നൂറ് സിനിമകൾ,
നൂറ് കഥാപാത്രങ്ങൾ...

നൂറെന്ന് പറയുന്നത് ഒരു നമ്പർ മാത്രമാണ്. എന്നിരുന്നാലും സിനിമയിൽ നൂറ് ചിത്രങ്ങൾ പൂർത്തിയാക്കി എന്നത് വലിയ ഭാഗ്യമാണ്. കാരണം സിനിമയിൽ നിലനിൽക്കുക എന്നത് ഒട്ടും എളുപ്പമല്ല. അതൊരു ദൈവാനുഗ്രഹമായി കരുതുന്നു. ആദ്യസിനിമയിൽ അഭിനയിച്ചതിനെക്കാൾ ഉത്തരവാദിത്വത്തോടെയാണ്

നൂറാമത്തെ സിനിമയും ചെയ്യുന്നത്. ‘‘ആ ഇനി ഇത്രയൊക്കെ മതി,’’ എന്ന തോന്നൽ ഒരിക്കൽപ്പോലും ഉണ്ടായിട്ടില്ല.

ഞാനെന്ന വ്യക്തി എന്നിലെ നടനെ നശിപ്പിക്കില്ല. ഞാൻ എന്നെയും ചതിക്കില്ല, ഞാൻ സിനിമയെയും ചതിക്കില്ല അതാണ് ജീവിതത്തിൽ മുറുകെപ്പിടിക്കുന്ന മൂല്യം. ഓരോ സിനിമയും പുതിയ പാഠമാണ്. വിവിധ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ എന്നിലെ കാഴ്ചപ്പാടുകളിൽ മാറ്റങ്ങൾ വരുന്നു. അതെന്നെ പുതുക്കിെക്കാണ്ടിരിക്കുന്നു.

ഞാൻ എന്നെത്തന്നെ
തിരിച്ചറിഞ്ഞ നാളുകൾ

കുട്ടിക്കാലം മുതൽ തന്നെ ഒരു എന്റർടെയ്‌നറാണെന്ന് തോന്നിയിരുന്നു. വീട്ടിൽ ഞാൻ എന്തെങ്കിലും ഗോഷ്ടികൾ കാണിക്കുമ്പോൾ മറ്റുള്ളവർ ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അഭിനയിക്കണം എന്ന മോഹം ശക്തമായി ഉണ്ടായിരുന്നു. എന്നാൽ, ആളുകൾ തിരിച്ചറിയണമെന്നും  പണമുണ്ടാക്കണമെന്നൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല.

തുടക്കത്തിൽ മിമിക്രി ചെയ്തു, പിന്നീട് സിനിമയിൽ വന്നു. അഭിനയിച്ചു തുടങ്ങിയപ്പോഴാണ് ഞാൻ എന്നെത്തന്നെ തിരിച്ചറിയുന്നത്. അതു തന്നെയാണ് വഴിത്തിരിവാകുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ കടന്നുപോകാൻ കഴിയുന്ന ഒരു നടനാണെന്ന തോന്നലും ആത്മവിശ്വാസവും എനിക്കുണ്ടായിരുന്നു. നമ്മളിൽ എല്ലാവരിലും അതുപോലെ ഓരോ കഴിവുകളുണ്ട്.
ഒരു കഴിവും ഇല്ലാത്തവർ ഈ ലോകത്തില്ല. അത് കണ്ടെത്തി പരിപോഷിപ്പിക്കുന്നിടത്താണ് വിജയം.

