‘വരാന്തയുടെ വടക്കേയറ്റത്ത്
മുറുക്കി മുനിയായി
കയ്യിൽ കാവ്യപുസ്തകവും
ചാരത്ത് സഖിയുമായ് അവസാനം
പ്രേംജിയിരുന്ന ഇരിപ്പായിരുന്നു ഇരിപ്പ്.
ഒരു സീറ്റിനും മത്സരിക്കാതെ.
വീടും മതിലും മരവും കുലുക്കി രാപകൽ
കൂകിപ്പായലുണ്ടെന്നല്ലാതെ
മെയിലോ പുഷ്പുളോ കണ്ണൂരോ
കാറ്റോ മഴയോ ഭജനയോ ഭാവിയോ
എന്നറിയേണ്ടതില്ലാതെ’
                            - കെ.ജി. ശങ്കരപ്പിള്ള

ഇക്കഴിഞ്ഞ നവംബറിനുമുമ്പത്തെ നവംബറിൽ തൃശ്ശൂർ പൂങ്കുന്നത്തുള്ള ഞങ്ങളുടെ തറവാട് വീട് കാറ്റത്തും മഴയത്തും തകർന്നുപോയി. ഒരുപാട് മധുരംതന്ന മാവാണ്. ഒട്ടേറെ തണലുതന്ന, ഊഞ്ഞാലിനു പലതവണ കൊമ്പുനീട്ടിത്തന്ന വമ്പൻ മുത്തശ്ശൻ. ഒരു കാറ്റിൽ, ആ പ്രളയകാലത്ത് അതും ചതിച്ചു. ഗതകാലസ്മരണകൾക്കുമേൽ അതു നിലംപതിച്ചു. എല്ലാം ഇടിഞ്ഞുതകർന്നു. അച്ഛനും അമ്മയും അവിടെ ആയിരുന്നു. കുട്ടിക്കാലവും കുസൃതികളും അവിടെയായിരുന്നു. പിൻനിലാവാകെ അവിടെയായിരുന്നു. വിടരാതെ കൊഴിഞ്ഞ പൂക്കളും അടർന്നുവീണ നൊമ്പരങ്ങളും ആ മുറ്റത്തായിരുന്നു. അച്ഛൻ മരിച്ചത് അവിടെക്കഴിയുമ്പോഴാണ്. ‘ഇതെന്റെ വീടാണ്, ഇവിടെനിന്നിറങ്ങിപ്പോകാൻ ആരും പറയില്ല’ എന്നഹങ്കരിച്ചിരുന്ന അമ്മ അവസാനം അനാഥയായി മക്കളെ ആശ്രയിക്കേണ്ടിവന്ന് ഇറങ്ങിപ്പോന്നത് ആ വീട്ടിൽനിന്നാണ്. കെ.കെ. രാജമുതൽ കെ.ജി.എസ്.വരെയുള്ള കവികൾ വന്നുപോയ, മഹാനടനായ പി.ജെ. ആൻറണിമുതൽ സംഗീതജ്ഞനായ ബാബുരാജ്‌വരെ നാടകറിഹേഴ്‌സലിന്‌ ഒത്തുകൂടിയ, മുണ്ടശ്ശേരിമുതൽ ചെറുകാടുവരെ  എഴുത്തിനും തിരുത്തിനുമായി എത്തിയ, സി. അച്യുതമേനോനടക്കം പല സഖാക്കളും  ഒളിവിൽപ്പാർത്ത  ആ വീട്ടിൽനിന്ന് ഒടുവിൽ അമ്മയ്ക്കും ഇറങ്ങിപ്പോരേണ്ടിവന്നു. ഭൂതകാലം അങ്ങനെ ഒന്നൊന്നായി പടിയിറങ്ങിപ്പോയപ്പോൾ ഒരു ഭൂതകാലഭാരവുമില്ലാതെ ഭാണ്ഡങ്ങളുമായി വാടകക്കാർ മാറിമാറി അവിടെ കയറിക്കൂടി.  ഞങ്ങൾ, അവകാശികളായ  മക്കൾ മാസവാടകയിൽ മയങ്ങി.  വീടിന്റെ മനസ്സ് കലങ്ങി.  പ്രകൃതി പകരംവീട്ടാൻ തക്കംനോക്കിനിന്നു. തഞ്ചത്തിലൊരു കൊള്ളാവുന്ന കാറ്റും മഴയും വന്നപ്പോൾ പകരംവീട്ടുകയും ചെയ്തു.

