ഇന്ത്യൻ സിനിമകണ്ട അദ്ഭുതസിനിമയായ ബാഹുബലിയുടെ തിരക്കഥാകൃത്ത്. ബംജ്രംഗി ഭായ്ജാൻ, മഗാധീര, മണികർണിക, റിലീസിനൊരുങ്ങുന്ന തലൈവി, രാജമൗലിയുടെ ആർആർആർ തുടങ്ങി എഴുതിയതെല്ലാം ബ്രഹ്മാണ്ഡസിനിമകൾ. ഹിറ്റ് മേക്കർ കെ.വി. വിജയേന്ദ്രപ്രസാദ് ആദ്യമായി മലയാളത്തിലേക്ക് ചുവടുവെക്കുകയാണ്. വ്യത്യസ്തമായ സിനിമകൾകൊണ്ട് ഇതിനകം ശ്രദ്ധേയനായ യുവസംവിധായകൻ വിജീഷ് മണിയാണ് വിജയേന്ദ്രപ്രസാദിനെ മലയാളത്തിലേക്കെത്തിക്കുന്നത്. സംവിധായകൻ രൗജമൗലിയുടെ പിതാവുകൂടിയായ വിജയേന്ദ്രപ്രസാദ് മലയാളത്തിലേക്കെത്തുമ്പോൾ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡസിനിമയാണെന്നുറപ്പ്. ചർച്ചകൾ പുരോഗമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ വിശേഷങ്ങൾ സംവിധായകൻ വിജീഷ് മണി പങ്കുവെക്കുന്നു.

ഒരു ചോദ്യം, കിട്ടിയത് സമ്മാനം
ഒരു വേദിയിൽവെച്ച് അപ്രതീക്ഷിതമായാണ് വിജയേന്ദ്രപ്രസാദ് സാറിനെ പരിചയപ്പെടുന്നത്.  ‘വിശ്വഗുരു’ എന്ന സിനിമ ഏറ്റവും വേഗത്തിൽ എഴുതി സംവിധാനം ചെയ്തതിന് ഗിന്നസ് റെക്കോഡ് നേടിയ വിവരമൊക്കെ സാർ അറിഞ്ഞു.  എന്നെ ഏറെ അഭിനന്ദിച്ചു. സാറുമൊത്തുള്ള ആ പരിചയം പലതവണ ഫോണിലൂടെ പുതുക്കി. ഒരിക്കൽ സംസാരത്തിനിടയിൽ ഞാൻ സാറിനോട് ആഗ്രഹം അറിയിച്ചു. ‘‘സാറിന്റെ ഒരു തിരക്കഥ എനിക്ക് വേണം. എത്രകാലം കാത്തിരിക്കാനും ഒരുക്കമാണ്’’. നോ എന്നായിരുന്നു ആദ്യമറുപടി. പിന്നീട് ഹൈദരാബാദിൽ ചെന്നപ്പോൾ വീട്ടിൽ സൗഹൃദസന്ദർശനം നടത്തി. സംസാരത്തിനിടെ അദ്ദേഹം ചോദിച്ചു: ‘‘ഏതുതരം കഥയാണ് താൻ സിനിമയാക്കാൻ ആഗ്രഹിക്കുന്നത്...?’’ ഉടൻ ഞാൻ മൂന്നുതരത്തിലുള്ള ഐഡിയകൾ പറഞ്ഞു. മൂന്നും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. കുറച്ചുനാൾ കഴിഞ്ഞ്‌ അദ്ദേഹം വിളിച്ചു, ഉടൻ ഹൈദരാബാദിലേക്ക് വരാൻപറഞ്ഞു. വീട്ടിലെത്തിയപ്പോൾ എനിക്കുവേണ്ടി എഴുതാൻ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്ത അറിയിച്ചു. അപ്പോൾതന്നെ എന്റെ കൂടെ ഇരുന്ന് അതിന്റെ അനൗൺസ്‌മെന്റ് വീഡിയോയും എടുത്തു. പക്ഷേ, ഒരൊറ്റ നിബന്ധനയാണ് അദ്ദേഹം പറഞ്ഞത്: ‘‘ഒരു നിർമാതാവിന്റെയും അഭിനേതാവിന്റെയും അടുത്ത്‌ കമ്മിറ്റ് ചെയ്യരുത്. കാരണം എഴുത്ത് എപ്പോൾ പൂർത്തിയാകുമെന്ന് എനിക്കറിയില്ല. എന്നെ ഒന്നിനും നിർബന്ധിക്കരുത്.’’ ഞാൻ സമ്മതം മൂളി.

