ബാഴ്സലോണയിലെ തന്റെ ശയ്യാഗൃഹത്തിലിരുന്ന് ഒരു വേനൽക്കാലരാവിൽ അവളൊരു യുവ എഴുത്തുകാരന്റെ പുസ്തകം വായിച്ചു. സ്പാനിഷ് ഭാഷയിലുള്ള ആ കൃതി ഭർത്താവ് ലൂയിസിനെക്കൊണ്ടും നിർബന്ധപൂർവം വായിപ്പിച്ചു. ഭാഷയുടെയും മൗലിക ആഖ്യാനത്തിന്റെയും മാന്ത്രികപ്രഭാവം മുറ്റിനിന്ന ആ പുസ്തകം ഇരുവരും പെട്ടെന്നുതന്നെ വായിച്ചുതീർത്തു. ഏറെ പുതുമയുള്ളതും ആവേശഭരിതവും ഗംഭീരവുമായ ഒരു വായനാനുഭവമായിരുന്നു അത്. ഒരൊറ്റ വായനകൊണ്ടുതന്നെ തങ്ങളെ ഭ്രമിപ്പിച്ച എഴുത്തുകാരനെത്തേടി ഇവർ 1965 ജൂലായിൽ മെക്സിക്കോ നഗരത്തിലെത്തി. എഴുത്തുകാരുടെ പകർപ്പവകാശ പ്രതിനിധികളായ ഈ ദമ്പതിമാർ താനുമായി കരാറുണ്ടാക്കാനായി മാത്രം എത്തിയവരല്ലെന്നും തന്റെ കരവിരുതാൽ ജീവൻ പകർന്ന കഥാപാത്രങ്ങളെ നെഞ്ചോടു ചേർത്തവരാണെന്നും ആ യുവ എഴുത്തുകാരന് മനസ്സിലായി. അയാൾ അവരെ ഉറ്റബന്ധുക്കളെപ്പോലെ കരുതി പകൽസമയങ്ങളിൽ മെക്സിക്കോ നഗരം ചുറ്റിക്കാണിക്കാൻ കൊണ്ടുപോയി. രാത്രിയിൽ ആ നാട്ടിലെ സുഹൃത്തുക്കളായ എഴുത്തുകാരോടൊപ്പം അവർക്ക് അത്താഴവിരുന്നൊരുക്കുകയും ചെയ്തു. പൂർണേന്ദുവിന്റെ വെൺകിരണങ്ങൾ പന്തലിട്ട ആ രാത്രിയിൽ തിന്നും കുടിച്ചും അവർ ആത്മസൗഹൃദത്തിന്റെ ആനന്ദലഹരിയിൽ ആറാടി. രാവും ലഹരിയും ഏറെ ചെന്നപ്പോൾ യുവ സാഹിത്യകാരൻ ഒരു കടലാസെടുത്ത് ലൂയിസിനെ സാക്ഷിയാക്കി ഒരുടമ്പടി തയ്യാറാക്കി, അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു: ‘ഇന്നു മുതൽ ഞാനെന്ന ഗബ്രിയേൽ ഗാർസ്യ മാർക്കേസിന്റെ രചനകളുടെ ലോകത്തിലെ ഏക ലിറ്റററി ഏജൻറായി കാർമെൻ ബാൽസെൽസിനെ അടുത്ത നൂറ്റിയമ്പത് വർഷത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്നു’.ലക്ഷക്കണക്കിന് വായനക്കാരെ തന്നിലേക്കാവാഹിച്ച, ലോകസാഹിത്യകാരന്മാരുടെ ഔന്നത്യത്തിന്റെ പ്രഥമസ്ഥാനത്തിൽ ഇന്നും വിളങ്ങി വാഴുന്ന പ്രിയ ഗാബോയുടെ ഈ പ്രഖ്യാപനത്തിന് മറുപടിയെന്നപോലെ ചിരിച്ചുകൊണ്ട് കാർമെൻ പറഞ്ഞു: ‘‘നൂറ്റിയമ്പത് അല്ല, ഒരു നൂറ്റിയിരുപത് വർഷത്തേക്കേ ഞാൻ ചിന്തിച്ചുള്ളൂ.’’ ഇതൊരു തമാശയും ആ സാഹചര്യത്തിന് ചേരുംവിധമുള്ള ഒരു പ്രകടനവുമായിരുന്നു. പക്ഷേ, യഥാർഥത്തിലുള്ള മറ്റൊരു കരാർ തയ്യാറാക്കിയായിരുന്നു കാർമെൻ വന്നിരുന്നത്. അതിൻപ്രകാരം ഹാർപ്പർ ആൻഡ് റോ എന്ന അമേരിക്കയി ലെ പ്രസിദ്ധീകരണശാലയ്ക്ക് മാർക്കേസിന്റെ ആദ്യകാല രചനകളുടെ, ഇംഗ്ലീഷ് വിവർത്തന പതിപ്പുകൾക്കുള്ള അവകാശമായിരുന്നു. കൂടാതെ അടുത്ത പുസ്തകം ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കാനുള്ള പ്രഥമപരിഗണനയും ഹാർപ്പർ ആൻഡ് റോ ക്ക് തന്നെ ആയിരിക്കണമെന്നും അതിൽ നിഷ്കർഷിച്ചിരുന്നു. അവകാശധനമായി നിശ്ചയിച്ചിരുന്ന തുക ആയിരം ഡോളർ. മാർക്കേസിന് ആ കരാർ തീർത്തും ദുർഗ്രാഹ്യവും എന്തൊക്കെയോ പോരായ്മകൾ ഉള്ളതായും തോന്നി അദ്ദേഹമതിനെ ‘പാഴ്‌വസ്തു’ എന്ന് വിശേഷിപ്പിച്ചു. എന്നിരുന്നാലും കൂടുതൽ ആലോചനകൾക്ക് വിധേയമാക്കാതെ അവിടെവച്ചുതന്നെ മാർക്കേസ് ആ കരാർ ഒപ്പുവെച്ച് കാർമെൻ ബാൽസെൽസിനു നൽകി.

വീട്ടിൽ ഒരു   സാഹിത്യ ഏജൻസി
 1930-ൽ സ്പെയിനിലെ കാറ്റലോണിയൻ പ്രവിശ്യയിലെ സാൻറ് ഫെ ഡി സെഗാര എന്ന ഗ്രാമത്തിലാണ് നിരക്ഷരനായ റമോണിന്റെയും പിയാനിസ്റ്റ്‌ മെർസേയുടെയും മകളായി കാർമെൻ ബാൽസെൽസ് ജനിച്ചത്. വളരെ പരിമിതമായ ജീവിതസാഹചര്യങ്ങൾ മാത്രമേ, കാർമെന്റെ കുടുംബത്തിനുണ്ടായിരുന്നുള്ളൂ. 1950-ൽ പഠനം പൂർത്തിയാക്കിയ കാർമെൻ റൊമാനിയൻ എഴുത്തുകാരിയായ വിൻറില ഹോറിയയുടെ എയ്സർ ലിറ്റററി ഏജൻസിയിൽ ബാഴ്സലോണയുടെ പ്രതിനിധിയായി ജോലിക്കു ചേർന്നു. 1960-ൽ വിൻറില ഹോറിയ എയ്സർ ഏജൻസി വിൽക്കാൻ തീരുമാനിക്കുകയും കാർമെന്റെ സ്വന്തം ലിറ്റററി ഏജൻസി ഉദയംകൊള്ളുകയും ചെയ്തു. ആദ്യകാലങ്ങളിൽ ബാഴ്സലോണയിലെ തന്റെ വാസസ്ഥലത്തുതന്നെയാണ് ഏജൻസി പ്രവർത്തിച്ചുപോന്നത്.

