ജീവിതമുടനീളം അവനവനോടു സമരം ചെയ്ത ഒരാൾ കത്തിത്തീർന്ന കനൽപോലെ ശാന്തമായി ഉറങ്ങുന്നുണ്ട്‌, ഞങ്ങളുടെ മണ്ണിൽ. തെങ്ങിൻചുവട്ടിൽ നിധി കുഴിച്ചിട്ടിട്ടുണ്ടെന്ന്‌ ഒരച്ഛൻ മടിയനായ മകനെ പറഞ്ഞേൽപ്പിച്ച പഴയകഥ പോലെ ആ ഓർമകളെ കിളച്ചുമറിക്കുമ്പോൾ സ്നേഹാർദ്രമായ മനുഷ്യ സങ്കല്പങ്ങളുടെ അക്ഷയസമ്പാദ്യം സ്വന്തമാവുകയാണ്‌ എനിക്കും.

അച്ഛന്റെ അവസാനനാളുകളിലെ ഒരു ചിത്രം മനസ്സിലുണ്ട്‌. രണ്ടുദിവസം തുടർച്ചയായി ഒരേ കിടപ്പ്‌. ഉണരുന്നില്ല. കണ്ണു മിഴിക്കുന്നില്ല. രോഗാവസ്ഥയിലും ഉമ്മറത്തിണ്ണയിലോ ചാരുകസേരയിലോ ഇരുന്ന്‌ കനമുള്ള പുസ്തകത്തിൽ കണ്ണുനടുകയോ സുഹൃത്തുക്കളോടു സൊള്ളുകയോ ചെയ്തുപോന്ന അച്ഛൻ ഇങ്ങനെയൊരബോധനിലയിലേക്കു വീണപ്പോൾ ഞങ്ങൾ പരിഭ്രമിച്ചു.

ഗ്രാമത്തിൽ വൈദ്യന്മാർ അനേകമുണ്ട്‌. അവരിൽ ചിലർ വന്ന്‌ ശിരസ്സിൽ കുഴമ്പിട്ടുനോക്കി. ഡോക്ടർമാർ മരുന്നു കുത്തിവെച്ചു. എല്ലാവരും ആശ്വസിപ്പിച്ചു. ‘‘പേടിക്കാനില്ല. എല്ലാം നോർമലാണ്‌.’’ എന്നിട്ടും ഞങ്ങൾക്ക്‌ ആശങ്ക. അച്ഛന്റെ സാന്നിധ്യവും നഷ്ടപ്പെടുകയാണോ? ആ ശരീരത്തിന്‌ അന്ത്യം സംഭവിക്കുകയാണോ? ഹൃദ്രോഗബാധയെത്തുടർന്ന്‌ ആശുപത്രിയിലെ രണ്ടാഴ്ചത്തെ തടങ്കലിനു ശേഷം സ്വാതന്ത്ര്യം തിരിച്ചുകിട്ടി എന്ന ആശ്വാസത്തോടെ വീട്ടിലെത്തിയപ്പോഴാണ്‌ ഈ കോട അച്ഛനെ പിടികൂടിയത്‌.

ചില സുഹൃത്തുക്കൾ വിവരമറിഞ്ഞ്‌ എത്തിയിട്ടുണ്ട്‌. എല്ലാവരും പൂമുഖത്തുകാവലുണ്ട്‌. ഇനി എന്തുവേണം എന്ന ചിന്തയോടെ ഞങ്ങൾ തെക്കെമുറിയിൽ അച്ഛന്റെ കിടയ്ക്കയ്ക്കരികിലും. ചുമരിൽ അച്ഛന്റെ കൂട്ടാളിയായ ഘടികാരം രാത്രി പതിനൊന്നുമണിയായെന്നറിയിച്ചു. ആ മണിനാദം കേട്ടെന്നപോലെ അച്ഛൻ കണ്ണുതുറന്നു ചുറ്റും നോക്കി. പിന്നെ ക്ലോക്കിനോടോ ഞങ്ങളോടോ ആയി പതുക്കെ ചോദിച്ചു: ‘‘ഇപ്പോൾ പ്രപഞ്ചസമയം എത്രയായി?’’

