- 3 -

‘‘ആർക്കും നമ്മെ വേണ്ടാതിരിക്കുക, സ്നേഹിക്കാനും കരുതാനും ആരുമില്ലാതിരിക്കുക, എല്ലാവരാലും മറക്കപ്പെടുക; ഏറ്റവും വലിയ വിശപ്പും കഠിനമായ ദാരിദ്ര്യവും അതാണ്‌ എന്ന്‌ ഞാൻ കരുതുന്നു.’’
-മദർ തെരേസ.

ട്രാഫിക്‌ സിഗ്നൽ സകല ഗർവോടുംകൂടി ചുവപ്പ്‌ നിറം കാണിച്ച്‌ എന്റെ വണ്ടിയെ തടഞ്ഞുനിർത്തി. അപ്പോഴാണ്‌ ജനാലയിലൂടെ റോഡിന്റെ അരികിലായി  അയാളെ ഞാൻ കണ്ടത്‌. തോളറ്റം നീളമുള്ള പാറിപ്പറന്നുകിടക്കുന്ന  സ്വർണനിറമുള്ള മുടി, മുഷിഞ്ഞ വസ്ത്രങ്ങൾ, നിർവികാരമായ മുഖം! കൈയിലിരിക്കുന്ന പഴയ കാർഡ്‌ ബോർഡ്‌ കഷണത്തിൽ ‘എനിക്കു വിശക്കുന്നു, എന്തെങ്കിലും നൽകി സഹായിക്കൂ’ എന്നെഴുതിയിരിക്കുന്നു. ഞാൻ ആ കണ്ണുകളിൽനിന്ന്‌ അയാളുടെ കഥ വായിച്ചെടുക്കാൻ ശ്രമിച്ചു. അയാൾ എന്റെ കാറിന്‌ പുറകിലുള്ള വാഹനങ്ങളെ ലക്ഷ്യമാക്കി നടന്നു.
ട്രാഫിക്‌ സിഗ്നൽ ചുവപ്പിൽനിന്ന്‌ പച്ചയാകുന്ന രണ്ടോ മൂന്നോ മിനിറ്റാണ്‌ അയാൾക്ക്‌ കിട്ടുന്ന സമയം. ഒരു വാക്ക്‌ സംസാരിക്കുന്നില്ല. കാർഡ്‌ ബോർഡിലെ അക്ഷരങ്ങളാണ്‌ അയാളുടെ വിനിമയോപാധി. ഒരു ടി.വി. പരസ്യം കാണുന്നതുപോലെ എനിക്കു തോന്നി. കുറഞ്ഞ സമയത്തിനുള്ളിൽ കുറച്ചു കാഴ്ചകളിലൂടെ ചുരുങ്ങിയ സംഭാഷണങ്ങളിലൂടെ പരസ്യകമ്പനികൾ അവരുടെ ഉത്‌പന്നങ്ങൾ ഉപഭോക്താക്കളിലേക്കെത്തിക്കുന്നു. ഈ മനുഷ്യൻ അയാളുടെ ജീവിതാവസ്ഥയാണ്‌ അനാകർഷകമായ ദൃശ്യങ്ങളിലൂടെ നമുക്ക്‌ മുമ്പിൽ തുറന്നുവെക്കുന്നത്‌.

