അപ്രകാശിത ആത്മകഥ

എന്റെ കാലം, എന്റെ രാഷ്ട്രീയം - 2

കോലാറിൽ അന്നുണ്ടായിരുന്ന നാല് സ്വർണഖനികളും ബ്രിട്ടീഷ് കമ്പനികളുടെ അധീനതയിലായിരുന്നു. ഖനനം ചെയ്തെടുത്തിരുന്ന  ടൺകണക്കിലുള്ള   സ്വർണക്കട്ടകളാണ് ഇംഗ്ലണ്ടിലേക്ക്  അക്കാലത്ത് കോലാറിൽനിന്ന് അയച്ചിരുന്നത്. ചില ഖനികൾക്ക് മൂന്നുനാല് കിലോമീറ്റർവരെ താഴ്ചയുണ്ടായിരുന്നു. ഇറ്റാലിയൻ യുദ്ധത്തടവുകാരെ 1944 കാലത്ത്  ഖനികളിൽ ജോലിക്കായി നിയോഗിച്ചിരുന്നു. ആയിരക്കണക്കിന് തൊഴിലാളികളായിരുന്നു ഓരോ ഖനിയിലും ഉണ്ടായിരുന്നത്. അവരിലധികവും തമിഴരും മലയാളികളുമായിരുന്നു. ദിവസം എട്ടുമണിക്കൂറിലധികം  ജോലിയെടുത്തിരുന്ന അവർക്ക് കമ്പനികൾ കൊടുത്തിരുന്ന ശമ്പളം വളരെ തുച്ഛമായിരുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന സിലിക്കോസിസ്‌പോലുള്ള മഹാരോഗങ്ങൾ തൊഴിലാളികളിൽ പലർക്കുമുണ്ടായിരുന്നു. വളരെ ആഴത്തിലുള്ള ഖനികളിൽ ചൂടിന്റെ ആധിക്യംകാരണം അവരുടെ ദേഹത്ത് പൊള്ളലേൽക്കുന്നത് വളരെ സാധാരണമായിരുന്നു. മണ്ണിടിച്ചിൽ കാരണം പലപ്പോഴും തൊഴിലാളികൾ മരണപ്പെടുകയും ചെയ്തിരുന്നു. തൊഴിലാളികൾ സംഘടിക്കാൻ  തുടങ്ങിയതോടെ ചില ഖനികളിൽ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനായി അവർ പണിമുടക്കിനൊരുങ്ങി. സംഘടനകൾ സ്ഥാപിക്കുന്നതിനുള്ള അനുമതിയും ഇതുവഴി  കമ്പനികളിൽനിന്ന് അവർ നേടിയെടുത്തു. നാലുഖനികൾക്കും  അവരുടേതായ തൊഴിലാളി സംഘടനകളായിരുന്നു ഉണ്ടായിരുന്നത്. മൈസൂർഖനിയെന്ന പേരിലുള്ള ഒന്നിന്റെ സംഘടനയുടെ സെക്രട്ടറിയായി പ്രവർത്തിക്കാനാണ് പാർട്ടി എന്നെ നിയോഗിച്ചത്. മണ്ണാർക്കാട് സ്വദേശിയായ വി.എം. ഗോവിന്ദൻ എന്നയാളായിരുന്നു മൈസൂർഖനി തൊഴിലാളിസംഘടനയുടെ പ്രസിഡന്റ്. വൈസ് പ്രസിഡന്റ് പാലക്കാട്ടുനിന്നുള്ളൊരു ബാലകൃഷ്ണനും.

