ഒരേ ആവൃത്തിയിൽ ഏകാഗ്രമായി വർത്തിക്കലാണ് ധ്യാനം. പലതരം ചിന്തകളായി ചിതറുന്നതാണ് മനസ്സിന്റെ ബലഹീനത-ശരീരം മാത്രമല്ല, മനസ്സ് പാകപ്പെടുത്തുന്നതിലും ഉണ്ണി മുകുന്ദന് സ്വന്തമായ ചില നിരീക്ഷണങ്ങളുണ്ട്. മലയാളിയെങ്കിലും ഉണ്ണി ജനിച്ചതും വളർന്നതും അഹമ്മദാബാദിലാണ്. നരേന്ദ്രമോദിക്കൊപ്പം പട്ടം പറത്തിയ കുട്ടിക്കാലത്തെക്കുറിച്ച് പറയുമ്പോൾ ആ ചുണ്ടുകളിൽ ചിരിവിടരും. ഭൂകമ്പത്തിനും കലാപത്തിനും സാക്ഷിയാകേണ്ടിവന്നകാലം വിവരിക്കുമ്പോൾ ഉള്ളിലൊരാളലാണ്. സിനിമാ സ്വപ്നങ്ങളുമായാണ്
ഉണ്ണി മുകുന്ദൻ കേരളത്തിൽ വന്നിറങ്ങിയത്. അഭിനയയാത്ര പത്തുവർഷം പിന്നിടുമ്പോൾ ഉണ്ണി ഉയരങ്ങളിലേക്ക് മാറുകയാണ്. സിനിമയെക്കുറിച്ച് ഈ കാലത്തിനിടെ ഒരുപാട് പഠിച്ചു. മലയാള സിനിമയുടെ മണ്ണും ആകാശവും ഇന്ന് അയാൾക്ക് അനുകൂലമാണ്. കൈനിറയെ ചിത്രങ്ങൾ. പ്രദർശനത്തിനെത്തിയ ഭ്രമം, മോഹൻലാൽ പൃഥ്വിരാജ് ചിത്രം ബ്രോഡാഡി, മോഹൻലാൽ ജീത്തുജോസഫ് സിനിമ ട്വൽത്ത് മാൻ, അഭിനയത്തിനൊപ്പം നിർമാതാവിന്റെ വേഷവും അണിഞ്ഞ മേപ്പടിയാൻ, ചിത്രീകരണം തുടങ്ങുന്ന ഷഫീക്കിന്റെ സന്തോഷം, നായകനാകുന്ന തെലുങ്ക് ചിത്രം... പുത്തൻ സിനിമാവിശേഷങ്ങൾ എറെയുണ്ട് ഉണ്ണിക്കു പറയാൻ

ഭ്രമം പ്രേക്ഷകരിലേക്കെത്തി; വീണ്ടുമൊരു പോലീസ് വേഷം കാക്കിയണിഞ്ഞ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞുതുടങ്ങാം
 പോലീസ് വേഷം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഭ്രമം. പൃഥ്വിരാജാണ് ഭ്രമത്തിലേക്ക് ക്ഷണിക്കുന്നത്. ഇതുവരെ ചെയ്തതിൽനിന്ന് വ്യത്യസ്തമായ കഥാപാത്രമാണ്, ഒന്ന് കേട്ടുനോക്കൂ എന്നാണ് പൃഥ്വി പറഞ്ഞത്. സിനിമകണ്ടവരിൽ നിന്നെല്ലാം ഇന്ന് മികച്ചപ്രതികരണമാണ് കഥാപാത്രത്തിന് ലഭിക്കുന്നത്. രവി കെ. ചന്ദ്രൻ സാറിനെപ്പോലുള്ള മികച്ച ടെക്‌നീഷ്യൻസിനൊപ്പം ജോലിചെയ്യാനായി എന്നതാണ് ഭ്രമം നൽകിയ മറ്റൊരു സന്തോഷം. അന്ധാധുൻ ചിത്രത്തിന്റെ റീമേക്കായാണ് ഭ്രമം എത്തിയത്. ഹിന്ദി സിനിമ മുമ്പ് കണ്ടിരുന്നെങ്കിലും കഥാപാത്രം ചെയ്യാമെന്നുറപ്പിശേഷം അന്ധാധുൻ വീണ്ടും കണ്ടില്ല. പോലീസ് വേഷത്തിന്റെ മാനറിസങ്ങളെക്കുറിച്ചും ഓരോ രംഗങ്ങളും എങ്ങനെ കൊണ്ടുപോകണമെന്നും ഭ്രമത്തിന്റെ ടീമിന് വ്യക്തമായൊരു ധാരണയുണ്ടായിരുന്നു. അവർക്കൊപ്പം ചേരുകയായിരുന്നു. എന്റെ അഭിനയജീവിതത്തിലെ വ്യത്യസ്തമായൊരു വേഷമാണിത്.

