻ സമപ്രായക്കാരായ കൂട്ടുകാർ ഉണ്ടായിരുന്നു. ബാല്യകാലം ഉത്സവം പോലെയായിരുന്നു.  രക്ഷിതാക്കൾ സ്നേഹവും കരുതലുമുള്ളവരായിരുന്നു. പക്ഷേ, എനിക്കൊരു പ്രശ്നമുണ്ടായിരുന്നു: ഞാൻ അന്നും ഇന്നും വലിയ ആസ്‌ത്‌മ രോഗിയാണ്. കഠിനമായ ആസ്‌ത്‌മ. ദെഹ്‌റാദൂണിലെ മഴയും പരാഗരേണുക്കൾ നിറഞ്ഞ അന്തരീക്ഷവും എന്നെ സംബന്ധിച്ചിടത്തോളം പ്രതികൂലമായിരുന്നു.  എല്ലാ കൊല്ലവും എന്നെ അപ്പാടെ തളർത്തുന്ന രോഗാവസ്ഥകൾ ഉണ്ടായിരുന്നു. ഞാൻ വളരുന്തോറും എന്റെ ആസ്‌ത്‌മ താരതമ്യേന കുറഞ്ഞിട്ടുണ്ട്. പക്ഷേ, ബാല്യകാലസ്മരണകളിൽ ശ്വാസതടസ്സം വന്ന് അർധരാത്രിയിൽ ആശുപത്രിയിലേക്കുള്ള പ്രയാണവും കുത്തിവെപ്പുകളും സ്ഥിരം സംഭവങ്ങളായിരുന്നു. ഈ ആതുരാവസ്ഥ ഒഴിവാക്കിയാൽ എന്റെ ബാല്യം ആകർഷകമായിരുന്നു.

എസ്. ഗോപാലകൃഷ്ണൻ: ഒട്ടേറെ നഗരങ്ങൾ രൂപപ്പെടുത്തിയതാണ് താങ്കളുടെ ബാല്യ, കൗമാര, യൗവനങ്ങൾ. താങ്കൾ ഗ്രാമീണനല്ല, നാഗരികനാണ്. കഴിഞ്ഞദിവസം ഞാൻ ഇംഗ്ളീഷ് നോവലിസ്റ്റ് സാഡി സ്മിത്ത് ചില ലോകനഗരങ്ങളെക്കുറിച്ച് പറഞ്ഞത് വായിക്കുകയായിരുന്നു: ‘റോം പറയുന്നു, എന്നെ ആസ്വദിക്കൂ... ലണ്ടൻ പറയുന്നു എന്നെ അതിജീവിക്കാമെങ്കിൽ അതിജീവിക്കൂ, ന്യൂയോർക്ക് പറയുന്നു നിങ്ങൾ ആർജിച്ചതു മുഴുവൻ എനിക്കു നൽകൂ...’ റാം, ഏതെങ്കിലും ഇന്ത്യൻ നഗരത്തോട് താങ്കൾക്ക് എന്തെങ്കിലും സവിശേഷ ആഭിമുഖ്യമോ, അനിഷ്ടമോ ഉണ്ടോ?