  നാലിൽ രണ്ടുഖനികളുടെ തൊഴിലാളി സംഘടനകൾമാത്രമേ കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളതിലെ സംഘടനകൾ മറ്റു രാഷ്ട്രീയപ്പാർട്ടികളുടെ അധീനതയിലായിരുന്നെങ്കിലും കമ്യൂണിസ്റ്റ് ആശയങ്ങളോട് അനുഭാവമുള്ളവരായിരുന്നു അവയിലെ മിക്കതൊഴിലാളികളും. ഖനികളിൽ ശുചീകരണജോലിയിൽ ഏർപ്പെട്ടിരുന്നവരെ സംഘടിപ്പിച്ച് അവർക്കും സ്വന്തമായൊരു യൂണിയനുണ്ടാക്കാനുള്ള  ശ്രമവും ഞാൻ ഇതിനിടയിൽ തുടങ്ങി. അത് ഏറക്കുറെ  വിജയിക്കുകയുംചെയ്തു. മൈസൂർ ഖനിത്തൊഴിലാളിസംഘടനയുടെ ഓഫീസിനുമുന്നിലുള്ള മൈതാനത്ത് വർഷത്തിൽ ഒന്നുരണ്ടുതവണ  നടത്തിയിരുന്ന സമ്മേളനങ്ങളിൽ ആയിരക്കണക്കിന് പേരായിരുന്നു പങ്കെടുത്തിരുന്നത്. ജവാഹർലാൽ നെഹ്രുവിന്റെ കീഴിലുള്ള  ഇടക്കാലസർക്കാർ ഡൽഹിയിൽ അധികാരത്തിൽവരുന്നത് 1946-ലാണ്. അതോടൊപ്പം പെതിക്ക്-ലോറൻസ് നയിച്ച കാബിനറ്റ് മിഷനെ അധികാരമാറ്റചർച്ചകൾക്ക് തുടക്കമിടാനായി ആറ്റ്‌ലി ഗവൺമെന്റ് ഇന്ത്യയിലേക്ക് അയച്ചു. മൗണ്ട്ബാറ്റനെ ബ്രിട്ടീഷ്  ഇന്ത്യയുടെ അവസാന വൈസ്രോയിയായി നിയമിക്കുകയും ചെയ്തു.  ഈ നീക്കങ്ങൾ മൈസൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക്  കൂടുതൽ ആവേശംകൊടുത്തു. പക്ഷേ, ഇതോടൊപ്പംതന്നെ ബ്രിട്ടീഷ്  ഗവൺമെന്റ് ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമങ്ങൾക്ക് താങ്ങായി നിൽക്കുകയുംചെയ്തു. പഞ്ചാബ്, സിന്ധ്, ബലൂചിസ്താൻ, നോർത്ത് വെസ്റ്റേൺ ഫ്രോണ്ടിയർ പ്രൊവിൻസ്, ബംഗാൾ എന്നിവിടങ്ങളിൽ വർഗീയലഹളകൾ പൊട്ടിപ്പുറപ്പെട്ടു. ഒടുവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് രാജ്യത്തെ മൂന്നുകഷ്ണങ്ങളായി വിഭജിക്കുന്നതിന് സമ്മതംമൂളേണ്ടിവന്നു. ഗാന്ധിജി അതിന് എതിരായിരുന്നെങ്കിലും അദ്ദേഹത്തിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണുണ്ടായത്.

വിഭജനശേഷം  1947 ഓഗസ്റ്റ് 14-ന് അർധരാത്രിയിൽ ജവാഹർലാൽ നെഹ്രു  സ്വതന്ത്രഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി ചുമതലയേറ്റു. വർഗീയ ലഹളകളിൽ നാടിന്റെ നാനാഭാഗത്തുമായി ആയിരക്കണക്കിനുപേരാണ് കൊല്ലപ്പെട്ടത്. പക്ഷേ, തെക്കേ ഇന്ത്യയിൽ കേരളം, തമിഴ് നാട്, മൈസൂർ എന്നീ സ്ഥലങ്ങളിൽ അന്തരീക്ഷം താരതമ്യേന സമാധാനപരമായിരുന്നു.