കളരിയും ചൈനീസും
ഇപ്പോൾ കഥയുടെ ആദ്യ ഡ്രാഫ്റ്റ് തയ്യാറായി. ലൊക്കേഷനുകൾ നോക്കിത്തുടങ്ങി. തിരക്കഥ പൂർത്തിയാക്കാനായി അദ്ദേഹത്തിന്‌ കുറച്ച് വിവരങ്ങൾകൂടി ആവശ്യമാണ്. കേരളത്തിൽനിന്ന് ആ വിവരങ്ങൾ ഞാൻ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. മാർഷ്യൽ ആർട്സിന് പ്രധാന്യമുള്ള ചിത്രമായതിനാൽ കളരിപ്പയറ്റായിരിക്കും പ്രധാനം.  ഒരുപാട് മുന്നൊരുക്കങ്ങൾ ആവശ്യമായ ചിത്രമാണ്. കളരിപ്പയറ്റടക്കമുള്ള കാര്യങ്ങളിൽ അഭിനേതാക്കൾക്ക് മൂന്നുമാസത്തോളം പരിശീലനം നൽകണം. ഈ വർഷം അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കാനാണ് പദ്ധതി. അഞ്ച് ഷെഡ്യൂളുകളിലായിരിക്കും ചിത്രം പൂർത്തിയാക്കുക. ചൈനീസ് അഭിനേതാക്കൾ ചിത്രത്തിന്റെ ഭാഗമാകും. മലയാളം, തമിഴ്, തെലുങ്ക്‌, ഹിന്ദി, ചൈനീസ്  എന്നിങ്ങനെ വിവിധ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. കണ്ണവം വനമേഖല, അതിരപ്പിള്ളി, കൊട്ദ്വാർ, മൈസൂർ, രാമോജി റാവു ഫിലിം സിറ്റി എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. അഭിനേതാക്കളുടെ വിവരങ്ങളും ടൈറ്റിലുമുള്ള  കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.

അഞ്ച് സിനിമ, നാല് ഭാഷ
‘മ് മ് മ്’ എന്ന പേരിലുള്ള ചിത്രമാണ് അവസാനം സംവിധാനം ചെയ്തത്‌. തേനീച്ചകളുടെ ആവാസവ്യവസ്ഥ പശ്ചാത്തലമാക്കി കഥപറയുന്ന ചിത്രം കുറുംബ ഭാഷയിലാണ് ചെയ്തത്. ഈ വർഷത്തെ ഓസ്‌കറിന്റെ ചുരുക്കപ്പട്ടികയിൽ ചിത്രം ഇടംനേടിയിരുന്നു. അതിനുമുമ്പ് ജയറാമിനെ നായകനാക്കി സംസ്കൃതഭാഷയിൽ ചെയ്ത ‘നമോ’ ഇഫിയിൽ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ചു.  അതിനുമുമ്പുചെയ്ത ‘നേതാജി’  ഇരുളഭാഷയിലാണ് ചെയ്തത്. ‘പുഴയമ്മ’, ‘വിശ്വഗുരു’ എന്നിവയടക്കം അഞ്ചു സിനിമകൾ ഇതിനകം ചെയ്തു. വിജയേന്ദ്രപ്രസാദ് സാറുമൊത്തുള്ള ഈ ചിത്രം എന്റെ സ്വപ്നസിനിമയാണ്.