തവാങ്ങിലെ മൊംപഗോത്രക്കാരുടെ ശവസംസ്കാരരീതി ഒന്നു പ്രത്യേകമാണ്. ബുദ്ധമത ജപമാലയിലെ നൂറ്റെട്ട് മണികളെപ്പോലെ നൂറ്റെട്ടായി നുറുക്കിയ ശരീരഭാഗങ്ങൾ നദിയിലെ മത്സ്യങ്ങൾക്കിട്ടുകൊടുക്കും. അടുത്ത ബന്ധുക്കളാണ് ഈ വിഭജിക്കൽ അഥവാ വെട്ടിനുറുക്കൽ കർമം ചെയ്യേണ്ടത്. ജീവൻ പോയാൽ പിന്നെ ഉടൽ ചെറുജീവികളുടെ അവകാശമാണെന്നുള്ള വിശ്വാസത്തിൽനിന്നാണിത്.

തവാങ് ചൂ ഒഴുകുന്ന താഴ്‌വരയിൽ പല കാരണങ്ങൾകൊണ്ട് താമസമാക്കിയ അന്യനാട്ടുകാർക്ക് പക്ഷേ, ഇതൊരു പേടിസ്വപ്നമാണ്. പുഴയിൽ ശരീരഭാഗങ്ങൾ ഒഴുകിവരുമോ, പുളച്ചുമേളിക്കുന്ന ചെറുമീനുകൾ മനുഷ്യശരീരം ഭക്ഷിച്ചു മദിച്ചവയാണോ... അങ്ങനെയങ്ങനെ. പുഴമീൻ കഴിക്കാനും പേടിയാണ് !

‘‘പുഴയിലിറങ്ങല്ലേ  ഈ മീനുകൾക്ക് ശീലമാണ്, നിങ്ങളെ കടിച്ചു തിന്നുകളയും’’ -എന്നു വരെ അന്നാട്ടുകാർ പറയും.

‘‘എന്നുവെച്ചാൽ പിരാനയല്ലേ കടിച്ചുതിന്നാൻ’’ എന്നു  ചിരിച്ചു വെള്ളത്തിലിറങ്ങുമ്പോൾ  കാൽവിരലുകളിലുമ്മ തന്നുരുമ്മും കുഞ്ഞുമീനുകൾ.