ഉത്തരവാദഭരണത്തിനും സ്വതന്ത്രഇന്ത്യയുടെ ഭാഗമാവാനുമുള്ള നീക്കങ്ങൾ നാട്ടുരാജ്യങ്ങളിൽ ഈ സമയത്ത് പരക്കെയുണ്ടായിരുന്നു. ഇന്ത്യയുമായോ പാകിസ്താനുമായോ ചേരാനുള്ള തീരുമാനം നാട്ടുരാജ്യങ്ങൾക്ക് ബ്രിട്ടീഷ് ഗവണ്മെന്റ്  തന്ത്രപൂർവം വിട്ടുകൊടുത്തു. പക്ഷേ, രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിൽ വല്ലഭ്ഭായിപട്ടേലിന്റെ നേതൃത്വത്തിലുള്ള  ശ്രമങ്ങൾ മിക്കയിടങ്ങളിലും ഫലംകണ്ടു.

  ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള സംരംഭങ്ങൾ മൈസൂർസ്റ്റേറ്റിൽ 1947 ഓഗസ്റ്റ് 14-നുമുമ്പുതന്നെ ശക്തിയാർജിച്ചുകഴിഞ്ഞിരുന്നു. കെ.സി.  റെഡ്ഡി ആയിരുന്നു  അവയ്ക്കുപിന്നിലെ  പ്രധാന ശക്തി. കമ്യൂണിസ്റ്റ് പാർട്ടി ഈ സംരംഭങ്ങൾക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.  1947 സെപ്‌റ്റംബർ ആദ്യത്തോടെ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള സത്യാഗ്രഹസമരങ്ങൾ മൈസൂരിൽ കൂടുതൽ ശക്തമായി. സമരങ്ങളിൽ പങ്കെടുത്തിരുന്ന എന്നെ സെപ്‌റ്റംബർ 10-ന് അറസ്റ്റുചെയ്ത് ആദ്യത്തെ കുറച്ചുദിവസങ്ങൾ കോലാർ ജയിലിലടച്ചു. അതുകഴിഞ്ഞ് ബാംഗ്ലൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ജയിലിൽ എന്റെ നമ്പർ 397 (സെപ്റ്റംബ ർ 10, 1947) എന്നും കെ.സി.  റെഡ്ഡിയുടേത് 222 എന്നുമായിരുന്നു. ബാംഗ്ലൂർ സെൻട്രൽ ജയിലിൽ ആയിരക്കണക്കിന് തടവുകാർ ഉണ്ടായിരുന്നതുകൊണ്ട്, ഒരു താത്‌കാലിക തടങ്കൽത്താവളം കൃഷ്ണരാജപുരത്ത് സ്ഥാപിച്ച് ഞാനടക്കമുള്ള കുറെപ്പേരെ പോലീസ് അങ്ങോട്ടേക്ക് മാറ്റി. കുറച്ചുദിവസങ്ങൾക്കുശേഷം ഞാനും വേറെ മൂന്നുപേരും അവിടെനിന്ന് രക്ഷപ്പെട്ടു. പക്ഷേ, എന്നെ വീണ്ടും അറസ്റ്റുചെയ്ത്, ബാംഗ്ലൂർ സെൻട്രൽ ജയിലിലേക്കുതന്നെ തിരിച്ചയച്ചു.  

