പയ്യന്നൂരിനടുത്ത എരമത്ത്  കവുങ്ങുകയറ്റക്കാരനായാണ് ജീവിതമാരംഭിച്ചത്. എങ്ങനെയായിരുന്നു അക്കാലം
=അമ്മയും അമ്മമ്മയുമാണ് എന്നെ നോക്കിയത്. അമ്മ  സാവിത്രി ബീഡിതെറുപ്പുതൊഴിലാളിയായിരുന്നു. അമ്മയ്ക്ക് കണ്ണുകാണില്ല, ചെവിയും കേൾക്കില്ല. ഞാൻ എട്ടിൽ പഠിക്കുമ്പോൾ അമ്മയ്ക്ക് ക്ഷയം വന്നു. അതോടെ അമ്മയ്ക്ക് ജോലിചെയ്യാൻ വയ്യാതായി. എന്റെ കുട്ടിക്കാലത്ത് അമ്മ ജോലിചെയ്ത് എന്നെ നോക്കി.  ഇനി ഞാൻ അവരെ നോക്കേണ്ട സമയമാണ്. അമ്മയ്ക്ക് മരുന്നുവാങ്ങണം, എനിക്കുപഠിക്കണം, വീട്ടുചെലവ് നടത്തണം. നാട്ടിലെ കവുങ്ങിലൊക്കെ കുട്ടിക്കാലത്തേ കയറി നല്ലപരിചയമുണ്ട്. എനിക്കുചെയ്യാൻ  പറ്റുന്ന പണി. അങ്ങനെ ഞാൻ കവുങ്ങുകയറാൻ പോയിത്തുടങ്ങി. 

എരമം ഗ്രാമത്തിൽ ധാരാളം കവുങ്ങിൻത്തോട്ടങ്ങളുണ്ടായിരുന്നു. കുറച്ചുമുതിർന്നപ്പോൾ സ്ഥലത്തെ പ്രധാന കവുങ്ങുകയറ്റക്കാരനായി. നാട്ടുകാരെല്ലാം എന്നെ വിളിക്കുകയും ചെയ്യും.  എന്റെ വീടിന്റെ പത്തു ചതുരശ്രകിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലത്തുള്ള കവുങ്ങിലൊക്കെ ഞാൻ കയറിയിട്ടുണ്ട്. എന്റെ കാലുപതിയാത്ത ഒരു കവുങ്ങും ആ നാട്ടിൽ അന്നുണ്ടായിരുന്നില്ലെന്നുതന്നെപറയാം. കവുങ്ങുകയറ്റത്തിൽ അങ്ങനെ ഗുരുവൊന്നുമില്ല, അങ്ങ് കയറിത്തുടങ്ങി. എരമം  നോർത്ത് എൽ.പി. സ്കൂളിലാണ് ആദ്യം പഠിച്ചത്. പിന്നെ മാത്തില്‍ ഹൈസ്കൂളിലായി. ആഴ്ചയിൽ നാലുദിവസം സ്കൂളിൽപോകും; മൂന്നുദിവസം കവുങ്ങുകയറാനും.  വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് പണിക്കുപോവുക. അല്ലെങ്കിൽ പഠിത്തവും വീട്ടുചെലവും കൂടെ ബാലൻസുചെയ്ത് കൊണ്ടുപോവാൻ പറ്റില്ല. അധ്യാപകരിൽ ചിലർക്കൊക്കെ അറിയാമായിരുന്നു ഇത്. പക്ഷേ, പഠിത്തത്തിൽ ഉഴപ്പാത്തതുകൊണ്ട് അവരൊന്നും പറയുമായിരുന്നില്ല.