നല്ല അടികിട്ടിയാൽ മാത്രം  വേണ്ടതുതോന്നുന്ന അലസരായ കുട്ടികളെപ്പോലെ ആ അടി ഞങ്ങളുടെ കണ്ണുതുറപ്പിച്ചു.  കൊറോണയെ വകവെക്കാതെ ഞങ്ങളാ തകർന്ന തറവാട് അതുപോലെ പുതുക്കിയെടുത്തു. ഇക്കഴിഞ്ഞ ഓണക്കാലം അവിടെയായിരുന്നു. എല്ലാവരും ഉണ്ടായിരുന്നു. മരിച്ചുപോയവരും പണ്ട്  വന്നുപോയവരും  എല്ലാവരും തിരിച്ചുവന്നു. ശരിക്കുമൊരു പൊന്നോണം. പത്തിരുപതു ദിവസം അവിടെ കഴിഞ്ഞു. കവിതയിൽ കെ.ജി.എസ്. പറയുന്നപോലെ വരാന്തയുടെ വടക്കേ അറ്റത്തുതന്നെ,  ഞാനുമിരുന്നു. കവിതയിൽ കാണുന്ന അതേ ഇരിപ്പ്! തീവണ്ടികൾ വീടിനുമുന്നിലൂടെ കൂകിപ്പായുമ്പോഴത്തെ ഇരിപ്പ്..., വീടും മതിലും മരവും കുലുക്കി രാപകൽ...  വരാന്തയുടെ വടക്കേ അറ്റത്തുള്ള ഒറ്റമുറിയിൽ  ഉറക്കംകാത്ത് ഒറ്റയ്ക്കു കിടക്കുമ്പോഴും... മെയിലോ പുഷ്പുള്ളോ കണ്ണൂരോ...!!

അമ്മയുടെ താരാട്ടിനൊപ്പം കേട്ടതാണ് തീവണ്ടിയുടെ ആ സ്വരം. ആദിയിൽ വചനം ഉണ്ടായി, വചനം രൂപമായി എന്നു (സത്യവേദപുസ്തകത്തിൽ യോഹന്നാൻ) പറയുംപോലെ തീവണ്ടി ആദ്യം വചനമായിരുന്നു, പിന്നെ മാത്രം രൂപം. ആദ്യം കേട്ടതാണ് ഞങ്ങൾ പിന്നെക്കണ്ടത്. കേട്ടുകേട്ട് അതൊരു താളമായി. പല വണ്ടിക്ക് പല താളം. ഗുഡ്‌സ് വണ്ടിയുടെ താളമല്ല പാസഞ്ചറിന്‌, അതിന്റെ താളമല്ല തിടുക്കംകൂടിയ എക്സ്‌പ്രസ്‌ വണ്ടിക്ക്. ഈ താളമാണ്, അല്ലെങ്കിൽ താളവൈരുധ്യമാണ് നടനായി പിന്നീട് പ്രശസ്തനായ ഏട്ടൻ (പ്രേമചന്ദ്രൻ) അരങ്ങിൽ സ്വീകരിച്ചതെന്നുതോന്നീട്ടുണ്ട്. ഏട്ടന്റെ മകനായ നവീൻ  മൃദംഗം വായിക്കുമ്പോൾ അവന്റെ വിരലുകളുടെ ദ്രുതചലനത്തിനിടയിൽ ഞാൻ വായിക്കാറ് അതേ താളമാണ്. പാട്ടുകാരനായ അനിയനിലും  അഭിനയിക്കുമ്പോൾ  അനിയത്തിയിലും കണ്ടിട്ടുണ്ട് ഇതേ താളം. എഴുത്തിൽ, വാക്കുകൾക്കിടയിലുണ്ട് ആ താളം.