‘‘അല്ലെങ്കിലും പത്തറുപതിനായിരം വർഷങ്ങളായി ഭൂമുഖത്തുള്ള ഇക്കണ്ട മനുഷ്യന്മാരുടെയെല്ലാം അംശങ്ങൾ അലിഞ്ഞുചേരാത്ത ഏതു ചരാചരങ്ങളുണ്ടീ ഭൂമിയിൽ’’ എന്ന് അടക്കം പറയും.
റിഫൈൻഡ് അല്ല എന്ന് നമ്മൾ കരുതുന്ന ഗോത്ര മനുഷ്യരെപ്പോലെ പ്രകൃതിയുടെ ഭാഗമാണ് നമ്മളും എന്ന് ഉറച്ചു വിശ്വസിക്കാത്തതുകൊണ്ടാണോ ഇത്ര ഭയം! പ്രകൃതിയുടെ ആത്മാവിൽ വിശ്വസിക്കുന്ന  ഗോത്രങ്ങളാണധികവും. ‘ദോന്യ പോളോ’ എന്ന സൂര്യ- ചന്ദ്രാരാധനയുടെ ധർമം  പിൻതുടരുന്നവരുമുണ്ട്. ഇവിടത്തെ ചില ഗോത്രങ്ങൾക്ക് ഒരു വിശ്വാസമുണ്ട് - കാടിന്റെ നടുവിലുള്ള ഒരു വൻ മരത്തിലാണ് അവരുടെ പൂർവികരുടെ ആത്മാവ് കുടികൊള്ളുന്നത് എന്ന്. അരികിലൂടെ പോകുമ്പോൾ ചില സമയങ്ങളിൽ ചില്ലകളിളക്കി  അവ ‘‘കുഞ്ഞേ, കുഞ്ഞേ...’’ എന്ന് മാടിവിളിക്കുമത്രേ.  
ആദി, നൈഷി തുടങ്ങിയ ഗോത്രങ്ങളുടെ  മുളന്തൂണുകളിൽ ഉയർത്തിയ ലളിതമായ വീടുകളുടെ അടിയിലെ നിലയിൽ ആടും കോഴിയും പന്നിയുമൊക്കെയാണ് താമസം. മനുഷ്യരുടെ അവശിഷ്ടങ്ങൾ ഇവരുടെ ഭക്ഷണവും. അൾട്ടിമേറ്റ് സിംബയോസിസ് ! കോലുകളിൽ കെട്ടിയുയർത്തിയ വീടുകളുടെ തിണ്ണയിറമ്പുകളിൽ  കാലാട്ടിയിരുന്ന് താഴെ കലമ്പൽ കൂട്ടുന്ന നാനാ ജാതി മൃഗങ്ങളോടും പക്ഷികളോടും വർത്തമാനം പറയുന്ന കുട്ടികൾ.   മെല്ലെ മെല്ലെ പൂവിട്ടു കായ്ക്കുന്ന  മലകളുടെ  സൗമ്യതാളത്തിനൊപ്പം ഒരു തിരക്കും തിക്കുകൂട്ടലുമില്ലാതെ സന്തോഷത്തോടെ ജീവിക്കുന്ന മനുഷ്യരും മൃഗങ്ങളും. ഇഷ്ടംപോലെയുണ്ടെങ്കിലും വിഷപ്പാമ്പുകൾപോലും ശാന്തരാണിവിടെ. മരുഭൂമിപ്പാമ്പുകളുടെ ശൗര്യം ഇല്ല. തണുപ്പ് ശീതരക്തത്തെ വല്ലാതെ ബാധിക്കുന്നതുകൊണ്ടാവാം, അലസമായി വെയിൽ കാഞ്ഞ് അവിടെയുമിവിടെയും നീണ്ട് കിടക്കുന്ന, പത്തിവിടർത്താൻ മടിക്കുന്ന മൂർഖന്മാർ. കടിക്കുന്ന കാര്യം അവർ ചിന്തിക്കുന്നുകൂടിയില്ല. ഇത്രയും പാമ്പുകളുള്ള മലകളായിട്ടും അന്ന് രണ്ടു വർഷത്തിനുള്ളിൽ ഹോസ്പിറ്റലിൽ ഒരൊറ്റ സ്നേക് ബൈറ്റ് ആണ് റിപ്പോർട്ട് ചെയ്തത്. കള്ളുകുടിച്ച്  ബോധംപോയ ഒരു മലനാട്ടുകാരൻ പാമ്പിന്റെ കഴുത്തിനു കയറിപ്പിടിച്ചപ്പോൾ സംഭവിച്ചു പോയതാണത് !

പർവതങ്ങളുടെ  പ്രിയമൃഗങ്ങൾ വേറെയുമുണ്ട്. പട്ടാളക്കാർ വരും പോകും പക്ഷേ, ഇവർ ഇവിടത്തെ കുടിപാർപ്പുകാർ. ബഷീർ പറഞ്ഞപോലെ ഭൂഗോളത്തിന്റെ  ച്ചിരിപ്പിടിയോളം ഭാഗത്തിന്റെ ആജീവനാന്ത അവകാശികൾ ! മനുഷ്യർക്ക് എത്രയോ മുന്നെ ഈ ആവാസവ്യവസ്ഥയുടെ ഭാഗവും അധികാരികളുമൊക്കെയായി വിലസിയിരുന്നവർ. ‘മുദ്രപ്പത്രങ്ങളിൽ ഒപ്പുവെക്കാത്തവരും മുള്ളു വേലികളെ മാനിക്കാത്തവരുമായ’, ഹിമശൈലഭൂമികയുടെ  ആജീവനാന്ത അവകാശികളെക്കുറിച്ച് പറയാതെ എങ്ങനെ ഈ വൻമലകളിറങ്ങും.

