സാങ്കേതികവിദ്യയുടെ അതിപ്രസരം. അതിൽ അമിതാവേശത്തോടെ ഉൾച്ചേർന്നുപായുന്ന തലമുറ. മാറ്റത്തിന്റെ വേഗം കൂടുതലാണെന്നു പറയാമെന്നുതോന്നുന്നു. അതുമൂലം ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധിയുണ്ടായി എന്നു കരുതാമോ
=ഇത്തരം മാറ്റങ്ങൾ എന്നുമുണ്ടായിട്ടുണ്ട്. അമ്പതു കൊല്ലങ്ങൾക്കുമുമ്പ് ഗ്രാമങ്ങളിൽ വൈദ്യുതിവന്ന കാലം ഇതിന് സമാനമായിരുന്നു. എന്നാൽ, ഇപ്പോൾ മറ്റൊന്നുകൂടി സംഭവിച്ചിട്ടുണ്ട്: സ്‌പെയ്‌സ് കൂടി ഉൾപ്പെട്ടിട്ടുണ്ട്. പണ്ടത്തെ ടണൽ വിഷൻ മാറി, ബ്രോഡായി കാണാനുള്ള കഴിവ് കൈവന്നു. ഇന്നത്തെ ഈ അവസ്ഥയ്ക്കും മാറ്റംവരും. ഒന്നും പ്രതിസന്ധിയായി വിലയിരുത്തേണ്ടതില്ല. അതുപോലെയാണ് എഴുത്തിലുണ്ടായ മാറ്റവും. കത്തെഴുതുന്നത് വളരെ കുറഞ്ഞു. അതെപ്പോൾ നിന്നു എന്നുപോലും അറിയുന്നില്ല. അങ്ങനെയുള്ള മാറ്റത്തെ എന്തുകൊണ്ട് നമുക്ക് സ്വീകരിച്ചുകൂടാ? മറ്റൊരുതരത്തിൽ പറഞ്ഞാൽ ഇ-മെയിലോ എന്തുമാകട്ടെ, കാര്യങ്ങൾ നടന്നുപോകുന്നില്ലേ? എന്തിനാണ് ഇതിലൊക്കെ ഇത്രയ്ക്ക് ആശങ്കപ്പെടുന്നത്? എനിക്ക്‌ ഇപ്പോൾ ഓർമവരുന്നത് ജനതാഭരണകാലത്തെ ഒരു തീരുമാനമാണ്. പബ്ലിക് ബൂത്തുകൾ സ്വകാര്യവ്യക്തികൾക്ക് അനുവദിച്ചുകൊടുക്കാൻ അന്നൊരു തീരുമാനം വന്നു. അതിനെതിരേ ശക്തമായ പ്രതിഷേധമാണ് പലയിടത്തുനിന്നും ഉയർന്നത്. എന്നിട്ടെന്തു സംഭവിച്ചു? ഇന്നത് നമുക്ക് വിഷമമില്ലാതെ സ്വീകരിക്കാൻ കഴിയുന്നുണ്ടല്ലോ. ഇൻഫർമേഷൻരംഗത്തെ ഇപ്പോഴത്തെ മാറ്റത്തെയും  അതുമായി ബന്ധപ്പെടുത്തിയുള്ള സംവാദത്തെയും ഈ രീതിയിൽ കണ്ടാൽ മതിയാവും. അതത്ര ഗൗരവമുള്ള പ്രശ്നമല്ല.

