വികൃതശരീരനായി വിറച്ചുവിറച്ച് ഇരുവശങ്ങളിലേക്കുലഞ്ഞുകൊണ്ട് അവൻ പ്രവേശിച്ചപ്പോൾ രാജസദസ്സ് ആകെ നിശ്ശബ്ദമായി. അഷ്ടാവക്രൻ പക്ഷേ, ചങ്കൂറ്റത്തോടെ സദസ്യരെയാകെ വീക്ഷിച്ചു, തന്റെ ശാരീരികസ്ഥിതിയെക്കുറിച്ച് ഒട്ടും ലജ്ജിക്കാതെ. അവനെ കണ്ടപ്പോൾ രാജാവുൾപ്പെടെ സദസ്സിലെല്ലാവർക്കും പരിഹാസച്ചിരി പൊട്ടി. പെട്ടെന്ന് സദസ്യരെയാകെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് അവരുടെയെല്ലാം ചിരികൾക്കുമീതെ അഷ്ടാവക്രന്റെ ചിരി ഉറക്കെ മുഴങ്ങി. സദസ്സിലെല്ലാവരും നിർത്തിയിട്ടും അവൻ ചിരി തുടർന്നു. അഷ്ടാവക്രൻ ചിരി നിർത്തിയപ്പോൾ ആഴമേറിയ നിശ്ശബ്ദത നിറഞ്ഞു. ‘‘ആദരണീയനായ രാജാവേ, അങ്ങയുടെ സദസ്സ് ചെരിപ്പുകുത്തികളെക്കൊണ്ട് നിറഞ്ഞതാവുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’’ -അസുഖകരമായ നിശ്ശബ്ദത ഭഞ്ജിച്ചുകൊണ്ട് അഷ്ടാവക്രന്റെ ശബ്ദം മുഴങ്ങി. ശരീരം പോലെയായിരുന്നില്ല, ഉറച്ചതും തരിമ്പും വിറയ്ക്കാത്തതുമായിരുന്നു ആ ശബ്ദം. ജനക ആൻഡ് അഷ്ടാവക്ര
-എ ജേണി ബിയോൻഡ് (അഷ്റഫ് കരയത്ത്)
നാദാപുരം സ്വദേശിയും 27 വർഷമായി ദുബായിലെ പ്രവാസി വ്യവസായിയുമായ അഷ്റഫ് കരയത്തിന്റെ ആദ്യനോവലിലെ ഒരു മുഹൂർത്തമാണിത്. മിഥിലാരാജധാനിയിൽ മഹാരാജാവായ ജനകന്റെ സദസ്സിൽ പതിന്നാലുകാരനായ അഷ്ടാവക്രൻ കടന്നുവരുന്നതാണ് സന്ദർഭം. സീതാദേവിയുടെ പിതാവായ ജനകനെക്കുറിച്ച് ഒട്ടേറെ കേട്ടിട്ടുള്ളവരുണ്ടാകും. എന്നാൽ, അഷ്ടാവക്രനും ജനകനും തമ്മിലുള്ള സംഗമത്തിൽ തെളിയുന്നത് പുതിയൊരു ജ്ഞാനലോകമാണ്. ആ ജ്ഞാനഭാരം വായനക്കാരെ നമ്രശിരസ്കരാക്കുന്നുണ്ട്. ഇതിഹാസങ്ങളിലെയും ഉപനിഷത്തുകളിലെയും ദാർശനികാനുഭവങ്ങൾ പുതിയകാലത്തിന്റേതു കൂടിയാക്കുന്ന മാന്ത്രികതയുണ്ട് ഈ നോവലിൽ. അത്രമേൽ പരിചിതവും അതേസമയം അപരിചിതവുമായ ദാർശനികതലം അവതരിപ്പിക്കുന്നുണ്ട്, പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കകം ആമസോൺ ബെസ്റ്റ് സെല്ലർപട്ടികയിലിടം നേടിയ ഈ നോവൽ. നോവലിനെക്കുറിച്ചും എഴുത്തിലേക്കെത്തിയ വഴികളെക്കുറിച്ചുമാണ്‌ അഷ്റഫ് കരയത്ത് സംസാരിക്കുന്നത്‌
 വളരെ ചെറിയൊരു കഥ പറയുന്നുവെന്നു ഭാവിക്കുകയും വലിയൊരു ജീവിതം അനുഭവിപ്പിക്കുകയുമാണ് ‘ജനക ആൻഡ് അഷ്ടാവക്ര’ എന്ന നോവൽ ചെയ്യുന്നത്. അത്തരമൊരു ദർശനത്തിലേക്ക് എത്തിയതെങ്ങനെ
=ആത്മീയതയോടുള്ള താത്പര്യം എന്റെ ഇരുപതുകളിലേ ഉണ്ടായിരുന്നു. നാദാപുരത്താണ് ജനിച്ചത്. മതനിഷ്ഠകൾക്കനുസരിച്ചാണ് വളർന്നത്. വിരക്തിയും ആഗ്രഹങ്ങൾ ത്യജിക്കലുമാണ് ആത്മീയതയെന്നു കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിലെത്തുക. ഞാൻ മറ്റൊരു തരത്തിലാണ് അതിനെ നോക്കിക്കാണാൻ ശ്രമിച്ചത്. അവനവനെ കൂടുതൽ മെച്ചപ്പെടുത്താനുള്ള സെൽഫ് ഹെൽപ്പ്‌ പുസ്തകങ്ങളിൽ കോളേജ്‌കാലംമുതൽ താത്പര്യം തോന്നിയിരുന്നു. പിന്നെപ്പിന്നെ അതിന്റെ ഫിലോസഫിയിലേക്കു കടന്നു. അതുപിന്നെ ആത്മീയതയിലേക്കുള്ള വിശദമായ അന്വേഷണത്തിലേക്കെത്തി. മതപരമായ ദാർശനികതയല്ല, അസ്തിത്വവാദത്തിന്റെ വിവിധവശങ്ങളാണ് ഈ അന്വേഷണങ്ങളിലൂടെ കൂടുതൽ തെളിഞ്ഞുകിട്ടിയത്. അഷ്ടാവക്രഗീതയിലെ ദർശനങ്ങളെ ബുദ്ധൻ പറഞ്ഞതിനോടും ഷേക്‌സ്പിയർ പറഞ്ഞതിനോടുമൊക്കെ ബന്ധപ്പെടുത്തി ആലോചിക്കുമ്പോൾ എക്കാലത്തേക്കും പ്രസക്തമായ കാര്യങ്ങളാണ് അതെന്നു മനസ്സിലായി.