രാമചന്ദ്ര ഗുഹ: പല നഗരങ്ങളെ അടുത്തറിയാൻ ഭാഗ്യം ലഭിച്ചയാളാണ് ഞാൻ. ഞാൻ ദെഹ്‌റാദൂണിലുള്ളപ്പോൾ അവിടത്തെ ജനസംഖ്യ വെറും രണ്ടുലക്ഷമായിരുന്നു, എന്നാൽ, ഇന്നത് ഒരു ദശലക്ഷമായി. ഇന്ന്‌ ഉത്തരാഖണ്ഡിന്റെ തലസ്ഥാനനഗരമാണത്‌. വിദ്യാർഥിയായിരുന്ന കാലത്ത് എനിക്ക് രണ്ടുനഗരങ്ങളേ അറിയാമായിരുന്നുള്ളൂ, ഒന്ന് എന്റെ മുത്തച്ഛനും മുത്തശ്ശിയും ജീവിച്ചിരുന്ന   െബംഗളൂരു. മറ്റൊന്ന് ദെഹ്‌റാദൂൺ. അവധിക്കാലത്തുമാത്രമാണ് ഞാൻ െബംഗളൂരുവിൽ വന്നിരുന്നത്. പിന്നീട് ഞാൻ ഡൽഹിയിലും കൊൽക്കത്തയിലും പഠിച്ചു. മുംബൈയും അഹമ്മദാബാദും നിരന്തരം സന്ദർശിക്കുമായിരുന്നു. എന്റെ പെൺസുഹൃത്ത്‌ അഹമ്മദാബാദിൽ National Institute of Design-ൽ പഠിക്കുകയായിരുന്നു. സുജാതയെത്തന്നെയാണ് ഞാൻ ജീവിതപങ്കാളിയാക്കിയതും. അങ്ങനെവരുമ്പോൾ ആറോളം ഇന്ത്യൻ നഗരങ്ങൾ എനിക്ക് അടുത്തറിയാവുന്നവയാണ്. എല്ലാ ഇന്ത്യൻ നഗരങ്ങൾക്കും ഓരോ തരത്തിലുള്ള ആകർഷണീയതകളുണ്ട്. നാലുതവണയെങ്കിലും ഞാൻ കൊച്ചിയിൽ വന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു തവണയേ പോയിട്ടുള്ളൂ. തൃശ്ശൂരും കോഴിക്കോട്ടും വന്നിട്ടുണ്ട്. നഗരങ്ങളെ എനിക്കിഷ്ടമാണ്. ഞാൻ ഗാന്ധിജിയുടെ ജീവചരിത്രകാരനാണ്. പക്ഷേ, ‘ഇന്ത്യ അതിന്റെ ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്’ എന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തോട് ഞാൻ വിയോജിക്കുന്നു. ഇന്ത്യ അതിന്റെ നഗരങ്ങളിലുംകൂടിയാണ് ജീവിക്കുന്നത്. ഇപ്പോൾ മാത്രമല്ല, പ്രാചീനകാലംമുതൽക്കേ അങ്ങനെയാണ്. ഇനി ഇന്ത്യയിൽ എനിക്കേതെങ്കിലും ഇഷ്ടനഗരമുണ്ടോ എന്നു ചോദിച്ചാൽ, അതിന് മുംബൈ എന്നു ഞാൻ ഉത്തരം പറയും. ഞാൻ അവിടെ ജനിച്ചില്ല. അവിടെ പഠിച്ചില്ല. അവിടെ വളർന്നില്ല. അവിടെ എനിക്ക് ബന്ധുക്കളില്ല. പക്ഷേ, മറ്റൊരു ഇന്ത്യൻ നഗരവും എന്നോട് സംവദിക്കാത്ത തരത്തിൽ മുംബൈ എന്നോട് പ്രതികരിക്കുന്നു. ന്യൂയോർക്കിനും ലണ്ടനും മാത്രമേ സാംസ്കാരികമായ അത്തരം ഒരു സമ്പന്ന സാംസ്കാരികവൈവിധ്യം അവകാശപ്പെടാനാകൂ. ഒട്ടേറെ ലോകഭാഷകൾ സംസാരിക്കുന്ന തെരുവുകൾ അവയ്ക്കുണ്ട്. ചലച്ചിത്രം, പ്രസാധനം, സംഗീതം, കലകൾ, ചരിത്രത്തിന്റെ വിവിധ പടലങ്ങൾ... പലതിന്റെയും കേന്ദ്രമാണ് മുംബൈ. അതിനാൽ സംശയമില്ലാതെ ഞാൻ പറയും മുംബൈയാണ് എന്റെ പ്രിയങ്കരനഗരം.

എസ്. ഗോപാലകൃഷ്ണൻ: ഇന്ത്യ ഗ്രാമങ്ങളിലാണ് ജീവിക്കുന്നത് എന്നു പറഞ്ഞ ഗാന്ധിജിയെ രൂപപ്പെടുത്തിയ നഗരങ്ങളെക്കുറിച്ച് ഞാൻ ആലോചിക്കുകയാണ്. സത്യത്തിൽ വിവിധ ലോകനഗരങ്ങളല്ലേ ഗാന്ധിജിയെ സൃഷ്ടിച്ചത്? നാഗരികതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമർശനങ്ങൾ ഉണ്ടാകുന്നതുതന്നെ ഈ നഗരജീവിതാനുഭവങ്ങളിൽ നിന്നല്ലേ? കത്തിയവാർമുതൽ ലണ്ടൻമുതൽ ജൊഹാനസ്ബർഗും ഡർബനും മുതൽ അഹമ്മദാബാദും ഡൽഹിയുംവരെ അതു നീളുന്നു...