സമൂഹത്തിൽ അസഹിഷ്ണുത പെരുകുന്നതായി കാണുന്നത്, അതിന്റെ ഒരു ഫലമായി മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന ക്രൂരതയെ കാണാൻ കഴിയുമോ
=അസാസിൻ എന്ന പദംതന്നെ ഉണ്ടായത് രസകരമാണ്. ഷിയായത്തുകളിലെ ഇസ്മയിലികളാണ് ചരിത്രത്തിലാദ്യമായി ഓർഗനൈസ്ഡ് കൊലപാതകങ്ങളും ആത്മഹത്യാ ആക്രമണങ്ങളും നടത്തിയത്. അവരുടെ രീതിതന്നെ പ്ലാനിങ്‌ ഇൻ സീക്രട്ട്, ആക്ടിങ്‌ ഇൻ പബ്ലിക് എന്നതായിരുന്നു. ഇവർ ഇങ്ങനെ ചെയ്യുന്നത് ഹാഷിഷ് കഴിച്ചായിരിക്കുമെന്ന് ആളുകൾ വിശ്വസിച്ചു. അങ്ങനെ ഹാഷിഷ് ലോപിച്ച് അസാസിൻ എന്നായി. ഒരുപക്ഷേ, ഇതിന്റെ ബാക്കിപത്രമായിരിക്കാം സാർവത്രികമായി നടപ്പാക്കപ്പെടുന്ന ഒടുങ്ങാത്ത കൊലപാതകപരമ്പരകൾ. ശരിയാണ്. കലാലോകത്തിലെ അസഹിഷ്ണുത ഇന്ന് വലിയൊരു വിഷയമാണ്. എം.എഫ്. ഹുസൈന്റെ കാര്യമടക്കം അങ്ങനെത്തന്നെ. പക്ഷേ, ഒന്നുണ്ട്. ഹുസൈൻ ഗിമ്മിക്കുകളുടെ ആളാണ്. അടിയന്തരാവസ്ഥയിൽ ഹുസൈൻ ഇന്ദിരാഗാന്ധിയെ ദുർഗയായി ചിത്രീകരിച്ച് വരച്ച വ്യക്തിയാണ്. വിവാദമായ ചിത്രങ്ങൾ കണ്ടിട്ടുണ്ട്. അതിൽ കലയുടെ അംശമൊന്നും കാണാനാവില്ല. പ്രൊവോക് ചെയ്യാൻവേണ്ടി വരച്ചവയാണെന്നാണ് അവ കണ്ടാൽ തോന്നുക.

റുഷ്ദിയുടെ കാര്യം
=റുഷ്ദിയും ഇതുപോലെതന്നെ. ‘സാത്താനിക് വേഴ്‌സസി’ലും ആത്മാർഥതയെക്കാൾ കൂടുതൽ വിവാദോന്മുഖതയാണ് തോന്നുക. എന്നാൽ, തസ്‌ലിമയുടെ ‘ലജ്ജ’ ആത്മാർഥതയുള്ള ഒരു കൃതിയാണ്. അവരെ ഹൈദരാബാദിൽ കൈയേറ്റം ചെയ്തപ്പോൾ കേസെടുത്തത് കൈയേറ്റം ചെയ്തവർക്കെതിരേയല്ല, തസ്‌ലിമയ്ക്കെതിരേയാണ്. സഫ്ദർ ഹശ്മി കൊലചെയ്യപ്പെട്ടത് ഒരു നാടകാവതരണത്തിന്റെ അന്ത്യത്തിൽ അതേവേദിയിൽവെച്ചായിരുന്നു എന്ന് ഓർക്കണം. ഒരു സൃഷ്ടി ഇനി പ്രകോപനപരമാണെങ്കിൽപ്പോലും അതിനെ നിരോധിക്കേണ്ടതില്ല. അത്രയ്ക്കൊക്കെയുള്ള പക്വത സമൂഹം കാണിക്കണം. പക്ഷേ, ഇതെന്നും ഇതുപോലെയായിരുന്നു.  ഗാന്ധിജിയെക്കുറിച്ചെഴുതിയ ഒരു പുസ്തകം നെഹ്രു നിരോധിച്ചു, അത് മനസ്സിലാക്കാൻ നമ്മുടെ സമൂഹം പക്വമായിട്ടില്ലെന്നു പറഞ്ഞാണത് ചെയ്തത്. അപ്പോൾ രാജ​േഗാപാലാചാരി പറഞ്ഞത്, സമൂഹത്തിനല്ല, ഭരണകൂടത്തിനാണ്, രാഷ്ട്രീയനേതൃത്വത്തിനാണ് പക്വതയില്ലാത്തത് എന്നാണ്. കപടനാട്യം ആണെങ്കിൽപ്പോലും അസഹിഷ്ണുത കാണിക്കേണ്ടതില്ല. എന്തെഴുതിയാലും