പലതായി പകർന്നാടിയെങ്കിലും ഗാനരചയിതാവ്‌ എന്ന നിലയിലാണ്‌ ചൊവ്വല്ലൂരിന്റെ പ്രസിദ്ധിയും പ്രസക്തിയും. നാടകത്തിന്‌, സിനിമയ്ക്ക്‌, ഭക്തിഗാനകാസറ്റുകൾക്ക്‌ പാട്ടുകൾ എഴുതിയതിന്റെ പശ്ചാത്തലം പറയൂ.
 കണ്ടാണശ്ശേരി കലാസമിതിയും ഗുരുവായൂർ ആർട്‌സ്‌ ക്ളബ്ബും അവതരിപ്പിച്ചിരുന്ന നാടകങ്ങൾക്ക്‌ ഗാനങ്ങൾ എഴുതിക്കൊണ്ടായിരുന്നു തുടക്കം. എം.കെ. അർജുനൻ മാസ്റ്ററായിരുന്നു സംഗീതസംവിധാനം നിർവഹിച്ചിരുന്നത്‌. ഞാനന്ന്‌ നന്നേ ചെറുപ്പമാണ്‌. സിനിമയ്ക്കുവേണ്ടി പാട്ടുകൾ എഴുതാൻ മോഹിച്ചു നടന്നിരുന്നു. രാമു കാര്യാട്ടിനോടും ശോഭനാ പരമേശ്വരൻ നായരോടുമൊക്കെ കേണപേക്ഷിച്ചിട്ടുണ്ട്‌. അവസരം വരട്ടെ എന്ന്‌ ആവർത്തിക്കും. ഒരു സ്‌ക്രിപ്റ്റ്‌ പകർത്തിയെഴുതാൻ അവരുടെ സഹായിയായി മദ്രാസിൽ ചെന്നകാലം. ഒരുദിവസം രാവിലെ രാമു കാര്യാട്ട്‌ വന്ന്‌ ഉടനെ കുളിച്ച്‌ തയ്യാറായി പാംഗ്രൂവ്‌ ഹോട്ടലിലെത്തണമെന്ന്‌ പറഞ്ഞു. എൻ. ശങ്കരൻ നായർ സംവിധാനം ചെയ്യുന്ന ‘തുലാവർഷം’ എന്ന സിനിമയ്ക്കുവേണ്ടി ഒരു പാട്ടെഴുതാനുള്ള ആവശ്യവുമായിട്ടാണ്‌ കാര്യാട്ടിന്റെ വരവ്‌. വയലാറും പി. ഭാസ്കരൻ മാസ്റ്ററും രണ്ടുപാട്ടുകൾ എഴുതി. അവർ മദിരാശിയിലില്ല. സലീൽ ചൗധരിയാണ്‌ സംഗീതസംവിധാനം. അദ്ദേഹത്തിന്‌ വൈകുന്നേരംതന്നെ തിരിച്ചുപോകണം. എസ്‌. ജാനകിയാണ്‌ പാടുന്നത്‌. സലീൽ ചൗധരിയുടെ മുന്നിലെത്തിയ എന്നെ അദ്ദേഹം വിസ്തരിച്ചൊന്നുനോക്കി. അദ്ദേഹം ഹാർമോണിയത്തിൽ ഒരു ട്യൂൺ വായിച്ചുതന്നു. അതിനനുസരിച്ച വരികൾ വേണം. അപ്പുറത്തെ മുറിയിലിരുന്ന്‌ ഈ സംഭവിച്ചതിന്റെയൊക്കെ അമ്പരപ്പിൽ ഞാൻ സ്വപ്നാടനം എന്നൊരു വാക്കെഴുതി. പിന്നെ ഗുരുവായൂരപ്പൻ തോന്നിച്ചതുതന്നെ ‘സ്വപ്നാടനം ഞാൻ തുടരുന്നു/എന്റെ സ്വപ്നാടനം ഞാൻ തുടരുന്നു/വിട തന്നാലും വിട തന്നാലും/വിരഹദുഃഖസ്മരണകളേ... എന്നു തുടങ്ങുന്ന പാട്ടെഴുതി. ശോഭനാ പരമേശ്വരൻ നായർ പറഞ്ഞുതന്ന രംഗം മനസ്സിൽകണ്ടുകൊണ്ട്‌ എഴുതിയ വരികൾ സലീൽ ചൗധരിക്ക്‌ ഇഷ്ടപ്പെട്ടു. അനുഗൃഹീതമായ ഈ തുടക്കത്തിന്റെ തുടർച്ചയായി ധാരാളം സിനിമകൾക്കുവേണ്ടി പാട്ടുകളെഴുതി.
ചലച്ചിത്രമേഖലയിലെ അടുത്ത സുഹൃത്തുക്കളുടെ ചിത്രങ്ങൾക്കുവേണ്ടി എഴുതിയില്ല എന്നത്‌ മറ്റൊരു കൗതുകം. സത്യൻ അന്തിക്കാടിന്റെ സിനിമകളുടെ വലിയ ഇഷ്ടക്കാരനാണ്‌ ഞാൻ. സത്യൻ അന്തിക്കാട്‌ എന്റെ ഉറ്റമിത്രമായിട്ടും ഒറ്റ സിനിമയ്ക്കുവേണ്ടിയും പാട്ടെഴുതിയിട്ടില്ല. ഗുരുവായൂരമ്പലത്തിലെയും ചൊവ്വല്ലൂർ മഹാദേവക്ഷേത്രത്തിലെയും പാരമ്പര്യ കഴകപ്രവൃത്തിക്ക്‌ അവകാശപ്പെട്ട കുടുംബത്തിലാണ്‌ ഞാൻ ജനിച്ചത്‌. എന്നിലെ കഴക സംസ്കാരമാണ്‌ ഭക്തിഗാനങ്ങൾ എഴുതിച്ചത്‌ എന്നുപറയാം. ഗുരുവായൂരപ്പൻ എഴുതിക്കുകയാണ്‌ എന്നേ തോന്നിയിട്ടുള്ളൂ. ദുബായിലെ ജോലിപ്രശ്നങ്ങളുമായി ബന്ധപ്പെട്ട്‌ മടുത്ത്‌ ജീവിതം വഴിമുട്ടിയ ഒരാൾ ആത്മഹത്യ ചെയ്യാൻ ഒരുങ്ങി. ആ രാത്രി അപ്പുറത്തെ താമസക്കാരന്റെ സ്ഥലത്തുനിന്ന്‌ ‘ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം...’ എന്ന പാട്ടുകേട്ടു. കണ്ണുനിറഞ്ഞ അയാൾ അപ്പോൾ രണ്ടുതീരുമാനങ്ങൾ എടുത്തു: ആത്മഹത്യചെയ്യില്ല. ഉടനെ നാട്ടിലെത്തി ഗുരുവായൂരിൽ ചെന്ന്‌ തൊഴും. അയാൾ ഈ കഥ സംവിധായകൻ ജയരാജിനോട്‌ പറഞ്ഞു.  ജയരാജ്‌ ഈ പാട്ടെഴുതിയ ചൊവ്വല്ലൂരിനെ പരിചയപ്പെടുത്തിത്തരാമെന്നും പറഞ്ഞ്‌ ഗുരുവായൂരിലെത്തി. എന്റെ വരികളിലൂടെ ജീവിതം തിരിച്ചുകിട്ടിയ ആ മനുഷ്യൻ എന്നെ ആലിംഗനം ചെയ്തപ്പോഴുണ്ടായ കൃതാർഥതയാണ്‌ ഭക്തിഗാനരചനയുടെ പരമസാഫല്യം.