 ഏജൻഷ്യ ലിറ്ററേറിയ കാർമെൻ ബാൽസെൽസ്
എഴുത്തുകാരും പ്രസാധകരും തമ്മിലുള്ള ഉടമ്പടികളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ വരുത്തിയാണ് പ്രാരംഭ കാലത്തുതന്നെ കാർമെൻ ബാൽസെൽസ് ഏജൻസി പേരെടുത്തത്. പ്രസിദ്ധീകരണശാലകൾ എഴുത്തുകാരുമായുണ്ടാക്കിയിരുന്ന ആജീവനാന്ത കരാറുകൾ ഒഴിവാക്കിക്കൊണ്ട് നിശ്ചിതസമയത്തേക്കു മാത്രം കരാറുകൾ ഒരുക്കിക്കൊടുക്കുകയും മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യുമ്പോൾപോലും ഗ്രന്ഥകാരന് അവകാശധനം ലഭ്യമാക്കിക്കൊണ്ടുള്ള നിബന്ധനകൾ ചേർക്കുകയും ചെയ്തുകൊണ്ട് അവർ പുസ്തകപ്രസാധന വ്യവസായത്തിന്റെ പതിവുശീലങ്ങളെ മാറ്റിമറിച്ചു. തന്റെ ഒറ്റയാൾ പോരാട്ടത്താൽ എഴുത്തുകാർക്ക് അവർ എഴുത്തിൽ നിന്നുതന്നെ ഉപജീവനമൊരുക്കി. നാൾക്കുനാൾ അവരും അവരുടെ പ്രസ്ഥാനവും സ്പെയിനിലെയും ലാറ്റിനമേരിക്കയിലെയും സർഗരചനകളുടെ ഊർജവും എഴുത്തുകാരുടെ കരുത്തുമായി.  ലാറ്റിനമേരിക്കയിലെയും സ്പെയിനിലെയും എണ്ണം പറഞ്ഞ എഴുത്തുകാരെല്ലാം അവരുടെ നാട്ടിൽ മാത്രം ഒതുങ്ങിനിൽക്കാതെ ലോകത്തിലെ വിവിധ ദേശങ്ങളിലേക്കും ഒട്ടേറെ ഭാഷകളിലേക്കും ഒരു പ്രവാഹം കണക്കേ, കാർമെൻ ബാൽസെൽസിലൂടെ ഒഴുകിപ്പരന്നു. മാർക്കേസിനെയും യോസയെയും കോർത്തസാറിനെയും നെരൂദയെയും ഫ്യുവന്തസിനെയും അസ്തൂറിയാസിനെയും ലോകസാഹിത്യത്തിലെ മിന്നും താരകങ്ങളാക്കിയത് ‘മാമ ഗ്രാൻദെ’ എന്ന മാർക്കേസിന്റെ കഥയുടെ പേരിലറിയപ്പെടുന്ന കാർമെൻ ബാൽസെൽസ് തന്നെയാണ്. അറുപത് വർഷത്തിനിടയിൽ കാർമെൻ ബാൽസെൽസ് പ്രതിനിധാനം ചെയ്തത് ആറ്‌ നൊബേൽസമ്മാന ജേതാക്കൾ ഉൾപ്പെടെ മുന്നൂറോളം മികച്ച എഴുത്തുകാരെ.  വിശ്വസാഹിത്യ ചരിത്രത്തിലെ പ്രതിഭാധനരായ മരിയോ വർഗാസ് യോസയും പാബ്ലോ നെരൂദയും മാർക്കേസും അസ്തൂറിയാസും വീസെന്തെ അലഹാന്ദ്രേയും കമിലാ ഹോസെതേലയും നൊബേൽ സമ്മാനമുൾപ്പെടെയുള്ള അവാർഡുകൾ വാരിക്കൂട്ടുമ്പോൾ കാർമെൻ ബാൽസെൽസ് എന്ന നിശ്ചയദാർഢ്യമുള്ള വനിത ഇവരുടെയെല്ലാം കാവൽമാലാഖയെപ്പോലെയായിരുന്നു. ലാറ്റിനമേരിക്കയ്ക്കും സ്പെയിനിനും പുറമേ, അമേരിക്കയിലെയും ബ്രിട്ടനിലെയും മറ്റു പല യൂറോപ്യൻ രാജ്യങ്ങളിലെ എഴുത്തുകാരെയും ഈ ലിറ്റററി ഏജൻസി ഇപ്പോഴും പ്രതിനിധാനം ചെയ്യുന്നു.