ചുരംകയറി വരുന്ന വഴിയിൽ  തന്നെ നിറയെ ബോർഡുകൾ കണ്ടിരുന്നു  ‘Beware of Dum Dum’  ആരാണീ ഡംഡം? ഏതോ ജീവിയാണെന്ന് മനസ്സിലായി. പക്ഷിയാണോ, മൃഗമാണോ എന്നൊന്നും തിരിഞ്ഞില്ല. ഒരുപക്ഷേ, കരടിയായിരിക്കുമോ? - നിറച്ചും കരടികളുള്ള സ്ഥലമാണ്. കുറച്ചുദിവസങ്ങൾ കഴിഞ്ഞ് ഒരു കടി കിട്ടിക്കഴിഞ്ഞപ്പോഴാണ് കൊതുകുപോലുള്ള ഒരു കുഞ്ഞുപ്രാണിയാണ് ഈ ഡംഡം എന്നു മനസ്സിലായത്.- ‘സിമുലം ഫ്ലൈ’. കടിയേറ്റാൽ ചുവന്നു തിണർത്തുവരും.  ദിവസങ്ങളോളം വല്ലാത്ത  ചൊറിച്ചിലുണ്ടാവും. അപൂർവമായി ചിലപ്പോൾ കാഴ്ചശക്തിവരെ നഷ്ടപ്പെടാം.
മലകളിൽ മഞ്ഞുപെയ്യുമ്പോൾ, വണ്ടിത്താരകൾ മഞ്ഞുറഞ്ഞടയുമ്പോൾ, ആകാശം മൂടിക്കെട്ടി ഹെലികോപ്റ്ററുകൾ ഭക്ഷണവും മരുന്നുംകൊണ്ട് വരാതാവുമ്പോൾ ഏറ്റവും ഉയരത്തിലെ, വിളുമ്പിലെ, അവസാനത്തെ പോസ്റ്റിലെ പട്ടാളക്കാരൻ എന്തുചെയ്യും? അപ്പോൾ കൊടുമുടികളിലെ ഏറ്റവും ദുർഘടമായ ഒറ്റയടിപ്പാതകളിലൂടെ ഭാരവും ചുമന്ന് അവർ വരും. ആ നിശ്ശബ്ദരായ സേവകർ - മലയുടെ തുഞ്ചത്തെ, ഏറ്റവും അവസാനത്തെ പോസ്റ്റിലെ പട്ടാളക്കാരനും ഭക്ഷണവും മരുന്നും വെടിക്കോപ്പുകളുമായി വക്കടർന്ന കാൽനടപ്പാതകൾ അവർ അടിവെച്ചടിവെച്ച് കയറും. എത്ര പ്രതികൂല കാലാവസ്ഥയിലും പട്ടാളക്കാർ പട്ടിണിയാവില്ല എന്നുറപ്പാക്കുന്ന ഇവരാണ് നമ്മുടെ മൗണ്ടൻ ആർമിയുടെ അവസാനത്തെ ആശ്രയം. ‘Last mile logistics’- കോവർക്കഴുതകൾ എന്ന സാധുമൃഗങ്ങൾ   - സായുധസേനയുടെ ആയുധമണിയാത്ത പ്രിയ സഖാക്കൾ. ആർമി സർവീസ് കോറിലെ AT (ആനിമൽ ട്രാൻസ്പോർട്ട് ) കമ്പനികളുടെ ഭാഗമാണ്  കോവർക്കഴുതകളും അവരുടെ പരിപാലകരും. കോവർക്കഴുതകൾ പട്ടാളത്തിൽ ചേർന്നിട്ട് ആയിരക്കണക്കിന് വർഷങ്ങളായി! റോമൻ സൈനികരുടെ പടക്കോപ്പുകൾ   ചുമന്നിരുന്നത് ഇവരാണ്. ഹോമർ ഇലിയഡിൽ കോവർക്കഴുതയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈജിപ്തിലെ  ഫറവോമാരുടെ സിനായ് മലയിലെ വൈഡൂര്യ  ഖനികളിൽനിന്ന് രത്നങ്ങൾ ഏറ്റി വന്നിരുന്നത് ഇവരാണ്. സോളമൻ തന്റെ സിംഹാസനാരോഹണത്തിന് ദാവീദ് രാജാവിന്റെ പെൺകഴുതയുടെ പുറത്തേറി പ്രതാപത്തോടെ വന്ന കഥ ബൈബിൾ പറയുന്നു.

പെൺകുതിരയുടെയും ആൺകഴുതയുടെയും കുഞ്ഞുങ്ങളാണ് കോവർക്കഴുതകൾ. കുതിരയുടെ ബുദ്ധിയും ശക്തിയും കഴുതയുടെ അധ്വാനശീലവും അനുസരണയും ഇവയ്ക്കുണ്ട്. പാതകളിലെ അപകടങ്ങൾ അവ മണത്തറിയും. നടന്ന വഴികൾ മറക്കില്ല. ഏതു മഞ്ഞിലും ഉയരങ്ങളിലും മടിയില്ലാതെ ഭാരം ചുമക്കും. നമ്മൾ കോവർക്കഴുത എന്ന് പേരിട്ട് അടിച്ചേൽപ്പിച്ച തരം ബുദ്ധിക്കുറവ് അവർക്കില്ല എന്നർഥം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സൈന്യത്തിൽ എന്തിനീ മൃഗങ്ങൾ എന്നു ചിന്തിച്ചേക്കാം. കാർഗിൽ യുദ്ധസമയത്ത്  ദ്രാസിലും  കാർഗിലിലും ഹെവി ഷെല്ലിങ് കാരണം റോഡുകളിലൂടെ വാഹനങ്ങൾ തടസ്സപ്പെട്ടപ്പോൾ വെടിയുണ്ടകളുടെ പെരുമഴയിലൂടെ നമ്മുടെ മുൻനിരപ്പട്ടാളക്കാർക്ക് ആർട്ടില്ലറി ഗണ്ണുകളും വെടിക്കോപ്പുകളും ഭക്ഷണവും  ചുമന്നെത്തിച്ചതിവരാണ് .