 കലാലേഖനങ്ങൾ; കലാകാരന്മാരുമായുള്ള അഭിമുഖങ്ങൾ തുടങ്ങി കലാനിരൂപണത്തിലും കൈവെച്ചിട്ടുണ്ടല്ലോ. ഈ രംഗത്ത്‌ താങ്കളെ സ്വാധീനിച്ചവർ ആരെല്ലാമാണ്‌.
 വാദ്യകലയിലെ ഗന്ധർവ ജന്മമായ തൃത്താല കേശവപ്പൊതുവാൾ എഴുത്തുകാരനായിരുന്നെങ്കിൽ മഹാനായ നോവലിസ്റ്റാവുമെന്നുതോന്നിയിട്ടുണ്ട്‌. ആ സരസ്വതീ പ്രസാദമാണ്‌ കേശവന്റെ ചെണ്ടയിൽ കേട്ടത്. കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും കുലഗുരുവായി, പല തലമുറകൾക്ക്‌ വഴിവിളക്കായി വാഗർഥസുകൃതം നൽകിയ പൈങ്കുളം രാമചാക്യാർ എഴുത്തിലും പ്രസംഗത്തിലും എന്നെ സ്വാധീനിച്ചിട്ടുണ്ട്‌. വാഗ്‌വൈഭത്തിൽ അദ്ദേഹം അഗ്രഗണ്യനായിരുന്നു. പാട്ടിലും പദത്തിലും ഈണങ്ങളിലും ഈരടികളിലും ശ്രദ്ധിച്ച്‌ എന്നെ കൈപിടിച്ചു നടത്തിയ രക്ഷാപുരുഷനായിരുന്നു കെ. രാഘവൻ മാസ്റ്റർ. കഥകളിയിലും കൊട്ടിലുമുള്ള എന്റെ ഭ്രമംകാരണം കലാകാരന്മാരുടെയെല്ലാം കൊച്ചപ്പേട്ടനായി മാറാൻ കഴിഞ്ഞത്‌ മറ്റൊരു ധന്യത. ഇൗ കാഴ്ചയും കേൾവിയുമാണ്‌ എന്നെ കലയെഴുത്തുകാരൻകൂടിയാക്കിമാറ്റിയത്‌.

