ആറാംതമ്പുരാനും നരസിംഹവും വല്യേട്ടനുമെല്ലാം ഇന്നും ടി.വി. ചാനലുകളിൽ ആവേശം തീർക്കുമ്പോൾ മലയാളി ഷാജികൈലാസ് എന്ന ഹിറ്റ് മേക്കറെക്കുറിച്ച് ഓർക്കും. വിജയ-പരാജയങ്ങൾ സർവസാധാരണമായ സിനിമയിൽ നിന്ന്‌ ഹൈവോൾട്ടേജ് ത്രില്ലറുകളൊരുക്കിയ ഈ സംവിധായകൻ എവിടെ മാറിനിൽക്കുന്നു എന്ന ചോദ്യത്തിന് വ്യക്തമായൊരുത്തരം ലഭിച്ചില്ല. ഏകലവ്യനും കമ്മീഷണറും കിങ്ങും ചിന്താമണിക്കൊലക്കേസും പലതവണ കണ്ട പ്രേക്ഷകർ ഷാജികൈലാസിൽ നിന്ന്  വീണ്ടും സിനിമകൾ പ്രതീക്ഷിച്ചു. പൃഥ്വിരാജിനെ നായകനാക്കിയുള്ള 'കടുവ'യുടെ പ്രഖ്യാപനത്തിലൂടെ തിരിച്ചുവരവിന്റെ തിരയിളക്കം കണ്ടു,ആശീർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാലുമായി കൈകോർക്കുന്നതോടെ ആൾക്കടൽ ഇളക്കിമറിച്ച ആ ഉശിരൻകൂട്ടുകെട്ട് വീണ്ടും ഉയരുകയാണ്.

'തിരിച്ചുവരാനായി എവിടേക്കും പോയിട്ടില്ല...സിനിമയിലേക്കിറങ്ങിയ നാൾമുതൽ ഞാൻ ഇവിടെത്തന്നെയുണ്ട്. മനസ്സിനിഷ്ടപ്പെട്ട കഥയും കഥാപാത്രങ്ങളും ലഭിക്കാനായുള്ള കാത്തിരിപ്പിന് ദൈർഘ്യമല്പം കൂടിപ്പോയി. ഈ കാലത്തിനിടെ പലകഥകളും ആലോചിക്കുകയും വേണ്ടെന്നുവെക്കുകയും ചെയ്തു. മനസ്സിനിണങ്ങിയ കഥയ്‌ക്കൊപ്പം സഞ്ചരിക്കാൻ കഴിയുന്നു എന്നതിൽ ആഹ്ലാദമുണ്ട്'- ഷാജി കൈലാസ് സംസാരിച്ചു തുടങ്ങി.

 പന്ത്രണ്ട് വർഷത്തിനുശേഷം മോഹൻലാലും-ഷാജികൈലാസും വീണ്ടും ഒന്നിക്കുന്നു. സിനിമ പ്രഖ്യാപനത്തിന് വൻ സ്വീകരണമാണ് ലഭിക്കുന്നത്...
 വർഷങ്ങൾക്കിപ്പുറവും ഇത്തരമൊരു കൂട്ടുകെട്ട് പ്രേക്ഷകർ ആഗ്രഹിക്കുന്നു, അവരതിൽ പ്രതീക്ഷവെക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. മോഹൻലാലിനൊപ്പം മുൻപ് ചെയ്ത സിനിമകൾ സൃഷ്ടിച്ച വിജയംതന്നെയാണ് ഈ സ്നേഹത്തിന് കാരണം, മറ്റൊരു തരത്തിൽ അത് വലിയൊരു ഉത്തരവാദിത്വമാണ്. ആറാംതമ്പുരാൻ സിനിമകഴിഞ്ഞപ്പോൾ ആന്റണി പെരുമ്പാവൂർ ചോദിച്ചത് ഇതിനുമുകളിൽ എന്തുചെയ്യാൻ കഴിയുമെന്നാണ്. അതൊരു ചോദ്യമായി ഉള്ളിൽ കിടന്നു. ആറാം തമ്പുരാനെക്കാൾ പവർകൂടിയ മറ്റൊരു സിനിമയ്ക്കുവേണ്ടിയായി ചിന്ത, അതിന്റെ ഫലമായിരുന്നു നരസിംഹം.പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നശേഷം ഒരുപാട് പേർ വിളിച്ചു, സോഷ്യൽ മീഡിയ വാർത്ത ആഘോഷിക്കുകയാണെന്നാണ് പലരും പറഞ്ഞത്.

