അമൃതവചനം

മക്കളേ,
നമ്മുടെ ജീവിതത്തിൽ വിജയം നേടാനാവശ്യമായ ശക്തിയും വിദ്യയും  ഐശ്വര്യവും പ്രദാനംചെയ്യുന്ന പരാശക്തിയുടെ ആരാധനയ്ക്കായി പ്രത്യേകം സമർപ്പിക്കപ്പെട്ട ദിവസങ്ങളാണ്‌ നവരാത്രി. മുമ്മൂന്നു ദിവസങ്ങളിലായി മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി ഭാവങ്ങളിൽ പൂജിക്കുന്ന രീതിയും ഉണ്ട്‌. നിത്യേനയുള്ള ദേവീപൂജ,  ദേവീമാഹാത്മ്യപാരായണം, ഉപവാസം തുടങ്ങിയവ നവരാത്രി അനുഷ്ഠാനത്തിന്റെ ഭാഗമാണ്‌. ദുഷിച്ച ചിന്തകളെ അകറ്റാനും മനസ്സിനെ ഈശ്വരചിന്തയിൽ നിർത്താനും ഇതുസഹായിക്കുന്നു.

നവരാത്രി അനുഷ്ഠാനത്തിലൂടെ എല്ലാ സൗഭാഗ്യങ്ങളും ലഭിക്കും. പരിശ്രമങ്ങളിൽ വിജയവും സമ്പത്തും ഐശ്വര്യവും സൗന്ദര്യവും കീർത്തിയും നാനാവിധ കഴിവുകളും ദേവിയുടെ ഉപാസനയിലൂടെ അനായാസം നേടാം. എന്നാൽ, ആധ്യാത്മിക ദൃഷ്ടിയിൽ നവരാത്രിയുടെ അർഥം മറ്റൊന്നാണ്‌. മനസ്സിനെ പടിപടിയായി ജയിച്ച്‌ മുക്തി പ്രാപിക്കുന്ന തത്ത്വമാണ്‌ നവരാത്രിയുടേത്‌.
ദേവി, പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി ലയങ്ങൾക്ക്‌ കാരണമായ ശക്തിയാണ്‌. ജഡപ്രപഞ്ചവും ഊർജവും പ്രാണനും മനസ്സും ജീവജാലങ്ങളും എല്ലാം ആ ശക്തിയുടെ പ്രകടിതരൂപങ്ങളാണ്‌, നർത്തകനും നൃത്തവും പോലെയാണ്‌ പരാശക്തിയും ഈ പ്രപഞ്ചവും. ആ ശക്തിതന്നെയാണ്‌ പ്രപഞ്ചമായി കാണപ്പെടുന്നത്‌. നർത്തകൻ   നടനം ചെയ്യുമ്പോൾ ശക്തിയോടും നടനം ചെയ്യാതിരിക്കുമ്പോൾ നിർഗുണബ്രഹ്മത്തോടും ഉപമിക്കാം. ദേവി സർവ ചരാചരമയിയാണ്‌. അതിനാൽ എണ്ണമറ്റ നാമങ്ങളും രൂപങ്ങളും ഗുണങ്ങളും ദേവിക്കുണ്ട്‌.

സർവഗുണ സ്വരൂപിണിയാണെങ്കിലും ദേവിയുടെ ഏറ്റവുംപ്രധാനമായ ഭാവം മാതൃഭാവമാണ്‌, സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും  ക്ഷമയുടെയും സഹനത്തിന്റെയും മൂർത്തിയാണ്‌ അമ്മ. അമ്മയായതിനാൽ ജീവസമൂഹത്തോട്‌ ഏറ്റവും അടുത്തുനിൽക്കുന്ന ഈശ്വരഭാവവും ദേവിയുടേതാണ്‌. ദേവി, ജഗത്തിന്റെ പെറ്റമ്മയും  പോറ്റമ്മയും ആണ്‌. എല്ലാ ആപത്തുകളിൽനിന്നും തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കയും ആവശ്യമുള്ളതെല്ലാം നൽകി പരിപാലിക്കുകയും ചെയ്യുക എന്നത്‌ ഒരു അമ്മയുടെ ധർമമാണല്ലോ. അതുതന്നെയാണ്‌ ജഗദംബ ചെയ്യുന്നത്‌.

എല്ലാ മനുഷ്യബന്ധങ്ങളിലും വെച്ച്‌ ഏറ്റവും ശ്രേഷ്ഠവും ഊഷ്മളവുമായ ബന്ധമാണ്‌ മാതൃപുത്രബന്ധം. അമ്മ കുഞ്ഞിന്റെ ഏതുതെറ്റും ക്ഷമിക്കും. ഏത്‌ ആപത്തിലും കുഞ്ഞിന്റെ സഹായത്തിനെത്തും.  കുഞ്ഞിന്റെ രക്ഷയിൽ സദാ ജാഗ്രതയുള്ളവളാണ്‌ അമ്മ. ഒരു നിഷ്കളങ്കശിശുവിന്റെ ഭാവം സാധകൻ ഉള്ളിലുണർത്താൻ കഴിഞ്ഞാൽ പിന്നെ വിജയം എളുപ്പമാണ്‌. താൻ നിസ്സഹായനാണെന്നും അമ്മ മാത്രമേ രക്ഷിക്കാനുള്ളൂവെന്നും കുഞ്ഞിനറിയാം. അതിനാൽ ഉപദേശങ്ങൾ വേഗം ഗ്രഹിക്കും, അനുസരിക്കും. അമ്മ എത്ര  ശിക്ഷിച്ചാലും അവൻ അമ്മയിലുള്ള വിശ്വാസം നഷ്ടമാകില്ല. ഒന്നുകൂടെ മുറുകെ പിടിക്കുകയേ ഉള്ളൂ. അതുകൊണ്ടുതന്നെ സാധകന് ഈ ഒരു ഭാവം കിട്ടിയാൽ വിജയം സുനിശ്ചിതമാണ്‌.

ദുർഗാഷ്ടമി നാളിൽ നമ്മൾ നമ്മുടെ പുസ്തകങ്ങളും പണിയായുധങ്ങളും ദേവിക്ക്‌ സമർപ്പിക്കുന്നു. വിജയദശമിയിൽ അവ ദേവിയുടെ പ്രസാദമായി തിരികെ സ്വീകരിക്കുന്നു. ഇതുപോലെ നമ്മുടെ ജീവിതം ദേവിയുടെ പാദങ്ങളിൽ സമർപ്പിച്ച്‌ അതിനെ അവിടത്തെ പ്രസാദമായിക്കണ്ട്‌ പുതിയൊരു ഉണർവോടും ഉത്സാഹത്തോടും കൂടി ഈശ്വരസാക്ഷാത്കാരം എന്ന ജീവിതലക്ഷ്യത്തിനുവേണ്ടി പ്രയത്നിക്കാൻ നമുക്കു കഴിയട്ടെ. കൃപ അനുഗ്രഹിക്കട്ടെ.