മക്കളേ,

ദുഃഖങ്ങളും നിരാശകളുമാകുന്ന ഭാരം മനസ്സിലേറ്റിയാണ് നമ്മളിൽ മിക്കവരും ജീവിക്കുന്നത്. വാസ്തവത്തിൽ ഈ ദുഃഖങ്ങളെല്ലാം നമ്മുടെതന്നെ സൃഷ്ടിയാണ്, അവ ഈശ്വരൻ സൃഷ്ടിച്ചവയല്ല. ജീവിതത്തിലുണ്ടാവുന്ന ഉയർച്ചതാഴ്ചകളെ ശരിയായ മനോഭാവത്തോടെ നേരിടാൻ നമുക്കു സാധിക്കാത്തതാണ് നമ്മുടെ മിക്ക ദുഃഖങ്ങൾക്കും കാരണം. എന്നാൽ, നമ്മുടെതന്നെ സൃഷ്ടിയായ ഈ ദുഃഖഭാരത്തെ മനസ്സിൽനിന്ന് ഇറക്കിവെക്കേണ്ടതെങ്ങനെയെന്ന് നമ്മളിൽ പലർക്കും അറിയില്ല. അതുകാരണം നമ്മുടെ മനസ്സ് ഓരോ നിമിഷവും ഉമിത്തീയിലെന്നപോലെ നീറുകയാണ്.
ഒരാളുടെ കൈയിൽ ഒരു ഗ്ലാസ്‌ കാപ്പി ഉണ്ടെന്നിരിക്കട്ടെ. കുറച്ചുനേരം അത്‌ ഉയർത്തിപ്പിടിക്കാൻ പ്രയാസമില്ല. ഒരു മണിക്കൂറായാൽ കുറച്ചു വേദനിക്കും. ഒരുദിവസം മുഴുവനങ്ങനെ ഉയർത്തിപ്പിടിച്ചാൽ അവസാനം അയാളെ ആശുപത്രിയിലെത്തിക്കേണ്ടിവരും. ഇതുപോലെയാണു നമ്മുടെ വികാരവിചാരങ്ങൾ. അവയുടെ ഭാരം വല്ലപ്പോഴുമെങ്കിലും ഇറക്കിവെക്കാതിരുന്നാൽ, വേണ്ടതുപോലെ ചിന്തിക്കാനോ പ്രവ ർത്തിക്കാനോ സാധിച്ചെന്നുവരില്ല. മനസ്സിന്റെ സമനിലതന്നെ തെറ്റിയെന്നുവരാം. മനസ്സിന്റെ ഭാരം ഇറക്കിവെക്കുന്ന പ്രക്രിയയാണു പ്രാർഥന, ജപം, ധ്യാനം തുടങ്ങിയവ.
നമ്മുടെ ഓരോ പ്രവൃത്തികളും നമ്മൾ സ്വന്തം ശക്തികൊണ്ടു ചെയ്യുന്നു എന്നു ചിന്തിക്കാതെ, ഈശ്വരൻതന്നെ നമ്മളെക്കൊണ്ട് ഓരോന്നും ചെയ്യിക്കുന്നു എന്നു ചിന്തിക്കണം. ‘അവിടുന്നുതന്ന ശക്തികൊണ്ട് നമ്മളാലാവുന്നതുപോലെ കർമം ചെയ്യുന്നു, പിന്നെ അവിടുത്തെ ഇച്ഛപോലെ കാര്യങ്ങൾ നടക്കട്ടെ’ എന്ന മനോഭാവം വളർത്തിയെടുക്കണം. എല്ലാം അവിടുത്തേക്കു വിട്ടുകൊടുക്കുക. കഴിഞ്ഞുപോയതും വരാൻപോകുന്നതുമായ കാര്യങ്ങളെക്കുറിച്ചോർത്തിരുന്നു മനസ്സു നീറിയിട്ട് ഒരു പ്രയോജനവുമില്ല.

ഭഗവാൻ സദാ നമ്മുടെ അടുത്തുതന്നെയുണ്ടെന്നു ചിന്തിക്കണം. ഒരാൾ തലയിൽ ഭാരിച്ച ചുമടും താങ്ങിക്കൊണ്ടുവരുകയാണ്. അടുത്തൊരു ചുമടുതാങ്ങിയുണ്ട്. അതിൽ ഭാരം ഇറക്കിെവക്കാം എന്നറിയുമ്പോൾ ആശ്വാസംകിട്ടും. അപ്പോൾ ഭാരം പകുതി കുറഞ്ഞതുപോലെ തോന്നും. ചുമടുതാങ്ങി ദൂരെയാണെങ്കിലോ? അയ്യോ! അത്രദൂരം ചെന്നിട്ടു വേണമല്ലോ ഭാരം താഴത്തുവെക്കാൻ എന്നു ചിന്തിക്കുമ്പോൾ തല യിലെ ഭാരം ഉള്ളതിലും ഇരട്ടിയായിത്തോന്നും. അതുകൊണ്ട്‌ ഈശ്വരൻ അടുത്തുതന്നെയുണ്ടെന്നു വിശ്വസിക്കുക. അവിടുന്നു നമ്മുടെ ഭാരങ്ങൾ കൈക്കൊള്ളുമെന്നു ദൃഢമായി വിശ്വസിക്കുക. അപ്പോൾ നമ്മുടെ ഭാരങ്ങളെല്ലാം കുറയും.

ഒരു പാമ്പിന്റെ മാളത്തിനരികിൽ നമുക്ക് ഒരിക്കലും സമാധാനമായി ഉറങ്ങാൻ കഴിയില്ല. കാരണം പാമ്പ് ഏതു നിമിഷവും പുറത്തുവന്ന് കടിച്ചേക്കാമെന്ന ഭയം നമുക്കുണ്ട്. നമ്മുടെ ജീവിതം അതുപോലാകരുത്. ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയും ആത്മവിശ്വാസമില്ലായ്മയും നമ്മൾ ഉള്ളിൽ കൊണ്ടുനടക്കുന്ന പാമ്പുകളാണ്. അവ ഉള്ളിലുള്ളിടത്തോളം കാലം നമുക്കു ശാന്തിയോടും സമാധാനത്തോടും ജീവിക്കാനാവില്ല. അതിനാൽ മനസ്സിലെ സകല ദുഃഖങ്ങളും ഉത്കണ്ഠകളും ഭഗവാന്റെ കാൽക്കൽ സമർപ്പിക്കണം. -നമ്മുടെ ദുഃഖങ്ങളിൽ കൂടുതലും നമ്മൾ സ്വയം ചിന്തിച്ചുണ്ടാക്കുന്നവയാണ്. അല്ലെങ്കിൽ നമ്മുടെ തെറ്റായ മനോഭാവം കാരണം ഉണ്ടാവുന്നവയാണ്. ശരിയായ കാഴ്ചപ്പാട് വളർത്തിയാൽ മിക്ക ദുഃഖങ്ങളും ഒഴിഞ്ഞുപോകും. ‘ഈശ്വരന്റെ കരുണാകടാക്ഷം എന്റെമേൽ എപ്പോഴുമുണ്ട്. അവിടുന്നു വേണ്ടതു ചെയ്യും’ എന്ന വിശ്വാസത്തോടെ ഭാരങ്ങൾ അവിടേക്കു സമർപ്പിക്കണം. അതാണു ജീവിതത്തിൽ ശാന്തിയും സന്തോഷവും നിറയാനുള്ള മാർഗം.