ഞാൻ ബാഗിൽനിന്ന്‌ ഏതാനും നാണയത്തുട്ടുകളെടുത്ത്‌ കൈയുയർത്തി അയാളുടെ ശ്രദ്ധയാകർഷിച്ചു. അയാൾ തിടുക്കത്തിൽ എന്റെയടുത്തേക്ക്‌ നടക്കുന്നതിനിടയിൽ സിഗ്നൽ പച്ചവെളിച്ചം തെളിച്ച്‌ എനിക്ക്‌ പോകാനനുമതി തന്നു. നിർവാഹമില്ലാതെ ഞാൻ കാർ മുമ്പോട്ടെടുത്തു. പിൻകാഴ്ചകൾ കാണിക്കുന്ന കണ്ണാടിയിൽ അയാളുടെ രൂപം ചെറുതായി മങ്ങിമറഞ്ഞു.
അമേരിക്കയിൽ യാചകരോ? നിങ്ങൾ അദ്‌ഭുതപ്പെട്ടേക്കാം. സമ്പന്നരാജ്യവും പട്ടാളശക്തിയും ലോകമേധാവിയുമായ അമേരിക്കയുടെ പ്രതിച്ഛായയ്ക്ക്‌ മങ്ങലേല്പിച്ചുകൊണ്ടാണ്‌ ലക്ഷങ്ങളോളം മനുഷ്യർ ടെന്റുകളിലും അല്ലാതെയുമൊക്കെയായി നിരത്തുകളിൽ ജീവിക്കുന്നത്‌. ഹോംലെസ്‌ എന്നാണ്‌ ഇവരുടെ വിളിപ്പേര്‌!

ഞാൻ താമസിക്കുന്ന ഓസ്റ്റിൻ നഗരത്തിൽ മേൽപ്പാലങ്ങളുടെ കീഴെയാണ്‌ ഹോംലെസ്‌ ആളുകളുടെ ടെന്റുകൾ കൂടുതലായി കണ്ടിട്ടുള്ളത്‌. മഴയിൽ നിന്നും മഞ്ഞിൽനിന്നുമൊക്കെ ചെറിയ സംരക്ഷണം പാലങ്ങളുടെ മേൽക്കൂര നൽകുന്നു. പകൽ സമയങ്ങളിൽ ട്രാഫിക്‌ സിഗ്നലുകളിലും പാർക്കിങ്‌ സ്ഥലങ്ങളിലുമൊക്കെ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവാത്ത രീതിയിൽ സഹായത്തിനായി അഭ്യർഥിക്കുന്നു. ഇവിടെ വീടുകയറിയുള്ള ഭിക്ഷയാചിക്കൽ ഇല്ല.

സമൃദ്ധിയുടെ ഈ നാട്ടിൽ ഇവർ എങ്ങനെയാണ്‌ ഹോംലെസ്‌ ആവുന്നത്‌? ഇവരിൽ ഒരുഭാഗം മയക്കുമരുന്നിലും മദ്യത്തിലും ജീവിതത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട്‌ വീടുവിട്ടിറങ്ങി വന്നവരാണ്‌. ചേർത്തുപിടിച്ച്‌ ജീവിതത്തിലേക്ക്‌ കൈപിടിച്ച്‌ നടത്താൻ പ്രിയപ്പെട്ടവരായി ആരുമില്ലാത്തവർ. വേറൊരു വിഭാഗം സാമ്പത്തികപ്രശ്നങ്ങൾകൊണ്ട്‌ എല്ലാം നഷ്ടപ്പെട്ടവർ, ഇടത്തരക്കാരായ ഒട്ടേറെ ആളുകൾ ദിവസശമ്പളം കൊണ്ട്‌ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരാണ്‌. പ്രതീക്ഷിക്കാതെ ജോലി നഷ്ടപ്പെടുകയും മറ്റൊരു ജോലി കണ്ടെത്താൻ കഴിയാതെ വരുകയും ചെയ്യുമ്പോൾ വാടക കൊടുക്കാൻ കഴിയാതെ വീട്ടിൽ നിന്നിറങ്ങേണ്ടിവരുന്നു. ആ ഘട്ടത്തിൽ പലരുടെയും ആശ്രയം തങ്ങളുടെ വാഹനങ്ങളാണ്‌. വീട്ടുസാമാനങ്ങൾ കുത്തിനിറച്ച വാഹനങ്ങൾ കടകളുടെ പാർക്കിങ്‌ സ്ഥലങ്ങളിൽ കാണാറുണ്ട്‌. പിന്നെയൊരു ഘട്ടത്തിൽ വാഹനവും വിൽക്കേണ്ടിവരും. ആരോഗ്യപ്രശ്നങ്ങളാൽ ആശുപത്രിയിലായി ഇൻഷുറൻസിനു പുറമേയുള്ള തുക അടയ്ക്കാനായി കൈയിലുള്ളതെല്ലാം ഉപയോഗിച്ചു നിരത്തിലാകേണ്ടി വന്നവരും ഇക്കൂട്ടത്തിലുണ്ട്‌. തങ്ങളുടെ ലൈംഗിക ആഭിമുഖ്യങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ വീട്ടുകാർ പുറത്താക്കിയ ചെറുപ്പക്കാരും ഹോംലെസിൽ കുറവല്ല. സ്വന്തംകാലിൽ നിൽക്കാൻ കെൽപ്പുണ്ടാകുന്നതുവരെ അനുകമ്പയുള്ള സഹജീവികൾതന്നെയാണ്‌ അവർക്കും ശരണം.