പ്രതികൂലമായ കാര്യങ്ങൾ ജീവിതത്തിൽ വന്നാൽ പലരുടെയും കാര്യത്തിൽ ആദ്യം നിർത്തുക പഠിത്തമായിരിക്കും. പഠിത്തം തുടരാനുള്ള പ്രേരണ നൽകിയത് എന്തായിരുന്നു
= പഠിക്കാൻവേണ്ടിക്കൂടിയാണ് ഞാൻ കവുങ്ങുകയറാൻ പോവാൻ തീരുമാനിച്ചത്. എസ്.എസ്.എൽ.സി.ക്ക് ഫസ്റ്റ് ക്ളാസുണ്ടായിരുന്നു. എന്നാൽ, അന്നത്തെ പ്രീഡിഗ്രിക്ക് സയൻസ്ഗ്രൂപ്പിൽ അഡ്മിഷൻ കിട്ടാൻവേണ്ട മാർക്കില്ല താനും. തൃക്കരിപ്പൂർ ഗവ. ഹൈസ്കൂളിൽ അക്കാലത്ത് വി.എച്ച്.എസ്.സി. വന്നിട്ടുണ്ട്. അമ്മ താലിമാല വിറ്റ് അവിടെ ചേരാൻ പണം തന്നു. സയൻസ് പഠിക്കാനുള്ള ആഗ്രഹംകൊണ്ടാണ് അവിടെ ചേർന്നത്. അതുപഠിച്ചാൽ അഗ്രിക്കൾച്ചർ അസിസ്റ്റന്റായി എവിടെയെങ്കിലും കയറാം എന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ. അവിടെ പഠിക്കാൻ തുടങ്ങിയപ്പോഴേക്കും കവുങ്ങുകയറ്റം ആഴ്ചയിൽ രണ്ടുദിവസമാക്കി. ശനി, ഞായർ ദിവസങ്ങളിൽമാത്രം പണിക്കുപോവും. വെള്ളിയാഴ്ചയാണ് വി.എച്ച്.എസ്.സി.യുടെ ലാബ് വരുന്നത്.

പിലിക്കോട് കാർഷികഗവേഷണകേന്ദ്രം കാമ്പസിൽ പോവണം.  വി.എച്ച്.എസ്.സി. പരീക്ഷയ്ക്ക് സംസ്ഥാനത്ത് ഒന്നാം റാങ്കായിരുന്നു. ആദ്യമായിട്ട് ചെരുപ്പിടുന്നത് അപ്പോഴാണ്. യൂണിഫോമിടുമ്പോൾ ചെരിപ്പിടണമെന്ന് നിർബന്ധമുണ്ടായതുകൊണ്ട് ചെരിപ്പ് വാങ്ങിക്കുകയായിരുന്നു. എത്രയുംപെട്ടെന്ന് ഒരു ജോലി എന്ന ചിന്തയുണ്ടായിരുന്നതുകൊണ്ടാണ് ആ കോഴ്സിനുചേർന്നത്. പക്ഷേ, അഗ്രിക്കൾച്ചറർ  അസിസ്റ്റന്റ് പോസ്റ്റ് പി.എസ്.സി. വല്ലപ്പോഴുമേ വിളിക്കൂ. എനിക്ക്‌ കെമിസ്ട്രിയും ഫിസിക്സും ഇഷ്ടമായിരുന്നു. എന്നാൽപ്പിന്നെ ബി.എസ്‌സി. കെമിസ്ട്രിക്ക് ചേരാം എന്നുതീരുമാനിച്ചു. അതുകഴിഞ്ഞാൽ കുറച്ചുകൂടെ നല്ല ജോലിക്ക് ശ്രമിക്കാം എന്നുകരുതി പയ്യന്നൂർ കോളേജിൽ  ചേർന്നു. അപ്പോഴും ഞാൻ കവുങ്ങുകയറാൻ പോവുന്നുണ്ട്.

kana m sureshan
ഡോ.കാനാ.എം സുരേശന്‍ ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയില്‍