മനസ്സിനിണങ്ങുന്ന എഴുത്തുകാരെ ലഭിക്കാത്തതായിരുന്നോ പ്രശ്നം
 സിനിമയ്ക്കുവേണ്ടിയുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരുന്നു. എന്നെ അറിയാവുന്ന, എനിക്കറിയാവുന്ന ആളുകളുമായി ചേർന്നുപ്രവർത്തിക്കുമ്പോഴാണ് വിജയം നേടാനാകുന്നത്. രൺജി പണിക്കരും രഞ്ജിത്തും എനിക്ക് ചേർന്നുനിൽക്കാൻ കഴിയുന്ന, ഇഷ്ടപ്പെട്ട രണ്ടു എഴുത്തുകാരാണ്. അവർ രണ്ടുപേരും മറ്റുസിനിമയും അഭിനയവുമായെല്ലാം മുന്നോട്ടുപോയപ്പോൾ എനിക്ക് യോജിച്ചുപോകാൻ പറ്റിയ ഒരു എഴുത്തുകാരനെ കിട്ടിയില്ല എന്നത് സത്യമാണ്.
 മനസ്സിനോട്‌ ചേർന്നുനിൽക്കുന്ന എഴുത്തുകാരാണ്‌ പുതിയ സിനിമകൾക്കൊപ്പമുള്ളത്‌. സിനിമ ഒരു ടീം വർക്കാണല്ലോ.

പുതിയ സിനിമയുടെ വിശേഷങ്ങൾ എത്രത്തോളം പറയാം...
 കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങൾ വഴിയേ വരും. മോഹൻലാലിനുപറ്റിയ ഒരു കഥ ഉണ്ടെങ്കിൽ അദ്ദേഹത്തിനടുത്തേക്ക് ധൈര്യമായി കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. കുറച്ചുകാലം മുൻപ് ഒരു സിനിമയുടെ ഫസ്റ്റ് ഹാഫ് വരെയുള്ള കഥ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹത്തിനത് ഇഷ്ടപ്പെടുകയും ബാക്കിയെന്തായി എന്ന് പിന്നീട് അന്വേഷിക്കുകയും ചെയ്തു. പക്ഷേ, ആ കഥയുടെ മുന്നോട്ടുള്ള സഞ്ചാരത്തിൽ എനിക്ക് തൃപ്തിവന്നില്ല. അതുകൊണ്ടുതന്നെ അത് പറയാൻ ഞാൻ പോയതുമില്ല.പുതിയ സിനിമയുടെ കഥ യാദൃച്ഛികമായി  ലഭിച്ചതാണ്. ഒരു ചെറിയ ​െത്രഡ് വികസിപ്പിച്ചുണ്ടാക്കിയ കഥ. ആന്റണിയോടാണ് ആദ്യം പറഞ്ഞത്. ഇത്തരത്തിലൊരു കഥയും കഥാപാത്രവും അദ്ദേഹം ചെയ്യുമോ എന്നറിയില്ല എന്ന മുഖവുരയോടെയാണ് അവതരിപ്പിച്ചത്. ലാൽചിത്രങ്ങളുടെ പൾസ് അറിയാവുന്ന ആന്റണിയുടെ അഭിപ്രായം അറിഞ്ഞശേഷം അടുത്തചുവട്‌ ആകാം എന്നതായിരുന്നു തീരുമാനം. കഥകേട്ട് പോസിറ്റീവായി തോന്നുന്നുവെന്ന് ആന്റണി പറഞ്ഞതോടെ മുന്നോട്ടുപോകാനുള്ള ഊർജമായി.