ഹോംലെസിനെ തിരികെ ജീവിതത്തിലേക്ക്‌ നടത്താനായി ഗവൺമെന്റ്‌ ഫണ്ടുകൾ അനുവദിക്കുകയും പുനരധിവാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും നഗരങ്ങൾ കേന്ദ്രിതമായി ഷെൽട്ടറുകളും ഭക്ഷണശാലകളും സജ്ജീകരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്‌. അതുകൂടാതെത്തന്നെ ഒട്ടേറെ സംഘടനകൾ വഴിയായുള്ള പ്രവർത്തനങ്ങളും നടക്കുന്നു. കുറെയധികം ഹോംലെസ്‌ മനുഷ്യർ നിരത്തിൽനിന്ന്‌ ഇതുപോലെയുള്ള ഷെൽട്ടറുകളിലേക്ക്‌ താമസം മാറുന്നുമുണ്ട്‌. താമസവും ഭക്ഷണവും കൊടുക്കുന്നതിലുപരി സാധാരണജീവിതത്തിലേക്ക്‌ ഇവരെ തിരികെക്കൊണ്ടുവരാനായി കൗൺസലിങ്ങും തൊഴിൽ കണ്ടെത്താനുള്ള സഹായങ്ങളുമൊക്കെ ഈ സംഘടനകൾ സാധ്യമാക്കുന്നു.

എന്നാൽ, ഇതിൽ വളരെക്കുറച്ചുപേർ മാത്രമാണ്‌ ഈ സഹായങ്ങളൊക്കെ ഉപയോഗിച്ച്‌ തിരികെ നടക്കുന്നത്‌. ഇവരിൽ നല്ല ശതമാനം മാനസികമായി ആയാസപ്പെടുന്നവരാണ്‌, പ്രതീക്ഷിക്കാത്ത കൊടുങ്കാറ്റിൽ കടപുഴകി വീണവരാണ്‌. അവർ എത്തിപ്പെട്ട ജീവിതസാഹചര്യങ്ങൾ, ഇടപഴകുന്നവർ ഒക്കെ അവരുടെ വീഴ്ചയുടെ ആഘാതം കൂട്ടുന്നു.

ആ ഗർത്തങ്ങളിൽനിന്ന്‌ കരകയറണമെങ്കിൽ പ്രൊഫഷണലുകളുടെ സഹായത്തോടെ നീണ്ട ശ്രമംതന്നെ വേണം. ഇവരിൽ പലരും ഷെൽട്ടറുകളിൽ താമസിക്കാൻ താത്‌പര്യപ്പെടുന്നില്ല. ഭക്ഷണവും താമസസൗകര്യവുമൊക്കെ വിട്ട്‌ നിരത്തുകളിലേക്ക്‌ മടങ്ങാനാണിവർക്കിഷ്ടം. സ്വാതന്ത്ര്യത്തിനാണവർ മുൻതൂക്കം കൊടുക്കുന്നത്‌. പലപ്പോഴും ആ സ്വാതന്ത്ര്യം മയക്കുമരുന്നുപയോഗം തുടങ്ങി പല തെറ്റായ കാര്യങ്ങളിലേക്കും അവരെ നയിക്കുന്നു. അതാണവരുടെ മാനസികാവസ്ഥ; വേറൊരാളുടെ നിയമങ്ങൾക്കനുസൃതമായി ജീവിക്കാൻ അവർ താത്‌പര്യപ്പെടുന്നില്ല.

ഞാൻ സംബന്ധിക്കുന്ന ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഹോംലെസിനായുള്ള ചില പ്രവർത്തനങ്ങളിൽ പങ്കുചേരാൻ എനിക്ക്‌ സാധിച്ചിട്ടുണ്ട്‌. നിരത്തുകളിൽ ജീവിക്കുന്നവർ ഏറെ കഷ്ടപ്പെടുന്ന സമയമാണ്‌ അമേരിക്കയിലെ ശിശിരങ്ങൾ. പലസ്ഥലങ്ങളിലും താപനില പൂജ്യത്തിന്‌ തഴേക്ക്‌ കുറയും. മഞ്ഞുവീഴ്ച നിരത്തുകളെ വാസയോഗ്യമല്ലാതാക്കും.

ഒരു ശിശിരകാലത്ത്‌ തണുപ്പിനാവശ്യമായ സാധനങ്ങളാണ്‌ ഞങ്ങൾ അവർക്കെത്തിച്ചത്‌. കട്ടിയുള്ള പുതപ്പുകളും ജാക്കറ്റുകളും കൈയുറകളും ബൂട്‌സുകളും തൊപ്പികളുമൊക്കെ. ഉപേയാഗിച്ചതും മോശമാവാത്തതുമായവ ദേവാലയത്തിലെ അംഗങ്ങളിൽനിന്നുതന്നെ സ്വരൂപിക്കുകയാണ്‌ ഞങ്ങൾ ചെയ്തത്‌. അതിനിടയിലൊരു ദിവസം എൺപതുവയസ്സിന്‌ മുകളിലുള്ള കാതലീൻ കുറച്ച്‌ സാധനങ്ങൾ കൊണ്ടുവരുന്നു എന്നറിയിച്ചതനുസരിച്ച്‌ ഞാൻ ദേവാലയത്തിന്റെ പാർക്കിങ്ങിൽ എത്തിച്ചേർന്നു. ഒരു കാർ നിറയെ തണുപ്പകറ്റാനാവശ്യമായ സാധനങ്ങളുമായാണ്‌ കാതലീൻ എത്തിയത്‌. എല്ലാം പുതിയതും. ഒരാളും വിശന്നും തണുപ്പ്‌ സഹിച്ചും കഴിയുന്നത്‌ തനിക്ക്‌ സഹിക്കാനാവില്ല എന്ന്‌ അവർ പറഞ്ഞപ്പോൾ ആ നീലക്കണ്ണുകൾ നിറഞ്ഞിരുന്നു. രണ്ടുവർഷം മുമ്പ്‌ കാതലീൻ മരിച്ചു. അവരുടെ കരുതൽ ഇന്നും അനേകർക്ക്‌ ചൂട്‌ നൽകുന്നു.

വേറൊരവസരത്തിൽ നിരത്തിലുള്ള സ്ത്രീകൾക്കാവശ്യമുള്ള സാധനങ്ങളാണ്‌ ഞങ്ങൾ സമാഹരിച്ചത്‌. അടിവസ്ത്രങ്ങൾ, സാനിറ്ററി നാപ്‌കിനുകൾ, മരുന്നുകൾ തുടങ്ങിയവ. ഹോംലെസിനു വേണ്ടിയുള്ള സംഘടനയിൽ പ്രവർത്തിക്കുന്ന സാറ എന്ന സുഹൃത്താണ്‌ ആ പ്രോജക്ടിന്‌ നേതൃത്വം വഹിച്ചത്‌. അമേരിക്കയിൽ നിരത്തിലുള്ള സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങൾ സാറ വിവരിച്ചപ്പോൾ കുറ്റബോധത്തോടെയാണ്‌ ഞാൻ കേട്ടിരുന്നത്‌. ചുറ്റുമുള്ള ജീവിതങ്ങളെക്കുറിച്ച്‌ എത്ര കുറച്ചാണ്‌ നമുക്കറിയാവുന്നത്‌, അറിയാൻ നമ്മൾ ശ്രമിക്കുന്നത്‌!

കോവിഡിന്റെ നാളുകളിലൊന്നിലാണ്‌ അവരെ ഞാൻ കണ്ടത്‌. ഭർത്താവ്‌, ഭാര്യ, രണ്ട്‌ കുട്ടികൾ. നന്നായി വസ്ത്രധാരണം ചെയ്ത ഒരു കുടുംബം. ഞാൻ പോയ ഗ്രോസറിക്കടയുടെ മുമ്പിലാണവർ നിൽക്കുന്നത്‌. ‘ജോലി പോയി, ജോലി കിട്ടിയില്ലെങ്കിൽ വീടും പോകും’ എന്നാണ്‌ കൈയിലിരിക്കുന്ന കാർഡ്‌ ബോർഡ്‌ കഷണത്തിൽ എഴുതിയിരിക്കുന്നത്‌.

നിരത്തിലുള്ള ആൾക്കാരുടെ അടുത്തേക്കു പോകുമ്പോൾ ചില കരുതലുകൾേവണമെന്ന്‌ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്‌. കാരണം പലരും മയക്കുമരുന്നിനടിപ്പെട്ടവരാണ്‌. എങ്ങനെ പ്രതികരിക്കും എന്ന്‌ പറയാനാവില്ല. പക്ഷേ, ഈ കുടുംബത്തെ എന്റെ മുൻവിധികളിൽപ്പെടുത്താൻ കഴിയുന്നില്ല. ഞാൻ അവരുടെ അടുത്തേക്ക്‌ ചെന്ന്‌ ഇരുപത്‌ ഡോളർ നീട്ടി. ഭാര്യ സന്തോഷത്തോടെ അത്‌ വാങ്ങി. ആ നേട്ടത്തിന്റെ ബലത്തിൽ ഞാനവരുടെ ജീവിതകഥ ചോദിച്ചറിഞ്ഞു. കോവിഡിൽ ഭർത്താവിന്റെ ജോലി പോയി. നോക്കുന്നുണ്ട്‌. എന്ത്‌ ജോലിയും ചെയ്യാൻ അവർ തയ്യാറാണ്‌. അടുത്തമാസം വാടക കൊടുക്കാനായില്ലെങ്കിൽ വീട്ടിൽ നിന്നിറങ്ങേണ്ടിവരും. ഞാൻ എന്റെ ഫോൺ നമ്പർ കൊടുത്തു. വീട്ടിൽ നിന്നിറങ്ങേണ്ടി വന്നാൽ വിളിക്കാൻ മടിക്കരുത്‌ എന്ന്‌ പറഞ്ഞ്‌ ഞാൻ മടങ്ങിയപ്പോൾ സന്ധ്യയായിത്തുടങ്ങിയിരുന്നു. പക്ഷിക്കൂട്ടങ്ങൾ ചേക്കാറാനായി ചില്ലകൾ തേടുന്നു.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ അയാൾ വിളിച്ചു. ഒരു ഫാക്ടറിയിൽ ജോലി കിട്ടിയെന്നും വാടക അടച്ചുതീർക്കാൻ മൂന്നുമാസംകൂടി സാവകാശം കിട്ടിയെന്നും എനിക്കെന്താവശ്യമുണ്ടെങ്കിലും അയാളെ വിളിക്കണമെന്നുമൊക്കെ പറഞ്ഞ്‌ അയാൾ ഫോൺ വെച്ചു. ജീവിതത്തിലെ വലിയ സന്തോഷങ്ങൾ നിറഞ്ഞിരിക്കുന്നത്‌ ചെറിയ നിമിഷങ്ങളിലാണെന്ന്‌ തെളിയിക്കുന്ന സന്ദർഭങ്ങൾ!
കഴിഞ്ഞ ഡിസംബറിലാണ്‌ ആ യുവതിയും യുവാവും എന്റെ ശ്രദ്ധയിൽപ്പെട്ടത്‌. ‘വിശക്കുന്നു’ എന്നാണ്‌ അവരുടെ കാർഡ്‌ ബോർഡിലെ ശക്തമായ വാക്ക്‌. ഞാൻ കാർ അടുത്തുള്ള കടയുടെ പാർക്കിങ്ങിൽ നിർത്തി അവരുടെ അടുത്തേക്ക്‌ നടന്നു. പ്രതീക്ഷിച്ച കഥതന്നെ. ജോലി നഷ്ടപ്പെട്ടിരിക്കുന്നു. ഒരു റെസ്റ്റോറന്റിലായിരുന്നു യുവാവിന്‌ ജോലി, യുവതിക്ക്‌ ഒരു ക്ളീനിങ്‌ കമ്പനിയിലും. അയാൾക്ക്‌ ഫോണുണ്ടായിരുന്നു. ഞാനയാളുടെ നമ്പർ വാങ്ങി കൈവശം ഉണ്ടായിരുന്ന നോട്ടുകൾ ഏൽപ്പിച്ച്‌ മടങ്ങി. ഏതാനും ദിവസങ്ങൾ കഴിഞ്ഞ്‌ ഒരു സുഹൃത്ത്‌ വഴി ഒരു റെസ്റ്റോറന്റിലെ ഒഴിവ്‌ അറിഞ്ഞ്‌ ഞാനയാളെ വിളിച്ചു, ഫോൺ എടുത്തില്ല. സന്ദേശമയച്ചു, മറുപടിയില്ല. എന്തുകൊണ്ട്‌ അയാൾ ഫോണെടുത്തില്ല എന്ന ചോദ്യത്തിന്‌ പ്രസക്തിയില്ല. നമ്മുടെ അളവുകോലുകൾ വെച്ച്‌ അവരെ അളക്കാനാവില്ല. അവരുടെ കഥ നമുക്കറിയില്ല!