  ഇന്ത്യൻ യൂണിയനുമായി ചേരാതെ സ്വതന്ത്രമായി നിൽക്കാനുള്ള അവകാശം അധികാരക്കൈമാറ്റസമയത്ത്  ബ്രിട്ടീഷ് ഗവണ്മെന്റ് നാട്ടുരാജ്യങ്ങൾക്ക് നൽകിയതിന് തീർത്തും എതിരായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി. ഇന്ത്യയെ വിഭജിച്ച് പലഭാഗങ്ങളാക്കാനാണ് ബ്രിട്ടീഷ് ഭരണകൂടം ശ്രമിക്കുന്നതെന്ന് പാർട്ടി വിശ്വസിക്കുകയും വാദിക്കുകയും ചെയ്തു. മൈസൂർ മഹാരാജാവ് അവസാനം ഉത്തരവാദഭരണത്തിന് അനുകൂലമായ നിലപാടെടുത്തതിനെത്തുടർന്ന് കെ.സി.  റെഡ്ഡി മൈസൂർസംസ്ഥാനത്തെ (മൈസൂർ സംസ്ഥാനത്തിന്റെ  പേര് കർണാടക എന്നാക്കിയത് 1973-ലാണ്) ആദ്യത്തെ മുഖ്യമന്ത്രിയായി  സ്ഥാനമേറ്റു. ഞങ്ങളെ കുറച്ചുപേരെമാത്രം  ഒഴിവാക്കി, മറ്റുള്ള  തടവുകാരെ മുഴുവൻ  ഇതിനുശേഷം വിട്ടയച്ചു. മൈസൂർ പൂർണമായി ഇന്ത്യയുടെ ഭാഗമായിമാറി. ദേശീയ ഐക്യം  ബലപ്പെടുത്തുന്നതിനുവേണ്ടിയുള്ള പ്രചാരണം പാർട്ടി  ശക്തമാക്കി. അതോടെ കൂടുതൽ കമ്യൂണിസ്റ്റ്കാരെയും അവരോട്‌ അനുഭാവമുള്ള കോലാർ സ്വർണഖനി തൊഴിലാളികളെയും പോലീസ് അറസ്റ്റുചെയ്ത് ജയിലിലാക്കി. അതിൽ  പലർക്കും പോലീസിന്റെ ക്രൂരമായ ശാരീരികമർദനമേൽക്കേണ്ടിവന്നു.  ഈ പ്രതികൂലസാഹചര്യത്തിലും കമ്യൂണിസ്റ്റ് തടവുകാരായ ഞങ്ങൾ രാഷ്ട്രീയകാര്യങ്ങൾ ചർച്ചചെയ്യാനും ആശയങ്ങൾ കൈമാറാനും  മാസത്തിൽ ഒന്നോ രണ്ടോ തവണ പോലീസിന്റെ കണ്ണുവെട്ടിച്ച്  ഒന്നിച്ചുകൂടാറുണ്ടായിരുന്നു.  

ജയിലിനുള്ളിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻവേണ്ടി നിരാഹാരസത്യാഗ്രഹംപോലുള്ള സമരങ്ങളും സംഘടിപ്പിച്ചിരുന്നു. ജയിലിനുള്ളിൽനടന്ന അത്തരത്തിലുള്ള കൂടിച്ചേരലുകളിൽ ഒന്നിലാണ് ഞെട്ടിപ്പിക്കുന്നൊരു കാര്യം കോലാർ സ്വർണഖനിയിലെ ഒരു തൊഴലാളി തടവുകാരൻ എന്നോടുപറയുന്നത്.  ഖനിയിൽ ഞാൻ  സംഘടനാപ്രവർത്തനങ്ങൾ  നടത്തുന്ന സമയത്ത്, ഒരു യൂണിയൻ നേതാവ് ഈ തൊഴിലാളിയോടും മറ്റുചിലരോടും എന്നെ വധിക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നുള്ളതായിരുന്നു അത്.  ചില യൂണിയൻ നേതാക്കളുമായി എനിക്ക് അക്കാലത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. പക്ഷേ, അത് എന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളിലേക്ക് നയിച്ചിരുന്നു എന്നുള്ളത് ഒരു നടുക്കത്തയോടെയാണ് ഞാൻ കേട്ടത്.