നഷ്ടപ്പെട്ടതു  തിരിച്ചുകിട്ടിയ ആഹ്ലാദം ഞങ്ങൾക്ക്‌, അച്ഛനെ എഴുന്നേൽപ്പിച്ചു. അപ്പോഴേക്കും അമ്മയും അടുത്തെത്തി. ‘‘രണ്ടു ദിവസമായി എന്തൊരു ഉറക്കമായിരുന്നു? ഞങ്ങളെയെല്ലാം പരിഭ്രമിപ്പിച്ചില്ലേ?’’

അമ്മയുടെ വാക്കുകൾക്ക്‌ അച്ഛൻ കാതോർത്തു. പിന്നെ തന്റെ കുറ്റിത്തലയിൽ പതിവുപോലെ െെകയോടിച്ചു. അച്ഛന്റെ ജീവിതചിന്തകളുടെ ചലനമാണ്‌ ആ ശിരസ്സുതടവൽ.
ചെറുചിരിയോടെ അച്ഛൻ മെല്ലെ പറഞ്ഞു: ‘‘ഞാൻ ഉറങ്ങുകയായിരുന്നില്ല. മരണത്തിന്റെ റിഹേഴ്‌സലിലായിരുന്നു. മരിക്കാൻ എനിക്കു പേടിയില്ല. പ്രിയപ്പെട്ടവരെ വിട്ടുപിരിയുമ്പോഴുള്ള വ്യസനമേയുള്ളൂ. നല്ലൊരു യാത്രയിലായിരുന്നു ഞാൻ. വഴിയിലെങ്ങും പ്രകാശം. സംഗീതകോലാഹലം. എന്നാൽ, ആഗ്രഹിച്ച ഇടത്തിൽ എത്താനും സാധിക്കുന്നില്ല. അനുജന്‌ (എന്നെ അങ്ങനെയായിരുന്നു  അച്ഛൻ വിളിച്ചിരുന്നത്‌) ഓർമയില്ലേ ആ ശ്ലോകം?’’

അച്ഛന്റെ മനസ്സിലുള്ളത്‌ അദ്ദേഹത്തിനു പ്രിയപ്പെട്ട കെ.കെ. രാജാവിന്റെ വരികളാണെന്ന്‌ എനിക്ക്‌ മനസ്സിലായി. ഞാനതു കേൾപ്പിച്ചു.
‘‘കത്തുന്നുണ്ടു വിളക്കു രാവുപകലും സംഗീതകോലാഹലം
എത്തുന്നുണ്ടു ഗംഭീരമൌനമധുരം ത്രൈലോക്യചൈതന്യമേ
ഉത്തുംഗാതരംഗസീമ്‌നി നടനം ചെയ്യുന്ന നിന്നന്തിക-
ത്തെത്തുന്നില്ലിവനിന്ദ്രിയ ചിറകടിച്ചെത്രയ്ക്കുയർന്നീടിലും’’