ഞങ്ങളുടെ ഈ  ദൃശ്യശ്രാവ്യബോധം വിചിത്രമാണെന്നറിയുന്നത് മാർച്ചിൽ സ്കൂളടയ്ക്കുമ്പോൾ കൂടിക്കഴിയാൻ ബന്ധുക്കളായ കുട്ടിക്കൂട്ടുകാർ എത്തുമ്പോഴാണ്. അകലെനിന്ന് തീവണ്ടിയുടെ ശബ്ദം കേട്ടാൽ അവരാർത്തുല്ലസിച്ച് ഓടും പടിക്കലേക്ക്. തീവണ്ടി ഇത്ര കാണാനുണ്ടോ എന്നമട്ടിൽ ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കാതെ ഞങ്ങളും. രാത്രിയായാൽ  ‘വീടും മതിലും മരവും കുലുക്കിപ്പായുന്ന’ ശബ്ദംകേട്ട് ഓരോവണ്ടിക്കും ഞെട്ടിയുണരുമവർ. അവർക്കോരോ രാത്രിയുമങ്ങനെ കാളരാത്രിയാവുമ്പോൾ ഞങ്ങൾ താരാട്ടുപാട്ടു കേട്ടിട്ടെന്നമട്ടിൽ സ്വസ്ഥരായി ഉറങ്ങുകയാവും.

താളമായിവന്ന തീവണ്ടി പതുക്കെപ്പതുക്കെ ജീവിതാനുഭവങ്ങളിലേക്ക്  ഓടിക്കയറാൻ തുടങ്ങി. അക്കാലത്ത് കാലാവസ്ഥയ്ക്ക്  ഇന്നത്തെക്കാളേറെ വ്യവസ്ഥയുണ്ടായിരുന്നു. മഴക്കാലം പെരുമഴക്കാലമായിരുന്നു. തണുപ്പുകാലവും. വേനലോ വല്ലാത്ത വേനലും. പെരുമ്പറമുഴക്കി,  മഴ കോരിച്ചൊരിയുമ്പോൾ, തണുപ്പുസഹിക്കാതെ ഞങ്ങൾ പറയുമായിരുന്നു ‘അമ്മയ്ക്കും തീവണ്ടിയിലെ ഡ്രൈവർക്കും നല്ല സുഖം’ എന്ന്. അന്നു കരിവണ്ടികളും കരിയടുപ്പുകളുമായിരുന്നു. ഗ്യാസടുപ്പിനും ഡീസൽ എൻജിനും മുമ്പുള്ള കാലം. എ.സി.ക്കും സീലിങ് ഫാനിനും എത്രയോ മുമ്പ്. അന്ന് ഒരിത്തിരി ചൂടിന്‌ അടുപ്പുകല്ലും അമ്മയുടെ മാറിടവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇതു വീട്ടകത്തെ കഥ. പുറംകഥ ഇതിലും രസം. ഓട്ടോറിക്ഷ ഇല്ല. ആളുവലിക്കുന്ന റിക്ഷമാത്രം. കേശവദേവിന്റെ പപ്പുവിനെ ഓർമിപ്പിച്ച കുട്ടപ്പനായിരുന്നു ഞങ്ങളുടെ സ്ഥിരം റിക്ഷക്കാരൻ. ആറുമാസത്തിലൊരിക്കലോ മറ്റോ ടൗണിൽപ്പോകാൻ ഇയാളുടെ റിക്ഷ അമ്മ ഏർപ്പാടുചെയ്തിരുന്നു. വണ്ടിവലിക്കുമ്പോൾ അയാളുടെ എഴുന്ന വാരിയെല്ലുകളിൽ കാണാമായിരുന്നു  ജീവിതക്ലേശം. ആ ക്ലേശം  കാണാൻ വയ്യാത്തതുകൊണ്ടോ എന്തോ അച്ഛൻ റിക്ഷ ഒഴിവാക്കി നടക്കുകയാണ് പതിവ്. ബസും കാറും കണ്ടതല്ലാതെ അവയൊന്നും പ്രാപ്യമായിരുന്നില്ല. തീവണ്ടിപോലും കാഴ്ചയ്ക്കപ്പുറം ഒന്നുമായിരുന്നില്ല. തൊട്ടടുത്ത സ്കൂളിലേക്കു നടന്നുള്ള യാത്രമാത്രമായിരുന്നു. ദൂരയാത്രകളില്ലേയില്ല. കോഴിക്കോടും പാലക്കാടും എറണാകുളവുമെല്ലാം സ്വപ്നത്തിൽപ്പോലും സങ്കല്പിക്കാനാവാത്ത അത്രയ്ക്ക് ദൂരെയായിരുന്നു.

