ഇംഗ്ലണ്ടിലെ ഓരോ ഗ്രാമത്തിനും മധ്യകാലഘട്ടത്തെ ക്കാൾ പഴക്കമുള്ള ചരിത്രം പറയാനുണ്ടാകും. സഹപ്രവർത്തനത്തിനും സുരക്ഷയ്ക്കുമായി ഇവിടത്തെ ഗ്രാമീണകർഷകർ ഏതെങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ച് കൂട്ടമായി താമസിക്കാൻ തുടങ്ങുന്നത് എ.ഡി. 900 മുതലാണ്. ജലലഭ്യത പരിഗണിച്ച് നദിക്കരയിലോ മറ്റേതെങ്കിലും ജലസ്രോതസ്സിനരികിലോ ആണ് ഗ്രാമീണർ കൂട്ടമായി താമസിക്കാൻ ആരംഭിച്ചത്. മിക്കവാറും ഗ്രാമങ്ങളുടെ കേന്ദ്രഭാഗത്ത് ധാന്യം പൊടിക്കുന്ന ഒരു യന്ത്രശാലയോ പ്രാർഥനയ്ക്കുള്ള ദേവാലയമോ  പ്രഭുഭവനമോ ഉണ്ടാകും. ഒരു കുടുംബത്തിന് മാത്രമായി കാർഷികവൃത്തി ചെയ്തുകഴിയാൻ അക്കാലത്ത് പരിമിതികൾ ഏറെയായിരുന്നു. പരസ്പരസഹായത്തോടെ മാത്രമേ കൃഷി എന്ന ജീവസന്ധാരണമാർഗം മുന്നോട്ടു കൊണ്ടുപോകാനാകൂ എന്ന് ഇംഗ്ലണ്ടിലെ കർഷകർ ഏറെ മുൻപുതന്നെ മനസ്സിലാക്കിയിരിക്കണം. അതിനാലാണ് ഒരു സ്ഥലത്ത്‌ ഒന്നിച്ചു താമസിച്ച്, ഒത്തുചേർന്ന് കൃഷി ചെയ്യാൻ അവർ തയ്യാറായതും. കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന കുതിരകളെയും കാളകളെയും പരസ്പരം പങ്കുവെച്ച് കൂടുതൽ കാര്യക്ഷമമായി കൃഷി ചെയ്യാനും അവർ സന്നദ്ധരായിരുന്നു.

 തനതായ പ്രത്യേകതകളുൾക്കൊള്ളുന്ന കൊച്ചുകൊച്ചു ഗ്രാമങ്ങളാണ് ഇംഗ്ലണ്ടിൽ എമ്പാടുമുള്ളത്. ആതിഥ്യമര്യാദയും ഇംഗ്ലീഷ് സംസ്കാരത്തിന്റെ പ്രാദേശികത്തനിമയുമാണ് ഓരോ ഗ്രാമവും അതിഥികൾക്കായി സമ്മാനിക്കുന്നത്. ഒരു തപാൽ ഓഫീസോ കടയോ ആണ് ഓരോ ഗ്രാമത്തിന്റെയും സിരാകേന്ദ്രം. പരസ്പരം കാണാനും നാട്ടുവിശേഷങ്ങൾ പങ്കുവെക്കാനുമായി ഗ്രാമീണർ ഒത്തുകൂടുന്നത് ഇവിടെയാണ്.  പുതുതായി എത്തുന്നവർക്ക് ഗ്രാമത്തെയും അവിടത്തെ സ്ഥിരതാമസക്കാരെയും കുറിച്ച് കൂടുതൽ അറിയാനും മനസ്സിലാക്കാനും വില്ലേജ് പബ്ബ് (ഗ്രാമത്തിലെ മദ്യശാല) അവസരമൊരുക്കുന്നു. അതിഥികൾക്കായി പൂന്തോട്ടത്തിൽ ഒരുക്കിയ മേശയും കസേരകളും ഇംഗ്ലീഷ് പബ്ബുകളുടെ പ്രത്യേകതയാണ്. എന്നാൽ ഗ്രാമീണരുടെ ഹൃദയം കുടികൊള്ളുന്നത് ഓരോ ഗ്രാമത്തിലുമുള്ള പുരാതന ദേവാലയത്തിലാണ്. ഇവിടെ നടക്കുന്ന ഒത്തുചേരലുകൾക്കും ചർച്ചകൾക്കും ഒടുവിലാണ് ഗ്രാമത്തിലെ പല സാമൂഹികപ്രവർത്തനങ്ങളും ആഘോഷപരിപാടികളും തീരുമാനിക്കപ്പെടുന്നത്.