 കവിതയിലും കഥയിലും താങ്കൾ പിൻപറ്റുന്ന സൗന്ദര്യശാസ്ത്രം എന്താണ്‌.
 കോവിലനാണ്‌ എന്റെ കഥാഗുരു. അദ്ദേഹം ഒരിക്കൽ ജയിലിലെ തീരാദുരിതങ്ങൾ വിഷയമാക്കി കഥയെഴുതി ബഷീറിനെ കാണിച്ചു. അയ്യപ്പാ, നീ എന്നെങ്കിലും ജയിൽ കണ്ടിട്ടുണ്ടോ എന്നായിരുന്നു ബഷീറിന്റെ ചോദ്യം. ഇല്ല എന്ന്‌ കോവിലൻ. നേരിട്ട്‌ അനുഭവമില്ലാത്ത കാര്യങ്ങളെക്കുറിച്ച്‌ കഥയെഴുതാൻ ആരാ നിന്നെ പഠിപ്പിച്ചത്‌ എന്ന്‌ ക്ഷോഭിച്ച്‌ ബഷീർ കഥയെഴുതിയ കടലാസ്‌ നറുനറെ കീറിക്കളഞ്ഞു. കോവിലൻ പറഞ്ഞ ഈ കഥയെഴുത്തുപാഠത്തിൽ ഞാൻ വിശ്വസിക്കുന്നു. കവിതയിൽ എന്റെ എഴുത്തച്ഛൻ അക്കിത്തമാണ്‌. ഒളപ്പമണ്ണയും എന്റെ കവിതകൾ തിരുത്തിത്തന്നിട്ടുണ്ട്‌. ‘കവിതാരചനയ്ക്കുണ്ണീ കരളിൽ കത്തിനിൽക്കണം കറയറ്റ വികാരത്തിൻ കാന്തിമത്തായ പാവകൻ’ എന്ന ഒളപ്പമണ്ണയുടെ വരികളാണ്‌ എന്റെ കവിതയുടെ രീതിശാസ്ത്രത്തിന്റെ കാതൽ.