വാഹനങ്ങൾ വിദൂരമായിരുന്ന അക്കാലത്ത് അയൽവാസിയായ കണ്ണൻ നായർ ഇടയ്ക്കിടയ്ക്ക് പാലക്കാട്ടുള്ള തറവാട്ടുവീട്ടിൽപ്പോയി വരുമായിരുന്നു. കൗതുകകരം കണ്ണൻ നായരുടെ യാത്രകൾ. കണ്ണൻ നായരുടെ അളിയൻ റെയിൽവേയിൽ എൻജിൻ ഡ്രൈവറായിരുന്നു. നാരായണ പ്പണിക്കർ എന്ന ആ മനുഷ്യൻ രസികനുമായിരുന്നു. വണ്ടി ഞങ്ങളുടെ വീട്ടുമുറ്റം കടന്നുപോകുമ്പോഴെല്ലാം പണിക്കർ ഒരു പ്രത്യേകതരത്തിലുള്ള ഹോൺ മുഴക്കുമായിരുന്നു. അതാ നാറാണമാമയുടെ വണ്ടി എന്ന് ഞങ്ങൾ രണ്ടുവീട്ടിലെയും കുട്ടികളും അമ്മമാരും കൗതുകംകൊള്ളും. പലപ്പോഴും  നാറാണമാമയെക്കാണാൻ ഞങ്ങൾ പടിക്കലേക്കോടുകയും ചെയ്യും (തീവണ്ടിയിൽപ്പോകുന്ന അജ്ഞാതർക്ക് വെറുതേ വിടചൊല്ലാൻ പടിക്കലേക്കുള്ള ഈ ഓട്ടം വളരെ കുട്ടിക്കാലത്തേ തുടങ്ങി. അവരിൽ  ചിലർ തിരിച്ചുകൈവീശുമ്പോൾ സന്തോഷം സഹിക്കില്ല. പിന്നെപ്പിന്നെ വളർന്നപ്പോൾ വണ്ടിയിൽ കടന്നുപോകുന്ന ബന്ധുക്കൾക്കും കൂട്ടുകാർക്കും മാത്രമായി വിട. പഠിപ്പൊക്കെ കഴിഞ്ഞ് ഡൽഹിയിൽ ജോലികിട്ടിപ്പോയ  സുഹൃത്തായ മോഹൻദാസ് നാട്ടിൽ അവധിക്കുവന്നു മടങ്ങിയശേഷം എഴുതിയ കത്ത് ഈയിടെ കണ്ടുകിട്ടി. '74 ഓഗസ്റ്റിൽ എഴുതിയ കത്തിൽ ഇങ്ങനെ: അന്നു തന്നോട് തൃശ്ശൂർ സ്റ്റേഷനിൽവെച്ചു  യാത്രപറഞ്ഞു പിരിഞ്ഞശേഷം, വീട്ടുപടിക്കൽ എനിക്കായി കാത്തുനിന്ന തന്റെ അമ്മയെ, ഓടുന്ന വണ്ടിയിൽനിന്നു കണ്ടു കൈവീശിയപ്പോൾ കണ്ണുനിറഞ്ഞു. ടി.ടി.ഇ.  ചോദിച്ചു: ‘അമ്മയാണോ?’  ‘അതെ’. തിരിച്ചു സീറ്റിൽ വന്നിരുന്നപ്പോൾ സഹയാത്രികർ  ചോദ്യം ആവർത്തിക്കുന്നത്  ഒഴിവാക്കാൻ ഞാൻ കണ്ണടച്ച് പുറത്തുനോക്കിയിരുന്നു. മനസ്സ് വല്ലാതായി സുഹൃത്തേ.  അതെ, തീവണ്ടി ഞങ്ങളുടെ സ്നേഹവണ്ടികൂടിയായിരുന്നു).  പറഞ്ഞുവന്നതു തുടരട്ടെ. നാറാണമാമയെ കാണാൻ ഓടി പടിക്കലെത്തുമ്പോഴേക്കും എൻജിൻ കാബിൻ പലപ്പോഴും പടികടന്നുപോയിരിക്കുമെങ്കിലും ഞങ്ങൾ കുട്ടികളെ ഇങ്ങനെ നിരന്തരമായി ഉത്സാഹപ്പെടുത്താൻ നാറാണമാമയുടെ രസികത്തത്തിനു കഴിഞ്ഞിരുന്നു. നാറാണമാമ അങ്ങനെ അതുവഴി പോകുമ്പോളാണ് അളിയനായ കണ്ണൻ നായരുടെ തീവണ്ടിയാത്ര. വണ്ടി വീടിനടുത്തെത്തിയാൽ നാറാണമാമ വേഗം കുറയ്ക്കും. ഏതാണ്ട് നിർത്തിക്കളയും. എന്നിട്ട് സാമാന്യം തടിയനായിരുന്ന അളിയനെ ഡ്രൈവറുടെ കാബിനിൽ വലിച്ചുകയറ്റും. അളിയൻ കയറിപ്പറ്റി എന്നുറപ്പായിക്കഴിഞ്ഞാൽ നാറാണമാമ വണ്ടിയുടെ  സ്പീഡുകൂട്ടി പായും, വിശേഷിച്ചൊന്നും സംഭവിക്കാത്തപോലെ! അളിയന്മാർ വീട്ടു/നാട്ടു വിശേഷങ്ങൾ പറഞ്ഞ് പാലക്കാടുവരെ ഒന്നിച്ചു യാത്ര. അവിടെ ഇറങ്ങി കണ്ണൻ നായർ വീട്ടിൽപ്പോകും. നാറാണമാമയുടെ മടക്കയാത്രയിൽ ഇതുപോലെ ഡ്രൈവർ കാബിനിൽ കയറി കണ്ണൻ നായർ തിരിച്ച് വീട്ടിലെത്തും. വീട്ടുപടിക്കൽനിന്ന് ബസ്സുകയറിപ്പോകുംപോലെ തീവണ്ടികയറി പാലക്കാട്ടു പോയിവന്നു, അങ്ങനെ ഇടയ്ക്കിടെ ആ നല്ല അയൽക്കാരൻ. തീവണ്ടികളും ബസുകളുമൊക്കെ വളരെ കുറവായിരുന്ന കാലത്തെ വിചിത്രയാത്രകൾ!

ജീവിതത്തിലെ ഇത്തരം സ്നേഹകൗതുകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയ തീവണ്ടി ഞങ്ങൾക്ക് മരണഭീകരതയും  ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള ചെറിയ നൂൽപ്പാലങ്ങളും കാണിച്ചുതന്നു. അന്നൊക്കെ മനുഷ്യർ ആത്മഹത്യയ്ക്കു കണ്ടെത്തിയ ഏറ്റവും എളുപ്പവഴി തീവണ്ടിക്കു തലവെക്കലായിരുന്നു. വിഷം കഴിക്കലും കെട്ടിത്തൂങ്ങലും മറ്റും  കൂടുതൽ സ്വകാര്യത ആവശ്യപ്പെട്ടിരുന്നതിനാലാവാം താരതമ്യേന വിജനമായ റെയിൽപ്പാളം അന്നുള്ളവർ തിരഞ്ഞെടുത്തത്. മാസത്തിൽ ഒന്നോ രണ്ടോ തവണ ആരെങ്കിലും വണ്ടിക്കു തലവെക്കും. പലപ്പോഴും ഞങ്ങളുടെ പടിക്കൽതന്നെ. ആ രാത്രി ഉറങ്ങാനാവില്ല. പ്രേതഭീതി ഉറക്കംകെടുത്തും. ഉറങ്ങാതെ പ്രേതം വരുന്നോ എന്നു പേടിച്ച്‌ ജനലിലൂടെ പുറത്തുനോക്കുമ്പോൾ, ശവം മൂടി കാവലിരിക്കുന്ന രണ്ടു പോലീസുകാരെ കാണാം. പലപ്പോഴും  കോരിച്ചൊരിയുന്ന  മഴയത്ത്‌ കൂടചൂടി, ബീഡിപുകച്ച്. വലിച്ചൂതുന്ന ബീഡിയുടെ തിളക്കവും അരികിലിരിക്കുന്ന കമ്പിറാന്തൽ കാട്ടിത്തരുന്ന നിഴൽരൂപങ്ങളും മാത്രമേ കാണൂ. പ്രേതത്തിന് പോലീസിനെ പേടിയാണെന്ന ബോധം ആശ്വാസമാവുമെങ്കിലും ഭയം പിന്നെയും ബാക്കിയാവും.