അഫ്ഗാനിസ്താനിലെ പരുക്കൻ മലമ്പാതകളിലൂടെ  സാധനങ്ങളെത്തിക്കാൻ അമേരിക്കൻ ആർമി  ഇക്കൂട്ടരെ  ഈയടുത്തകാലത്തും ഉപയോഗിച്ചിരുന്നു.  അതിരുകളിലെ വിചിത്ര ഭൂമികകളിലൂടെ, കിഴുക്കാം തൂക്ക് മലവിളുമ്പുകളിലെ അരികടർന്ന ഒറ്റയടിപ്പാതകളിലൂടെ  ഭാരം ചുമന്ന് ചുവരുകൾ കയറുന്ന ഉറുമ്പുകളെപ്പോലെ അവയങ്ങനെ ഒരുമിച്ച് മലകയറും.

ഡൽഹിയിൽ പോളോ റോഡിലുള്ള ആർമി സർവീസ് കോറിന്റെ ഓഫീസർ മെസ്സിന്റെ പേര് ‘പെഡോങ്കി’ എന്നാണ്. പെഡോങ്കി ഒരു ജനറലോ പട്ടാളക്കാരനോ അല്ല. ഒരു കോവർക്കഴുത
ആണ്. വീരചക്ര അവാർഡ് ലഭിച്ച കോവർക്കഴുത. ഇന്ത്യയുടെ കുളമ്പുകളുള്ള വാർഹീറോ . ഏറ്റവുമധികം കാലം - അതായത് 32 വർഷം മിലിറ്ററി സർവീസ് ചെയ്ത കോവർക്കഴുത എന്ന ഗിന്നസ് റെക്കോഡും പെഡോങ്കിക്ക്‌ സ്വന്തമാണ്.

1971-ലെ യുദ്ധസമയത്ത് പാകിസ്താൻ പട്ടാളക്കാർ നമ്മുടെ കുറച്ച് കോവർക്കഴുതകളെ പിടിച്ചുകൊണ്ടുപോയി. ഇവയ്ക്ക്‌ ഒരേതരം പരിശീലനം തന്നെയാണ് രണ്ടിടത്തും എന്നതിനാൽ അപ്പുറത്താണെങ്കിലും ഇപ്പുറത്താണെങ്കിലും  പിടിച്ചു കൊണ്ടുവരുന്ന ഇവയെ ഉടനെതന്നെ ജോലിക്ക് ഉപയാഗിക്കുകയാണ് പതിവ്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അതാ മുതുകിൽ വലിയ ഭാരവുമായി കിതച്ചോടി നമ്മുടെ പെഡോങ്കി വരുന്നു. അവളുടെ ട്രെയിനറെ വെട്ടിച്ച് ഓടിപ്പോന്നതാണ്. 20 മൈൽ ആണ് അന്ന് അവൾ ഓടിയത്. പുറത്ത് വെച്ചുകെട്ടിയ പാകിസ്താന്റെ MMG യും (മീഡിയം മെഷീൻ ഗൺ) രണ്ടു പെട്ടി ആംനിഷ്യനും. രാജ്യത്തോട് കൂറുകാണിച്ച ഈ സംഭവമാണ് അവൾക്ക് വീരചക്ര ലഭിക്കാൻ കാരണമാക്കിയത്.