 പത്രം ഒാഫീസിലെ ജോലി എഴുത്തിനെ വളർത്തിയോ തളർത്തിയോ
 മുഴുവൻസമയ പത്രപ്രവർത്തനം എഴുത്തിന്‌ തടസ്സമാവുമെന്ന്‌ പറയുന്നത്‌ എന്റെ അനുഭവത്തിൽ ശരിയല്ല. എനിക്കത്‌ ഗുണമാവുകയാണുണ്ടായത്‌. വള്ളത്തോളിന്റെ പത്നി മാധവി അമ്മയുമായുള്ള അഭിമുഖം, കലാമണ്ഡലം കൃഷ്ണൻ നായരെയും പത്നി കല്യാണിക്കുട്ടി അമ്മയെയും ഒരുമിച്ചിരുത്തിയുള്ള സംഭാഷണം, എം.ജി. രാമചന്ദ്രൻ, സ്വാമി ചന്ദ്രശേഖര സരസ്വതി തുടങ്ങിയവരുമായുള്ള ‘സ്കൂപ്പ്‌’ മുഖാമുഖങ്ങൾ തുടങ്ങി പത്രപ്രവർത്തനത്തിന്റെ ഭാഗമായി ചെയ്തതെല്ലാം എഴുത്തിനെ പോഷിപ്പിച്ചിട്ടേയുള്ളൂ.

 കലാമണ്ഡലം വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ടല്ലോ. പൊതുവേ കേരളീയ കലാരംഗങ്ങളിൽ വന്ന മാറ്റങ്ങളെ എങ്ങനെ വിലയിരുത്തുന്നു.
 മാറ്റം അനിവാര്യമാണ്. എങ്കിലും അത് ആശാസ്യമാകണമെന്നുമാത്രം. ഉറൂബ്‌ എന്നോട് പറഞ്ഞ ഒരു വസ്തുത ഇങ്ങനെ: കേരള കലാമണ്ഡലത്തിൽ ഒരു കഥകളി സെമിനാർ: ‘കഥകളി - ഇന്നലെ, ഇന്ന്, നാളെ’ എന്നതാണ് വിഷയം. ആചാര്യന്മാരൊക്കെ പങ്കെടുക്കുന്നുണ്ട്. വള്ളത്തോൾ ആമുഖ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞുവ​േത്ര: സെമിനാർ നടത്തുന്നതൊക്കെ നന്ന്. നാളത്തെ കഥകളിയെപ്പറ്റി പറയുന്നതും കൊള്ളാം. എന്നാൽ കഥകളിപരിഷ്കരണം, കഥകളിപരിഷ്കരണം എന്നൊക്കെ പറഞ്ഞ് അവനവന്റെ മനസ്സിലെ ചേറും ചെളിയും ഈ കഥകളിപ്പെട്ടിയിൽവെച്ച് തേയ്ക്കാനാണ് ഭാവമെങ്കിൽ ഒരു സംശയവുമില്ല ആ കൈ ഞാൻ വെട്ടിമാറ്റും. മാറ്റം അപചയമാണോ വിജയമാണോ എന്ന് തീരുമാനിക്കുന്നത് കാലമാണ്.

 ജോസഫ് മുണ്ടശ്ശേരിയുടെ കേട്ടെഴുത്തുകാരനായിട്ടാണല്ലോ (ശിഷ്യനായിട്ടും) നവജീവനിൽ പത്രപ്രവർത്തനം തുടങ്ങുന്നത്. മുണ്ടശ്ശേരിയിലെ പത്രാധിപരെ ഓർമിക്കൂ.
 എസ്.കെ. ഡാങ്കേ, പി. രാമമൂർത്തി തുടങ്ങിയവരുടെ പ്രസംഗം തർജമ ചെയ്യാൻ എന്നെ അയക്കുമായിരുന്നു. എന്നിട്ടത് വാർത്തയുമാക്കണം. മുണ്ടശ്ശേരി മാസ്റ്ററുടെ പ്രസംഗം കേട്ടെഴുതിക്കൊണ്ടായിരുന്നു എന്റെ പത്രപ്രവർത്തനത്തുടക്കം. ‘അഥവാ പ്രഥമവും പ്രധാനവുമായ’, ‘ഘടകോപഘടകസുഘടിതമായ’ തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഉണ്ടാകും.  പ്രേംജി, വയലാർ, ഭാസ്കരൻ മാഷ്, തകഴി തുടങ്ങിയവർ അവിടെ നിത്യരായിരുന്നു. അവരുമായുള്ള സഹവാസമാണ് എന്നെ എഴുത്തിലേക്ക് നയിച്ചത്.