ഇതിനിടയ്ക്കാണ് പെരുങ്കിണി എന്ന വീരനായകന്റെ വരവ്.  പാതാളക്കരണ്ടിപോലും ഇല്ലാത്ത അക്കാലത്ത്  കിണറ്റിൽ വെള്ളംകോരുന്ന പാട്ടയോ പാളയോ വീണു മുങ്ങിപ്പോയാൽ അതെടുത്തുതന്നിരുന്നത് പെരുങ്കിണിയാണ്. ഞങ്ങളുടെ മുങ്ങാങ്കോഴി. കിണറ്റിങ്കരയിൽ ചാരി താഴെ നോക്കി പെരുങ്കിണി വെള്ളത്തിൽ അപ്രത്യക്ഷനാവുന്നത് കണ്ടിട്ടുണ്ട്. ‘അയാൾ കിണറ്റിലേക്ക് കൂപ്പുകുത്തി. കിണറുകടന്ന് ഉൾക്കിണറിലേക്ക്. വെള്ളത്തിന്റെ വില്ലീസുപടുതകളിലൂടെ അയാൾ നീങ്ങി. ചില്ലുവാതിലുകൾ കടന്ന്, സ്വപ്നത്തിലൂടെ, സാന്ധ്യപ്രജ്ഞയിലൂടെ, തന്നെ കൈനീട്ടിവിളിച്ച പൊരുളിന്റെനേർക്ക് അയാൾ യാത്രയായി. അയാൾക്കുപിന്നിൽ ചില്ലുവാതിലുകൾ ഒന്നൊന്നായി അടഞ്ഞു’ (ഉൾക്കിണറ്, ഖസാക്കിന്റെ ഇതിഹാസം, ഒ.വി. വിജയൻ). ഖസാക്കിലെ മുങ്ങാങ്കോഴി അടഞ്ഞ വാതിലുകൾ തുറന്ന്‌ പുറത്തു പിന്നെ വരുന്നില്ല എങ്കിലും ഞങ്ങളുടെ മുങ്ങാങ്കോഴി ചില്ലുവാതിലുകൾ ഒന്നൊന്നായി തുറന്ന്, കൈയിൽ പാട്ടയോ പാളയോ പൊട്ടിയ കയർ കഷ്ണമോ ആയി പിന്നെയും പുറത്തുവരുമായിരുന്നു. അയാൾ തിരിച്ചുവരുമെന്നുറപ്പായിരുന്നെങ്കിലും  വരുംവരെ,  ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള നൂൽപ്പാലത്തിലെന്നപോലെയായിരുന്നു കിണറ്റിൻകരയിലെ ആ കാത്തുനിൽപ്പ്.

  അങ്ങനെ ആഴങ്ങളറിഞ്ഞ പെരുങ്കിണി ജീവിതത്തിൽനിന്ന് മരണത്തിന്റെ ആഴങ്ങളിലേക്കും ഇടയ്ക്ക്‌ നിർഭയം കൂപ്പുകുത്താറുണ്ട്. റെയിൽപ്പാളത്തിൽ തലവെക്കുന്നവരുടെ മൃതദേഹം അടുത്ത വണ്ടി വരുംമുമ്പ് എടുത്തുമാറ്റണം. പോലീസ്‌ വരുംവരെ കാത്തുനിൽക്കാനാവില്ല. ഈ ഘട്ടങ്ങളിൽ റെയിവേക്കാർ സഹായം തേടുന്നത് പെരുങ്കിണിയുടേതാണ്. ഒരു ദിവസം സ്കൂൾ വിട്ടുവരുമ്പോൾ പൂങ്കുന്നം സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ഒരു മൃതദേഹം. വണ്ടിച്ചക്രം കയറിയിറങ്ങി രണ്ടായി മുറിഞ്ഞുപോയിട്ടുണ്ട്. മരിച്ചിട്ടില്ല. അയാളെ എടുത്ത്‌ പ്ലാറ്റ്‌ഫോമിൽ കിടത്തി, പെരുങ്കിണി പോലീസിനെ കാത്തുനിൽക്കുകയാണ്. ജീവനുള്ള അയാളുടെ ശരീരത്തിന്റെ മേൽഭാഗം പെരുങ്കിണിയുടെ കാലിൽപ്പിടിച്ച് എഴുന്നേൽക്കാൻ നോക്കുന്നു; വീഴുന്നു. വീണ്ടുമയാൾ എഴുന്നേൽക്കാൻ നോക്കുന്നു, വീഴുന്നു. ഇതങ്ങനെ തുടരുമ്പോൾ ഒരു വികാരഭേദവുമില്ലാതെ പെരുങ്കിണി അയാളുടെ അർധശരീരത്തിന്റെ ചെയ്തികളെ സഹിക്കുകയും അനുവദിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലെ അറിവലിവുള്ള കൂട്ടുകാരനെപ്പോലെ പെരുങ്കിണി അപ്പോൾ  അത്യധികം ദയാലുവായിരുന്നു.   ഇക്കാലമൊക്കെ കഴിഞ്ഞ് വളർന്ന്, വായനക്കാരനായപ്പോൾ ലിയോ ടോൾസ്റ്റോയിയുടെ അന്നാകരനീന വായിച്ച് അവസാനമെത്തിയത് അർധമൃതനായ ആ അജ്ഞാതനിലേക്കും  മരണത്തിലയാൾക്ക് കൂട്ടുനിന്ന പെരുങ്കിണിയിലേക്കുമാണ്. അന്നാകരനീനയിലെ അന്നയും തീവണ്ടിക്കു തലവെച്ചാണ് മരിക്കുന്നത്. ഒരു ചക്രം കയറിയിറങ്ങിയശേഷം അന്നയ്ക്ക്  ജീവിക്കാൻ കൊതിയാവുന്നു. രണ്ടു കൈയും കുത്തി പാതിജീവനോടെ എഴുന്നേൽക്കാൻ നോക്കുമ്പോൾ അടുത്തചക്രം തലയടിച്ചുതകർക്കുന്നു. തീർന്നു. അന്ന ആ നിമിഷത്തിൽ ഏകാകിയായിരുന്നു. ആ നൂൽപ്പാലത്തിൽ  മരണംവരിക്കാനവൾക്ക് പെരുങ്കിണിയെപ്പോലൊരു കൂട്ടുകാരനില്ലായിരുന്നു.
അങ്ങനെ ഓർത്തോത്തിരിക്കുമ്പോളാണ് കെ.ജി.എസ്‌. കവിതയിലെ അവസാനവരികൾ മറ്റൊന്നോർമിപ്പിച്ചത്. കവിതയിലെ ഇരിപ്പായിരുന്നില്ല എന്റെ ഈ ഇരിപ്പ്, വരാന്തയുടെ വടക്കേ അറ്റത്താണ് എന്നതൊഴിച്ചാൽ. ‘ഒരു സീറ്റിനും മത്സരിക്കാതെ/വീടും മതിലും മരവും കുലുക്കി രാപകൽ കൂകിപ്പായലുണ്ടെന്നല്ലാതെ/മെയിലോ പുഷ്പുളോ കണ്ണൂരോ/കാറ്റോ മഴയോ ഭജനയോ ഭാവിയോ എന്നറിയേണ്ടതില്ലാതെ’ വീടുവിട്ടും അഹംവിട്ടുമല്ലാതെ ഇല്ല ഒരു ഋഷിയിരിപ്പെന്ന്‌ കെ.ജി.എസ്. ഓർമിപ്പിക്കുന്നു.

 കവിതയിൽ അവസാനം പറയുന്ന ആ ഋഷിയിരിപ്പ് ഇന്ദ്രിയാതീതമാണ്. ലോകത്തിലും സംസ്കാരത്തിലും കയറിയുള്ളൊരിരിപ്പാണത്. എന്റേതോ, വീട്ടുവരാന്തയിലെ വെറുമൊരു ഇരിപ്പുമാത്രം. ലോകത്തേക്കെത്താൻ ഞങ്ങൾ കുട്ടികൾ വീടുവിട്ടിറങ്ങിയിരുന്നില്ല,  വീടുവിട്ട്, നാടുവിട്ട് ലോകത്തിലേക്കിറങ്ങി ഇന്ദ്രിയങ്ങളെ അതിജീവിച്ച്, സംസ്കാരത്തിൽ ആണ്ടുമുങ്ങി ഒട്ടും കിതയ്ക്കാതെ  തിരിച്ചെത്തിയുള്ള ഇരിപ്പായിരുന്നു കവിതയിൽക്കണ്ട ഇരിപ്പ്. വീടുവിട്ടിറങ്ങാത്തവർക്കു പറ്റില്ല ആ ഒരിരിപ്പ്, ഒരിക്കലും!