 ഭ്രമത്തിന്റെ ചിത്രീകരണവിശേഷങ്ങൾ
 പോലീസ് സ്റ്റേഷനിനുള്ളിൽ ചിത്രീകരിച്ച ഒരു സീനിനെക്കുറിച്ച് പറയാം. പൃഥ്വിയും ഞാനും തമ്മിലുള്ള കോമ്പിനേഷൻ. പൃഥ്വിയുടെ കഥാപാത്രം സ്റ്റേഷനിലേക്കെത്തി എന്നോട് സംസാരിക്കുകയും പിന്നീട് ദേഷ്യപ്പെടുകയും തിരിച്ച് ഞാനയാളുടെ നേരെ തോക്കുചൂണ്ടി മറുപടി നൽകുന്നതുമാണ് രംഗം. റിഹേഴ്‌സൽ ഓക്കെയായപ്പോൾ ഷൂട്ടിങ് തുടങ്ങി.

ആക്‌ഷൻ പറഞ്ഞപ്പോൾ ക്യാമറയ്ക്കു മുന്നിൽനിന്ന് പൃഥ്വി ഇരുന്നിരുന്ന കസേര തട്ടിത്തെറിപ്പിച്ച് ദേഷ്യത്തോടെ എന്റെ നേർക്ക് എഴുന്നേറ്റു. അത്തരത്തിൽ കസേര തട്ടിത്തെറിപ്പിക്കലൊന്നും തിരക്കഥയിലോ റിഹേഴ്‌സലിലോ ഉണ്ടായിരുന്നില്ല. പൃഥ്വീരാജ് മറ്റെന്തോ കാര്യത്തിൽ ദേഷ്യപ്പെട്ടു കസേര തട്ടിത്തെറിപ്പിച്ചു എന്നാണ് ഞാൻ കരുതിയത്. ശരിക്കും പരിഭ്രമിച്ചുപോയ നിമിഷം. എന്താണ് കാര്യമെന്നറിയാതെ പകച്ചുനിന്ന എന്റെ മുന്നിൽ വന്നുനിന്ന് പൃഥ്വി കഥാപാത്രത്തിന്റെ ഡയലോഗ് പറഞ്ഞുനിർത്തി. ഞാൻ പരിഭ്രമം കലർന്ന രീതിയിൽ തോക്ക് തപ്പിത്തടഞ്ഞെടുത്തെല്ലാമാണ് മറുപടി നൽകിയത്. സീനിൽ ചങ്കിടിപ്പോടെ ഭയം പുറത്തുകാണിക്കാതെ എന്റെ കഥാപാത്രം മറുപടി പറയണമായിരുന്നു. കസേര തട്ടിത്തെറിപ്പിച്ചതുകണ്ട് പരിഭ്രമിച്ചതാണെങ്കിലും മൂഡ് കൃത്യമായി. സീനിന് കട്ട് പറഞ്ഞപ്പോൾ ചുറ്റും നിന്നവർ കൈയടിച്ച് പ്രകടനത്തെ അഭിനന്ദിച്ചു. യഥാർഥത്തിലുള്ള എന്റെ പരിഭ്രമത്തിന്റെ കാര്യംപറഞ്ഞതോടെ പൃഥ്വി ഉൾപ്പെടെയുള്ളവരിൽ ചിരിപൊട്ടി.