ഒട്ടും ഭംഗിയില്ലാത്ത എെന്റ ചൊല്ലൽ അച്ഛൻ സാകൂതം കേട്ടു. പ്രശാന്തമായ ചില രാത്രികളിൽ വീട്ടുമുറ്റത്ത്‌ അച്ഛൻ മെടഞ്ഞിട്ട തെങ്ങിൻപട്ടകൾക്കുമീതെ വിരിച്ച കോസറികളിൽക്കിടന്നുള്ള ആ ഉറങ്ങൽ ഹൃദ്യമായ അനുഭവമായിരുന്നു. മേലെ അനന്തമഹിമാവേന്തുന്ന ആകാശവും നക്ഷത്രങ്ങളും സാക്ഷിയായി അച്ഛൻ കേൾപ്പിച്ചു തന്ന കവിത. ഇന്ദ്രിയച്ചിറകടിച്ചെത്രയ്ക്കുയർന്നാലും നിന്റെ അന്തികത്ത്‌ എത്തുന്നില്ലല്ലോ എന്ന ഈ സങ്കടം ജാഗ്രത്തിലും സുഷുപ്തിയിലും അച്ഛനിൽ നിറഞ്ഞുനിന്നു. സ്വന്തം ദൗർബല്യങ്ങളും പ്രതിസന്ധികളും കുടഞ്ഞുകളയാൻ അച്ഛനെ സഹായിച്ചത്‌ ഈ കാവ്യാനുശീലനമായിരുന്നു. കാളിദാസനും വ്യാസനും മുതൽ ആനുകാലികങ്ങളിലെ പുതുക്കക്കാരൻ കവിവരെ രചിച്ച കവിതകളിൽ ഇഷ്ടപ്പെട്ടത്‌ ശബ്ദതലത്തിൽ ചൊല്ലിയാസ്വദിക്കൽ അച്ഛന്‌ രസമായിരുന്നു. ഞാനോർക്കുന്നു: ‘പൊന്നരിവാളമ്പിളിയിൽ’ എന്ന പ്രസിദ്ധഗാനം കേട്ടപ്പോൾ അച്ഛൻ പറഞ്ഞു: ‘കമ്യൂണിസ്റ്റുകാരനായ കവിക്ക്‌ പ്രിയം പൊന്നിൽത്തന്നെ’. പക്ഷേ, ഇടശ്ശേരിയുടെ വിപ്ളവം ജീവിതത്തെ അടുത്തുകണ്ടറിയലാണ്‌. ആയിടെ ഒരു വാർഷികപ്പതിപ്പിൽ വന്ന ഇടശ്ശേരിയുടെ കൊച്ചുകവിത (മുള്ളും പൂവും) അച്ഛനെ സ്പർശിച്ച സന്ദർഭമായിരുന്നു. മുള്ള്‌ ഒരിക്കലേ പൊന്തുകയുള്ളൂ. അതു നുള്ളണം. നുള്ളുമ്പോൾ പുതുപൂക്കൾ പൊടിച്ചുവരും. ചവിട്ടിപ്പോന്ന മുള്ളുകളിലിരുന്ന്‌ പൂക്കൾ സമാശ്വാസ സൗരഭം പൊഴിക്കും. അച്ഛനും ജീവിതം മുൾച്ചെടിപ്പടർപ്പായിരുന്നുവല്ലോ.
ആ ജന്മം ‘സംഭവാമി യുഗേ യുഗേ’ എന്ന മട്ടിലുള്ള അവതാരമൊന്നുമായിരുന്നില്ല. ഗ്രാമത്തിലെ കുണ്ടനിടവഴികളിലൊന്നിലേക്കു കാൽനീട്ടിയ പഴയ തറവാട്ടിലെ ഈറ്റില്ലത്തിൽ പിറന്നുവീണു. സമ്പത്തിലോ സംസ്കാരത്തിലോ ഗ്രാമത്തിലെ മുഖ്യവിനോദമായ പകിടകളിയിൽപ്പോലുമോ പ്രശസ്തരായി ആരും അവിടെ ഉണ്ടായിട്ടില്ല എന്നാണ്‌ അച്ഛൻ പറയുക.

‘മേനിക്കണ്ടപ്പരായിപ്പലരുമവനിയിൽ പ്പാർത്തുവന്ന’ (കുഞ്ഞിക്കുട്ടൻ തമ്പുരാൻ) മുൻതലമുറയുടെ അലസജീവിതത്തിൽ പെൺകൊടയ്ക്കും വൈദികവൃത്തിക്കുമായി വരവിൽക്കവിഞ്ഞു ചെലവിടുകയാൽ സാമ്പത്തികസ്ഥിതിതന്നെ പരുങ്ങലിലായിരുന്നു. അതുനിമിത്തം കാരണവന്മാർ അന്യോന്യം മത്സരിച്ച്‌ ദുഷ്‌പ്പേരും സമ്പാദിച്ചു. കാലത്തെ മറികടക്കാനാവശ്യമായ ധീരോദാത്തത നഷ്ടപ്പെട്ട പുരുഷന്മാർ. ‘ഉണ്ണാനും ഉടുക്കാനും ഉണ്ടാക്കിത്തരണേ’ എന്നു ദയനീയമായി പ്രാർഥിക്കുന്ന സ്ത്രീകളും.