രാമചന്ദ്ര ഗുഹ:  തീർച്ചയായും... ഗോപാൽ പറഞ്ഞത് തികച്ചും ശരിയാണ്. ഞാനിതേക്കുറിച്ച് അടുത്തകാലത്ത് ഒരു പംക്തിയിൽ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു വൈരുധ്യമാണിത്. അദ്ദേഹത്തെ ആദ്യം രൂപപ്പെടുത്തിയത് വിദേശനഗരങ്ങളാണ്. അദ്ദേഹം പഠിച്ച ലണ്ടനും പിന്നീട് ഡർബനും ജൊഹാനസ്ബർഗും. വിവിധ ദേശീയതകളിൽപ്പെട്ട ജനങ്ങളുമായി അദ്ദേഹം ഇടപെട്ടു ജീവിച്ചത് ഈ നഗരങ്ങളിലാണ്. പിന്നീടാണ് അഹമ്മദാബാദ് വരുന്നത്. റൗലറ്റ്‌ സത്യാഗ്രഹവും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവും തുടങ്ങി അദ്ദേഹത്തിന്റെ വലിയ പ്രക്ഷോഭങ്ങൾ മുംെബെ കേന്ദ്രീകരിച്ചായിരുന്നു.  അദ്ദേഹത്തിന്റെ മഹത്തായ ഉപവാസങ്ങൾ കൊൽക്കത്തയിലും ഡൽഹിയിലുമായിരുന്നു. ഗാന്ധിജി തികച്ചും ഒരു നഗരോത്‌പന്നമായിരുന്നു. പക്ഷേ, ഇന്ത്യയെക്കുറിച്ച് ഗൃഹാതുരവും കാല്പനികവുമായ ഒരാശയപ്രപഞ്ചം ഗാന്ധിജിക്ക്‌ ഉണ്ടായിരുന്നു.

എസ്. ഗോപാലകൃഷ്ണൻ: ഇനി വ്യക്തിപരമായ ഒരു കാര്യം ചോദിക്കട്ടെ. താങ്കളുടെ എഴുത്തിന്റെ രീതിയിലും പ്രഭാഷണശൈലിയിലും നിലപാടുവേഗത്തിലും ഞാൻ ശ്രദ്ധിച്ചിട്ടുള്ള കാര്യം തീവ്രവേഗമാണ്. താങ്കളുടെ ഒരു സാധാരണ ദിവസം എങ്ങനെയാണ്? വളരെ നേരത്തേ ഉണരുന്ന പ്രകൃതമാണോ  