 കോളേജ് ജീവിതം എങ്ങനെയായിരുന്നു
=കോളേജിൽപോയാൽ ഉച്ചയ്ക്ക് ഒരു പൊറോട്ടയാണ് ഭക്ഷണം. അന്ന് ഒരു പോറോട്ടയ്ക്ക് ഒരു രൂപയാണ് വില. സുഹൃത്ത് അശോകൻ ഇതുകണ്ടിട്ട് ഒരു പൊറോട്ടകൂടി സ്പോൺസർചെയ്യും. അശോകനിപ്പോൾ ബെംഗളൂരുവിൽ ഐ.ടി. കമ്പനിയിൽ ജോലിനോക്കുന്നു. പഠിക്കാനുള്ള സ്കോളർഷിപ്പൊക്കെ ഉണ്ടായിരുന്നു. ബി.എസ്‌സി. കഴിഞ്ഞപ്പോൾ എം.എസ്‌സി.ക്ക് ചേരാം എന്നുകരുതി.  കവുങ്ങുകയറിത്തന്നെ പഠിക്കാനുള്ള പണം കണ്ടെത്താം എന്ന ആത്മവിശ്വാസവുമായിരുന്നു. അങ്ങനെ കണ്ണൂർ എസ്.എൻ. കോളേജിൽ പി.ജി.ക്ക് ചേർന്നു. അന്ന് മാങ്ങാടുള്ള ഒരു ഇളയമ്മയുടെ  അടുത്തുനിന്നാണ് പഠിച്ചത്. എന്നാലും വെള്ളിയാഴ്ച വൈകീട്ട് പയ്യന്നൂർക്ക് വണ്ടി പിടിക്കും. അടയ്ക്ക പറിക്കാനുള്ള വീട്ടുകാർ എന്നെ കാത്തിരിക്കുന്നുണ്ടാകും. തിങ്കളാഴ്ച വീണ്ടും കോളേജിലേക്ക്. പി.ജി.ക്ക് പഠിക്കുമ്പോൾ കോളേജിലെ പ്രസന്നൻ സാർ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. പി.ജി. കഴിഞ്ഞപ്പോൾ ഒരു ജോലിവേണമെന്നുതോന്നി. ബി.എഡിനുചേർന്നു. അധ്യാപനം എനിക്ക്‌ ഇഷ്ടവുമാണ്.

തലശ്ശേരി ബ്രണ്ണൻ ട്രെയിനിങ് കോളേജിൽ ബി.എഡിനു ചേർന്നു. അവിടത്തെ പ്രിൻസിപ്പലായിരുന്ന ഷഡാനനൻ നായർ എന്ന അധ്യാപകനാണ് ഗേറ്റ്, നെറ്റ് പരീക്ഷകൾ  എഴുതാൻ പ്രരിപ്പിച്ചത്. തിരുവനന്തപുരത്തുകാരനായ അദ്ദേഹം ഞങ്ങളുടെ ഹോസ്റ്റലിൽത്തന്നെയായിരുന്നു  താമസിച്ചിരുന്നത്. അദ്ദേഹത്തിന് എന്റെ സാഹചര്യങ്ങളെപ്പറ്റി നല്ലവണ്ണം അറിയാമായിരുന്നു. അദ്ദേഹവും പ്രസന്നൻ സാറുമാണ് മുന്നോട്ടുപോവാനുള്ള വഴികളെ പരിചയപ്പെടുത്തിയത്. ജെ.ആർ.എഫ്. കിട്ടി പുണെ നാഷണൽ കെമിക്കൽ ലബോറട്ടറിയിൽ ഗവേഷണത്തിനുചേർന്നു. അന്ന് 2800 രൂപയായിരുന്നു പ്രതിമാസം സ്കോളർഷിപ്പ്. റിസർച്ച് ചെയ്യാനുള്ള താത്‌പര്യത്തെക്കാളുപരി അന്ന് ആ സ്കോളർഷിപ്പ് തുകയായിരുന്നു അങ്ങോട്ടാകർഷിച്ചത്. അഞ്ചുവർഷംകൊണ്ട് മാസം 1000 രൂപ മാറ്റിവെച്ചാൽ 60,000 രൂപകിട്ടും. അതുകിട്ടിയാൽ വീട്ടിൽ അന്നുണ്ടായിരുന്ന കടങ്ങൾ കുറച്ചെങ്കിലും വീട്ടാം എന്നതായിരുന്നു ഉദ്ദേശ്യം. എന്നാൽ, റിസർച്ച് നല്ലരീതിയിൽത്തന്നെ ചെയ്തു, പ്രബന്ധങ്ങൾ പബ്ളിഷ് ചെയ്തു.