ആരുടെയെങ്കിലുമൊക്കെ വികാരങ്ങൾ  ഈ രാജ്യത്ത് വ്രണപ്പെട്ടിട്ടുണ്ടാകും. നിരോധനത്തിന്റെ അവസ്ഥയും മാനദണ്ഡങ്ങളും സ്വസ്ഥമായൊരുതലത്തിൽ ഒരിക്കലും പരിശോധിക്കപ്പെടുന്നില്ല. ആന്റണിയുടെ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്‌’ എന്ന നാടകത്തിന്റെ അവസ്ഥ നമുക്കറിയാവുന്നതാണല്ലോ. ഡിസ്‌കവറി ഓഫ് ഇന്ത്യയിൽ ശിവജിയെക്കുറിച്ചുള്ള പ്രതിപാദ്യം കാരണം ആ പുസ്തകംതന്നെ നിരോധിക്കണമെന്ന വാദമുണ്ടായി. കൊൽക്കത്തയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഉൾപ്പെടുത്തിയ ലെനിനെപ്പറ്റിയുള്ള ഒരു സിനിമ, അതിൽ ലെനിനെ മോശമായിക്കാണിക്കുന്നെന്നു പറഞ്ഞ് ബംഗാളിൽ നിരോധിക്കാൻ ആവശ്യമുയർന്നു. വാസ്തവത്തിൽ മേളകളിലെ ചിത്രങ്ങൾക്ക് രാജ്യത്തെ സെൻസർ നിയമങ്ങൾപോലും ബാധകമല്ല.

ഇത് എല്ലാരംഗത്തും പെരുകിവരുന്നുണ്ടല്ലോ. രാമസേതു വിവാദം
=രാമസേതു ഒരു ജിയോളജിക്കൽ ഫീച്ചറാണ്, ആർക്കിയോളജിക്കൽ ഫീച്ചറല്ല. ഹൗ ഡിസ്ട്രക്ടേഴ്‌സ് കാൻ ബിക്കം കൺസർവേറ്റേഴ്‌സ്? നശിപ്പിക്കുന്നവർക്ക് സംരക്ഷകന്റെ പരിവേഷം!

ഇതിന് നേർവിപരീതമായ മറ്റൊന്നുണ്ടല്ലോ. സ്വയം പീഡിപ്പിക്കുന്നത്, മതത്തിന്റെയും മറ്റും പേരിൽ സ്വയം വേദന ഏറ്റവാങ്ങുന്നത്
=വേദനയെന്നത് ശരീരഭാഗങ്ങളിലെ ഒരവസ്ഥാവിശേഷമാണ്. കോംപ്ലക്സ്‌ കോംപ്രമൈസ്‌. അതേസമയം കോംപ്ലിക്കേറ്റഡും. കാഴ്ചയുടെ കാര്യത്തിൽ പറയുന്നതുപോലെത്തന്നെ. നാം കാണുന്നതെല്ലാം റെക്കോഡ് ചെയ്യപ്പെടുന്നില്ല. റെക്കോഡ് ചെയ്യുന്നതെല്ലാം റീകലക്ട്‌ ചെയ്യാറില്ല. റീകലക്ട്‌ ചെയ്യുന്നതെല്ലാം റീറ്റെയ്ൻ ചെയ്യണമെന്നുമില്ല. ചിന്തിക്കാനുള്ള സ്വാതന്ത്ര്യമാണുവേണ്ടത്. ഇന്നത്തെ ലോകത്തിൽ അതു കുറഞ്ഞുവരുന്നു. അധികം കൃത്യങ്ങളും ചെയ്യപ്പെടുന്നത് പ്രേരണകളുടെ സ്വാധീനത്താലാണ്, ചിന്തയുടെയല്ല. പ്രേരണകളുടെ സ്വാതന്ത്ര്യം കൂടിക്കൂടിവരുന്നു. വേദനയിൽ തളരുന്നവനേ വേദനയെ വേദനയായി അറിയുകയുള്ളൂ. അതുതന്നെയാകുന്നു വേദയയോടുള്ള പ്രതിഷേധവും. വേദന എങ്ങനെ വ്യക്തിപരമായ ഒരു അനുഭവമാണോ, അങ്ങനെത്തന്നെയാകുന്നു സ്നേഹവും. മനുഷ്യന്റെ കൃത്യങ്ങളെ വിലയിരുത്താനുള്ള മാർഗം, ഒരുപക്ഷേ, അവൻ അവയിൽ എത്രത്തോളം വ്യക്തിപരമായി പങ്കാളിയാകുന്നുവെന്നുനോക്കിയായിരിക്കും.