  ഇംഗ്ലണ്ടിലെ ഗ്രാമീണത്തനിമയറിയാൻ നമുക്ക് ഓക്സ്‌ഫെർഡ്ഷെയറിലെ ബ്ലൂബെറി എന്ന കൊച്ചുഗ്രാമത്തിലേക്കാണ്‌ പോയത്‌. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ബെർക്ക് ഷെയർ മൊട്ടക്കുന്നുകളുടെ (ബെർക്ക് ഷെയർ ഡൗൺസ്) ഓരം ചേർന്നുകിടക്കുന്ന ഒരു കൊച്ചുഗ്രാമമാണ് ബ്ലൂബെറി.  പുല്ലുകൾ നിറഞ്ഞ ചെറുകുന്നുകളുടെ ശ്രേണിയാണ് ഡൗൺസ്  എന്നറിയപ്പെടുന്നത്. ബെർക്ക് ഷെയർ മണ്ഡലത്തിന്റെ (county) ഭാഗമായിരുന്ന ബ്ലൂബെറി ഗ്രാമം. ഭരണസൗകര്യാർഥമാണ് ബ്ലൂബെറിയെ 1974-ൽ ഓക്സ്‌ഫെർഡ്ഷെയർ മണ്ഡലത്തിന്റെ ഭാഗമാക്കുന്നത്. നോർത്ത് വെസെക്സ് ഡൗൺസ് ഏരിയ ഓഫ് ഔട്സ്റ്റാൻഡിങ് നാച്വറൽ ബ്യൂട്ടി (North Wessex Downs Area of Outstanding Natural Beauty) എന്നറിയപ്പെടുന്ന ഭൂഭാഗത്തിലുൾപ്പെടുന്ന തനിനാടൻ (ഇംഗ്ലീഷ്) ഗ്രാമമാണ് ബ്ലൂബെറി. വീടുകളിൽ പലതും കുതിരവണ്ടിപ്പാതകളാൽ കൂട്ടിയിണക്കിയതാണ്. വില്യം ദി കോൻക്യുറെർ (William, the Conqueror) എന്ന രാജാവിന്റെ കല്പന പ്രകാരം ഇംഗ്ലണ്ടിൽ എമ്പാടും വെയിൽസിന്റെ ചിലഭാഗങ്ങളിലും സർവേ നടത്തി തയ്യാറാക്കിയ ചരിത്രരേഖയാണ് ഡൂംസ്ഡേ ബുക്ക് (Domesday Book). 1086-ൽ തയ്യാറാക്കിയ ഈ കൈയെഴുത്തുരേഖ പ്രകാരം ബ്ലൂബെറിയിൽ കൃഷിയിടങ്ങളാൽ ചുറ്റപ്പെട്ട മൂന്ന്  മാടമ്പിഭവനങ്ങളും (പ്രഭുക്കളുടെ വാസസ്ഥലം) 83 വീടുകളും നാല് മില്ലുകളും ഒരു ദേവാലയവും ഉണ്ടായിരുന്നു. 1970 വരെ പന്തയക്കുതിരകളെ വളർത്തിയിരുന്ന ഒട്ടേറെ ലായങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ആ ഗണത്തിലുള്ള ഒരു കുതിരലായം വുഡ്‌വേ സ്റ്റേബിൾസ് ആൻഡ് ഗാലപ്‌സ് എന്ന പേരിൽ ഈ ഗ്രാമത്തിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ, പന്തയക്കുതിരകളുടെ പരിശീലനത്തിനായുള്ള പാതകളും ബ്ലൂബെറിയിലെ കുന്നിൻചെരിവുകളിൽ പരിപാലിച്ചുപോരുന്നു. പഴയശൈലിയിലുള്ളതും തടിക്കോപ്പും കട്ടയുമുപയോഗിച്ച് പണിത ഭിത്തികൾക്ക് മുകളിൽ പുല്ലുമേഞ്ഞതുമായ  വീടുകളിലേക്ക്  നീളുന്ന കാൽനടപ്പാതകളാണ് ബ്ലൂബെറിയുടെ മറ്റൊരു പ്രത്യേകത. ബെർക്ക് ഷെയർ കുന്നുകളിൽനിന്നുള്ള ജലം ഒഴുകിയെത്തുന്ന അരുവികൾക്കരികിലൂടെ വളഞ്ഞുപുളഞ്ഞു നീളുന്നു ഈ നടപ്പാതകൾ. ആയിരാമാണ്ടിലെ നോർമൻ കാലത്തിന്റെ ഓർമകൾ പേറുന്ന സെയ്‌ന്റ്‌ മൈക്കിൾസ് ദേവാലയം