 വിദേശത്തുപോയതെങ്ങനെ
= പുണെയിൽ റിസർച്ചിനുശേഷം പിന്നീട് ജപ്പാൻസർക്കാരിന്റെ സ്കോളർഷിപ്പ് കിട്ടി. ജപ്പാൻ സൊസൈറ്റി ഫോർ പ്രൊമോഷൻ ഓഫ്  സയൻസിന്റേതാണത്. അങ്ങനെ  ജപ്പാനിലേക്ക് പോയി. അവിടെ എഹിമേ യൂണിവേഴ്സിറ്റിയിൽനിന്നാണ് പോസ്റ്റ് ഡോക്ടറൽ റിസർച്ച് ചെയ്തത്. അവിടെവെച്ച്‌ ഒരു കോൺഫറൻസിലാണ് യു.കെ.യിൽനിന്നെത്തിയ ശാസ്ത്രജ്ഞൻ ബാരി പോട്ടറിനെ പരിചയപ്പെടുന്നത്. അദ്ദേഹം യു.കെ.യിൽ ഗവേഷണത്തിന് ക്ഷണിച്ചു. 2002മുതൽ 2004വരെ യു.കെ.യിൽ യൂണിവേഴ്സിറ്റി ഓഫ് ബാത്തിൽ റിസർച്ച് ഓഫീസറായി. നാട്ടിലേക്കുവരണമെന്ന തോന്നൽ ഇതിനിടെ കലശലായിത്തുടങ്ങി. നാട്ടിലേക്കുപോണമെന്ന് ബാരിയോട് പറഞ്ഞു. ആ സമയത്താണ് ജർമനിയിൽനിന്നുളള ഹംബോൾഡ് ഫെലോഷിപ്പ് കിട്ടുന്നത്. അങ്ങനെ ജർമനിയിലേക്കുപോയി. അവിടെ മാക്സ്പ്ളാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  മോളിക്കുലാർ ഫിസിയോളജിയിൽ രണ്ടുവർഷം ഗവേഷണംചെയ്തു.

kana m sureshan
ഡോ.കാനാ.എം സുരേശന്‍ കുടുംബത്തോടൊപ്പം

 ഒരുകാലത്ത് മിക്കവരിലും കണ്ടുവന്നിരുന്ന രോഗമായിരുന്നു ക്ഷയം. ടി.ബി.ക്കുണ്ടായിരുന്ന  മരുന്ന് ചുരുങ്ങിയചെലവിൽ  എളുപ്പം നിർമിക്കാവുന്ന  രീതി കണ്ടുപിടിച്ചു എന്നതാണ് അങ്ങയുടെ ശ്രദ്ധേയമായ സംഭാവനകളിലൊന്ന്. എങ്ങനെയായിരുന്നു അതിലേക്ക് എത്തിയത്‌
=  ഞാൻ എട്ടാംക്ളാസിൽ പഠിക്കുമ്പോഴാണ് അമ്മയ്ക്ക് ക്ഷയം വരുന്നത്. അന്ന് ഈ രോഗം  വരുന്നവരെ ഏതെങ്കിലും ക്ഷയരോഗകേന്ദ്രത്തിൽ കൊണ്ടുപോയി ആക്കും. അവർ മരിക്കുന്നതുവരെ പിന്നെ അവിടെയായിരിക്കും. അമ്മയ്ക്ക് അസുഖമാണെന്നറിഞ്ഞപ്പോൾ ഞാനും അമ്മയെ കൊണ്ടുപോയത് അന്ന് പരിയാരത്തുണ്ടായിരുന്ന ടി.ബി. സാനറ്റോറിയത്തിലേക്കാണ്. എന്നാൽ, അന്ന് അവിടെയെത്തി അവിടത്തെ കാഴ്ചകളെല്ലാം കണ്ടപ്പൊൾ എന്റെ അമ്മയെ എന്തായാലും അവിടെ നിർത്തില്ലെന്ന് തീരുമാനിച്ചു. അമ്മയെ തിരിച്ചുകൊണ്ടുപോകുകയാണെന്നറിഞ്ഞപ്പോൾ അവിടത്തെ ഡോക്ടർ എന്നെ വഴക്കുപറഞ്ഞു. അമ്മയ്ക്ക് ആവശ്യമുള്ള മരുന്നുകളും വാങ്ങി അവിടം വിട്ടു. പിന്നീട് ജർമനിയിലെ മാക്സ് പ്ളാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിചെയ്യുന്ന കാലത്താണ് ഗ്ളോബൽ ടി.ബി. അലയൻസും റോക്ക് ഫെല്ലർ ഫൗണ്ടേഷനും ചേർന്ന് ശാസ്ത്രജ്ഞൻമാർക്ക് ഒരു വെല്ലുവിളി തരുന്നത്. അന്ന് കണ്ടുപിടിച്ച  PA-824 എന്ന മരുന്ന് എളുപ്പത്തിൽ നിർമിക്കാനൊരു മാർഗം കണ്ടെത്താമോ എന്നായിരുന്നു ആ സംഘടനകളുടെ ചോദ്യം. ക്ഷയരോഗികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ലാഭരഹിതസംഘടനകളാണ് ഇവ.