എത്രകാലമെടുത്തു ഈ നോവലിലെത്താൻ
=12 വർഷംകൊണ്ടാണ് ഈ നോവലിലേക്കെത്തിയത്. അഷ്ടാവക്രഗീത പഠിച്ചപ്പോഴാണ് ഇതെഴുതാൻ തോന്നിയത്. അതിന് പല രീതിയിലുള്ള വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്. ആഗ്രഹങ്ങൾ ത്യജിക്കുമ്പോഴാണ് മോചനമുണ്ടാകുന്നതെന്നാണ് സന്ന്യാസത്തിന്റെ വഴിയിലുള്ള ഒരാൾ പറയുക. ദൈവികതയാണ് ഒരാളുടെ പൂർണത. ഈ പൂർണതയാണ് നമ്മുടെ ജീവിതലക്ഷ്യംതന്നെ. ആ പൂർണതയിലേക്കെത്താൻ ആഗ്രഹങ്ങൾ വേണമെന്നാണ് എന്റെ പക്ഷം. ആഗ്രഹങ്ങളാണ് നമ്മെ പൂർണതയിലെത്തിക്കുന്നത്. നമ്മുടെ ചുറ്റുമുള്ള യാഥാർഥ്യങ്ങൾ സൃഷ്ടിക്കുന്നതിൽ നമ്മുടെ ചിന്തകൾക്ക് വലിയ പങ്കുണ്ടെന്നാണ് അഷ്ടാവക്രഗീത  വായിച്ചപ്പോൾ തോന്നിയത്. എന്താണ് യാഥാർഥ്യം എന്ന് നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്. മഹാരാജാവായ ജനകൻ സ്വപ്നത്തിൽ താനൊരു യാചകനാവുന്നത് കാണുന്നുണ്ട്. ഉണരുമ്പോൾ കൊട്ടാരത്തിലാണെങ്കിലും അദ്ദേഹം കുറച്ചുനേരം ഏതാണ് യാഥാർഥ്യം എന്ന സന്ദിഗ്ധതയിൽ അകപ്പെടുന്നുണ്ട്. ‘സമ്രാട്ടാണോ, യാചകനാണോ - ആരാണ് ഞാൻ’ എന്നതാണ് ആ ചോദ്യം. എന്താണ് ഇങ്ങനെയൊരു സ്വപ്നത്തിന്റെ അർഥം?  ഇതിനുള്ള ഉത്തരവുമായാണ് അഷ്ടാവക്രൻ എത്തുന്നത്.