ഗ്രാമത്തിന്റെ മധ്യഭാഗത്ത് മരങ്ങൾക്കിടയിൽ ഉയർന്നുനിൽക്കുന്നു. ചില അരുവികൾ വാട്ടർക്രെസ്സ് എന്ന ജലസസ്യം വളരുന്ന കൊച്ചുതടാകങ്ങൾക്ക് ജലം പകരുന്നു. വാട്ടർക്രെസ്സ് ബെഡ്സ് എന്നാണ് ഈ തടാകങ്ങൾ അറിയപ്പെടുന്നത്. മനുഷ്യർ ഏറ്റവുമാദ്യം ഉപയോഗിച്ചുതുടങ്ങിയ ഇലക്കറികളിൽ ഒന്നാണ് വാട്ടർക്രെസ്സ്. ഈ തടാകങ്ങളിൽനിന്ന് യാത്ര തുടരുന്ന കൊച്ചരുവികൾ മിൽബ്രൂക്ക് എന്ന വലിയ അരുവിയായി പരിണമിക്കുന്നു. മിൽബ്രൂക്ക് തുടർന്ന് തൊട്ടടുത്ത ഗ്രാമമായ വാല്ലിങ്‌ഫോഡിൽ ചെന്ന് പ്രശസ്തമായ തെംസ് നദിയിൽ സംഗമിക്കുന്നു.

1600 ആളുകൾ താമസിക്കുന്ന ബ്ലൂബെറിയിൽ ഒരു കമ്യൂണിറ്റി ഹാളും  വാണിഭശാലയും ഉണ്ട്. ഇതിനു പുറമേയാണ് ഗ്രാമീണർ സന്നദ്ധസേവനം വഴി പ്രവർത്തിപ്പിക്കുന്ന തപാലാപ്പീസ്. പുരാതനവസ്തുക്കൾ വിൽക്കുന്ന  കടയും തോട്ടപരിപാലനത്തിനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും വിൽക്കുന്ന  കടയും ഒരു കാർ വർക്ക്‌ ഷോപ്പും   വീഞ്ഞുസംഭരണശാലയും കുതിരസവാരികേന്ദ്രവും  നിലവിലുണ്ട്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നിയന്ത്രണത്തിലുള്ള ഒരു വിദ്യാലയവും മെത്തേഡിസ്റ്റ്‌ ചാപ്പലുമാണ് മറ്റ് പൊതുസ്ഥാപനങ്ങൾ. റെഡ് ലയൺ, ദി ബ്ലൂബെറി എന്നിങ്ങനെ രണ്ട് പബ്ബുകളും ബ്ലൂബെറി ഗ്രാമവാസികളുടെ സൗകര്യാർഥം പ്രവർത്തിക്കുന്നു.

 ബ്രിട്ടീഷ് ജീവിതരീതിയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പബ്ബ് സംസ്കാരം. സാമൂഹികബന്ധങ്ങൾ ഉണ്ടാക്കാനും നിലനിർത്താനും മനസ്സിന്റെ ഉല്ലാസത്തിനും മദ്യസേവയ്ക്കുമാണ് ആളുകൾ പബ്ബ് സന്ദർശിക്കുന്നത്. ചെന്നെത്തുന്ന അതിഥി ഒരു മദ്യപൻ അല്ലെങ്കിൽപ്പോലും ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിതരീതിയെയും ആളുകളെയും അറിയാൻ പബ്ബിൽത്തന്നെ പോകണം. പബ്ബ്‌ ഭക്ഷണവും ഏറെ പ്രശസ്തമാണ്. മറ്റുചിലർ പക്ഷേ, പബ്ബിൽ ചെല്ലുന്നത് കാല്പനികത ഉണർത്തുന്ന ഒരു കോക്ടെയ്ൽ ഡ്രിങ്ക് ഓർഡർ ചെയ്യാനാകാം. ജോലി കഴിയുന്ന സമയത്തും വാരാന്ത്യങ്ങളിലും പബ്ബുകളിൽ തിരക്ക് കൂടുതലായിരിക്കും. വാരാന്ത്യങ്ങളിൽ കുടുംബങ്ങൾക്കും കുട്ടികൾക്കുമൊപ്പമാണ് ഇംഗ്ലീഷുകാർ പബ്ബ് സന്ദർശിക്കുന്നത്. പല പബ്ബുകളിലും കുട്ടികൾക്കായി പ്രത്യേകം ഭക്ഷണവിവരപ്പട്ടിക നൽകാറുണ്ട്.