നിരത്തുകളുടെ വശത്ത്‌ ട്രാഫിക്‌ സിഗ്നലുകളുടെ ചുവപ്പിനും പച്ചയ്ക്കുമിടയിൽ കൗതുകകരമായ പല വാക്യങ്ങളും ഹോംലെസുകാരുടെ കൈയിലെ ബോർഡിൽ ഞാൻ കണ്ടിട്ടുണ്ട്‌. അതിൽ ചിലത്‌ ഇങ്ങനെയാണ്‌. ‘ചിരിക്കൂ, ജീവിതം ഇതിലും കഠിനമാവാം, നീ ഞാനാകാം.’ വേറൊന്ന്‌ ‘എന്റെ ബഹിരാകാശ വാഹനം കേടുവന്നു. ശരിയാക്കാൻ ദയവായി സഹായിക്കൂ.’ മറ്റൊന്ന്‌ ‘കൈയിലുള്ള കാശു മുഴുവൻ ഈ കാർഡ്‌ ബോർഡും പേനയും വാങ്ങിച്ചു തീർന്നു.’

ജീവിതം അതിശക്തമായി, അതികഠിനമായി പരീക്ഷിക്കുമ്പോഴും നർമബോധത്തോടെ ഒരു ചെറുചിരിയോടെ നേരിടാൻ ഇവർക്ക്‌ കഴിയുന്നുണ്ടല്ലോ. ചിലപ്പോൾ തോന്നും അമിതമായ ആഗ്രഹങ്ങളാൽ, അപ്രാപ്യമായ ലക്ഷ്യങ്ങളാൽ നമ്മളാണ്‌ ജീവിതം സങ്കീർണമാക്കുന്നതെന്ന്‌. എത്ര ലളിതമായാണ്‌ ഇവർ ജീവിതത്തെ സമീപിക്കുന്നത്‌, ഇന്നിൽ ജീവിക്കുന്നത്‌. ആകാശത്തിലെ പറവകളെപ്പോലെ!!