മക്കളേ,

മറ്റുള്ളവരുടെ തെറ്റും കുറവും നോക്കാനുള്ള വാസന പൊതുവേ മിക്ക മനുഷ്യരിലുമുണ്ട്‌. എവിടെച്ചെന്നാലും അവിടത്തെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുന്നതിനാൽ നമ്മുടെ മനസ്സ്‌ സദാ അസ്വസ്ഥമാവുന്നു. ഈ കാഴ്ചപ്പാട്‌ മാറണം. തെറ്റും കുറവും ഉള്ളിടത്തുപോലും നമുക്ക്‌ പഠിക്കാനും ഉൾക്കൊള്ളാനുമായി എന്തെങ്കിലുമുണ്ടാകും. തെറ്റും കുറവും കാണുന്നതിനു പകരം മറ്റുള്ളവരിലെ നന്മയെ നമ്മൾ മാനിക്കണം. സകലതിലും നന്മ ദർശിക്കാൻ കഴിഞ്ഞാൽ അതിന്റെ ഗുണം നമുക്ക്‌ തന്നെയാണ്‌.

മറ്റുള്ളവരുടെ കുറ്റവും കുറവും കാണുമ്പോൾ അത്രയും സമയം നമ്മുടെ മനസ്സും ആ തിന്മകളെക്കുറിച്ചു ചിന്തിക്കുകയാണ്‌. അത്‌ നമ്മുടെ മനസ്സിനെ മലിനമാക്കും. നല്ല ചിന്തകളും കർമങ്ങളും കൊണ്ട്‌ നമുക്കുണ്ടായ നേട്ടങ്ങളെ അത്‌ ഇല്ലാതാക്കും. കുറച്ചു പഞ്ചസാര സൃഷ്ടിച്ച്‌ ഒപ്പം തന്നെ അവയെ തിന്നുതീർക്കാൻ കുറച്ച്‌ ഉറുമ്പുകളെയും സൃഷ്ടിക്കുന്നതുപോലെയാണത്‌.

സാധാരണയായി നമ്മൾ സ്വന്തം കുറ്റങ്ങളും കുറവുകളും കാണാറില്ല. എന്നാൽ, മറ്റുള്ളവരുടെ തെറ്റുകളും കുറവുകളും മാത്രം കാണുകയും ചെയ്യും. മറ്റുള്ളവരെ വിധിയെഴുതുന്ന ജഡ്ജിമാരാവാനാണ്‌ നമുക്ക്‌ ഇഷ്ടം. എന്നാൽ, സ്വന്തം കാര്യം വരുമ്പോൾ ജഡ്ജിയാകുന്നതിനു പകരം വക്കീലാവാനാണ്‌ നമുക്ക്‌ താത്‌പര്യം. അവനവന്റെ സകല കുറ്റങ്ങൾക്കും നമ്മൾ ഏതെങ്കിലും വിധത്തിൽ ന്യായീകരണം കണ്ടെത്തും.

ഒരു സംഭവം ഓർക്കുകയാണ്‌. വളരെക്കാലത്തിനുശേഷം രണ്ടു കൂട്ടുകാരികൾ പരസ്പരം കണ്ടുമുട്ടിയതായിരുന്നു. കുശലാന്വേഷണങ്ങൾക്കുശേഷം ഒരാൾ ചോദിച്ചു:

‘‘നിന്റെ മകനെങ്ങനെയുണ്ട്‌’’

കൂട്ടുകാരി പറഞ്ഞു: ‘‘ഓ! പാവം, അവർ കല്യാണം കഴിച്ച പെണ്ണിന്‌ അടുക്കളപ്പണിയൊന്നും അറിയില്ല. വീടു വൃത്തിയാക്കില്ല. തുണി കഴുകില്ല. ഒരു ജോലിയും എടുക്കില്ല. എന്റെ മകൻ വേണം അവൾക്ക്‌ ഭക്ഷണംപോലും ഉണ്ടാക്കിക്കൊടുക്കാൻ.’’

കൂട്ടുകാരി വീണ്ടും ചോദിച്ചു: ‘‘അപ്പോൾ നിന്റെ മോളുടെ കാര്യമോ?’’

‘‘അവൾ ഭാഗ്യവതിയാണ്‌. ഭർത്താവ്‌ വീട്ടിലെ സകല ജോലിയും ചെയ്യും. അവൾക്കു പാചകം ചെയ്യേണ്ട, വീടു വൃത്തിയാക്കേണ്ട, വസ്ത്രം അലക്കേണ്ട. എല്ലാം അവർ ചെയ്യും. രാവിലത്തെ ഭക്ഷണംപോലും അവനുണ്ടാക്കി അവൾക്കു കൊണ്ടുക്കൊടുക്കും. അത്ര ഭാഗ്യവതിയാണ്‌ എന്റെ മോൾ.’’

ഇങ്ങനെയാണ്‌ പൊതുവേ മനുഷ്യരുടെ കാഴ്ചപ്പാട്‌. സത്യം കാണാനുള്ള കഴിവുണ്ടെങ്കിലും അതു നമ്മൾ ഉപയോഗിക്കാറില്ല. നമ്മുടെ ബുദ്ധി കണ്ണാടിപോലെ ആകണം. കണ്ണാടി നമ്മളെത്തന്നെ നമുക്ക്‌ കാട്ടിത്തരും. മാത്രമല്ല, ഉള്ളത്‌ ഉള്ളതുപോലെ കാണിക്കുകയും ചെയ്യും.

എത്ര നിസ്സാര വസ്തുവിലും വ്യക്തിയിലും എന്തെങ്കിലും നന്മ ഇല്ലാതിരിക്കില്ല. പക്ഷേ, അതു കാണാനുള്ള കണ്ണുവേണം. ഈ ലോകത്തു ജീവിക്കുമ്പോൾ ചുറ്റുമുള്ള കുറവുകളെ കാണാതിരിക്കുന്നതെങ്ങനെയാണെന്ന്‌ ചോദിക്കാം. ലോകത്തിന്റെ കുറവുകൾ നമ്മുടെ ശ്രദ്ധയിൽപ്പെടുക സ്വാഭാവികമാണ്‌. എന്നാൽ, അവയിൽത്തന്നെ മനസ്സുവെക്കുന്നതും അത്തരം കുറവുകൾ കാണാനായി ശ്രമിക്കുന്നതും നമുക്ക്‌ ഒഴിവാക്കാൻ കഴിയുന്ന ഒരു ദുശ്ശീലം തന്നെയാണ്‌. മറ്റുള്ളവരുടെ നന്മകൾ നമ്മുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനും അതു കാരണമാകും. പിന്നെ യാഥാർഥ്യത്തിൽനിന്നകന്ന വികലമായ ചിത്രമാണ്‌ നമുക്ക്‌ ലോകത്തെക്കുറിച്ചുണ്ടാകുന്നത്‌.

മറ്റുള്ളവരിലെ നന്മകളെ നമ്മൾ അംഗീകരിക്കാൻ തയ്യാറായാൽ അവർ നമ്മുടെ നന്മകളെയും അംഗീകരിക്കും. സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു അന്തരീക്ഷം അങ്ങനെ നമുക്ക്‌ പടുത്തയർത്താൻ കഴിയും.