നുള്ള്‌, പിച്ച്‌, നടുപ്പുറത്ത്‌ അടി, പിടിച്ചുതള്ളൽ, ഏത്തമിടൽ തുടങ്ങിയ ശിക്ഷാവിധികൾ സഹിച്ച്‌ ഓതിക്കന്മാരുടെ കീഴിൽ ആറുവയസ്സു മുതൽ ഉരുക്കഴിച്ചുപോന്ന നീണ്ടകാലത്തെ ഓത്തുചൊല്ലൽകൊണ്ട്‌ തലയ്ക്കു ചെനപിടിച്ച കറുത്ത കുട്ടിപ്പട്ടേരി രാമൻ ഒടുവിൽ സമുദായത്തിലെ പ്രാകൃതാവസ്ഥയെ തച്ചുതകർക്കാൻ പരിഷ്കരണപ്രസ്ഥാനത്തിലേക്ക്‌ എടുത്തുചാടുകയായിരുന്നു.

ഓത്തുചൊല്ലൽ നിർത്തുമ്പോൾ അച്ഛന്‌ വയസ്സ്‌ പതിനാറ്‌. ഭാരതപ്പുഴയുടെ തെക്കെ ചാലിൽനിന്ന്‌ വെള്ളം ചെപ്പുകുടത്തിൽ നിറച്ച്‌ ചുമലിലേറ്റി വടക്കേരയിലുള്ള മുണ്ടമുക അയ്യപ്പൻകാവിലേക്ക്‌ കൊണ്ടുവരേണ്ട ശാന്തിജോലി കിട്ടി. താൻ കൊണ്ടുവന്ന വെള്ളം വേണം ഊരായ്മക്കാർക്കു മൂത്രമൊഴിച്ചശേഷം ശുദ്ധിവരുത്താൻകൂടി. ക,ഖ,ഗ,ഘ പോലും വേർതിരിച്ചറിയാത്ത ശാന്തിക്കാരൻ തിരുമേനിക്ക്‌ അമ്പലവട്ടത്തെ നങ്ങേലിക്കുട്ടി സ്ലേറ്റിൽ അക്ഷരമാല എഴുതിക്കൊടുത്തു. ശർക്കര പൊതിഞ്ഞുകൊണ്ടുവന്ന കടലാസിൽനിന്ന്‌ ‘മാൻമാർക്കു കുട’ എന്ന്‌ ആദ്യമായി വായിച്ചപ്പോൾ ആളിപ്പടർന്ന മഹാചൈതന്യം ഊതിക്കത്തിച്ചത്‌ ഇത്തിരിയോളംപോന്ന ആ ബാലികയായിരുന്നു. പഠിക്കാനുള്ള മോഹത്തിൽ ശാന്തിവൃത്തി ഉപേക്ഷിച്ചതും 23-ാം വയസ്സിൽ തൃശ്ശൂർ നമ്പൂതിരി വിദ്യാലയത്തിൽ ഏഴാം സ്റ്റാൻഡേഡിൽ വിദ്യാർഥിയായി ചേർന്നതും അച്ഛന്റെ അനന്തര ജീവിതത്തിൽ പ്രസിദ്ധമാണ്‌. ഉടുക്കാൻ വസ്ത്രംപോലുമില്ലാതിരുന്ന അച്ഛന്‌ അവിടെ പഠിച്ച രണ്ടരക്കൊല്ലവും മാറിച്ചുറ്റാൻ മുണ്ടു ലഭിച്ചത്‌ സഹപാഠി മൂത്തിരിങ്ങോടിന്റെ ഔദാര്യത്താലായിരുന്നു.