രാമചന്ദ്ര ഗുഹ: എന്റെ വേഗമൊക്കെ വളരെ കുറഞ്ഞു ഇപ്പോൾ. കോവിഡ് മഹാമാരി ദിനസരികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. അത് ഈ സംഭാഷണത്തിൽ പിന്നീട് ഞാൻ പറയാം. എഴുത്തിനെ സംബന്ധിച്ചാണെങ്കിൽ ഞാൻ പ്രഭാതഭക്ഷണത്തിനു ശേഷമാണ് എഴുതാറുള്ളത്. പ്രാതലിനും ഉച്ചയൂണിനും ഇടയ്ക്കുള്ള നാലുമണിക്കൂറാണ് ഞാൻ എഴുതാനായി തിരഞ്ഞെടുക്കാറുള്ളത്. രാവിലെ ഒമ്പതുമുതൽ  ഉച്ച തിരിഞ്ഞ് ഒന്നരവരെ. ചിലപ്പോൾ ഉച്ചകഴിഞ്ഞ് ചില തിരുത്തിയെഴുത്തുകൾ നടത്താറുണ്ട്. എട്ടും ഒമ്പതും മണിക്കൂറുകൾ തുടർച്ചയായി എഴുതുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. കൈകൊണ്ടെഴുതിയാലും കംപ്യൂട്ടറിൽ എഴുതിയാലും ധിഷണാപരമായും ഭാഷാപരമായുമുള്ള സൂക്ഷ്മത നിലനിർത്തുക പ്രയാസമാണ്. ചിലർ അർധരാത്രിയിൽ എഴുതുന്നവർ, മറ്റുചിലർ വൈകുന്നേരങ്ങളിൽ എഴുതുന്നവർ. എന്നെ സംബന്ധിച്ചിടത്തോളം അത് രാവിലെ ഒൻപതിനും ഒന്നരയ്ക്കും ഇടയ്ക്കാണ്. ആ സമയത്ത് ലോകത്ത് എന്താണ് നടക്കുന്നത് എന്നത് ഞാനറിയില്ല. മൊബൈൽഫോൺ ഞാൻ തൊടില്ല. തൊഴിലിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. കഴിഞ്ഞ ഇരുപതുവർഷമായി എന്റെ വൈകുന്നേരങ്ങൾ  സംഗീതത്തിനുള്ളതാണ്. അഞ്ചുമണി കഴിഞ്ഞാൽ ഞാൻ പണിയെടുക്കില്ല. അഞ്ചരമുതൽ ഏഴുവരെ ഞാൻ പാട്ടുകേൾക്കും. മിക്കവാറും അത് ഹിന്ദുസ്ഥാനി സംഗീതമായിരിക്കും. കുറച്ചു കർണാടകസംഗീതം, കുറച്ചു നാടോടി, കുറച്ചു റോക്ക് സംഗീതം. അടുത്തകാലത്ത്  ആഫ്രിക്കൻ-വെസ്റ്റിന്ത്യൻ സംഗീതത്തിൽ എനിക്ക് കുറെ താത്‌പര്യമുണ്ടായിട്ടുണ്ട്. എന്തായാലും ഞാൻ വളരെനേരത്തേ ഉണരുന്ന ഒരു പക്ഷിയല്ല. രാവിലെ ആറരയ്ക്ക് ഉണരും. ബെംഗളൂരുവിലെ മനോഹരമായ കബ്ബൺ പാർക്കിൽ (ശ്രീ ചാമരാജേന്ദ്ര പാർക്ക്) നടക്കാൻ പോകും. എന്റെ വീട്ടിൽനിന്ന്‌ ഒരു മൈൽ ദൂരെയാണിത്. നല്ല പാർക്കിങ് സൗകര്യമുണ്ട്, അതിനാൽ അവിടെ പോകുന്നു. എന്തൊക്കെയായാലും ദിവസവും രാവിലെ ഒൻപതുമുതൽ ഒന്നരവരെ ഞാൻ എഴുത്തുമേശയിലാകും. ഒരു കൊല്ലത്തിലെ എല്ലാ ദിവസവും.

എസ്. ഗോപാലകൃഷ്ണൻ: പാട്ടുകേൾക്കുന്നത് ഹെഡ് ഫോണിലൂടെയോ അതോ സ്പീക്കറിലൂടെയോ?

രാമചന്ദ്ര ഗുഹ: പാട്ടുകേൾക്കുന്ന രീതിയിൽ കാലക്രമേണ ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ ഇരുട്ടിലാണ് പാട്ടുകേൾക്കുന്നത്. പുറംകണ്ണിന്റെ കാഴ്ചകളെ അടച്ചുകളയുന്നു. പണ്ട് സ്പീക്കറിലൂടെയായിരുന്നു സംഗീതം കേട്ടിരുന്നത്. ഇപ്പോൾ ഹെഡ്ഫോണിലൂടെയായി. എന്റെയും ഗോപാലിന്റെയും സുഹൃത്തായിരുന്ന, അടുത്തകാലത്ത് അന്തരിച്ച കേശവ് ദേശിരാജുവിന് പാട്ടുകേട്ടുകൊണ്ട് വായിക്കാനും എഴുതാനും കഴിഞ്ഞിരുന്നു. പക്ഷേ, എനിക്കതാവില്ല. ഒരു പക്ഷേ, ബോബ് ഡിലനെ കേട്ടുകൊണ്ട് എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞേക്കാം. പക്ഷേ, ശാസ്ത്രീയസംഗീതം മറ്റൊരുതരം കേൾവി എന്നിൽനിന്ന്‌ ആവശ്യപ്പെടുന്നുണ്ട്. എന്റെ ഭാര്യ ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോൾ പലപ്പോഴും മുറിയിലെ  ലൈറ്റ് തെളിയിക്കേണ്ടിവരാറുണ്ട്. കാരണം,  ഞാൻ ഇരുട്ടിൽ ഇരുന്ന് പാട്ടുകേൾക്കുകയാകും. എന്നെ ഒരു ഹെഡ് ഫോണുമായി ഇരുട്ടിൽ അവൾ കാണും. യു ട്യൂബ് ഒരു വലിയ അനുഗ്രഹമാണ്.

തുടരും...