 എങ്ങനെയുണ്ടായിരുന്നു വായനക്കാരുടെ പ്രതികരണം
=ലോകമെങ്ങും നന്നായാണ് നോവൽ സ്വീകരിക്കപ്പെട്ടത്. മലയാളികൾ വേണ്ടത്ര അറിഞ്ഞിട്ടില്ലെങ്കിലും ഉത്തരേന്ത്യയിൽനിന്ന് ഒട്ടേറെ വായനക്കാർ പ്രതികരണം അറിയിച്ചിരുന്നു. പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ആമസോൺ ബെസ്റ്റ് സെല്ലർപട്ടികയിൽ ഇടംനേടിയത് വലിയ ഉത്തേജനമായി. യു.എസ്. ഉൾപ്പെടെ വിദേശരാജ്യങ്ങളിലും നോവൽ നല്ല പ്രതികരണമുണ്ടാക്കി. ജീവിതത്തിൽ അന്വേഷിച്ചുകൊണ്ടിരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടിയെന്ന് പല വായനക്കാരും, പ്രത്യേകിച്ച്  ഉത്തരേന്ത്യക്കാർ പറഞ്ഞത് വലിയ സന്തോഷമാണ് നൽകിയത്.

 ഇതിഹാസത്തിലെയും ഉപനിഷത്തുകളിലെയും കഥകൾ പുനരാവിഷ്കരിക്കുമ്പോൾ എത്രത്തോളം സ്വാതന്ത്ര്യമെടുത്തു
=കഥാപാത്രസൃഷ്ടിയിലും സംഭവങ്ങളിലും സ്വാതന്ത്ര്യമെടുത്തിട്ടുണ്ട്. എന്നാൽ, കഥാഗതിയിൽ വലിയ വ്യത്യാസം വരുത്താതെയാണതു ചെയ്തത്. ഉപനിഷത്തുകളിലും രാമായണത്തിലും മഹാഭാരതത്തിലും ചെറിയ ശകലങ്ങളായി പലേടത്തുള്ള പരാമർശങ്ങൾ ചേരുംപടി ചേർക്കുകയാണ് ചെയ്തത്. പരാമർശം മാത്രമുള്ള ചില കഥാപാത്രങ്ങളെ വിശദാംശങ്ങളോടെ അവതരിപ്പിച്ചു. അഷ്ടാവക്രനെയും അഷ്ടാവക്രന്റെ അമ്മയെയും കുശധ്വജനെയും ഒക്കെ ഇങ്ങനെ ഭാവനാംശം ചേർത്ത് വിപുലീകരിച്ചതാണ്. ജനകരാജാവിനെ കാണാൻപോകുന്ന അഷ്ടാവക്രൻ രാമായണത്തിൽ ഇല്ല. ഇത്തരം ചില ഘട്ടങ്ങളിലാണ് സ്വാതന്ത്ര്യം ഉപയോഗിച്ചിട്ടുള്ളത്. ഏറ്റവും നല്ല കർമയോഗിയെന്ന് ഭഗവദ്ഗീതയിൽ ജനകനെ ഭഗവാൻ ശ്രീകൃഷ്ണൻ വിശേഷിപ്പിക്കുന്നുണ്ട്. രാജർഷി  എന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം  ഈ കഥയിലേക്കു  പ്രതിഷ്ഠിക്കുകയായിരുന്നു.