എനിക്കൊപ്പം ജീവിക്കുന്ന
കഥാപാത്രങ്ങൾ

ഞാൻ ചെയ്ത ഓരോ കഥാപാത്രവും എന്റെ മനസ്സിന്റെ അലമാരയിൽ ഭദ്രമാണ്. ചിലരൊക്കെ സ്വപ്നങ്ങളിലേക്ക് കടന്നുവരും. എന്നിട്ട് ഞാൻ ഇവിടെത്തന്നെയുണ്ടെന്ന് ഓർമിപ്പിക്കും. ചിലരെല്ലാം ഇടയ്ക്കിടെ ചെറിയ നോവുകൾ സമ്മാനിക്കും. ഏറ്റവും ഇഷ്ടം ആരെയാണെന്ന് ചോദിച്ചാൽ എനിക്ക് ഉത്തരം നൽകാനാവില്ല. ഒരു കഥാപാത്രം നൽകുന്ന പുരസ്കാരങ്ങളോ അംഗീകാരങ്ങളോ അല്ല ഇഷ്ടത്തിനുള്ള മാനദണ്ഡം. അങ്ങനെയാണെങ്കിൽ ഉത്തരം പറയാൻ എളുപ്പമായിരുന്നു.

ഒരേയൊരു കഥാപാത്രം,
വെല്ലുവിളിയായിരുന്നു സണ്ണി...

ഒരു കഥാപാത്രം മാത്രമേ ചിത്രത്തിലുള്ളൂ എന്നതു തന്നെയായിരുന്നു പ്രധാന ആകർഷണം. കാസ്റ്റ് എവേ പോലുള്ള ഹോളിവുഡ് ചിത്രങ്ങളുടെ ആരാധകനാണ് ഞാൻ. സണ്ണിയുടെ കഥ രഞ്ജിത്ത് ആദ്യമായി എന്നോട് പറയുമ്പോൾ കഥാപാത്രവുമായി എനിക്ക് കണക്ട് ആകാൻ സാധിച്ചില്ല. അതുകൊണ്ടുതന്നെ ഞാൻ ചെയ്യേണ്ടെന്നാണ് കരുതിയിരുന്നത്. എന്നാൽ, കുറച്ചുസമയം കഴിഞ്ഞപ്പോൾ സണ്ണി മനസ്സിൽ കയറിക്കൂടി. അങ്ങനെയാണ് രഞ്ജിത്തുമായി വീണ്ടും ചർച്ചയ്ക്കിരിക്കുന്നത്. രഞ്ജിത്ത് എന്തായാലും സിനിമ ചെയ്യുമെന്ന് മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടായിരുന്നു, അത് ഞാനല്ലെങ്കിൽ മറ്റൊരാൾ. ദിവസങ്ങൾ നീണ്ട ചർച്ചയ്ക്കൊടുവിൽ പുതിയ സാധ്യതകൾ കണ്ടെത്താനായി.

സണ്ണിയെ പ്രേക്ഷകർ
മനസ്സിലാക്കിയതിൽ സന്തോഷം

സിനിമയുടെ ചിത്രീകരണം നടന്നത് ഒരു ഹോട്ടൽ മുറിയിലായിരുന്നു. ഞങ്ങളെല്ലാവരും താമസിച്ചത് അതേ ഹോട്ടലിൽത്തന്നെ. മുറിയിൽനിന്ന് ഒരു പത്തടി െവച്ചാൽ ലൊക്കേഷനിലെത്താം. അതു തന്നെ ഒരു പുതുമയായിരുന്നു. എല്ലാവരും ഒരുമിച്ച് താമസിക്കുന്നതിനാൽ രാത്രി വൈകുവോളം ചർച്ചകൾ നീണ്ടു. ധാരാളം വെട്ടലുകളും തിരുത്തലുകളും നടത്തി. വളരെ ക്രിയേറ്റീവായിരുന്നു സണ്ണിയുടെ സെറ്റ്. സണ്ണി ഒരിക്കലും ജയസൂര്യ ചിത്രമല്ല. സിനിമ കണ്ടവർക്ക് അത് മനസ്സിലായിട്ടുണ്ടായിരിക്കും. രഞ്ജിത്ത്, ഛായാഗ്രാഹകൻ മധു നീലകണ്ഠൻ അങ്ങനെ ക്രൂവിൽ ഉണ്ടായിരുന്ന എല്ലാവരുടെയും ശ്രമത്തിന്റെ ഫലമാണ്. എനിക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ പൂർണ സംതൃപ്തിയുണ്ട്. സണ്ണിയെ പ്രേക്ഷകർ മനസ്സിലാക്കിയിരിക്കുന്നു.