തിളച്ചുമറിഞ്ഞ അനേകം സാമൂഹികവിപ്ളവങ്ങൾക്കുശേഷം ഏറെ പ്രതീക്ഷയോടെ നിളക്കരയിലെ കൊടുമുണ്ടയിൽ തുടങ്ങിവെച്ച ‘ഉദ്‌ബുദ്ധകേരളം’ പത്രവും കോളനിയും സാമ്പത്തിക കാരണങ്ങളാൽ നിശ്ചലമായതോടെ അച്ഛൻ നിരാശനായി. കോളനിയിൽ ഒരുമിച്ചുകഴിഞ്ഞ കുടുംബങ്ങൾ ചിന്നിച്ചിതറി. കൂടെയുണ്ടായിരുന്നവർ കൂറുമാറി. എവിടെയും അപ്രസന്നതയും ഉന്മേഷ ശൂന്യതയും. മേഴത്തൂരിൽ കൈവന്ന പാഴ്‌പ്പറമ്പിലേക്ക്‌ സകുടുംബം പറിച്ചു നടപ്പെട്ടു. അച്ഛന്റെ അധ്യായം കഴിഞ്ഞു എന്നു കരുതിയവരുണ്ട്‌. അതിനിടയിൽ വൃദ്ധപിതാവ്‌ മരണപ്പെട്ടു. സംസ്കാരത്തിലോ അച്ഛൻ പെങ്ങൾ പാർവതിയും പി.കെ. രാഘവപ്പണിക്കരും തമ്മിൽ നടന്ന മിശ്രവിവാഹത്തിലോ ബന്ധുക്കൾ സഹകരിച്ചില്ല.

ഭക്ഷണമില്ലാത്ത പകലുകൾ, ഉറക്കമില്ലാത്ത രാത്രികൾ, അയൽപ്പക്കത്തെ പരിഹാസങ്ങൾ, അപമാനങ്ങൾ, ചവിട്ടിച്ചതയ്ക്കപ്പെട്ട അന്തസ്സ്‌ -ചെറിയ ക്ളാസുകളിൽ പഠിക്കുന്ന ഞങ്ങൾക്ക്‌ അച്ഛൻ പകർത്തിയെഴുതാൻ തന്നത്‌ വിക്ടർ ഹ്യൂഗോവിന്റെ ഈ വാക്യങ്ങളായിരുന്നു. മംഗളോദയം പ്രസിൽ സുഹൃത്ത്‌ നാലപ്പാട്ട്‌ നാരായണമേനോന്റെ പരിഭാഷയുടെ (പാവങ്ങൾ) പ്രൂഫ്‌ പരിശോധകരിലെ ഒരാളായിരുന്നുവല്ലോ  അച്ഛനും. ദുഃഖത്തെ ജയിക്കാനും ദാരിദ്ര്യത്തെ കൂട്ടാക്കാതെ ജീവിക്കാനും ഉത്തമഗ്രന്ഥങ്ങളുടെ സഹവാസം അച്ഛനെ സ്വാധീനിച്ചിട്ടുണ്ട്‌.