  മലപ്പുറം താലൂക്കിലെ വണ്ടൂർ എന്ന സ്ഥലത്തിനടുത്തുള്ള ഒരു റബ്ബർ എസ്റ്റേറ്റിൽ 1952-1953 കാലത്ത് തൊഴിലാളിസംഘടനാ പ്രവർത്തനം നടത്തുന്ന കാലത്ത് ഇതേ അനുഭവം വീണ്ടും എനിക്കുണ്ടായി. അന്ന് കൊണ്ടോട്ടിയിലെ ഒരു കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്നു എന്നെ വധിക്കാനുള്ള ശ്രമങ്ങൾക്കുപിന്നിലുണ്ടായിരുന്നത്. സ്വാർഥതാത്‌ര്യങ്ങൾക്കും പൈസ സമ്പാദിക്കാനുമായി പാർട്ടി, യൂണിയൻ പ്രവർത്തനങ്ങളെ ഞാൻ ഒരിക്കലും ഉപയോഗിച്ചിട്ടില്ല എന്നത് എനിക്ക് ധൈര്യമായി പറയാൻ കഴിയും. മറിച്ച് എന്റെ വസ്തുവകകളും സമ്പാദ്യവും ഇതിലൂടെ എനിക്ക് നഷ്ടമാവുകയാണ് ചെയ്തത്. പക്ഷേ, സാധാരണ പാർട്ടി പ്രവർത്തകരും തൊഴിലാളികളും സഹായിക്കാനും രക്ഷിക്കാനുമായി എപ്പോഴും എന്റെ ഒപ്പമുണ്ടായിരുന്നു. ബാംഗ്ലൂർ സെൻട്രൽ ജയിലിൽനിന്ന് എന്നെയും മറ്റുചില തടവുകാരെയും 1948  ജൂൺ  അവസാനം ഷിമോഗ സബ്ജയിലിലേക്ക് മാറ്റി. കോടതിവിധിപ്രകാരമുള്ള ഞങ്ങളുടെ   തടവുശിക്ഷ 1948 ജൂലായ്‌ 10-ന് അവസാനിച്ചു. ശിക്ഷ തുടരുന്നതിനായുള്ള പുതിയ ഉത്തരവുകളൊന്നും  ഗവണ്മെന്റ് ഇറക്കിയതുമില്ല. അതുകൊണ്ട് ഞങ്ങളെ വിട്ടയക്കുന്നതിനായി ജയിൽ അധികൃതരെ സമീപിച്ചെങ്കിലും അവർ ആ  അപേക്ഷ നിരസിക്കുകയാണുണ്ടായത്.

ഇരുപതു പേരിലധികമുണ്ടായിരുന്നു തടങ്കലിലുള്ള ഞങ്ങളുടെ കൂട്ടത്തിൽ. അപേക്ഷ നിരസിച്ചതിനെത്തുടർന്ന് ഒരു രാവിലെ ഞങ്ങളൊന്നിച്ച്  ജയിലിൽനിന്നുള്ള പ്രധാന കവാടം ബലമായി തള്ളിത്തുറന്ന് പുറത്തേക്കുകടന്നു. പക്ഷേ, രക്ഷപ്പെടുന്നതിനുമുമ്പ് സ്ഥലത്ത് പെട്ടെന്നെത്തിയ വലിയൊരു പോലീസ് സംഘം ഞങ്ങളെ പിടികൂടുകയും ബാംഗ്ലൂർ സെൻട്രൽ ജയിലിലേക്ക് വീണ്ടും മാറ്റുകയും ചെയ്തു.  മാസങ്ങൾ പോയിക്കൊണ്ടിരുന്നു. എന്റെ അച്ഛൻ 1948 നവംബർ ആദ്യത്തിൽ മരിച്ചപ്പോൾ, പരോളിൽ നാട്ടിലേക്ക് പോവാനുള്ള അനുമതി ലഭിച്ചു. ഒരു മാസത്തിനുശേഷം ബാംഗ്ലൂരിൽ തിരിച്ചെത്തിയെങ്കിലും 1940-ലെ മൈസൂർ പബ്ലിക് സെക്യൂരിറ്റി ആക്ടിലെ വകുപ്പ് 32 പ്രകാരം, എന്നെ സ്റ്റേറ്റിൽനിന്ന് നാടുകടത്തിയതായുള്ള ഉത്തരവ് മഹാരാജാവ് ഇറക്കി.  അതുപ്രകാരം, ബാംഗ്ലൂരും കോലാർഖനികളും വിട്ട് എനിക്ക് കോട്ടയ്ക്കലിലേക്ക് തിരിച്ചുപോവേണ്ടിവന്നു. ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾപോലും തിരിച്ചുവരുമ്പോൾ എടുക്കാൻ പോലീസ് സമ്മതിച്ചില്ല. നല്ലൊരു പുസ്തകശേഖരവും എനിക്ക് അവിടെ ഉപേക്ഷിക്കേണ്ടിവന്നു.