മോഹൻലാലിനൊപ്പം തുടർച്ചയായി രണ്ടു സിനിമകൾ...
 ജനതാഗ്യാരേജിനുശേഷം ലാലേട്ടനൊപ്പം രണ്ടുസിനിമകൾ. മലയാളത്തിൽ ആദ്യമായാണ് ഞാൻ അദ്ദേഹത്തിനൊപ്പം ചേരുന്നത്. ഭ്രമം കഴിഞ്ഞപ്പോൾ പൃഥ്വിതന്നെയാണ് ബ്രോഡാഡിയിൽ ഒരു വേഷമുണ്ടെന്നുപറഞ്ഞ് ക്ഷണിക്കുന്നത്. വലിയ സന്തോഷമായി. കാരണം, ഭ്രമം ഓക്കെ ആയതുകൊണ്ടാണല്ലോ പൃഥ്വി അടുത്തസിനിമയിലേക്കും വിളിച്ചത്. ബ്രോഡാഡി ചെയ്യുമ്പോഴാണ് ട്വൽത്ത് മാന്റെ തിരക്കഥ വായിക്കുന്നത്. ലാലേട്ടനൊപ്പമുള്ള മുഴുനീളസിനിമയാകും ജീത്തുജോസഫിന്റെ സംവിധാനത്തിലെത്തുന്ന ട്വിൽത്ത് മാൻ.

ലാലേട്ടനും പൃഥ്വിക്കുമെല്ലാം ഒപ്പം ജോലിചെയ്യുമ്പോൾ സിനിമയെക്കുറിച്ച് പുതുതായി പലതും പഠിക്കാൻ കഴിയും. സ്വന്തം മേഖലയിൽ  പേരെടുത്തവരാണ് ഇവർ. സിനിമയിൽ എന്തെങ്കിലുമെല്ലാം ആകണമെന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ, അതുകൊണ്ടുതന്നെ ഇവർക്കൊപ്പമെല്ലാം പ്രവർത്തിക്കാൻ കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണ്. എന്റെ ഭാഗ്യമാണ്.

 നിർമാതാവിന്റെ വേഷമണിയുന്ന ‘മേപ്പടിയാൻ’ സിനിമ തിയേറ്റർ റിലീസ് ആകുമോ
 മേപ്പടിയാൻ അഭിനയജീവിതത്തിലെ വ്യത്യസ്തമായൊരു വേഷമാണ്. തനിഗ്രാമീണനായ കഥാപാത്രം. കഥയോടു തോന്നിയ സ്നേഹവും വിശ്വാസവുമെല്ലാമാണ് സിനിമ നിർമിക്കാൻ പ്രേരിപ്പിച്ചത്. പൂർണമായൊരു കുടുംബചിത്രമാണ് മേപ്പടിയാൻ. മസിലുപെരുപ്പിക്കുന്ന കഥാപാത്രങ്ങൾ മാത്രം സ്വീകരിക്കുന്നു എന്ന ആക്ഷേപം മാറട്ടെ(ചിരി).

മസിലുകാണിക്കാനായി ഇതുവരെ ഒന്നും ചെയ്തിട്ടില്ല, കഥാപാത്രം ആവശ്യപ്പെടുന്ന മാറ്റങ്ങൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. നിലവിലെ  സാഹചര്യത്തിൽ മേപ്പടിയാൻ ഉൾപ്പെടെ ഒരുപാട് സിനിമകൾ തിയേറ്റർ റിലീസിങ്ങിനായി ഊഴം കാത്തിരിക്കുന്നുണ്ട്. കൊറോണഭീതി അവസാനിച്ച് ജനജീവിതം പഴയപടിയാകട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. ഗുഡ്‌വിൽ എന്റർടെയ്‌ൻമെന്റ്‌സാണ് മേപ്പടിയാൻ പ്രദർശനത്തിനെത്തിക്കുന്നത്. ഇൗ വർഷംതന്നെ ചിത്രം പ്രദർശനത്തിനെത്തും.