കൽച്ചട്ടി പോലെയാണ്‌ അച്ഛന്റെ മനസ്സ്‌. വേഗത്തിൽ ചൂടാവില്ല. ചൂടായാൽ ആറാൻ താമസവും. കൂട്ടിലിട്ട മൃഗംപോലെ ഉമ്മറക്കോലായയിൽ ഉലാത്തുമ്പോഴാവും മുറ്റത്തെ മാവിൻചുവട്ടിൽ അപരിചിതന്റെ കാൽപ്പെരുമാറ്റം കേൾക്കുക. വി.ടി.യെ കാണാൻ ആളുകൾ വന്നുകൊണ്ടിരുന്നു. സ്വന്തം സങ്കല്പങ്ങൾ പങ്കിടാൻ, കർമപദ്ധതികൾ പര്യാലോചിക്കാൻ, എഴുതിയ പുസ്തകം കേൾപ്പിക്കാൻ, അഭിപ്രായം കേൾക്കാൻ, പ്രസംഗത്തിനു ക്ഷണിക്കാൻ, സാമൂഹിക ജീവിതത്തിലും സാഹിത്യത്തിലും സശ്രദ്ധരായി ദൂരെനിന്നെത്തുന്ന സുഹൃത്തുക്കൾ. ഇല്ലായ്മയിലും അച്ഛന്റെ ഹിതംപോലെ അതിഥികളെ സത്‌കരിക്കാൻ അടുക്കളയിൽ അമ്മയും പാടുപെട്ടു.

അക്കാലത്തെ ഒരനുഭവം നടനും നാടകകൃത്തും അധ്യാപകനുമായ പി.എം. ശങ്കരനാരായണൻ ഓർമിക്കുന്നുണ്ട്‌. ഒരുദിവസം ഉച്ചയ്ക്ക്‌ അദ്ദേഹം വി.ടി.യുടെ വീട്ടിലെത്തി. ഒരു നാടക റിഹേഴ്‌സലിനെപ്പറ്റി സംസാരിക്കാനാണു വന്നത്‌. അച്ഛൻ േകാലായയിൽ സ്വീകരിച്ചിരുത്തി. കാര്യങ്ങൾ സംസാരിച്ചുതീർന്ന്‌ മടങ്ങാൻ പുറപ്പെട്ടപ്പോൾ അച്ഛൻ പറഞ്ഞു: ‘‘ഉച്ചയായി, ഊണു കഴിഞ്ഞിട്ടു പോകാം. ഇവിടെ ഇരിക്കൂ... ഞാനിപ്പോൾ വരാം.’’

അച്ഛൻ തോർത്തു തോളിലിട്ട്‌ കുടയുമെടുത്ത്‌ എങ്ങോട്ടോ പോയി. അത്‌ മാൻമാർക്കുകൂടയോ എന്ന് ശ്രദ്ധിച്ചില്ലെന്ന് പി.എം.എസിന്റെ ഫലിതം. എട്ടുപത്ത് കർഷകത്തൊഴിലാളികളോടൊപ്പമാണ് അച്ഛൻ മടങ്ങിവന്നത്. അധികവും ദളിതവിഭാഗത്തിൽപ്പെട്ടവർ; ഷർട്ടിടാത്തവർ.

‘ഇരുന്നുമുഷിഞ്ഞുവോ’ എന്നുചോദിച്ച്‌ അച്ഛൻ അകത്തേക്കുപോയി; പണിക്കാർ കൈയും കാലും കഴുകാൻ കുളത്തിലേക്കും. ഒരുകിണ്ടി വെള്ളവുമായി അച്ഛൻ തിരിച്ചുവന്നു: ‘‘കൈകഴുകൂ, നമുക്കുണ്ണാം.’’  പൈപ്പോ ടാപ്പോ ഇല്ലാത്ത കാലം. നീണ്ട ഇടനാഴിയിൽ നിരത്തിയിട്ട എട്ടുപത്ത് ഇലകൾക്കുമുമ്പിൽ വിയർപ്പുകഴുകിക്കളഞ്ഞ പണിക്കാർ നിരന്നിരുന്നു. താനും ഇരുന്നശേഷം അച്ഛൻ ‘ഇരിക്കൂ’ എന്ന് ക്ഷണിച്ചു. അന്ന് ശുദ്ധനമ്പൂതിരിയായിരുന്ന പി.എം.എസ്. ആദ്യമൊന്നുമടിച്ചു. അമ്മ എല്ലാവർക്കും വിളമ്പിത്തന്നു. ചെറിയൊരു ഊണിന്റെ വട്ടം. മണ്ണിന്റെ മക്കളോടൊപ്പമിരുന്ന് സമൃദ്ധമായി ഉണ്ടു.
കൈകഴുകുമ്പോൾ അച്ഛന്റെ കുസൃതിച്ചോദ്യം: ‘‘ശങ്കരനാരായണന് ഇവരുടെ കൂടെയിരുന്ന് ഉണ്ണാൻ ചൊടിപ്പുതോന്നിയോ?’’ അന്നത്തെ ആ പരുങ്ങൽ 85-ാം വയസ്സിലും മാറിയിട്ടില്ലെന്ന് പി.എം.എസിന്റെ ഫലിതം വീണ്ടും.