 തിരിച്ച്‌ നാട്ടിൽ...
 കോട്ടയ്ക്കലിലേക്ക് 1949-ൽ തിരിച്ചെത്തുമ്പോൾ കുടുംബത്തിനുള്ളിലും ചുറ്റുവട്ടത്തും പലമാറ്റങ്ങളും സംഭവിച്ചു കഴിഞ്ഞിരുന്നു.  ബ്രിട്ടീഷ് മേൽക്കോയ്മയുടെ കാലം അവസാനിച്ചിരിക്കുന്നു. സാമൂതിരി കോവിലകത്തെ കുടുംബവ്യവസ്ഥ പുതിയൊരുതലത്തിലേക്ക് മാറുന്നതായും എനിക്ക് അനുഭവപ്പെട്ടു. പണ്ടത്തേതിന് വിപരീതമായി ബന്ധുക്കൾ പലരും ഒരു ജോലിക്കുവേണ്ടി ശ്രമിക്കുന്നു. മറ്റുചിലർ കോവിലകം ഭാഗിക്കാനുള്ള ശ്രമങ്ങളിലാണ്.  രാഷ്ട്രീയപ്രവർത്തനങ്ങൾ തുടരാനായിരുന്നു എന്റെ തീരുമാനം. കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചിരുന്നതുകൊണ്ട് ഒളിവിൽ നിന്നായിരുന്നു എന്റെ പ്രവർത്തനങ്ങൾ. എന്നെ അറസ്റ്റുചെയ്യാനുള്ള വാറന്റ്  പോലീസിന്റെ കൈയിലുണ്ടായിരുന്നു. ഒരു കൊല്ലത്തിനുള്ളിൽ പാർട്ടിയുടെ മേലുള്ള നിരോധനം നീക്കി, എ.കെ. ഗോപാലനെയും മറ്റുനേതാക്കളെയും ജയിൽവിമുക്തരാക്കി.  പക്ഷേ, ഒളിവുജീവിതം അവസാനിപ്പിച്ച് പുറത്തുവന്ന എന്നെ പോലീസ് അറസ്റ്റുചെയ്ത് മഞ്ചേരി സബ് കോർട്ടിൽ ഹാജരാക്കി എനിക്കെതിരായി ഒരു കേസ് ഫയൽചെയ്യുകയാണുണ്ടായത്. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് സംഗതികൾ സാധാരണഗതിയിലാവാൻ ആഴ്ചകളെടുത്തു.    

  കോട്ടയ്ക്കൽ, ഇന്ത്യനൂർ, ചെങ്കോട്ടൂർ എന്നിവിടങ്ങളിലും അവയുടെ പരിസര പ്രദേശങ്ങളിലും കേന്ദ്രീകരിച്ചായിരുന്നു എന്റെ പാർട്ടി പ്രവർത്തനങ്ങൾ.  കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ജോലിക്കാർ ഒരു യൂണിയൻ രൂപവത്‌കരിക്കുന്നത് ഈ സമയത്താണ്.  വണ്ടൂരിനടുത്തുള്ള കേരള റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളെ സംഘടിപ്പിക്കാനും പാർട്ടി എന്നോട് ആവശ്യപ്പെട്ടു. കേരളസംസ്ഥാനം നിലവിൽ വരുന്നത് 1956 നവംബർ ഒന്നിനാണ്. സംസ്ഥാനത്ത് ആദ്യമായി 1957 ഫെബ്രുവരി-മാർച്ചിൽ നടന്ന  പൊതുതിരഞ്ഞെടുപ്പിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട്  മുഖ്യമന്ത്രിയായുള്ള കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽവന്നു.

മലപ്പുറം നിയോജകമണ്ഡലത്തിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച ഞാൻ പരാജയപ്പെട്ടു. മുസ്‌ലിംലീഗ്  വൻഭൂരിപക്ഷത്തോടെ  മലപ്പുറത്ത് വിജയിച്ചു.