ഒരിക്കൽ സാഹിത്യ അക്കാദമി അവാർഡിന്റെ അന്തിമപരിഗണനയ്ക്കായി മുണ്ടശ്ശേരി മാസ്റ്റർക്ക് പുസ്തകങ്ങൾ കിട്ടി. അഭിപ്രായത്തിലൂടെയാണ് വിധിനിർണയം. ഇടശ്ശേരിയുടെ പുസ്തകത്തിന് ‘തനിക്ക് തന്റേതായി പറയാനുണ്ടാവുക, അത് വായനക്കാരിൽ തങ്ങിനിൽക്കാൻ പാകത്തിൽ എഴുതുക. ഇക്കാര്യത്തിൽ ഇടശ്ശേരി വിജയിക്കുന്നു.’ എന്ന് അഭിപ്രായക്കുറിപ്പ് എഴുതി. അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിന് ‘ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണ്. അനുകൂലമായും പ്രതികൂലമായും’ എന്നായിരുന്നു നിരീക്ഷണം. പി. കുഞ്ഞിരാമൻ നായരുടെ പുസ്തകത്തിന്  ‘കാട് വെട്ടിത്തെളിക്കാൻ കഴിവുള്ളവരേ ഈ കവിതയിലൂടെ കടന്നുപോകാവൂ’ എന്ന് വിശകലന വരിയെഴുതി. വയലാറിന്റെ സർഗ സംഗീതത്തിന് ‘പഴയ കവിതയുടെയും പുതിയ കവിതയുടെയും ഒരേസമയം വക്താവാകുക എളുപ്പമല്ല. അങ്ങനെയുള്ളവർ കുറച്ചുപേരെയുള്ളൂ. അവരിൽ കരുത്തനായ കവിയാണ് വയലാർ രാമവർമ. വള്ളത്തോൾ ശൈലിയെ കടത്തിവെട്ടുന്ന പ്രയോഗങ്ങൾ  ഈ പുസ്തകത്തിൽ കാണാം.’  എന്ന് വിശദമായി എഴുതി. വയലാറിനാണ് അക്കൊല്ലം അവാർഡ് ലഭിച്ചതും. ഇതെല്ലാം പകർത്തി എഴുതാൻ കഴിഞ്ഞു. മുണ്ടശ്ശേരി മാസ്റ്ററുടെ കാവ്യദർശനവും ആദർശവും ഇവിടെ വ്യക്തമാവുകയാണ്. എന്ത് എഴുതണം എന്നതിനപ്പുറം എന്ത് എഴുതാതിരിക്കണം എന്ന് ഞാൻ പഠിച്ചത് മുണ്ടശ്ശേരിക്കളരിയിൽനിന്നാണ്.

 രണ്ടായിരത്തോളം പാട്ടുകൾ എഴുതി, ഇറുപത്തിയാറ് പുസ്തകങ്ങളായി, ഈ 85-ാം വയസ്സിൽ ആരായി അറിയപ്പെടാനാണ് മോഹം.

 ഗുരുവായൂർ ക്ഷേത്രത്തിലെയും ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെയും കഴകപ്രവൃത്തിക്കാരൻ എന്ന് അറിയപ്പെടുകയാണ് മറ്റ് എന്ത് വിളിക്കുന്നതിലും വലിയ പുരസ്കാരം. അതാണ് എന്റെ അടിസ്ഥാനസ്വത്വം. അതിനുമപ്പുറം ഒരു ആത്മാനന്ദമില്ല.

 ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ പ്രസിദ്ധമായ ഭക്തിഗാനങ്ങൾ
ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ...
മൂകാംബികേ ദേവി ജഗദംബികേ...
അഷ്ടമിരോഹിണി നാളിലെൻ
മനസ്സൊരു....
ശ്രീ പാർഥസാരഥേ....
തിരുവാറൻമുള കൃഷ്ണാ...
അമ്പലപ്പുഴയിലെൻ
മനസ്സോടിക്കളിക്കുന്നു...
ശ്രീ മഹാ ഗണപതേ...
ശ്രീമഹാദേവോ നമഃ....
ബ്രാഹ്മമൂഹൂർത്തത്തിൽ...
നീലപ്പീലിക്കാവടി.....
കാനനശ്രീലകത്തോംകാരം....