അമ്മയുടെ അസുഖത്തിന്റെ കാര്യം അറിയാവുന്നതുകൊണ്ട് ആ ചലഞ്ചിൽ പങ്കാളിയാകാൻ തീരുമാനിച്ചു. ടി.ബി.ക്കുള്ള മരുന്ന് നേരത്തേത്തന്നെ കണ്ടുപിടിച്ചതാണ്. പക്ഷേ, അതുണ്ടാക്കാൻ വിലകൂടിയ കെമിക്കലുകൾ ആവശ്യമാണ്. ആറ് സ്റ്റെപ്പായാണ് അത് നിർമിക്കുന്നത്. അതായത് ആറു കെമിക്കൽ റിയാക്‌ഷനുകൾക്കുശേഷമാണ് ആ മരുന്നുണ്ടാക്കുന്നത്. അതിലുപയോഗിക്കുന്ന  ഡൈനൈട്രോ ഇമിഡസോൾ (dinitro imidazol) എന്ന കെമിക്കൽ പൊട്ടിത്തെറിയുണ്ടാക്കുന്നതുമാണ്. വളരെ ചുരുങ്ങിയ അളവിലെ മരുന്നുമാത്രമേ ഒരുസമയം ഉണ്ടാക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ ഒരുപാട് പണിപ്പെട്ടേ ഈ മരുന്ന് അല്പമെങ്കിലും ഉണ്ടാക്കാൻ കഴിയൂ. ഈ മരുന്ന് എളുപ്പത്തിൽ, ചെലവുകുറഞ്ഞ രീതിയിൽ, കൂടുതൽ അളവിൽ, സുരക്ഷിതമായി എങ്ങനെ  നിർമിക്കാം എന്നതായിരുന്നു വെല്ലുവിളി. ഈ മരുന്ന് സൗജന്യമായി രോഗികൾക്കു ലഭ്യമാക്കുന്ന മരുന്നാണ്. ഞാൻ ആ വെല്ലുവിളി ഏറ്റെടുത്തു. നാലുസ്റ്റെപ്പിൽ മരുന്നുനിർമിക്കാനുള്ള ഒരു വഴി കണ്ടെത്തി. വിലകുറഞ്ഞ,   പൊട്ടിത്തെറിയുണ്ടാകാത്ത, രാസവസ്തുക്കൾ മാത്രമുപയോഗിച്ച് എളുപ്പം മരുന്നുണ്ടാക്കാവുന്ന രീതി കണ്ടെത്തി നിർദേശിച്ചു. പ്രീറ്റോമാമിട് എന്ന ബ്രാൻഡ്‌ നെയിമാണ് ആ മരുന്നിന്. ആ കണ്ടുപിടിത്തത്തിന് 20,000 യു.എസ്. ഡോളർ സമ്മാനമായിക്കിട്ടി. എന്നെസംബന്ധിച്ച് ഏറെ സന്തോഷമുള്ള ഒരു നിമിഷമായിരുന്നു അത്. ആ മരുന്ന്‌ കണ്ടുപിടിക്കുമ്പോൾ എന്റെ മനസ്സിൽ അമ്മതന്നെയായിരുന്നു.