തിരഞ്ഞെടുപ്പുതോൽവിക്കുശേഷവും ഞാൻ പാർട്ടിപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നു. പക്ഷേ, കമ്യൂണിസ്റ്റ് പാർട്ടിയും മറ്റുപല രാഷ്ട്രീയകക്ഷികളെയും  പോലെത്തന്നെ മാറിക്കൊണ്ടിരിക്കയാണെന്ന് എനിക്ക് ക്രമേണ ബോധ്യപ്പെടാൻ തുടങ്ങി.  ഒരിക്കൽ അധികാരത്തിൽ കയറിയശേഷം പിന്നീട് പാർട്ടി അതിന്റെ മാസ്മരിക വലയത്തിൽനിന്ന്‌ രക്ഷപ്പെടാൻപറ്റാതെ പതറുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. തൊഴിലാളിസംഘടനകളോടുള്ള പാർട്ടിയുടെ സമീപനത്തോടും എനിക്ക് ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.

എന്റെ പ്രവർത്തനമേഖലയിൽ  ഉൾപ്പെട്ടിരുന്ന തൊഴിലാളി സംഘടനകളെല്ലാംതന്നെ  ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ (എ.ഐ.ടി.യു.സി.)  കുടക്കീഴിലാക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്ന് വളരെ വ്യക്തമായിരുന്നു. തൊഴിലാളികളെ വിഭജിച്ച് വ്യത്യസ്ത രാഷ്ട്രീയപ്പാർട്ടികളോട് കൂറുപുലർത്തുന്ന പല യൂണിയനുകളിലാക്കി തളയ്ക്കുന്നതിനോട്‌ എനിക്ക് യോജിക്കാനായില്ല. തൊഴിലാളിവർഗപ്രസ്ഥാനങ്ങൾ, കക്ഷിരാഷ്ട്രീയത്തിനതീതമായി, തങ്ങളുടെ അവകാശങ്ങൾക്കും ആവശ്യങ്ങൾക്കുംവേണ്ടി നിലകൊള്ളുന്നവരായിരിക്കണം എന്നാണ് എന്റെ പക്ഷം.