മലകളിൽ കുത്തനെയുള്ള കയറ്റങ്ങളിൽ കോവർക്കഴുതയും പരിശീലകനും എപ്പോഴും ഒരുമിച്ചാണ്. മ്യൂൾ ഡ്രൈവർ എന്നാണ് പരിശീലകനെ പറയുക. സ്നേഹിക്കുന്ന പരിശീലകനെയേ ഇവ അനുസരിക്കൂ. വിശ്വാസം തോന്നിയില്ലെങ്കിൽ ചിലപ്പോൾ വഴിയിൽ ബലം പിടിച്ച് നിന്നുകളയും. ഒരുമിച്ച് സഞ്ചരിച്ച് അവർ തമ്മിൽ ഒരു സവിശേഷബന്ധം രൂപപ്പെടാറുണ്ട്. മുൾവഴികൾ ഒരുമിച്ച് താണ്ടുന്നവർ തമ്മിലുള്ള കൂട്ട്. ‘നീയുണ്ടില്ലെങ്കിലും നിന്റെ കോവർക്കഴുതയെ ഊട്ടണം’  എന്നതാണ് ഈ ഡ്രൈവറുടെ അലിഖിത വേദവാക്യം! ഇവയ്ക്കുള്ള റേഷനായി വരുന്ന വൈക്കോലും ശർക്കരയും ഒക്കെ തീറ്റിച്ച്, വെള്ളം കുടിപ്പിച്ച്, രോമം മിനുക്കി ഉയരങ്ങളിൽ  ജീവിതം നയിക്കുന്ന മ്യൂൾ ഡ്രൈവർമാർ.  ഓരോന്നിനെയും കണ്ണിലെ കൃഷ്ണമണിപോലെ നോക്കണം. മലവിളുമ്പുകളിലെ വഴികളിൽ എങ്ങാൻ കാലിടറിപ്പോയാൽ പിന്നെ 300-400 അടിത്താഴ്ചയിലായിരിക്കും ഭാരവും കൊണ്ട് പാവങ്ങൾ വീഴുക.

പോസ്റ്റുകളിൽ ഭക്ഷണവും കൊണ്ട് ഇവർ സംഘമായി എത്തുമ്പോൾ ചിലപ്പോൾ ചെറിയൊരു കശപിശ ഉണ്ടാവാറുണ്ട്. പോസ്റ്റ് കാവൽക്കാരായി സ്വയം അവരോധിച്ചിരിക്കുന്ന നായകളുമായിട്ടാണ് അത്. മിക്കപ്പോഴും ബാഹ്യ ഇടപെടലുകളൊന്നുമില്ലാതെ  തമ്മിൽത്തമ്മിൽത്തന്നെ അത് സെറ്റിൽ ആവും. ഇവർ പണ്ടേ  പരിചയക്കാരാണല്ലോ. പട്ടാളക്കാർ പോസ്റ്റിൽ രണ്ടു മൂന്നു വർഷങ്ങളിൽ ട്രാൻസ്ഫർ ആയി വരുകയും പോവുകയും ചെയ്യും. പക്ഷേ, നായ പോസ്റ്റിലെ സ്ഥിരാംഗമാണ്. മ്യൂളുകൾക്കും സ്ഥലംമാറ്റങ്ങൾ കുറവാണ്. പട്ടാളഭാഷയിലാണെങ്കിൽ  പെർമനന്റ് പോസ്റ്റിങ്ങിലാണ്.!
ഉയരങ്ങളിലെ മിക്ക അതിർത്തിപോസ്റ്റുകളിലും ഉണ്ടാവും ഇങ്ങനെ കാരണവർ ചമയുന്ന കാര്യക്കാരായ കാവൽനായകൾ. മഞ്ഞുനാടൻവർഗമായ ടിബറ്റൻ മാസ്റ്റിഫ് ആയിരിക്കും മിക്കവയും . കാവൽക്കണ്ണുകളും സ്നേഹവാലാട്ടലുകളുമായി പട്ടാളക്കാരുടെ ആത്മമിത്രങ്ങൾ.  ഇവരുടെ സമ്മതമില്ലാതെ ഒരു പക്ഷിപോലും പോസ്റ്റിൽ അടുക്കില്ല.

പട്ടാളക്കാരുടെയും മലനാട്ടുകാരുടെയും ഓമന വളർത്തുമൃഗങ്ങളുമുണ്ട്. അതിർത്തിപോസ്റ്റുകളിലെ  ഏകാന്തജീവിതത്തിൽ ഈ അരുമമൃഗങ്ങളുടെ കൂട്ട്  ആശ്വാസമാണ്.  റൊട്ടിത്തുണ്ടുകൾ പങ്കിട്ടു തിന്നാൻ എന്നും ഉച്ചനേരം നോക്കി പറന്നുവരുന്ന ഒരു ചെറുകിളിപോലും ഒറ്റയ്ക്കിരിക്കുന്ന പട്ടാളക്കാരന് അത്ര പ്രിയപ്പെട്ടതായി മാറും. തനിച്ചായിപ്പോയവരെ തേടിയെത്തുന്ന കനിവിന്റെ വർണത്തൂവലുകളും മൃദുരോമക്കുറുകലുകളും.

നന്ദി-
കേണൽ എ.ടി. വർഗീസ്