അമൃതവചനം

മക്കളേ,
ഇന്ന്‌ ഭൗതികസംസ്കാരം വഴിമുട്ടിനിൽക്കുകയാണ് എന്നുപറയാറുണ്ട്. കാരണം, സയൻസ് എത്രപുരോഗതി നേടിയിട്ടും മനുഷ്യന് ജീവിതത്തിൽ ശാന്തിയും സംതൃപ്തിയും നേടാൻ കഴിയുന്നില്ല. വാസ്തവത്തിൽ ഭൗതികമായ പ്രശ്നങ്ങളെപ്പോലും പരിഹരിക്കാൻ ഭൗതികസംസ്കാരത്തിനു കഴിഞ്ഞിട്ടില്ല. സമയത്തെയും ദൂരത്തെയും കീഴടക്കി ശാസ്ത്രം വളർന്നു എന്നതു ശരിതന്നെ. എന്നാൽ, ഇന്നും ലോകത്ത് പട്ടിണിയുണ്ട്. ദാരിദ്ര്യമുണ്ട്. പുതിയ രോഗങ്ങളുണ്ട്. അക്ഷരാഭ്യാസമില്ലാത്ത കോടിക്കണക്കിന് ആളുകളുണ്ട്. ബാലമരണങ്ങളുണ്ട്. ഓരോ പത്തുസെക്കൻഡിലും ലോകത്തെവിടെയോ ഒരു കുഞ്ഞ് പട്ടിണികൊണ്ട് മരിക്കുകയാണ്. കുഞ്ഞുങ്ങളുടെ അന്നത്തിനുവേണ്ടിയുള്ള ദീനമായ കരച്ചിലിനെക്കാൾ വേദനാജനകമായി ഈ ലോകത്ത് മറ്റെന്താണുള്ളത്. അതിനുപരിഹാരമുണ്ടാക്കാൻ സയൻസിന്റെ വളർച്ചമാത്രം പോരാ ഹൃദയത്തിന്റെ വളർച്ചകൂടി വേണം.

നമ്മൾ ഒരു കാറിൽ സഞ്ചരിക്കുകയാണെന്നു കരുതുക. കുറേദൂരം ചെന്നപ്പോൾ റോഡ് അവസാനിച്ചിരിക്കുന്നതായി കണ്ടു. എന്തുചെയ്യും? ആരെയെങ്കിലും പഴി പറഞ്ഞിട്ടു കാര്യമുണ്ടോ? ഇല്ല. നമ്മൾ അവിടെത്തന്നെ കിടക്കുകയുമില്ല. വന്ന വഴിയേ മടങ്ങും. എവിടെയാണ് നമുക്കു തെറ്റുപറ്റിയതെന്ന് മനസ്സിലാക്കി ശരിയായ വഴിയിലൂടെ യാത്ര തുടരും. ഇതുതന്നെയാണ് മനുഷ്യസമൂഹം ചെയ്യേണ്ടത്.
ലോകത്തിലെ സകലപ്രശ്നങ്ങൾക്കും ബാഹ്യമായ കാരണങ്ങൾ കണ്ടുപിടിക്കുകയും അതു പരിഹരിക്കാൻ ശ്രമിക്കുകയുമാണ് ഇന്നു നമ്മൾ ചെയ്യുന്നത്. ഈ തിരക്കിനിടയിൽ, എല്ലാപ്രശ്നങ്ങളുടെയും ഉറവിടം മനുഷ്യന്റെ മനസ്സാണെന്നും അതു നന്നായാലേ ലോകം നന്നാവൂ എന്നുമുള്ള വലിയ സത്യം നമ്മൾ മറക്കുന്നു.

സയൻസിനെയും ആത്മീയതയെയും രണ്ടുചേരിയിലാക്കിയതാണ് ഇന്നു സമൂഹത്തിൽ കാണുന്ന പല സംഘർഷങ്ങൾക്കും പ്രധാനകാരണം. വാസ്തവത്തിൽ, ആത്മീയതയും ശാസ്ത്രവും  കൈകോർത്തുപോവേണ്ടതാണ്. ആത്മീയതയെ  മാറ്റിനിർത്തിക്കൊണ്ടുള്ള സയൻസും സയൻസിനെ പാടേ ഒഴിവാക്കിക്കൊണ്ടുള്ള ആത്മീയതയും പൂർണമാവില്ല. പക്ഷേ, നിർഭാഗ്യവശാൽ നമ്മുടെ സമൂഹം ഇന്ന്‌ ആത്മീയതയെയും ശാസ്ത്രത്തെയും രണ്ടു ധ്രുവങ്ങളായി കരുതുന്നു. ആത്മീയത വിശ്വാസത്തിലധിഷ്ഠിതമാണെന്നും അത് അന്ധതയാണെന്നും ചിലർ പറയുന്നു. സയൻസ് വസ്തുതയാണ്, അതു പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ് എന്നാണവരുടെ വാദം. എന്നാൽ, സയൻസാണ് മൂല്യത്തകർച്ചയുടെ കാരണമെന്ന് ആത്മീയപക്ഷത്തുള്ളവർ കരുതുന്നു.

ആത്മീയത അന്ധമാണ്, പരീക്ഷിച്ചുതെളിയിച്ചിട്ടുള്ളതല്ല എന്നുപറയുന്നത്‌ തെറ്റാണ്. ഒരുപക്ഷേ, ആധുനിക ശാസ്ത്രജ്ഞരെക്കാൾ ആഴത്തിൽ ഗവേഷണം നടത്തിയവരാണ് ഭാരതത്തിലെ ഋഷിമാർ. ആധുനികഗവേഷകർ ബാഹ്യലോകത്തു പരീക്ഷണം നടത്തിയപ്പോൾ, മനസ്സാകുന്ന പരീക്ഷണശാലയിൽ ഋഷിമാർ ഗവേഷണം നടത്തി, പ്രപഞ്ചത്തിനാധാരമായ പരമസത്യത്തെ അവർ കണ്ടെത്തി. തന്നിൽനിന്ന് അന്യമായി ഒന്നുംതന്നെ ഈ പ്രപഞ്ചത്തിലില്ലെന്ന് അവർ അനുഭവിച്ചറിഞ്ഞു.

ശാസ്ത്രസാങ്കേതികപുരോഗതിയിലൂടെ നമ്മൾ അസാമാന്യമായ വളർച്ച കൈവരിക്കുമ്പോൾ അറിവിനെ വിവേകബുദ്ധിയോടെ ഉപയോഗിക്കാൻ പഠിപ്പിക്കുന്നത് ആത്മീയതയാണെന്ന സത്യം നമ്മൾ മറക്കരുത്.

ആത്മീയത മനുഷ്യന്റെ ഹൃദയം തുറക്കാനുള്ള താക്കോലാണ്. ആത്മീയത ശരിയായി ഉൾക്കൊണ്ടാൽ മനുഷ്യരെല്ലാം അടിസ്ഥാനമായി ഒന്നാണെന്നു ബോധിക്കാനും കാരുണ്യത്തോടെ എല്ലാവരെയും കാണാനും സേവിക്കാനും അതു നമ്മെ പ്രാപ്തരാക്കും. അതോടൊപ്പം സയൻസ് പ്രദാനംചെയ്യുന്ന ഭൗതികപുരോഗതികൂടി ഉണ്ടായാൽ മനുഷ്യരാശിക്ക്‌ നേട്ടങ്ങൾ കൈവരിക്കാനും അതിന്റെ നല്ല ഫലങ്ങൾ എല്ലാ ജനവിഭാഗങ്ങളിലേക്കും എത്തിക്കാനും കഴിയും.