‘നോക്കൂ, മനസ്സിന്റെ ചളി’ എന്ന് ഹ്യൂഗോ പറഞ്ഞതുപോലെ അലിവില്ലാതെ പെരുമാറുന്നവരുടെ മുമ്പിൽപ്പെടുന്ന അബദ്ധങ്ങളും അച്ഛനുണ്ടായിട്ടുണ്ട്. യോഗക്ഷേമസഭകളിൽ പങ്കെടുത്ത് പിന്നെ പിന്തിരിപ്പന്മാരായ ചിലർ അതിഥികളായെത്തും. വി.ടി.യുടെ നാശം എത്രത്തോളമായി എന്നറിയാൻ വരുന്നവർക്ക്‌ നിരാശയാവും ഫലം എന്ന് അച്ഛൻ സ്വകാര്യം പറയും.
അത്തരത്തിലുള്ള ഒരു നമ്പൂതിരി അച്ഛനെ ഒരിക്കൽ ആക്രമിച്ച കഥ അച്ഛൻ പറഞ്ഞുതന്നിട്ടുണ്ട്. മധുരമംഗലം നമ്പൂതിരി എന്ന് അദ്ദേഹത്തെ നമുക്ക് വിളിക്കാം.

‘‘പണ്ട് ഓങ്ങല്ലൂരും പാഴൂരും സഭ കഴിഞ്ഞ് നമ്മൾ തമ്മിൽ കണ്ടിട്ടില്ല. വി.ടി.യുടെകൂടെ രണ്ടുദിവസം സംസാരിച്ചുകൂടാൻ ഒരു രസം. അങ്ങനെ വന്നതാണ് ’’ -എന്ന് വന്നപാടേ മധുരമംഗലം മുഖവുരമൊഴിഞ്ഞു.

‘‘പഴയ പ്രവർത്തകരെ കാണുന്നത് എപ്പോഴായാലും സന്തോഷമാണ്. യാത്രചെയ്തുവരുകയല്ലേ ചായ കൊണ്ടുവരാം. അതോ സംഭാരമാണോ വേണ്ടത്‌?  ഇതാ ചെല്ലം. മുറുക്കൽ പതിവില്ലേ?’’ -അച്ഛന്റെ കൊണ്ടുപിടിച്ച ആതിഥ്യം.

ചായയും മുറുക്കലും കഴിഞ്ഞ ഉടനെ മധുരമംഗലം കുശലം തുടങ്ങി: ‘‘വി.ടി.യെപ്പറ്റി ചിലതൊക്കെ കേട്ടിട്ടാണ് ഞാൻ വരുന്നത്.’’
‘‘എന്താ ഇപ്പോൾ ഇങ്ങനെയൊരു കേട്ടുകൂടായ്മ?’’ -എന്ന അച്ഛന്റെ ചോദ്യത്തിന് മറുപടിപറയാതെ മധുരമംഗലത്തിന്റെ മറുചോദ്യം: ‘‘ മാർക്സിസം, ഗാന്ധിസം -ഇതിൽ ഏത് ആശയം വിജയിച്ചുകാണാനാണ് വി.ടി. ആഗ്രഹിക്കുന്നത്?’’