  അപരിചിതരുമായി പരിചയപ്പെടാനും സംഭാഷണത്തിൽ ഏർപ്പെടാനുമുള്ള സ്വാതന്ത്ര്യമാണ് ഇംഗ്ലീഷ് പബ്ബുകളുടെ മറ്റൊരു സവിശേഷത. പബ്ബുകൾ സന്ദർശിക്കുന്നതുവഴി അതിഥികൾക്ക് പുതിയ ചങ്ങാതിമാരെ ലഭിക്കാം. കാലാവസ്ഥയെയോ  ഫുട്ബോൾ മാച്ചിനെയോ കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് പബ്ബിൽ അപരിചിതരുമായി സംഭാഷണം തുടങ്ങാം. രാഷ്ട്രീയം ഉൾപ്പെടെയുള്ള വലിയ കാര്യങ്ങളും ചർച്ചയ്ക്കുവേണ്ടി ഉയർത്തിക്കൊണ്ടുവരാം. സംഭാഷണം പുരോഗമിക്കുമ്പോൾ പുതിയ സുഹൃത്ത് അതിഥിക്കായി ഒരു ഡ്രിങ്ക് ഓർഡർ ചെയ്യാനുള്ള സാധ്യതയുണ്ട്. എന്നാൽ, മര്യാദയുടെ ഭാഗമായി തിരിച്ചും ഒരു ഡ്രിങ്ക് വാഗ്ദാനം ചെയ്യാൻ മറക്കരുത്!

രണ്ടുവർഷം കൂടുമ്പോൾ ബ്ലൂബെറിയിലെ ജനങ്ങൾ ഗ്രാമോത്സവം കൊണ്ടാടും. വിവിധ കലാസാംസ്കാരിക പരിപാടികളും കായികമത്സരങ്ങളും ഗ്രാമോത്സവത്തിന്റെ ഭാഗമായി നടക്കും. ക്രിസ്മസ് സന്ധ്യകളിലെ കോമാളിവേഷധാരികളുടെ പ്രകടനവും ബോക്സിങ് ദിനത്തിൽ (ക്രിസ്മസിന്റെ തൊട്ടടുത്ത ദിവസം)  ഗ്രാമത്തിലെ പബ്ബുകളെ ചുറ്റിയുള്ള ബോക്സിങ് ഡേ നടത്തവുമൊക്കെയാണ് ബ്ലൂബെറിയിലെ ഗ്രാമീണരുടെ മറ്റ്‌ പരമ്പരാഗത ആഘോഷങ്ങൾ. ക്രിസ്തീയതയുടെ വരവ് ആഘോഷിക്കാനായി എല്ലാ വർഷവും ശൈത്യകാലത്ത് ഗ്രാമവാസികൾ ചേൺ നോബ് കുടീരത്തിൽ ദേവാരാധന നടത്തും. ബ്ലൂബെറി പ്ലെയേഴ്‌സ് എന്ന ഗ്രാമീണരുടെ അമെച്വർ നാടകസംഘം വർഷത്തിലൊരിക്കൽ ഏതെങ്കിലും ഒരു വീടിന്റെയോ ദേവാലയത്തിന്റെയോ അങ്കണത്തിൽ ഒരു ഷേക്‌സ്പിയർ നാടകമോ അല്ലെങ്കിൽ ഏതെങ്കിലും ക്ലാസിക് നാടകമോ അരങ്ങിലെത്തിക്കും. ഇങ്ങനെയൊക്കെ ഈ ഗ്രാമത്തിൽ ജീവിതം ലളിതവും സുന്ദരവുമാകുന്നു.