 ബാൽസെൽസും എഴുത്തുകാരും
ഗബ്രിയേൽ ഗാർസിയ മാർക്കേസ് ഒരിക്കൽ കാർമെനോട് ചോദിച്ചു: ‘‘നിങ്ങളെന്നെ പ്രണയിക്കുന്നോ?’’ അതിന് മറുപടിയായി അവർ പറഞ്ഞത് ‘‘എനിക്കതിന് മറുപടി പറയാൻ സാധിക്കില്ല, കാരണം, എന്റെ വരുമാനത്തിന്റെ മൂന്നിലൊന്നും നിങ്ങളാണ്’’ എന്നായിരുന്നു. മാർക്കേസ് ലോകോത്തര എഴുത്തുകാരനായതിൽ ഇംഗ്ലീഷ് വിവർത്തകരായ ഗ്രിഗറി റബാസ്സയെയും ഈഡിത് ഗ്രോസ്‌മാനെയും ഓർക്കപ്പെടുമ്പോലെയോ അതിലേറെയോ ഓർക്കേണ്ട ഒരു പേരാണ് കാർമെന്റേതും. ‘ഓഫ് ലവ് ആൻഡ് അദർ ഡീമൻസ്’ എന്ന വിഖ്യാതകൃതി മാർക്കേസ് സമർപ്പിച്ചിരിക്കുന്നത് ഇപ്രകാരമെഴുതിയാണ്: ‘ കാർമെൻ ബാൽസെൽസിന് കണ്ണീരിൽ കുളിച്ചുകൊണ്ട്’. 1960-കളിൽ സാമ്പത്തികമായി വിഷമസന്ധിയിലായിരുന്ന മരിയോ വർഗാസ് യോസയെ ലണ്ടനിൽ നേരിട്ട് ചെന്നുകണ്ട് മാസം 500 ഡോളർ വീതം നൽകാൻ ഏർപ്പാട് ചെയ്തുകൊണ്ട് കാർമെൻ അദ്ദേഹത്തെ എഴുത്തിലേക്ക് തിരിച്ചെത്തിച്ചു. ‘‘ഞങ്ങളെ സംരക്ഷിച്ചു, ഞങ്ങളെ കവർന്നെടുത്തു, ഞങ്ങളെ ശാസിച്ചു, കൃത്യമായ അവബോധത്തോടെയും ദയാവായ്പോടെയും അവസരത്തിനൊത്ത് ഞങ്ങളോടൊപ്പം നിന്ന് എഴുതിക്കിട്ടാൻ വേണ്ടി മാത്രമല്ലായിരുന്നു അത്. അവരോടൊപ്പം ജോലിചെയ്യാൻ ഭാഗ്യം സിദ്ധിച്ച ഞങ്ങളെപ്പോലുള്ള എഴുത്തുകാർക്ക് അവർ കേവലം ഏജൻറ്് എന്നതിനെക്കാളപ്പുറം മറ്റെന്തെല്ലാമോ ആയിരുന്നു’’ എന്നാണ് യോസ കാർമെനെക്കുറിച്ച് പറഞ്ഞത്.

  പ്രശസ്ത യുറുഗ്വായ്‌ എഴുത്തുകാരനായ ഹുവാൻ കാർലോസ് ഒനെറ്റി തന്റെ അവസാനത്തെ നോവൽ സമർപ്പിച്ചിട്ടുള്ളത് ‘നന്ദി പറയാൻവേണ്ടി മാത്രം, കാർമെൻ ബാൽസെൽസിന്’ എന്നാണ്. ഒനെറ്റിയുടെ ഭാര്യ ഡൊറോത്തെയ മെർ പറയുന്നതിപ്രകാരമാണ്, ‘ഹുവാൻ (ഒനെറ്റി) എഴുതി. പക്ഷേ, പുസ്തകമായിക്കഴിഞ്ഞ് പിന്നീട് എന്ത് സംഭവിക്കുന്നു എന്ന് ഗൗനിക്കാതെ കാർമെൻ അതേറ്റെടുത്തുനടത്തി. ഇംഗ്ലീഷിലും ഫ്രഞ്ചിലും ജാപ്പനീസിലും റഷ്യനിലും... എല്ലായിടത്തും അവരത് പ്രസിദ്ധീകരിച്ചുകൊണ്ടേയിരുന്നു, ഇന്നലെവരെ... ഹുവാനെ കണ്ടെത്തിയത് കാർമെനാണ്. പെപെ കരവായ്യോ എന്ന കുറ്റാന്വേഷകന്റെ കഥാകാരൻ മാനുവേൽ വാസ്‌കേസ് മൊൺടാൽബാൻ ‘വിമോചക’ എന്നാണ് കാർമെനെ വിശേഷിപ്പിച്ചത്.  ‘എഴുത്തുകാർ മുൻപ് ആജീവനാന്ത കരാറുകളിലേർപ്പെട്ടിരുന്നു, ചിലപ്പോൾ അത് തുച്ഛമായ പണത്തിനും ചിലപ്പോഴത് ചെറിയ സമ്മാനങ്ങളിലും മാത്രമൊതുങ്ങി... ഇതിൽനിന്നെല്ലാമുള്ള മോചനം സാധ്യമാക്കിയ വിമോചക.’