ഇങ്ങനെ അപകടംപിടിച്ച അനുചിതമായ ചോദ്യം വലിച്ചെറിഞ്ഞതിൽ അച്ഛന് അരിശം തോന്നാതിരുന്നില്ല.  ‘‘മധുരമംഗലത്തെപ്പോലെ ഞാനൊരു രാഷ്ട്രീയചിന്തകനല്ല. ശരിക്കുപറയുകയാണെങ്കിൽ രണ്ടും ഞാൻ വേണ്ടത്ര പഠിച്ചിട്ടില്ല. അതുകൊണ്ട് ഉറച്ച അഭിപ്രായം പറയാൻ അശക്തനാണ്’’ -എന്ന് അച്ഛൻ.

‘‘എന്തിനാ വളയ്ക്കണത്? വി.ടി.യും കമ്യൂണിസ്റ്റാണെന്നാണല്ലോ കേട്ടത്.’’

‘‘ഈ സി.ഐ.ഡി.പ്പണിയുടെ ആവശ്യം മനസ്സിലാകുന്നില്ല’’ -ക്ഷോഭമടക്കിയുള്ള അച്ഛന്റെ അന്വേഷണം.

‘‘വി.ടി.യുടെ അനുജനില്ലേ, ആ ഇട്ട്യേമ്മാരൻ. അയാളെ സഖാവുണ്ണി എന്നല്ലേ വിളിച്ചത്? അയാളെ എം.എസ്.പി. അറസ്റ്റുചെയ്തില്ലേ?’’ വി.ടി. മാതൃദത്തൻ ഭട്ടതിരിപ്പാട് എന്ന ഞങ്ങളുടെ ഉണ്ണിയപ്ഫൻ കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. പക്ഷേ, ഒരറസ്റ്റിലുംപെട്ടിട്ടില്ല.

‘‘ഏതാനും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി ഒരാളെ അളക്കുന്നത് ശരിയല്ല’’ -അച്ഛൻ ശബ്ദമുയർത്തി.

‘‘വി.ടി. സ്വതേ ഒരു എടുത്തുചാട്ടക്കാരനാണല്ലോ. രാഷ്ട്രീയമായും ഈ സ്വഭാവം വി.ടി.ക്കുണ്ടോ എന്നറിയാൻ ചോദിച്ചു എന്നേയുള്ളൂ.’’  ഒരു ശുദ്ധാത്മാവിന്റെ വിടുവായത്തം എന്നുമനസ്സിലായപ്പോൾ ഏറ്റുമുട്ടലിന് ഒരുക്കിയ ആയുധങ്ങൾ അച്ഛന് വലിച്ചെറിയേണ്ടിവന്നു.

രണ്ടുദിവസം പാർക്കാൻവന്ന മധുരമംഗലം പിറ്റേന്നുതന്നെ മടങ്ങിയപ്പോൾ അച്ഛൻ ആശ്വസിച്ചു. ‘വെടിപറയേണ്ടുന്ന ഒരാവശ്യംകൊണ്ടാണ് ചില ജനങ്ങൾ ദുഷ്ടവിചാരക്കാരാവുന്നത്’ എന്ന ‘പാവങ്ങളി’ലെ പരാമർശം വീണ്ടും അച്ഛന്റെ രക്ഷയ്ക്കെത്തി.

ജാതി-മത ഭേദമോ രാഷ്ട്രീയാഭിപ്രായമോ ഒരു കാര്യത്തിലും അച്ഛൻ പരിഗണിച്ചിരുന്നില്ല. വി.ടി. എന്തിസ്റ്റാണെന്ന് ചോദിച്ചുകൊണ്ട്‌ തിരഞ്ഞെടുപ്പവസരങ്ങളിൽ കയറി വരുന്ന ബുദ്ധിജീവികളെ കൂട്ടാക്കിയുമില്ല. ‘മഹാത്മജി വരച്ചുകാണിച്ച സ്വതന്ത്രഭാരതത്തിന്റെ ശബളാഭമായ ചിത്രം കക്ഷിരാഷ്ട്രീയത്തിന്റെ കൂറകൾ നക്കിനിറംകെട്ടു’ എന്ന് അച്ഛൻ എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.