ഉദാഹരണത്തിന്, കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ അന്നത്തെ യൂണിയനിൽ കമ്യൂണിസ്റ്റ്, കോൺഗ്രസ് മുസ്‌ലിംലീഗ് എന്നീ പലകക്ഷികളിൽനിന്നുള്ളവർ ഉണ്ടായിരുന്നു. ഞാൻ യൂണിയന്റെ ജനറൽ സെക്രട്ടറിയായിരുന്ന സമയത്ത് പലപ്പോഴും കോൺഗ്രസുകാർ അതിന്റെ പ്രസിഡന്റ്പദവിയിൽ ഇരുന്നിട്ടുണ്ട്. കമ്യൂണിസ്റ്റുകാരായ അംഗങ്ങൾ എന്തെങ്കിലും പൊതുവായ പ്രശ്നങ്ങളുണ്ടെങ്കിൽ, അവ ചർച്ചചെയ്ത് യൂണിയൻമുമ്പാകെ അവതരിപ്പിക്കുകയായിരുന്നു പതിവ്.  ഇത്തരത്തിലുള്ള രീതികൾ മാറ്റി, യൂണിയൻ മുഴുവനായി എ.ഐ.ടി.യു.സി.യുടെ ഭാഗമാക്കാനുള്ള ശ്രമത്തിലായിരുന്നു പാർട്ടി. ഇതിന് എതിരായിരുന്ന എന്റെ മേലിൽ പാർട്ടി കൂടുതൽ സമ്മർദംചെലുത്താൻ തുടങ്ങി. ആര്യവൈദ്യശാലാ യൂണിയന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് എന്നെ മാറ്റി മറ്റൊരാളെ അതിലേക്ക് നിയമിക്കാനും കോഴിക്കോട്ടെ പാർട്ടിഓഫീസ് ശ്രമംതുടങ്ങി. അവസാനം എനിക്ക് അടിയറവുപറയേണ്ടിവന്നു. എനിക്ക് അടുത്തറിവുണ്ടായിരുന്ന ചില കമ്യൂണിസ്റ്റ് നേതാക്കളെ നേരിട്ടുകണ്ട് സംസാരിച്ചശേഷം, ഞാൻ കക്ഷിരാഷ്ട്രീയപ്രവർത്തനങ്ങളിൽനിന്ന് പിന്മാറാനുള്ള തീരുമാനമെടുത്തു. പാർട്ടി നിർദേശമനുസരിച്ച് ആര്യവൈദ്യശാല യൂണിയനിലെ എന്റെ സ്ഥാനം മറ്റൊരു സഖാവിന് 1959-ൽ കൈമാറി.  ആറുമാസത്തിനുള്ളിൽ ഞാൻ പ്രവർത്തിച്ചിരുന്ന യൂണിയൻ മൂന്നോ നാലോ വ്യത്യസ്ത സംഘടനകളായി പിളർന്നു. രാഷ്ട്രീയത്തിനോട് വിടപറഞ്ഞശേഷം,  ഞാൻ കോട്ടയ്ക്കൽ വിട്ട് കുടുംബവുമായി പാലക്കാടിനടുത്തുള്ള പറളിയിൽ താമസമാക്കി. കേരള സർവോദയസംഘത്തിന്റെ പ്രവർത്തനങ്ങൾ എന്നെ ആകർഷിക്കാൻ തുടങ്ങിയത് ഈ സമയത്താണ്. സർവോദയസംഘത്തിൽ അന്ന് സജീവമായിരുന്ന കേളപ്പജി, കെ.പി.ഡി. കർത്താ, ദാമോദരൻ നമ്പ്യാർ, ഭീമൻ ഗുരുജി എന്നിവരെ നേരിട്ടുകണ്ട് സംസാരിച്ചു. കോഴിക്കോട്ടുള്ള ഗാന്ധി ആശ്രമമായിരുന്നു കേരളത്തിൽ സംഘത്തിന്റെ പ്രധാന ആസ്ഥാനം അന്ന്. എന്റെ പ്രവൃത്തിമണ്ഡലം സർവോദയസംഘമാക്കാനുള്ള തീരുമാനമെടുത്തു. ഗാന്ധിജിയുടെ ജീവിതത്തെയും ആശയങ്ങളെയും കൂടുതൽ ആഴത്തിൽ പഠിക്കാൻ ഇത് സന്ദർഭമൊരുക്കി.

നൂൽനൂൽക്കൽ, നെയ്ത്ത്,  സോപ്പുനിർമാണം,  തേനീച്ചവളർത്തൽ എന്നിവപോലുള്ള ഗ്രാമവ്യവസായങ്ങളെ പരിപോഷിപ്പിക്കുക  എന്നതാണ് സർവോദയസംഘത്തിന്റെ പ്രധാന ലക്ഷ്യം.  ഞാൻ സർവോദയസംഘത്തിൽ ചേർന്ന കാലത്ത്, ഗ്രാമങ്ങളിൽ അനേകം പേർ ഇത്തരം ജോലികളിൽ ഏർപ്പെട്ടിരുന്നു. പക്ഷേ, അതിന് മാറ്റംവരുന്നതും എനിക്ക്  കാണേണ്ടിവന്നു. എന്നിരുന്നാലും ഖാദിയെ പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങൾ ഞാൻ തുടർന്നുകൊണ്ടിരിക്കയാണ്. കഴിഞ്ഞ ഇരുപതുകൊല്ലങ്ങളായി (1978 മുതൽ 1998 വരെ) സംസ്കൃതം പഠിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, വാർധക്യവും അനാരോഗ്യവും കുറച്ചുകാലമായി എന്റെ പ്രവർത്തനങ്ങളെ ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നാലും സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ മാറ്റങ്ങൾക്ക് വെറുമൊരു മൂകസാക്ഷിയായി ദിവസങ്ങൾ തള്ളിനീക്കുമ്പോഴും എന്നാൽ പറ്റാവുന്ന കാര്യങ്ങൾ ഞാൻ ചെയ്തുകൊണ്ടിരിക്കുന്നു.    

(അവസാനിച്ചു)