കനകാംഗി മുതൽ രസികപ്രിയ വരെയുള്ള 72 മേളകർത്താരാഗങ്ങൾ. ഈ രാഗങ്ങളിലൂടെ ഭാരതീയ പൈതൃകത്തിന് അഭിമാനമായ 72 മഹാപ്രതിഭകളെക്കുറിച്ചുള്ള 72 കീർത്തനങ്ങൾ. ശാസ്ത്രീയ സംഗീതത്തിലും സാഹിത്യ, ആത്മീയരംഗങ്ങളിലും അമൂല്യങ്ങളായ സംഭാവന നൽകിയ  മഹാരഥന്മാർക്ക് ഈ  രാഗങ്ങൾ കോർത്തിണക്കി ഒരു സംഗീതാർച്ചന. പ്രശസ്ത സംഗീതജ്ഞൻ ആലപ്പി രംഗനാഥാണ് ഈ അപൂർവ സംഗീതവിരുന്ന് ഒരുക്കുന്നത്. ഓരോ മഹദ്‌വ്യക്തിയെക്കുറിച്ചും ഓരോ രാഗത്തിലാണ് കീർത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.  രചനയും സംഗീതവും ആലപ്പി
രംഗനാഥ് തന്നെ. 72 മേളകർത്താരാഗങ്ങളാണ് കർണാടകസംഗീതത്തിന്റെ അടിത്തറ. ഈ രാഗങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കീർത്തനം ആദ്യമായാണ്.    വേദവ്യാസൻ, വാല്മീകി, ശങ്കരാചാര്യർ, മേൽപ്പത്തൂർ , എഴുത്തച്ഛൻ, കാളിദാസൻ,  ശ്രീനാരായണഗുരുദേവൻ, ശ്രീരാമകൃഷ്ണപരമഹംസൻ, രമണമഹർഷി, സ്വാമി വിവേകാനന്ദൻ ശാരദാദേവി, പൂന്താനം, തുടങ്ങിയ ആത്മീയ, സാഹിത്യരംഗങ്ങളിലെ ഗുരുക്കന്മാരും ത്യാഗരാജസ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, സ്വാതിതിരുനാൾ, ശ്യാമശാസ്ത്രികൾ, പുരന്ദരദാസൻ തുടങ്ങിയ സംഗീതരംഗത്തെ കുലപതികളും 72 മേളകർത്താരാഗങ്ങളിൽ ഇവിടെ പുനർജനിക്കുന്നു.

തുടക്കം ദേവീസ്തുതിയോടെ
കനകാംഗി രാഗത്തിൽ മൂകാംബികാദേവിയെ സ്തുതിക്കുന്നതാണ്  ആദ്യ കീർത്തനം. ‘കനകാംഗി രാഗരുചിരാംഗി...’ എന്നു തുടങ്ങുന്ന വരികൾ. രത്നാംഗി രാഗത്തിലാണ് ശങ്കരാചാര്യരെക്കുറിച്ചുള്ള വർണന. വേദവ്യാസനെക്കുറിച്ച്‌ പാവനി രാഗത്തിലും വിവേകാനന്ദനെക്കുറിച്ച്് ഗായകപ്രിയ രാഗത്തിലുമാണ് കീർത്തനം. ഗാന്ധിജിയെക്കുറിച്ചും കീർത്തനമുണ്ട്: രാഗം ഹൈമവതി. പൂന്താനത്തിന്റെ ഭക്തിരസപ്രധാനമായ ജീവിതഗാനം നാടകപ്രിയ രാഗത്തിൽ നമുക്കുമുന്നിൽ തെളിയുന്നു. കാളിദാസനെക്കുറിച്ചുള്ള കീർത്തനം നവനീതം എന്ന രാഗത്തിലാണ്. ജലാർണവത്തിൽ വാല്‌മീകിയും കോകിലപ്രിയയിൽ  കവി ജയദേവനുംചക്രവാകത്തിൽ  എഴുത്തച്ഛനും ആസ്വാദകമനസ്സിൽ ഇടംപിടിക്കും. നാമനാരായണി രാഗത്തിൽ നാരായണ ഗുരുദേവൻ നമുക്കുമുന്നിൽ വിളങ്ങുന്നു. മലയാള, സംസ്കൃതപദങ്ങൾ ഉൾക്കൊള്ളിച്ചാണ്  ഓരോ കീർത്തനവും രചിച്ചിരിക്കുന്നത്.    ‘‘ശാസ്ത്രീയസംഗീതരംഗത്ത്് ഒരു ഗവേഷണമാണ് എന്റെ ഈ പരിശ്രമം. ഒപ്പം ഭാരതീയ പൈതൃകത്തിന് സംഗീതാർച്ചനയും. കർണാടകസംഗീതത്തിലെ എല്ലാ രാഗങ്ങളും കോർത്തിണക്കി ഒരു കീർത്തനമെന്നത് മോഹമായിരുന്നു. വരുംതലമുറയിലെ സംഗീതവിദ്യാർഥികൾക്ക്് രാഗങ്ങൾ പരിചയപ്പെടാൻ ഇതൊരു മുതൽക്കൂട്ടാകണമെന്നാണ് ആഗ്രഹം.’’ -രംഗൻ മാഷ് പറയുന്നു. കോട്ടയത്തെ സ്വാമിയാർ മഠത്തിലാണ് കീർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നത്. 30 കീർത്തനങ്ങൾ ഇതുവരെ ഒരുക്കിക്കഴിഞ്ഞു. ഏഴുമാസംകൊണ്ട് പൂർത്തിയാക്കുകയാണ്‌ ‌ലക്ഷ്യം. ചിറ്റൂർ സംഗീതകോളേജിൽനിന്ന്‌ ‌സംഗീതത്തിൽ എം.എ. നേടിയ ചേർത്തല സ്വദേശി കെ.എസ്. ബിനു ആനന്ദാണ് മാഷിന്റെ  സന്തതസഹചാരിയായും ശിഷ്യനായും ഈ സംഗീതസപര്യയുടെഭാഗമാകുന്നത്. കീർത്തനങ്ങൾക്ക ് ട്രാക്ക് പാടുന്നതും ബിനു ആനന്ദാണ്. കോവിഡ് നിയന്ത്രണങ്ങൾ പിന്നിടുന്ന ഘട്ടത്തിൽ കോട്ടയത്തെ കലാകൂട്ടായ്മയായ ആത്മയുടെ സഹകരണത്തോടെ 72 സംഗീതജ്ഞരെ അണിനിരത്തി സ്റ്റേജ് പ്രോഗ്രാം ഒരുക്കാനും പദ്ധതിയുണ്ട്. കീർത്തനസമാഹാരം പിന്നീട് സംസ്ഥാനസർക്കാരിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുരത്നപഞ്ചകം എന്ന ദക്ഷിണ
കഴിഞ്ഞ ഒന്നരവർഷമായി സംഗീത ഗവേഷണരംഗത്താണ് എഴുപതുകാരനായ രംഗൻ മാഷ്. 45 വർഷം നീണ്ട സംഗീതരംഗത്തെ തന്റെ അനുഭവസമ്പത്തു മുഴുവൻ ഇതിനായി വിനിയോഗിക്കുകയാണ ് അദ്ദേഹം. ത്യാഗരാജസ്വാമികളുടെ പാത പിന്തുടർന്ന്  ഈ വർഷമാദ്യം മലയാളത്തിൽ പഞ്ചരത്‌നകൃതികൾ ചിട്ടപ്പെടുത്തി  അവതരിപ്പിച്ചുകൊണ്ടായിരുന്നു ആദ്യ പരീക്ഷണം. ഗുരുരത്നപഞ്ചകം എന്ന  ഈ കൃതി കർണാടകസംഗീതത്തിലെ അഞ്ച് ഗുരുക്കന്മാരായ പുരന്ദരദാസൻ, ത്യാഗരാജസ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ, സ്വാതിതിരുനാൾ എന്നിവരെക്കുറിച്ചായിരുന്നു. ‘‘ഗുരുവന്ദനമാണ് നമ്മുടെ സംഗീതസംസ്കാരത്തിന്റെ അടിത്തറ.  കർണാടകസംഗീതത്തിലെ മഹാത്മാക്കളുടെ കൃതികൾ സംഗീതവേദികളിൽ നാം വർഷങ്ങളായി പാടുന്നു. ആസ്വദിക്കുന്നു. എന്നാൽ, ഈ ഗുരുക്കന്മാരെ ആരാധിച്ചു െകാണ്ട് ഒരു കീർത്തനം ഇതുവരെ ആരും ചെയ്തിട്ടില്ല. ഈ കുറവ് നികത്താനാണ് അഞ്ച് മഹദ്‌വ്യക്തികളുടെ ജീവിതത്തിന്റെ രത്നച്ചുരുക്കം പഞ്ചരത്നകൃതികളുടെ രൂപത്തിൽ ചിട്ടപ്പെടുത്തിയത്.’’ -ആലപ്പി രംഗനാഥ് പറയുന്നു. 45 മിനിറ്റ്  നീളുന്ന പഞ്ചരത്നകൃതികൾ പാടിയതും ബിനു ആനന്ദായിരുന്നു. യേശുദാസ് ഉൾപ്പെടെയുള്ള സംഗീതരംഗത്തെ പ്രമുഖരെല്ലാം ഗുരുരത്നപഞ്ചകത്തെക്കുറിച്ച്‌ മികച്ച അഭിപ്രായമാണ് പങ്കുവെച്ചത്. 72 മേളകർത്താരാഗങ്ങളിൽ കീർത്തനങ്ങൾ ചിട്ടപ്പെടുത്താനുള്ള ഉദ്യമത്തിന്  ആത്മവിശ്വാസമായതും ഇതുതന്നെയായിരുന്നു.