ഇന്ത്യൻ പാർലമെന്റിൽ ചർച്ചചെയ്യപ്പെട്ട ഒരു ഗവേഷണഫലമുണ്ടല്ലോ...
=കടലിൽ കലർന്ന എണ്ണ വേർതിരിച്ചെടുക്കുന്ന ഒരു പരീക്ഷണഫലമുണ്ട്. ‘മറൈൻ ഓയിൽ സ്പിൽ റിക്കവറി’ സാധാരണ, കടലിൽ എണ്ണ കലർന്നാൽ കത്തിച്ചുകളയുകയാണ് പതിവ്. അത് വായുമലിനീകരണത്തിനുമാത്രമല്ല കടലിലെ ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കും. വിലകൂടിയ എണ്ണയാണ് ഇങ്ങനെ കത്തിക്കുന്നതെന്നോർക്കണം. അതിനുപകരം കടലിൽ കലർന്ന എണ്ണ ആഗിരണം ചെയ്തെടുക്കുന്ന ഒരുസംവിധാനമാണ്  കണ്ടുപിടിച്ചത്. ഇതിന് അന്തർദേശീയശ്രദ്ധ കിട്ടി. കാരണം, എല്ലാ രാഷ്ട്രങ്ങൾക്കും തലവേദനയാണ് കടലിൽ കലരുന്ന എണ്ണ. ഇതിനെ എങ്ങനെ പാർശ്വഫലങ്ങളില്ലാതെ വേർതിരിച്ചെടുക്കാമെന്ന് എല്ലാവരും അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ പരീക്ഷണഫലമാണ് ഇന്ത്യൻ പാർലമെന്റ് ചർച്ചചെയ്തത്‌.  

 ‘ഐസറി’ലേക്ക്‌ വന്നത് എപ്പോഴാണ്
=  2008-ൽ ഇന്ത്യയിലേക്കുവന്നു. ഹൈദരാബാദിലെ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസിൽ സീനിയർ സയന്റിസ്റ്റായി ചേർന്നു. അവിടെയും മരുന്നുഗവേഷണമായിരുന്നു. പക്ഷേ,  അധ്യാപനമാണ് എന്റെ മനസ്സിലുണ്ടായത്. അങ്ങനെയാണ് 2009-ൽ ഐസറിൽ വരുന്നത്. ഐസറിൽ വന്നശേഷം കേന്ദ്രസർക്കാരിന്റെ രാമാനുജൻ ഫെലോഷിപ്പ് കിട്ടി. അതുവരെ ചെയ്ത റിസർച്ചിന്റെ മികവുനോക്കിയാണത്. ഐസറിൽ വെച്ചുനടത്തിയ ഗവേഷണങ്ങൾക്ക്  2014-ൽ സ്വർണജയന്തി ഫെലോഷിപ്പ് കിട്ടി. രണ്ടരക്കോടിയാണ്  അതിന്റെ റിസർച്ച് ഫണ്ട്. കെമിക്കൽ റിസർച്ച് സൊൈസറ്റി ഓഫ് ഇന്ത്യ, മെറ്റീരിയൽ റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ വെങ്കലമെഡലുകളും കിട്ടി. അമേരിക്കയിലെ വൈ.ഐ.എം. ബോസ്റ്റൺ  എന്ന സംഘടനയുടെ യങ് സയന്റിസ്റ്റ് അവാർഡ് കിട്ടി.  ലണ്ടൻ റോയൽ സൊസൈറ്റി ഓഫ്  കെമിസ്ട്രിയുടെ ഫെലോയായി, ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് ഫെലോയായി. പഞ്ചാബ് യൂണിവേഴ്സിറ്റിയുടെ ഭാഗ്യതാര അവാർഡ് കിട്ടി. 2019-ൽ ടെക്നോളജി ഇന്നവേഷൻ അവാർഡ് കിട്ടി.

kana m sureshan with family
ഡോ.കാനാ.എം സുരേശന്‍ അമ്മയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം

 ഇനി എന്താണ് ചെയ്യാനുദ്ദേശിക്കുന്നത്
= അധ്യാപനത്തോടൊപ്പം സമൂഹത്തിന് പ്രയോജനപ്പെടുന്ന ഗവേഷണങ്ങൾ ചെയ്യണം.  ഇന്ന ഗവേഷണമേ ചെയ്യൂവെന്ന് ശഠിക്കാനാവില്ല. എന്നാലും ചെയ്യുന്നത്  ആർക്കെങ്കിലും ഉപകാരമാവുന്നത് ആകണമെന്ന് കരുതാറുണ്ട്. പത്ത് പിഎച്ച്.ഡി. ഇപ്പോൾ കൊടുത്തുകഴിഞ്ഞു. പത്തുപേർ ഇപ്പോൾ കൂടെ റിസർച്ച് ചെയ്യുന്നുണ്ട്.

മനുഷ്യനെന്ന നിലയിൽ, ശാസ്ത്രജ്ഞനെന്ന നിലയിൽ സന്തോഷവാനാണോ...
=കഷ്ടപ്പാടുള്ള കാലത്തും സന്തോഷത്തിന് കുറവൊന്നുമില്ലായിരുന്നു. പണിയെടുത്തു പഠിക്കാൻപോവാൻ ഒരുമടിയും ഇല്ലായിരുന്നു. ദുരഭിമാനമൊന്നും ഇല്ലായിരുന്നു. പെട്ടെന്ന് നിരാശപ്പെടുന്ന പ്രകൃതവുമല്ലായിരുന്നു. എന്തുവന്നാലും മുന്നോട്ടുപോയി നോക്കാം എന്നുതോന്നുമായിരുന്നു. ആ മനസ്സുള്ളതുകൊണ്ടാണ് പഠിക്കാൻ പറ്റിയത്. ഇപ്പോൾ ഗവേഷണം ചെയ്യാനും പഠിപ്പിക്കാനും ഒക്കെ പറ്റിയത്. ഇപ്പോൾ ലോകത്തിലെത്തന്നെ അറിയപ്പെടുന്ന ശാസ്ത്രജ്ഞരിൽ എന്റെ പേരുണ്ട്. അതില്ലാത്തപ്പോഴും സന്തോഷവാനായിരുന്നു ഞാൻ.  മനുഷ്യരോട് എനിക്ക് പൊരുതേണ്ടിവന്നിട്ടില്ല. പക്ഷേ, എന്റെ സാഹചര്യങ്ങളോട് കുട്ടിക്കാലംതൊട്ടേ സന്തോഷത്തോടെ പൊരുതാൻ ഞാൻ തയ്യാറായിരുന്നു.

കുട്ടിക്കാലത്ത്‌ ബസ് ഡ്രൈവർ ആകണമെന്നായിരുന്നു ആഗ്രഹം. അന്ന് ബസ് ഡ്രൈവർ ഞങ്ങൾ കുട്ടികളുടെയെല്ലാം ഹീറോയായിരുന്നു. എന്നാൽ, പിന്നീട് നല്ലൊരു  കവുങ്ങുകയറ്റക്കാരനാകാൻ തീരുമാനിച്ചു. പിന്നെ ഓരോസമയത്തും ഓരോന്ന് ആവണമെന്നു തോന്നി. പക്ഷേ, ആയതു ശാസ്ത്രജ്ഞനാണ് .അതിൽസന്തോഷവാനുമാണ്‌.

 കുടുംബം
=ഭാര്യ ഷീന. മകൻ ഗൗതം യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിൽ കെമിസ്ട്രി ഒന്നാംവർഷ ബിരുദവിദ്യാർഥിയാണ്. മകൾ ഗൗരി മുക്കോലയ്ക്കൽ സെയ്‌ന്റ് തോമസ് സ്കൂളിൽ ഏഴാം ക്ളാസിൽ. അമ്മയുടെ അസുഖമൊക്കെ മാറി. ഇപ്പോൾ കൂടെയുണ്ട്. തിരുവനന്തപുരം ഐസർ കാമ്പസിലാണ് താമസം.