ഇത്തരം വ്യതിയാനങ്ങൾ എതിർപ്പുണ്ടാക്കുമോ എന്ന് ഭയമുണ്ടായില്ലേ
=ഇല്ല. രാഷ്ട്രീയപരമായ വ്യാഖ്യാനങ്ങളെക്കുറിച്ച് ആലോചിക്കുന്ന വിധത്തിൽ രാഷ്ട്രീയം ബാധിച്ചൊരാളല്ല ഞാൻ. അത്തരം ഭാരങ്ങളില്ലാത്തതിന്റെ നിഷ്‌കളങ്കതയുണ്ട് എനിക്ക്.

 നോവൽ ഇറങ്ങിയപ്പോഴോ
 =രാഷ്ട്രീയതാത്പര്യങ്ങളുള്ള വ്യാഖ്യാനങ്ങളും വിമർശനങ്ങളുമൊന്നും അധികം നേരിടേണ്ടിവന്നില്ല. വേദങ്ങളിലേക്കു കടന്നുവന്ന് മലിനീകരിക്കാനുള്ള ശ്രമമാണെന്ന കുറ്റപ്പെടുത്തലൊക്കെ ചില കോണുകളിൽനിന്നുണ്ടായി. അതൊക്കെ അതേ വിഭാഗത്തിൽപ്പെട്ടവർതന്നെ പ്രതിരോധിക്കുകയും ചെയ്തു.

 വാല്മീകിയുടെ രാമായണത്തിൽ വിവരിക്കുന്ന മട്ടിലല്ല ഇതിലെ സീതാസ്വയംവരം. അതേക്കുറിച്ച് വിമർശനമുണ്ടായോ
=രാമായണത്തിന് എത്രയോ വ്യത്യസ്ത പാഠങ്ങളുണ്ടല്ലോ. 300 പാഠങ്ങളെങ്കിലും ഞാൻ നോക്കിയിട്ടുണ്ട്. സീതാസ്വയംവരത്തിന് ദശരഥനുൾപ്പെടെ എല്ലാവരുമൊന്നിച്ചുവരുന്ന പാഠവും അതിലുണ്ട്. അത് ഈ നോവലിന് നന്നാവുമെന്ന തോന്നലിലാണ് സ്വാതന്ത്ര്യമെടുത്തത്. ആരും അതിനെ കുറ്റപ്പെടുത്തിയില്ല.

51-ൽ ആദ്യനോവൽ, ലണ്ടനിൽ പരിശീലനം
അഷ്റഫ് കരയത്തിന്റെ അമ്പത്തിയൊന്നാം വയസ്സിലാണ് ആദ്യനോവലായ ‘ജനക ആൻഡ് അഷ്ടാവക്ര - എ ജേണി ബിയോൻഡ്’  പ്രസിദ്ധീകരിച്ചത്. നാദാപുരത്ത് അധ്യാപകൻ കാദർകുട്ടിയുടെയും മറിയത്തിന്റെയും മകനായാണ് ജനനം. പിതാവിന്റെ സ്വാധീനത്തിലാണ് ചെറുപ്പത്തിലേ സാഹിത്യമൊക്കെ വായിക്കാൻ തുടങ്ങിയത്. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും ഫാറൂഖ്‌ കോളേജിലും പഠനം. ദുബായിൽ സോഫ്റ്റ്‌വേർ ബിസിനസിന്റെ തിരക്കിനിടെയാണ് നോവലെഴുതാൻ തീരുമാനിച്ചത്. ലണ്ടനിൽപ്പോയി ക്രിയേറ്റീവ് റൈറ്റിങ് പരിശീലിക്കുകയും പണം ചെലവിട്ട് ഗവേഷണം നടത്തുകയും ചെയ്തശേഷമായിരുന്നു നോവൽരചന. പുതിയ കാലത്തിന്റെ പാഠപുസ്തകമെന്ന നിലയിലാണ് ഇത് സ്വീകരിക്കപ്പെട്ടതെന്ന് നോവലിസ്റ്റ് പറയുന്നു.