ഈ ആത്മപീഡനത്തിൽ പലതും ദൈവവിശ്വാസവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇപ്പോൾ അസാധാരണമായി വിശ്വാസം ഏറിവരുകയും ചെയ്യുന്നു.
=ജീവിതം ചൂടാണെന്നു മനസ്സിലാക്കിയ ആദിമമനുഷ്യൻ ആ ചൂട് അതിനു സ്വയം ഉത്‌പാദിപ്പിക്കണമെന്ന് അറിഞ്ഞില്ല. തണുക്കാതിരിക്കുകയും ഉറയ്ക്കാതിരിക്കുകയും വിളറാതിരിക്കുകയും ചീയാതിരിക്കുകയും മാത്രമാണ് ജീവിതമെന്ന് അവൻ ധരിച്ചു. മരണത്തെപ്പറ്റി എത്രയേറെ അറിവ്‌ സംഭരിച്ചിട്ടും ജീവിതത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവ് ഹിമയുഗമനുഷ്യന്റേതിൽനിന്ന് ഏറെ മുന്നോട്ടുപോയിട്ടില്ല.

നേരമൊരുപാടായി.
‘എന്തുകൊണ്ടാണ് കുറെ മനുഷ്യർ പുറമ്പോക്കുമനുഷ്യരായിത്തീരുന്നത്? മറ്റുള്ളവർക്കുള്ള സംവേദനശക്തി നിഷേധിക്കപ്പെട്ടവരായിത്തീരുന്നത്? തടവുകാരായിത്തീരുന്നത്? മറ്റുള്ളവരുടെ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കപ്പെടുന്നവരായിത്തീരുന്നത്?... മരുഭൂമിയിൽക്കൂടി കടന്നുവന്ന കുന്ദൻ, തടവുകാരനായ കുന്ദൻ, ഈ ചോദ്യങ്ങളൊക്കെ മനസ്സിലാക്കുന്നു. (മരുഭൂമികൾ ഉണ്ടാകുന്നത്)’
ഒടുക്കം പിരിയാൻനേരത്ത്, എന്തെങ്കിലും എഴുതിത്തരണമെന്നു പറഞ്ഞപ്പോൾ ആനന്ദ്്് ആൾക്കൂട്ടത്തിലെ വരികളാണ് പകർത്തിത്തന്നത്:
‘നിങ്ങളുടെ പ്രായത്തിൽ സങ്കല്പങ്ങളും യാഥാർഥ്യങ്ങളും തമ്മിൽ ഒരുപാടു ദൂരം ഉണ്ടായിരിക്കുക സാധാരണമാണ്. ആ ദൂരം അറിയാതിരിക്കുന്നതിലാണ് യുവത്വം കിടക്കുന്നത്. അത് അറിയാൻ തുടങ്ങുമ്പോൾ ഒരാൾ വൃദ്ധനായിക്കഴിഞ്ഞിരിക്കും’