ആറാം തമ്പുരാൻ സിനിമയിലൂടെയാണ് മോഹൻലാൽ-ഷാജികൈലാസ് കൂട്ടുകെട്ട് പിറക്കുന്നത്...സിനിമയെക്കുറിച്ചുള്ള ഓർമകൾ
 ആഘോഷപൂർവം സ്വീകരിക്കപ്പെട്ട സിനിമയാണ് ആറാം തമ്പുരാൻ. രണ്ട് സുഹൃത്തുക്കളുടെ കഥ എന്നനിലയിലാണ് എ​െന്റയും രഞ്ജിത്തിെന്റയും ആലോചന തുടങ്ങിയത്. മനോജ് കെ. ജയനും ബിജുമേനോനുമായിരുന്നു അന്ന് മനസ്സിൽ. മദ്രാസിലെ ഗസ്റ്റ്ഹൗസിൽ കഥയുമായി കഴിയുമ്പോൾ ഒരു ദിവസം മണിയൻപിള്ള രാജു വന്നു. ആദ്യമായി കഥ മൂന്നാമതൊരാളോട് പറഞ്ഞു. കഥ ഇഷ്ടമായി രാജു തിരിച്ചുപോയി. രണ്ട് ദിവസംകഴിഞ്ഞപ്പോൾ സേലത്തുനിന്ന് സുരേഷ്‌കുമാർ വിളിക്കുന്നു. രാജുവിൽനിന്ന് കഥകേട്ട് താത്പര്യമറിയിച്ചുള്ള വിളിയാണ്. മോഹൻലാലിനു പറ്റിയ കഥയാണെന്നും ലാലിനോട് സംസാരിക്കാമെന്നും അറിയിച്ചു. സുരേഷ്‌കുമാർ മദ്രാസിലേക്ക് വന്നു, രേവതി കലാമന്ദിർ സിനിമ ഏറ്റെടുത്തു. ലാലിനുപറ്റിയരീതിയിൽ കഥയിൽ മാറ്റങ്ങൾ കൊണ്ടുവന്നു. കോഴിക്കോട്ട്‌ ​െവച്ചാണ് ലാൽ കഥകേൾക്കുന്നത് .

ചടുലമായ ഷോട്ടുകൾ ഷാജി കൈലാസ് ചിത്രങ്ങളുടെ ഹൈലൈറ്റാണ്, ബോധപൂർവമുള്ള നീക്കങ്ങളാണോ ഇവയെല്ലാം
ചിത്രീകരണത്തിനുമുൻപ് സീനുകളുടെ കാര്യത്തിൽ ഏറ്റവും കുറച്ച് മുന്നൊരുക്കങ്ങൾ നടത്തുന്ന സംവിധായകനാണ് ഞാൻ. ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ചിന്തകൾ പലതും തെളിയുന്നത്. സീനുകൾ പല ആംഗിളുകളിൽ പകർത്തുന്നതാണ് രീതി. നല്ല ഡയലോഗുകൾ വരുമ്പോഴെല്ലാം പറ്റാവുന്നത്ര ക്ലോസപ്പ് ഷോട്ടുകൾ ​വെക്കും. ചിന്താമണി കൊലക്കേസ് സിനിമയുടെ ലൊക്കേഷൻ കാണാൻ പോയപ്പോൾ ഉദ്ദേശിച്ച  റോഡിൽ നിറയെ കരിയിലകളായിരുന്നു. കാറുപോകുമ്പോൾ ഇലകൾ പറക്കുന്നുണ്ടായിരുന്നു. കരിയിലകൾ പറത്തിയുള്ള ആക്ഷൻ രംഗങ്ങൾ അപ്പോൾ തന്നെ മനസ്സിൽ തെളിഞ്ഞു. പക്ഷേ, മാസങ്ങൾക്കുശേഷം ഷൂട്ടിങ്ങിനായിചെന്നപ്പോൾ റോഡിൽ ഇലകളൊന്നുമില്ല. ചാക്കിലാക്കി ഇലകൾ കൊണ്ടുവന്ന് റോഡിൽ നിറച്ചശേഷമാണ് അത്തരം സീനുകൾ ചിത്രീകരിച്ചത്. ഷോട്ടുകളിൽ പുതുമകൾ സൃഷ്ടിക്കാൻ താത്പര്യമാണ്, ചിലതെല്ലാം അവിചാരിതമായി സംഭിവിക്കുന്നു. നരസിംഹം സിനിമയുടെ സംഘട്ടനരംഗത്തിൽ മോഹൻലാലിന്റെ കാൽപാദത്തിന്റെ അടിഭാഗം ഒരു ക്ലോസപ്പുഷോട്ടിൽ കാണിക്കുന്നുണ്ട്. ബാക്ക് ഷോട്ട് ചിത്രീകരിക്കുന്നതിനിടെ ഏറെനേരം നിന്ന ലാൽ സ്വാഭാവികമായി കാലൊന്ന് പുറകിലേക്ക് മടക്കിയതായിരുന്നു. കണ്ടപ്പോൾ സംഗതി കൊള്ളാമെന്ന് തോന്നി. ക്യാമറാമാനോട് അത്തരത്തിലൊരു ഷോട്ട് പകർത്താൻ ആവശ്യപ്പെടുകയായിരുന്നു, തീയേറ്ററിലത് വലിയ ആർപ്പുവിളി തീർത്തു.