ചിലിയൻ എഴുത്തുകാരനും ഫോക്നർ അവാർഡ് ജേതാവുമായ ഹോസെ ഡൊണോ സോ കാർമെനെ ‘കാവൽമാലാഖയെന്നും സമകാലിക സാഹിത്യത്തിന് വഴികാട്ടിയായ പ്രതിഭ’യെന്നും  അടയാളപ്പെടുത്തുന്നു.ലോകമെമ്പാടും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റുപോയ The House of spirits, Eva Luna തുടങ്ങിയ പുസ്തകങ്ങുളുടെ എഴുത്തുകാരി ഇസബെൽ അലെൻദെ പറയുന്നത് ഇങ്ങനെ: ‘‘ഞാനവരെ മദ്‌രാസ (indulgent mother) എന്നാണ് വിളിച്ചിരുന്നത്. മൂന്ന് പതിറ്റാ ണ്ടുകൾക്കുമുന്പ് വെനസ്വേലയിൽ ഞാൻ രാഷ്ട്രീയ അഭയം പ്രാപിച്ച് കഴിയവേ, ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന എന്റെ The House of spirits എന്ന കൃതിയുടെ കൈയെഴുത്തുപ്രതി  കൊണ്ടുപോയി അവരതിനെ ലോകപ്രശസ്തമാക്കി. എന്റെ ജീവിതാവസ്ഥയ്ക്കും എന്തിന്, ഞാനിന്നുവരെ എഴുതിയ ഓരോ വാക്കിനും എന്നും ഞാൻ കാർമെൻ ബാൽസെൽസിനോട് കടപ്പെട്ടിരിക്കുന്നു. സ്പാനിഷ് ഭാഷാ സാഹിത്യലോകത്തെ രാജ്ഞിയാണവർ’’.

1960-’70 കളിലെ ലാറ്റിനമേരിക്കൻ ബൂം എന്നറിയപ്പെടുന്ന സാഹിത്യവളർച്ചയിൽ കാർമെൻ ബാൽസെൽസ് ലിറ്റററി ഏജൻസി നിസ്തുലമായ പങ്കാണ് വഹിച്ചതെന്ന് അതിലുൾപ്പെട്ട മിക്ക സാഹിത്യകാരന്മാരും പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ഒരു സൂപ്പർ ഏജൻറ് ഇല്ലായിരുന്നെങ്കിൽ ലാറ്റിനമേരിക്കൻ ബൂമിന്റെ വിധി മറ്റൊന്നാകുമായിരുന്നു . തന്റെ ഒറ്റയാൾ പോരാട്ടംകൊണ്ട് എഴുത്തുകാരെ അന്തസ്സുറ്റവരാക്കുകയും സർഗാത്മക എഴുത്തെന്ന കലയെ ഉപജീവനത്തിനും സമ്പാദനത്തിനും പ്രാപ്തമാക്കുകയും ചെയ്യിച്ച മാർഗദർശിയാണ് കാർമെൻ. എഴുത്തുകാർക്കായി ഉറച്ചനിലപാടെടുക്കുകയും എന്നാൽ, അവരെ ബിസിനസ് താത്‌പര്യങ്ങൾക്കപ്പുറം ഉറ്റമിത്രങ്ങളാക്കി മാറ്റിയ കുലീനയായ സ്ത്രീ. എഴുത്തുകാർക്ക് അവരർഹിച്ച പണം നൽകുക മാത്രമല്ല, അവരുടെ കുടുംബത്തിന്റെ ചുമതലകളിൽ പലതും ഏറ്റെടുത്ത് എഴുത്തുകാരെ എഴുത്തിന്റെമാത്രം സ്വാതന്ത്ര്യത്തിലേക്ക് കാർമെൻ എടുത്തുയർത്തി. 2015 സെപ്‌റ്റംബർ ഇരുപതാം തീയതി കാർമെൻ യാത്രയായി. അനുശോചന സന്ദേശത്തിൽ മരിയോ വർഗാസ് യോസ ഇങ്ങനെയെഴുതി... ‘Carmen dearest, see you soon...!’